കോഴിക്കോട്: താമരശേരിയിൽ സ്കൂൾ വിദ്യാർഥിയുടെ വാട്ടർ ബോട്ടിലിൽ നിന്ന് വാറ്റ് ചാരായം കണ്ടെത്തി. വിദ്യാര്‍ഥികള്‍ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ പരിശോധനയിലാണ് വാറ്റ് ചാരായം കണ്ടെത്തിയത്.
കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നും സഹപാഠിയായ വിദ്യാര്‍ഥി എത്തിച്ചു നല്‍കിയതാണ് എന്ന വിവരം ലഭിച്ചു. പല കുട്ടികള്‍ക്കും ഇത്തരത്തില്‍ വാറ്റ് ചാരായം പതിവായി വിദ്യാര്‍ഥി എത്തിച്ചു കൊടുക്കുന്നുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വിവരം പോലീസിൽ അറിയിച്ചു.
രണ്ടാനച്ഛന് നാടന്‍ ചാരായം വാറ്റുന്നുണ്ടെന്നും തന്നെ സഹായത്തിന് വിളിക്കാറുണ്ടെന്നും ചോദ്യം ചെയ്യലിൽ വിദ്യാർഥി പോലീസിനെ അറിയിച്ചു. പിന്നാലെ താമരശേരി പോലീസ് കട്ടിപ്പാറ പഞ്ചായത്തിലെ ചമല്‍ പൂവന് മലയില്‍ നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥിയുടെ വീടിനു സമീപത്തെ തോട്ടത്തില്‍ ചാക്കില്‍ കെട്ടിവെച്ച നിലയില്‍ 56 കുപ്പി (28 ലിറ്റര്‍) വാറ്റ് ചാരായം കണ്ടെടുത്തു. എന്നാല്‍ വിദ്യാര്‍ഥിയുടെ രണ്ടാനച്ഛനെ പിടികൂടാന്‍ സാധിച്ചിട്ടില്ല. രണ്ടു വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി.
Tags : 10th grade student illicit liquor