പ്രതീകാത്മക ചിത്രം
ചണ്ഡീഗഢ്: ഹരിയാനയിലെ ഫരീദാബാദിൽ സഹപാഠികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് അധ്യാപികയുടെ ശിക്ഷയ്ക്ക് ഇരയായ പതിനാറുകാരി ജീവനൊടുക്കി. ദാബുവ സ്വദേശിനിയായ പതിനൊന്നാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്.
സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ ബിരിയാണിയെ ചൊല്ലി തർക്കമുണ്ടായിരുന്നു. ഈ വഴക്കിൽ തന്റെ മകൾ ഉൾപ്പെട്ടിരുന്നില്ലെങ്കിലും അധ്യാപിക കുട്ടിക്ക് ശിക്ഷ നൽകിയെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിക്കുന്നു. കുട്ടിയെ അധ്യാപിക നാല് മണിക്കൂറോളം വെയിലത്ത് നിർത്തി ശിക്ഷിച്ചു. ഇതേ തുടർന്നുണ്ടായ മനോവിഷമത്തിൽ കുട്ടി സ്കൂളിന്റെ മൂന്നാം നിലയിൽ നിന്നു ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എന്നാൽ കുട്ടിക്ക് യാതൊരുവിധ ശിക്ഷയും നൽകിയിട്ടില്ലെന്നാണ് സ്കൂൾ പ്രിൻസിപ്പൽ ആർ.കെ. ശർമ്മ പറയുന്നത്. സംഭവത്തിൽ പൊലിസ് കേസെടുത്തിട്ടുണ്ട്. അധ്യാപകർ, മറ്റ് വിദ്യാർഥികൾ, പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ എന്നിവരിൽ നിന്നും പൊലിസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : Deepika Biryani Teacher Student Suicide