പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കും വരെ ബാറുകൾക്ക് പുതിയ ലൈസൻസ് നൽകരുതെന്ന് എക്സൈസ് വകുപ്പിന്റെ ഉത്തരവ്. എക്സൈസ് കമ്മിഷണറുടെ ചുമതല വഹിക്കുന്ന അഡി. എക്സൈസ് കമ്മിഷണർ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
നേരത്തെ ബാറുകൾക്ക് ലൈസൻസ് അനുവദിച്ചത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. നിലവിലുള്ള ചട്ടപ്രകാരമാണ് ഉദ്യോഗസ്ഥർ ബാറിന് ലൈസൻസ് നൽകിയതെന്നാണ് പുറത്താക്കപ്പെട്ട എക്സൈസ് കമ്മിഷണർ സീറാം സാമ്പശിവറാവു വ്യക്തമാക്കിയത്.
പുതിയ നയം വന്നതിന് ശേഷമേ ലൈസൻസ് നൽകാവൂവെന്ന് നിർദേശിച്ചിരുന്നതായി എക്സൈസ് മന്ത്രി എം. ലിജുവും വ്യക്തമാക്കിയിരുന്നുവെങ്കിലും രേഖ മൂലം നിർദേശിച്ചിരുന്നില്ല. നിലവിൽ ഇരുപത്തിയൊന്നിലധികം അപേക്ഷകൾ സർക്കാരിന് മുന്നിലുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ സർക്കുലർ.
Tags : Excise BarLicense MLiju UDF Congress