ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകൾ കൈകാര്യം ചെയ്തതിൽ വൻ അഴിമതിയും വീഴ്ചയും നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭാവന കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട് ഉടൻ കേസെടുക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ ആവശ്യപ്പെട്ടു. ആരാണ് ഈ കൊള്ളയ്ക്ക് പിന്നിലെന്ന് വ്യക്തമാക്കുന്ന തെളിവുകൾ കൈവശമുണ്ടെന്നും രാമഭക്തർ വഞ്ചിക്കപ്പെട്ടതായും വിഎച്ച്പി നേതാക്കൾ തുറന്നടിച്ചു. വിവാദങ്ങൾ കടുത്തതോടെ വിഎച്ച്പിയുടെ വാർഷിക യോഗം മാറ്റിവെച്ചിരിക്കുകയാണ്.
രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്കെതിരെ കേസെടുക്കാനുള്ള ശക്തമായ സാഹചര്യത്തെളിവുകൾ റിപ്പോർട്ടിലുണ്ട്. ചമ്പത് റായിയുമായി അടുത്ത ബന്ധമുള്ള ചില ക്ഷേത്ര ജീവനക്കാരുടെ വീടുകളിൽ നിന്ന് കാണാതായ ആഭരണങ്ങൾ കണ്ടെടുത്തതായും സൂചനയുണ്ട്. ട്രസ്റ്റ് അംഗം അനിൽ മിശ്ര, അഡ്മിനിസ്ട്രേറ്റർ ഗോപാൽ റായി എന്നിവരടക്കം 17 പേർക്കെതിരെ കേസെടുക്കാമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 150-ഓളം ക്ഷേത്ര ജീവനക്കാരെ കൂടി അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.
ക്ഷേത്രത്തിലെ ഭണ്ഡാരപ്പണവും സംഭാവനകളും ഭാരവാഹികൾ തന്നെ അപഹരിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ബിജെപിയും സംഘപരിവാറും കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് വലിയ രാഷ്ട്രീയ തിരിച്ചടിയായേക്കും. കുറ്റക്കാരെ സംരക്ഷിക്കാൻ ശ്രമിച്ചാൽ ഭക്തരുടെ ജനരോഷം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് ബിജെപിക്കുള്ളിൽ നിന്ന് തന്നെ ഉയർന്നിട്ടുണ്ട്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യോഗി സർക്കാരിന്റെയും നിലപാട് നിർണായകമാകും.
Tags : Ayodhya Ram Temple Latest News SIT VHP