ഡി.കെ.ശിവകുമാർ
ബംഗളൂരു: എഥനോൾ കലർത്തുന്നതിൽ ചില പെട്രോൾ പമ്പുകൾ അനുവദനീയ പരിധി ലംഘിച്ചതായി കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. ഇതുസംബന്ധിച്ച പരാതികൾ സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാഹനങ്ങളുടെ എൻജിനുകൾക്ക് തകരാർ സംഭവിക്കുന്നതായും ഇന്ധനക്ഷമത കുറയുന്നതായും പരാതികളുണ്ടെന്നും കർണാടക മുഖ്യമന്ത്രി അറിയിച്ചു. ഇത് കർണാടകയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും രാജ്യത്തെയാകെ ബാധിക്കുന്നതാണെന്നും ശിവകുമാർ വ്യക്തമാക്കി.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പെട്രോൾ പമ്പുകളിൽ വച്ചുതന്നെയാണ് എഥനോൾ കലർത്തുന്നതെന്നാണ് പരിശോധനയിൽ കണ്ടെത്തിയതെന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ കൈവശമുണ്ടെന്നും അറിയിച്ചു.
കുറഞ്ഞവിലയ്ക്ക് ലഭിക്കുന്നതിനാൽ കൂടുതൽ ലാഭമുണ്ടാക്കാൻ അനുവദനീയമായതിലും അധികം എഥനോൾ കലർത്തുകയാണ്. ഇത് അപകടകരമാണ്. ജനങ്ങളെ ബോധവത്കരിക്കുകയും സംരക്ഷിക്കുകയും വേണമെന്നും ഡി.കെ.ശിവകുമാർ കൂട്ടിച്ചേർത്തു.
Tags : DKShivakumar Karnataka Congress Petrol E20