മോൻസ് ജോസഫ്
തിരുവനന്തപുരം: കേരള വാട്ടർ അഥോറിറ്റിയിൽ സമഗ്രമായ അഴിച്ചുപണി നടത്താൻ ഒരുങ്ങുന്നതായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. വകുപ്പിന്റെ പ്രവർത്തനം കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഡിസംബർ 31ന് മുമ്പ് പുതിയ ഘടന നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
കാലപ്പഴക്കമുള്ള പൈപ്പുകൾ മാറ്റുന്നതിനൊപ്പം കുടിവെള്ള പൈപ്പുകൾ പൊട്ടുമ്പോൾ അതിവേഗം അറ്റകുറ്റപ്പണി പൂർത്തിയാക്കാനും കുടിവെള്ള വിതരണത്തിൽ പൂർണ സുതാര്യത ഉറപ്പാക്കാനുമുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.
കുടിവെള്ള ബില്ലുകളിലെ പരാതികൾ പരിഹരിക്കുന്നതിനായി ഡിസംബർ മുതൽ എല്ലാ ജില്ലകളിലും അദാലത്തുകൾ സംഘടിപ്പിക്കുമെന്നും പത്തനംതിട്ടയിൽ നാളെ ചേരുന്ന യോഗത്തിൽ ശബരിമലയിലെ കുടിവെള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം യുഡിഎഫിലെ സമുന്നതനായ നേതാവാണ് പി.ജെ. ജോസഫെന്നും അദ്ദേഹത്തിന് അർഹമായ പദവി നൽകാമെന്ന് മുന്നണിയിൽ നേരത്തെ തന്നെ ധാരണയായതാണെന്നും മന്ത്രി ഓർമിപ്പിച്ചു. ഇത്തരത്തിലുള്ള ധാരണകൾ നടപ്പിലാക്കുന്നത് നീണ്ടുപോകുന്നത് മുന്നണിക്ക് നല്ലതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : MonsJoseph Trivandrum UDF NewsUpdate Headlines