ഇ.പി. ജയരാജൻ.
കണ്ണൂർ: വി.ഡി.സതീശൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് ഇ.പി. ജയരാജൻ. യുഡിഎഫ് സർക്കാർ ആറ് മാസം പിന്നിടുമ്പോഴേക്കും കേരളത്തിന് ബാധ്യതയായി മാറി. സർവ മേഖലകളെയും തകർത്തുകൊണ്ട് സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കിയ സർക്കാർ അഴിമതിക്ക് എല്ലാ മേഖലകളിലും അവസരം തുറന്നുകൊടുത്തെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.
ബാർ ലൈസൻസ് വിവാദവും സ്വകാര്യ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളും ചൂണ്ടിക്കാട്ടിയാണ് ജയരാജന്റെ വിമർശനം. എക്സൈസ് കമ്മീഷണർ തന്നെ വകുപ്പിലെ അഴിമതി ആരോപണങ്ങൾ തുറന്നുപറയുന്ന സാഹചര്യമുണ്ടായി. ഇത് വകുപ്പിനും സർക്കാരിനും ഗുരുതരമായ തിരിച്ചടിയാണ്.
വൈദ്യുതി റഗുലേറ്ററി കമ്മീഷനും കെഎസ്ഇബിയും സ്വകാര്യമായി വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് അവിശ്വാസം പ്രകടിപ്പിച്ചു. ഇക്കാര്യം വൈദ്യുതി മന്ത്രിയെ അറിയിക്കുകയും ചെയ്തു. എന്നാൽ തന്റെ അറിവില്ലാതെയാണ് കാര്യങ്ങൾ നടക്കുന്നതെന്ന് വൈദ്യുതി മന്ത്രി തന്നെ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി നിലപാടെടുക്കേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വന്തം വകുപ്പുകളിൽ നടക്കുന്ന കാര്യങ്ങൾ പോലും മന്ത്രിമാർക്ക് അറിയാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വാർത്താക്കുറിപ്പുകളിലൂടെ മാത്രമാണ് മന്ത്രിമാർ സ്വന്തം വകുപ്പിലെ കാര്യങ്ങൾ അറിയുന്നതെന്നും ജയരാജൻ വിമർശിച്ചു.
Tags : UdfGovernment E.P.Jayarajan V.D.Satheesan Cpim KeralaPolitics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash