Kerala
ആലപ്പുഴ: ചെങ്ങന്നൂരില്‍ മീൻ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് ആസാം സ്വദേശി പിടിയിലായത്.
മാവേലിക്കര-മാന്നാര്‍ റോഡില്‍ മീന്‍ കച്ചവടം നടത്തിയിരുന്ന ബിനോയ് ഡൈമാറി ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു. ഇയാളുടെ മീന്‍ കച്ചവടത്തില്‍ പന്തികേട് തോന്നിയ നാട്ടുകാരാണ് വിവരം എക്സൈസിനെ അറിയിച്ചത്.
മീനുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റി. രാജീവും സംഘവും നടത്തിയ പരിശോധനയിലാണ് ബിനോയ് ഡൈമാറി പിടിയിലായത്.
Kerala
പാലക്കാട്: പാലക്കാട് തയ്യൽക്കടയുടെ മറവിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയ കടയുടമ പിടിയിൽ. വിളയൂർ കൂരാച്ചിപടി സ്വദേശി ബാബു ആണ് പിടിയിലായത്. എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
തയ്യൽക്കടയിലെത്തുന്ന ആവശ്യക്കാർക്ക് കൈമാറാനായി ഇയാൾ തുണികൾക്കിടയിലാണ് പുകയില ഉത്പന്നങ്ങൾ ഒളിപ്പിച്ചുവച്ചിരുന്നത്. പട്ടാമ്പി എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ കെ.കെ. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Kerala
കോട്ടയം: കോട്ടയം ചങ്ങനാശേരി ഫാത്തിമാപുരം ജംഗ്ഷന് സമീപം റോഡരികിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. ലഹരിക്കെതിരായ 'ഓപ്പറേഷൻ തണ്ടർ' പരിശോധനകളുടെ ഭാഗമായി കോട്ടയം എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
എക്സൈസ് ഇന്റലിജൻസ് ഓഫീസർ ഉണ്ണികൃഷ്ണന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി എക്സൈസ് ഉദ്യോഗസ്ഥരും, ഇന്റലിജൻസ് ഉദ്യോഗസ്ഥരും സംയുക്തമായാണ് ഫാത്തിമാപുരം ജംഗ്ഷനിൽ പരിശോധന നടത്തിയത്.
32 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയാണ് റോഡരികിൽ നിന്ന് കണ്ടെത്തിയത്. പ്രദേശത്ത് മുൻപെങ്ങും ഇത്തരത്തിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയിട്ടില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ചങ്ങനാശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആദർശ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സുഭാഷ്, ബിനോയ്, ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരായ സന്തോഷ്, ഗോപൻ, വിശാഖ്, നിത്യ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. സംഭവത്തിന് പിന്നിൽ ലഹരിമാഫിയ സംഘങ്ങൾക്ക് പങ്കുണ്ടോയെന്ന കാര്യവും എക്സൈസ് അന്വേഷിച്ചുവരികയാണ്.
Kerala
തിരുവനന്തപുരം: മയക്കുമരുന്നു സംഘങ്ങളെ കുറിച്ച് അജ്ഞാതനായിരുന്നുകൊണ്ട് വിവരം നൽകാൻ കഴിയുന്ന എക്സൈസിന്റെ വെബ് പോർട്ടൽ ബുധനാഴ്ച മുതൽ പ്രവർത്തിച്ചുതുടങ്ങുമെന്ന് എക്സൈസ് മന്ത്രി എം. ലിജു.
നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ലഹരി മോചനം ആഗ്രഹിക്കുന്നവർക്കായി കൗണ്‍സലിംഗ് നൽകും.
ഈ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം 14,722 കേസുകൾ ഒരു മാസം കൊണ്ട് രജിസ്റ്റർ ചെയ്തതായും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: മേഘാലയയിൽ നിന്ന് സുഹൃത്തുക്കളുടെ പേരിൽ പോസ്റ്റ് ഓഫീസ് പാഴ്സൽ വഴി കഞ്ചാവ് കടത്തിയ കേസിലെ പ്രതിയെ സാഹസികമായി പിടികൂടി എക്സൈസ് സംഘം. കൊല്ലങ്കോട് സ്വദേശി ജിജിറ്റ്(19) ആണ് പിടിയിലായത്.
പുത്തൂരിലെ വാടകവീട്ടിൽ പ്രതി ഒളിവിലുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് സംഘം എത്തിയപ്പോൾ ഇയാൾ 20 ഓളം നായ്ക്കളെ അഴിച്ചുവിട്ട് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. എന്നാൽ
നായ്ക്കൾക്ക് ബിസ്ക്കറ്റ് നൽകി ഉദ്യോഗസ്ഥർ അവരെ തന്ത്രപൂർവം കീഴ്പ്പെടുത്തി.
കഴിഞ്ഞ ഫെബ്രുവരി നാലിന് കൊല്ലങ്കോട് പോസ്റ്റ് ഓഫീസിലേക്ക് മേഘാലയയിൽ നിന്നും കഞ്ചാവ് പാഴ്സലായി എത്തിയിരുന്നു. ഈ കേസിൽ കൊല്ലങ്കോട് സ്വദേശികളായ ആർ. സഞ്ജയ്, ആർ. രാഹുൽ എന്നിവരെ അന്ന് തന്നെ എക്സൈസ് പിടികൂടിയിരുന്നു.
ചോദ്യം ചെയ്യലിൽ, സുഹൃത്തായ ജിജിറ്റാണ് തങ്ങളുടെ പേരിൽ കഞ്ചാവ് ഓർഡർ ചെയ്തതെന്ന് ഇവർ മൊഴി നൽകി. ഇതോടെ ജിജിറ്റ് ഒളിവിൽ പോവുകയായിരുന്നു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. വേങ്ങാനൂര്‍ സ്വദേശി അഭിനന്ദ്, ജസ്റ്റിന് എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് ആറ് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
നെയ്യാറ്റിന്‍കര എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ബാലരാമപുരം ഉച്ചക്കടയില്‍ നിന്ന് പ്രതികളെ പിടികൂടിയത്. ഓട്ടോറിക്ഷയില്‍ കടത്താൻ ശ്രമിച്ച കഞ്ചാവുമായാണ് പ്രതികൾ പിടിയിലായത്.
Kerala
പത്തനംതിട്ട: എരുമേലിയിൽ സ്കൂട്ടറിൽ കടത്തികൊണ്ട് വന്ന 1.350 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. മുണ്ടക്കയം ചോറ്റി സ്വദേശി കപ്പലുമാക്കൽ അമൽ എബ്രഹാം(28) ആണ് പിടിയിലായത്.
എക്സൈസാണ് അമലിനെ പിടികൂടിയത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായുള്ള പരിശോധനയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് അമൽ പിടിയിലായത്.
എരുമേലി റെയ്ഞ്ച് ഇൻസ്പെക്ടർ ജി.ശിവകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനക്കിടെയാണ് അമൽ സ്കൂട്ടറിൽ എത്തിയത്. സംശയം തോന്നി വണ്ടി പരിശോധിച്ചപ്പോഴാണ് സീറ്റിനടിയിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവും അമൽ സഞ്ചരിച്ച സ്കൂട്ടറും എക്സൈസ് പിടിച്ചെടുത്തു.
Kerala
മലപ്പുറം: പെരിന്തൽമണ്ണയിൽ 10 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. ബംഗാൾ സ്വദേശിയായ തന്മയ് മണ്ഡൽ (25) ആണ് എക്സൈസിന്റെ പിടിയിലായത്. പുളിങ്കാവ് - മലറോഡിലെ ഇയാളുടെ താമസസ്ഥലത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പെരിന്തൽമണ്ണ എക്സൈസ് സംഘമാണ് തന്മയ്യെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി താമസിക്കുന്ന മുറിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവിന് പുറമെ, ഇത് തൂക്കാനായി ഉപയോഗിച്ചിരുന്ന ത്രാസ്, കഞ്ചാവ് വിൽപ്പനയിലൂടെ ലഭിച്ച 18,645 രൂപ, ഒരു മൊബൈൽ ഫോൺ എന്നിവയും സംഭവസ്ഥലത്തുനിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തു.
ചെറുകര, കട്ടുപ്പാറ, പുലാമന്തോൾ, പെരിന്തൽമണ്ണ ടൗൺ ഭാഗങ്ങളിലെ യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും വിൽപ്പന നടത്തിയിരുന്നത്. കൂടാതെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ കേന്ദ്രീകരിച്ചും കഞ്ചാവ് വിൽപ്പന നടത്താറുണ്ടെന്ന് പ്രതി സമ്മതിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Kerala
ആലുവ: എറണാകുളം ആലുവ തോട്ടക്കാട്ടുകര സിഗ്നൽ ജംഗ്ഷന് സമീപം ഒഴിഞ്ഞ പറമ്പിൽ പത്തോളം വലിയ കഞ്ചാവ് ചെടികൾ കണ്ടെത്തി. ഏകദേശം ഒമ്പത് മാസത്തോളം വളർച്ച എത്തിയ പത്ത് ചെടികളാണ് എക്സൈസ് പിടികൂടിയത്.
സ്വകാര്യ വ്യക്തിയുടെ കാട് പിടിച്ച പറമ്പിലാണ് ചെടി കണ്ടെത്തിയത്. അന്യസംസ്ഥാന തൊഴിലാളികളുടെ താവളമാണ് ഈ പരിസരം. ആലുവ എക്സൈസ് സർക്കിൾ ഓഫീസ് ഇൻസ്പെക്ടർ ടി.എസ്. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം: മയക്കു മരുന്നിനെതിരേ സംസ്ഥാനത്തു നടക്കുന്ന പരിശോധനയായ ഓപറേഷൻ തൂഫാന്റെ ഭാഗമായി 296 പേരെക്കൂടി അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നു എംഡിഎംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു.
ഓപറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 270 കേസുകൾ രജിസ്റ്റർ ചെയ്തു. 296 പേരാണ് അറസ്റ്റിലായത്. ഈ കേസുകളിൽ നിന്നായി ആകെ എംഡിഎംഎ (0.3565 കി.ഗ്രാം), കഞ്ചാവ് (10.893 കിലോ), കഞ്ചാവ് ബീഡി (157 എണ്ണം) എന്നിവ പിടിച്ചെടുത്തു.
Kerala
പത്തനംതിട്ട: റാന്നിയിൽ വൻ മദ്യവേട്ട. വീട്ടിൽ സൂക്ഷിച്ച 43 ലിറ്റർ വിദേശമദ്യം എക്സൈസ് പിടികൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്.
കൊല്ലമുള ചാത്തൻതറ സ്വദേശി നസീർ ആണ് പിടിയിലായത്. വീട്ടുപറമ്പിലെ കോഴിക്കൂട്ടിൽ നിന്നാണ് മദ്യം കണ്ടെടുത്തത്. 86 കുപ്പി വിദേശമദ്യമാണ് വിൽപനക്കായി കോഴിക്കൂട്ടിൽ സൂക്ഷിച്ചിരുന്നത്.
ഓർഡർ അനുസരിച്ച് ഓട്ടോയിൽ മദ്യം എത്തിച്ചു നൽകലായിരുന്നു രീതി. ഒരാഴ്ചത്തെ നിരീക്ഷണത്തിനൊടുവിലാണ് എക്സൈസ് ഷാഡോ സംഘം പ്രതിയെ പിടികൂടിയത്.
Kerala
കൊച്ചി: എറണാകുളം ചേരാനല്ലൂരിൽ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. തൃശൂര്‍ സ്വദേശി ലാറി ജോൺ തട്ടിൽ, തൃശൂര്‍ മനവലശേരി സ്വദേശി ഐവിൻ പി. വിൻസന്റ്, കടമക്കുടി സ്വദേശി നിഖിൽ പീറ്റര്‍ എന്നിവരാണ് പിടിയിലായത്.
ചേരാനല്ലൂര്‍ അമൃത നഗറിലാണ് സംഭവം. 110 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധയിലാണ് മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തത്.
പ്രതികളിൽ ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് എക്സൈസ് അറിയിച്ചു. പ്രതികൾ ലഹരി കടത്താൻ ഉപയോഗിച്ച വാഹനം എക്സൈസ് പിടിച്ചെടുത്തു. എംഡിഎംഎ വിറ്റതിന് കിട്ടിയ 1,85,650 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
Kerala
തിരൂർ: മലപ്പുറം താനാളൂരിൽ വൻ ലഹരി വേട്ട. 10 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി ഒരാൾ പിടിയിൽ. താനാളൂർ സ്വദേശി തേക്കുംകാട്ടിൽ അബ്ദുൾ മജീദ് (40) ആണ് പിടിയിലായത്. പ്രതിയിൽ നിന്ന് 153.462 ഗ്രാം എംഡിഎംഎ എക്സൈസ് കണ്ടെടുത്തു.
തിരൂർ എക്സൈസ് ആണ് പ്രതിയെ പിടികൂടിയത്. അബ്ദുൾ മജീദിന്റെ കെ.ടി. ജാറം എന്ന സ്ഥലത്തെ വീട്ടിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ലഹരി വസ്തു കൂടാതെ 2,46,000 രൂപയും പ്രതിയിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തു.
ലഹരി കച്ചവടത്തിൽ നിന്ന് ലഭിച്ച പണമാണിതെന്നാണ് നിഗമനം. ജില്ലയിലെ തീരദേശ മേഖലകളിൽ ലഹരി എത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് പ്രതിയെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ തുടരന്വേഷണം നടക്കുമെന്ന് എക്സൈസ് അറിയിച്ചു.
Kerala
ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് നിരോധിത ലഹരിവസ്തുക്കളുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ മാൾഡ ജില്ലയിൽ റത്വ താലൂക്കിൽ ഷിബ്നഗർ സ്വദേശിയായ മസിദുർ റഹ്മാൻ (41) ആണ് പിടിയിലായത്.
പ്രതിയിൽ നിന്ന് 36.338 ഗ്രാം ഹെറോയിനും 5.869 ഗ്രാം കഞ്ചാവും എക്സൈസ് സംഘം കണ്ടെടുത്തു. റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് ലഹരിവസ്തുക്കൾ വിൽപന നടത്തിയിരുന്നയാളാണ് പ്രതിയെന്ന് എക്സൈസ് അറിയിച്ചു.
ഇയാൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന അന്തർസംസ്ഥാന മയക്കുമരുന്ന് റാക്കറ്റുകളെക്കുറിച്ച് എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മയക്കുമരുന്ന് കൈമാറാൻ ശ്രമിക്കുന്നതിനിടെ എക്സൈസ് സംഘം ഇയാളെ വളയുകയായിരുന്നു.
Kerala
പാലക്കാട്: പാലക്കാട് നഗരത്തിൽ വൻ രാസലഹരി വേട്ട. 538 ഗ്രാം എംഡിഎംഎയുമായി തൃശൂര്‍ പുതൂര്‍ സ്വദേശി റെനില്‍ രാജ് ആണ് പിടിയിലായത്. പിടിച്ചെടുത്ത ലഹരി മരുന്നിന് വിപണിയില്‍ ഒന്നരക്കോടി രൂപ വിലവരുമെന്ന് എക്സൈസ് അറിയിച്ചു.
വാളയാര്‍ പാമ്പാംപള്ളത്തുള്ള ടോള്‍ പ്ലാസയില്‍ നടത്തിയ പരിശോധനയിലാണ് കെഎസ്ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിച്ച ലഹരിമരുന്നുമായി പ്രതി പിടിയിലായത്. എംഡിഎംഎ കോയമ്പത്തൂരില്‍ നിന്നും വാങ്ങിയതാണെന്നാണ് പ്രതി എക്സൈസിന് മൊഴി നൽകി.
വിദ്യാർഥികൾക്ക് ഉൾപ്പെടെ വിതരണം ചെയ്യാൻ എത്തിച്ചതാണ് പിടിച്ചെടുത്ത എംഡിഎംഎ എന്ന് എക്സൈസ് അറിയിച്ചു. പ്രതിക്ക് ഗോവയിലെ ചൂതാട്ട കേന്ദ്രങ്ങളുമായി ബന്ധമുള്ളതായി എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.
ഇയാൾ ആദ്യമായാണ് എക്സൈസിന്റെ വലയിൽപ്പെടുന്നത്. ഇയാള്‍ക്കെതിരെ മറ്റു കേസുകള്‍ നിലവിലുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പാലക്കാട് ജില്ലയിൽ ഈ വർഷം എക്സൈസ് പിടിച്ചെടുത്ത ഏറ്റവും ഉയർന്ന അളവിലുള്ള രാസലഹരി കേസാണിത്.
Kerala
കോഴിക്കോട്: ഓമശേരി പഞ്ചായത്തിന് കീഴിലുള്ള സ്റ്റേഡിയത്തിന് സമീപം കുറ്റിക്കാടുകള്‍ക്കിടയില്‍ കണ്ടെത്തിയ കഞ്ചാവ് ചെടികള്‍ അധികൃതര്‍ നശിപ്പിച്ചു. കളിസ്ഥലത്തിന്റെ പരിസരത്ത് കഞ്ചാവ് ചെടികള്‍ വളരുന്നത് ശ്രദ്ധയില്‍പ്പെട്ട സമീക്ഷ സംഘടനയുടെ ഭാരവാഹികളാണ് വിവരം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത്.
തുടര്‍ന്ന് സ്ഥലത്തെത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും കഞ്ചാവ് തൈകള്‍ പിഴുതുമാറ്റി നശിപ്പിക്കുകയും ചെയ്തു. കളിസ്ഥലത്തിന്റെ ചുറ്റുമായി കെട്ടിയ കമ്പിവേലിയോട് ചേര്‍ന്ന് കുറ്റിച്ചെടികള്‍ വളര്‍ന്നിട്ടുണ്ട്. ഇതിനിടയിലാണ് കഞ്ചാവ് ചെടികള്‍ നട്ട നിലയില്‍ കണ്ടത്.
ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. പ്രദേശത്ത് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ പുലര്‍ത്തുന്ന ജാഗ്രതയാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചതെന്ന് സമീക്ഷ സംഘടന ഭാരവിഹികള്‍ അറിയിച്ചു.
Kerala
കൊച്ചി: ആലുവയില്‍ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. മുര്‍ഷിദാബാദ് ഗാസിപൂര്‍ സ്വദേശി ഇന്‍രാജ് അലിയെ (33) ആണ് ഒന്നര കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. ആലുവ മാര്‍ക്കറ്റിന് സമീപം കഞ്ചാവ് വില്‍പ്പനയ്ക്ക് എത്തിയപ്പോഴാണ് എക്സൈസ് ഇയാളെ ഓടിച്ചിട്ടു പിടിച്ചത്.
ഉളിയന്നൂര്‍ പാലത്തിന് സമീപത്തു വച്ചാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. കഞ്ചാവ് വില്‍പ്പനയ്ക്കായി ഉപയോഗിച്ച ബൈക്ക്, മൊബൈല്‍ എന്നിവയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങിയവരെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്.
Kerala
തിരുവനന്തപുരം: വിഴിഞ്ഞത്ത് 51 ഗ്രാം എംഡിഎംഎയും 2.6 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് വെള്ളരികുണ്ട് ചിറ്റാരിക്കൽ പാലവയൽ മെയ്യാൽ വലിയ വീട്ടിൽ ജിഷ്ണു (30), മലപ്പുറം കരുവാരകുണ്ട് കിഴക്കേത്തല പാറക്കൽ വീട്ടിൽ സഹലു റഹ്മാൻ (36) എന്നിവരാണ് അറസ്റ്റിലായത്.
നെയ്യാറ്റിൻകര എക്സൈസ് സംഘമാണ് ഇരുവരെയും പിടികൂടിയത്. കോവളം, പൂവാർ എന്നിവിടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വില്പന നടത്തുന്നതിനായി എത്തിച്ച എംഡിഎംഎയാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം വൈകുന്നേരം അഞ്ചരയോടെ വിഴിഞ്ഞം മുക്കോല ഭാഗത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. വാടകയ്ക്കെടുത്ത ഐ ട്വന്റി കാറിൽ എറണാകുളത്ത് നിന്നാണ് ഇവരെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ജിഷ്ണുവിന്റെ കൈവശമുണ്ടായിരുന്ന ബാഗിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. സഹലുൾ റഹ്മാന്റെ കൈയിലായിരുന്നു കഞ്ചാവ്. ഇതിന് മാർക്കറ്റിൽ മൂന്നരലക്ഷത്തോളം വിലയുണ്ടാകുമെന്ന് എക്സൈസ് പറഞ്ഞു.
ഇവരിൽ നിന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ജിഷ്ണു നേരത്തെയും കഞ്ചാവുമായി പിടിയിലായിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് എക്സൈസ് അറിയിച്ചു.
Kerala
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. ഉപേക്ഷിക്കപ്പെട്ട ബാഗുകളില്‍ നിന്നും 60 കിലോ കഞ്ചാവാണ് പിടികൂടിയത്.
30 ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവാണിത്. ഇന്ന് പുലര്‍ച്ചെ മൂന്നിന് നടത്തിയ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്.
നാലാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഒരു വശത്ത് ഉപേക്ഷിച്ച നിലയില്‍ ഏഴു ബാഗുകള്‍ കണ്ടെത്തുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബാഗുകള്‍ തുറന്നു പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.
കഞ്ചാവ് സീല്‍ ചെയ്ത് എക്സൈസിന് കൈമാറി. ബാഗിന്റെ ഉടമകളെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
Kerala
കോതമംഗലം: ആദിവാസി ഉന്നതികളിൽ അനധികൃത മദ്യവിൽപന നടത്തിയിരുന്നയാൾ പിടിയിൽ. ഞായപ്പിള്ളി സ്വദേശി ഷാജൻ ആണ് പിടിയിലായത്. കുട്ടമ്പുഴയിലെ ആദിവാസി ഉന്നതികളിലാണ് പ്രതി മദ്യ വിൽപന നടത്തിയിരുന്നത്.
പ്രതിയിൽ നിന്ന് 15 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടിച്ചെടുത്തു. മദ്യം കടത്തുന്നതിനായി പ്രതി ഉപയോഗിച്ചിരുന്ന ജീപ്പും എക്സൈസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കണ്ണൂർ: ഇരിട്ടിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. നുച്യാട് സ്വദേശികളായ എം. മിഥിലാജ് (23), കെ. മുഹമ്മദ് സാദിഖ് (28 ) എന്നിവരാണ് പിടിയിലായത്.
ഇവരുടെ പക്കൽ നിന്നും 5.20 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബംഗളൂരുവിൽ നിന്ന് ബസിൽ ഇരിട്ടിയിൽ വന്നിറങ്ങിയ ഇവരെ എക്സൈസ് പിടികൂടുകയായിരുന്നു. ഇരിട്ടിയിലേക്ക് വരുന്ന ദീർഘദൂര അന്തർസംസ്ഥാന ബസുകളിലെ യാത്രക്കാരെ കേന്ദ്രീകരിച്ചായിരുന്നു എക്സൈസിന്റെ പരിശോധന.
ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടക്കുന്ന പരിശോധനയിലാണ് ഇവർ പിടിയിലായതെന്നാണ് വിവരം. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.
Kerala
കൊച്ചി: പിറവത്ത് രാസലഹരിയുമായി ജാർഖണ്ഡ് സ്വദേശിനി എക്സൈസ് പിടിയിൽ. 9.1 ഗ്രാം എംഡിഎംഎയുമായി ജാർഖണ്ഡ് ബാനോ സ്വദേശിനി ദശ്മി നാഗി (23) ആണ് പിടിയിലായത്. പിറവം എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വെള്ളിയാഴ്ച രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പാമ്പാക്കുട ചെണ്ടിക്കണ്ടം മാർ ഗ്രിഗോറിയോസ് ചാപ്പലിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവതിയെ എക്സൈസ് സംഘം ചോദ്യം ചെയ്യുകയായിരുന്നു.
തുടർന്ന് യുവതിയുടെ ബാഗ് പരിശോധിച്ചതോടെയാണ് 9.1 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. യുവാക്കൾക്കും കോളേജ് വിദ്യാർഥികൾക്കും വിൽപന നടത്തുന്നതിന് വേണ്ടിയാണ് ദശ്മി മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം. പ്രതിയിൽ നിന്ന് അഞ്ച് ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.
Kerala
ആലപ്പുഴ: എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. അമ്പലപ്പുഴ താലൂക്കിലെ മണ്ണഞ്ചേരി സ്വദേശികളായ ശ്രീഹരി (24), ഷാരോൺ (23) എന്നിവരാണ് പിടിയിലായത്.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ആണ് ഇരുവരെയും പിടികൂടിയത്. പ്രതികളിൽ നിന്ന് 1.25 കിലോ കഞ്ചാവ് കണ്ടെത്തി. ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഡൊമിനർ ബൈക്കും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
പിടിയിലായ ശ്രീഹരി മുൻപും നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Kerala
കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ വൻ ലഹരി വേട്ട. മൂന്ന് കിലോഗ്രാമിലേറെ എംഡിഎംഎയും എംഡിഎംഎ പിൽസുമായി യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിലായി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അളവിൽ രാസ ലഹരി പിടിച്ച സംഭവങ്ങളിലൊന്നാണിത്.
കൊണ്ടോട്ടി കച്ചേരക്കൽ സ്വദേശി ഷഫീക്ക്, അടിവാരം സ്വദേശിനി ഫാത്തിമ നസ്രീൻ എന്നിവരാണ് കേസിൽ പിടിയിലായത്. കോഴിക്കോട് എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്. 3കിലോ 300 ഗ്രാമോളം എംഡിഎംഎ, 56 ഗ്രാം എംഡിഎംഎ പിൽസുമാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്.
രാജസ്ഥാനിൽ നിന്ന് ലഹരി എത്തിച്ചതായിട്ടാണ് പ്രതികളുടെ മൊഴി. ഇതിനായി മംഗലാപുരത്തേക്ക് വിളിച്ചു വരുത്തി എന്നാണ് ഫാത്തിമ നസ്രീൻ നൽകിയിരിക്കുന്ന മൊഴിയെന്നും എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പിടിയിലായവരിലൊരാളായ ഷെഫീക്ക് ഇവിടെ നിന്നും രാജസ്ഥാനിലേക്ക് കാറോടിച്ചു പോകുകയും കാറിലെ ബോണറ്റിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കടത്തിക്കൊണ്ടുവരികയുമായിരുന്നു. മംഗലാപുരത്ത് നിന്നാണ് ഫാത്തിമ നസ്രീൻ വാഹനത്തിൽ കയറുന്നത്.
പെൺകുട്ടിക്കും ഇക്കാര്യം അറിയാമായിരുന്നു എന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. 20 വയസുള്ള ഫാത്തിമ നസ്രീൻ പ്ലസ് ടു കഴിഞ്ഞയാളാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് പെൺകുട്ടി. നേരത്തെ വിവരം ലഭിച്ചതിനെ തുടർന്ന് മംഗലാപുരം മുതൽ വാഹനം എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
Kerala
കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. കൊയിലാണ്ടി കാരാപൊയിൽ ഫിറോസ്(29), പയ്യന്നൂർ ഹരിവിലാസം വീട്ടിൽ ശീതൾ ശിവദാസ് (21) എന്നിവരാണ് പിടിയിലായത്.
വിൽപനയ്ക്കായി സൂക്ഷിച്ച 11.83 ഗ്രാം എംഡിഎംഎയും 5.44 ഗ്രാം കഞ്ചാവുമാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്. ഇതോടൊപ്പം പാക്കിംഗിന് ഉപയോഗിക്കുന്ന വസ്തുക്കളും ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തിട്ടുണ്ട്.
മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിന് സമീപമുള്ള ബ്ലൂ മെറിഡിയൻ അപ്പാർട്ട്മെന്റിൽ നിന്നാണ് ഇരുവരും പിടിയിലായത്. കോഴിക്കോട് എക്സൈസ് ഇന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
Kerala
നെടുമങ്ങാട്: എയർഗൺ ഉപയോഗിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ചുള്ളിമാനൂർ സ്വദേശി അൻസർ (28) ആണ് പിടിയിലായത്. നെടുമങ്ങാട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
ആനാട് സ്വദേശി സഞ്ജയ്യെ ആണ് അൻസർ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഫെബ്രുവരി മൂന്നിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. അൻസർ ലഹരി കച്ചവടം നടത്തുന്ന വിവരം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതക ശ്രമം.
Kerala
കോഴിക്കോട്: കുന്നമംഗലത്ത് വിവിധ തരം രാസലഹരികളുമായി ബിഹാർ സ്വദേശി അറസ്റ്റിൽ. കത്തിഹാർ ജില്ലയിലെ ഹജിപുർ മഡ്നി ടോല സ്വദേശി അക്ബർ ഹുസൈന്റെ മകൻ ഷമിറുൾ ഇസ്ലാമാണ് അറസ്റ്റിലായത്.
കുന്നമംഗലം റേഞ്ച് എക്സൈസാണ് ഇയാളെ പിടികൂടിയത്. 13 ഗ്രാം ഹെറോയിൻ, മൂന്ന് ഗ്രാം ബ്യൂപ്രെനോർഫിൻ, രണ്ട് ഗ്രാം നലോക്സോൺ, ഗുളികകൾ എന്നിവ ഇയാളുടെ പക്കൽ നിന്ന് എക്സൈസ് കണ്ടെത്തി.
പ്രിവന്റീവ് ഓഫീസർ എൻ. ജലാലുദ്ദീൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ പി. വിപിൻ, എം.കെ. നിഷാന്ത്, എൻ. സുജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫിസർ എം.കെ. രജിത , സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ മുബസിർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണർ സ്ക്വാഡ് അംഗങ്ങളായ സി.പി. ഷാജു , അജിത്ത്. പി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Kerala
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ചെക്പോസ്റ്റില്‍ മെത്താംഫിറ്റാമിനുമായി യുവാവ് പിടിയില്‍. മലപ്പുറം ഏറനാട് മുണ്ടങ്ങാടന്‍ എം. അനസ്(26) ആണ് പിടിയിലായത്. എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.
19.78 ഗ്രാം മെത്താംഫിറ്റാമിൻ പ്രതിയിൽ നിന്നും എക്സൈസ് കണ്ടെടുത്തു. ബംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്ക് കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യുകയായിരുന്നു അനസ്. ഈ മാസം ജില്ലയിലൂടെ വ്യാവസായിക അളവില്‍ കടത്തുന്നതിനിടെ എക്സൈസ് പിടികൂടുന്ന മൂന്നാമത്തെ കേസാണിത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍. സിറാജ്, പ്രിവന്റീവ് ഓഫീസര്‍ എം.എ. സുനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ. മിഥുന്, എം. അര്ജുന് എന്നിവരടങ്ങുന്ന സംഘമാണ് ബസ് പരിശോധിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Kerala
മലപ്പുറം: കൊണ്ടോട്ടി, പാണ്ടിക്കാട് ഭാഗങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. പുളിക്കൽ ആലക്കപ്പറമ്പ് സ്വദേശി കുടുക്കിൽ പുറ്റാനിക്കാട് മുഹമ്മദ് മുസ്തഫയാണ് (33) അറസ്റ്റിലായത്.
വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 5.539 ഗ്രാം മെത്താംഫിറ്റമിൻ, 4800 രൂപ, മൊബൈൽ ഫോൺ എന്നിവ ഇയാളിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തു. കൊണ്ടോട്ടി, കരിപ്പൂർ വിമാനത്താവള പരിസരം, എടവണ്ണപ്പാറ എന്നിവിടങ്ങളിലെ യുവാക്കളെ കേന്ദ്രീകരിച്ച് രാസലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് മുസ്തഫയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മുസ്തഫയുടെ വിശ്വസ്തരായ കൂട്ടാളികളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും എക്സൈസ് അറിയിച്ചു. പിടിയിലായ പ്രതിയെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ടി. ദിനേശൻ, ടി. സന്തോഷ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ പ്രമോദ് ദാസ് എന്നിവരടങ്ങുന്ന സംഘമാണ് ഈ ലഹരിവേട്ടയ്ക്ക് നേതൃത്വം നൽകിയത്.
Kerala
തൃശൂർ: തളിക്കുളത്ത് ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിലായത്. കല്ലുംകടവ് സ്വദേശി അശ്വിൻ രാജ് (18) ആണ് അറസ്റ്റിലായത്.
എക്സൈസാണ് അശ്വിൻ രാജിനെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജെ. ഹരികൃഷ്ണ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ.എസ്.പ്രമോദ്, പ്രിവന്റീവ് ഓഫീസർമാരായ ടി.ആർ. സുനിൽ, അഫ്സൽ.എസ്, സിവിൽ എക്സൈസ് ഓഫീസർ ടി.യു. ഹരികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്.
Kerala
പാലക്കാട്: വാളയാറിൽ കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. എറണാകുളം മൂവാറ്റുപുഴ സ്വദേശി കെനസ് ജോൺ, കുമ്പളം സ്വദേശി കെ.എസ്. ജിതിൻ എന്നിവരാണ് അറസ്റ്റിലായത്.
എക്സൈസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഒഡീഷയിൽ നിന്ന് ഒഡീസയിൽ നിന്നും എറണാകുളത്തേക്ക് കഞ്ചാവ് കടത്താനായിരുന്നു ശ്രമം.
എറണാകുളത്തെ ലഹരി വിൽപ്പന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: എറണാകുളത്ത് ലഹരിയുടെ ഒഴുക്ക് തടയാൻ എക്സൈസും റൂറൽ ജില്ല പോലീസും. ലഹരിയുടെ ഉപയോഗവും വിപണനവും തടയാൻ പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞ് എല്ലാ മേഖലകളിലും പരിശോധന തുടരുകയാണ്. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശ പ്രകാരം നിയമസഭ തെരഞ്ഞെടുപ്പിന് അനുബന്ധിച്ചാണ് റെയ്ഡുകൾ സംഘടിപ്പിച്ചിട്ടുള്ളത്.
പോലീസ്, എക്സൈസ്, റൂറൽ ജില്ലാ ഡാൻസാഫ് ടീം എന്നിവർ സംയുക്തമായാണ് പരിശോധന. പിടികൂടിയാൽ കർശന നടപടി സ്വീകരിക്കും. അതേസമയം, കൊച്ചിയിൽ ലഹരി ഒഴുക്ക് വർദ്ധിച്ചു വരികയാണ്. കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ലഹരി വേട്ടയെ തുടർന്ന് എറണാകുളം ജില്ലയിൽ കർശന പരിശോധന നടക്കുന്നുണ്ട്.
കഴിഞ്ഞ ശനിയാഴ്ച ആഡംബര ഹോട്ടലിൽ നടന്ന പാർട്ടിയിൽ നിന്നും ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന തിരുവനന്തപുരം സ്വദേശി ഷോൺ, ഡോക്ടർ, അഭിഭാഷകൻ എന്നിവരെ കൊക്കെയ്നും ഹൈഡ്രോ കഞ്ചാവുടക്കമുള്ള ലഹരിയുമായി പിടികൂടിയിരുന്നു.
Kerala
മലപ്പുറം: വണ്ടൂരിൽ വാഹനപരിശോധനയ്ക്കിടെ 38 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ചെക്കോട് സ്വദേശിയായ അംജദ് ഖാനെയാണ് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
പ്രദേശത്ത് വൻ തോതിൽ മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്. എക്സൈസ് ഷാഡോ സംഘം ഇയാളെ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.
ബംഗളൂരുവിൽ നിന്നാണ് ഇയാൾ സ്ഥിരമായി മയക്കുമരുന്ന് ഇറക്കുമതി ചെയ്തിരുന്നത്. തുടർന്ന് പ്രതിയുടെ നാട്ടിലും സമീപപ്രദേശങ്ങിലും വിറ്റിരുന്നു.
ഒന്നരലക്ഷത്തോളം വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മയക്കുമരുന്ന് ശൃംഖലയിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും എക്സൈസ് അന്വേഷിച്ചുവരികയാണ്.
Kerala
തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന ഒന്നര കിലോയോളം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിലായി. ഇലക്ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിൽ വിനീത്(37), സിനു(40) എന്നിവരാണ് പിടിയിലായത്.
സവാരിയെന്ന വ്യാജേന ആരും സംശിയാക്കാതെയാണ് ഇവർ കഞ്ചാവുമായി എത്തിയത്. എന്നാൽ എക്സൈസിന്റെ പരിശോധനയിൽ കുടുങ്ങുകയായിരുന്നു.
അതിനിടെ കണ്ണൂർ തൂവക്കുന്നിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 11 ലിറ്ററിലേറെ മാഹി മദ്യവുമായി വിനോദ് എന്നയാളെ അറസ്റ്റ് ചെയ്തു.
Kerala
കൊച്ചി: എറണാകുളം കോതമംഗലത്ത് 37ഗ്രാം എംഡിഎംഎയുമായി യുവതിയും ആൺസുഹൃത്തും പിടിയിൽ. ഇടുക്കി പീരുമേട് സ്വദേശിനിയായ റിസാന ഫാത്തിമ, ആൺസുഹൃത്ത് കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് എന്നിവരാണ് പിടിയിലായത്.
വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്യാൻ ബംഗളൂരുവിൽ നിന്ന് എത്തിച്ചതാണ് ലഹരി മരുന്നെന്ന് എക്സൈസ് വ്യക്തമാക്കി. ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകളും പ്രതികളിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തു.
ബംഗളൂരുവിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഹരിമരുന്ന് വാങ്ങി നാട്ടിലെത്തിച്ച് വിദ്യാർഥികൾക്കും യുവാക്കൾക്കും വൻ വിലയ്ക്ക് വിൽക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നാണ് സൂചന. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് എക്സൈസ് സംഘം അറിയിച്ചു.
Kerala
ആലപ്പുഴ: തെരഞ്ഞെടുപ്പ് കാലയളവിൽ എക്സൈസ് നടത്തി വരുന്ന സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻതോതിൽ വാറ്റും ചാരായവുമായി ഒരാൾ അറസ്റ്റിലായി.
ആര്യാട് തെക്ക് വില്ലേജിൽ കാഞ്ഞിരം ചിറ പള്ളിക്കൽ തയ്യിൽ വീട്ടിൽ പീറ്റർ ബെന്നി (54) ആണ് പിടിയിലായത്.
പ്രതിയുടെ വീട്ടിൽ നിന്ന് 50 ലിറ്റർ കോടയും 500 മില്ലി ലിറ്റർ ചാരായവും വാറ്റാനുപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും കണ്ടെടുത്തു. സംഭവസ്ഥലത്തുവച്ച് തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയും കേരള അബ്കാരി നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.
Kerala
വെങ്ങാനൂർ: തിരുവനന്തപുരത്ത് കുട്ടികളെയും വയോധികയെയും മറയാക്കി കാറിൽ കഞ്ചാവ് കടത്തിയ പ്രതികൾ പിടിയിൽ. വലിയവേളി സ്വദേശി കാർലോസും ഭാര്യ ബിന്ദുവുമാണ് കുട്ടികളെയും വയോധികയെയും മറയാക്കി കാറിൽ കഞ്ചാവ് കടത്തവേ പിടിയിലായത്.
21 കിലോ കഞ്ചാവ് ആണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്. തിരുവനന്തപുരം വെങ്ങാനൂരിൽ നിന്നാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
രണ്ട് കുട്ടികൾക്കും വയോധികയ്ക്കുമൊപ്പം കാറിലെത്തിയ സംഘം രണ്ട് കിലോ പാക്കറ്റുകളിലാക്കിയായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വാഹനത്തിൽ കുട്ടികളും മുതിർന്നവരും ഉള്ളതിനാൽ പരിശോധനകളുണ്ടാവില്ലെന്ന പ്രതീക്ഷയിലായിരുന്നു പ്രതികൾ. തമിഴ്നാട്ടിൽ നിന്ന് എത്തിച്ച കഞ്ചാവ് ആണ് പിടികൂടിയത്.
Kerala
കൊച്ചി: മയക്കുമരുന്ന് കേസിലെ പ്രതികളില്‍നിന്നു കൈക്കൂലി വാങ്ങിയെന്ന കേസില്‍ അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്പെഷല്‍ സ്ക്വാഡിലെ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ രാജാക്കാട് പൂവക്കാട്ട് വീട്ടില്‍ പി.ഡി. ദേവസ്യയുടെ കുറ്റം ഹൈക്കോടതി ശരിവച്ചു. അതേസമയം, മൂവാറ്റുപുഴ വിജിലന്‍സ് കോടതി വിധിച്ച രണ്ടു വര്‍ഷത്തെ തടവുശിക്ഷ ഒരു വര്‍ഷമായി കുറച്ചു.
ദേവസ്യ സമര്‍പ്പിച്ച അപ്പീലിലാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ നടപടി. ഹര്ജിക്കാരന് വിധിച്ച 30,000 രൂപ പിഴശിക്ഷയും ശരിവച്ചിട്ടുണ്ട്. നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്പെഷല്‍ സ്ക്വാഡ് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസിലെ പ്രതികളായ മെല്വിന് തോമസ്, വിനോദ് രാമന്, സനീഷ് സരളപ്പന്‍, മനോജ് ഫിലിപ്പ് എന്നിവരില്‍നിന്നായി ഹര്ജിക്കാരന് 20500 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു വിജിലന്‍സ് കേസ്. 2009-2010 കാലഘട്ടത്തിലായിരുന്നു സംഭവം.
Kerala
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ പൊന്‍കുഴി അതിര്‍ത്തിയില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയിൽ. കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന സ്ലീപ്പര്‍ ബസിലെ യാത്രക്കാരായ രണ്ട് യുവാക്കളാണ് പിടിയിലായത്.
കോഴിക്കോട് ഫറൂഖ് സ്വദേശി ചെമ്പ്രയില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖ്, മലപ്പുറം വണ്ടൂര്‍ സ്വദേശി വാണിയമ്പലം ഭാഗത്ത് പള്ളത്ത് വീട്ടില്‍ അഭിന്‍ സൂര്യ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 41.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
എക്സൈസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 11ന് സുല്‍ത്താന്‍ ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. സുനിലിന്റെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പരിശോധന നടത്തുന്നതിനിടെയാണ് എംഡിഎംഎ കണ്ടെത്തിയത്.
Kerala
കൊല്ലം: ശാസ്താംകോട്ടയിൽ കഞ്ചാവും മെത്താംഫെറ്റമിനുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മുൻ കാപ്പ കേസിലെ പ്രതി കൂടി ആയ റമീസ്, ഇയാളുടെ കൂട്ടാളികളായ അജ്മൽ ഷാ, ബിലാൽ എന്നിവരാണ് അറസ്റ്റിലായത്.
ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അബ്ദുൾ വഹാബും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവും മെത്താംഫെറ്റമിനും കണ്ടെത്തിയത്. അഞ്ച് ഗ്രാം മെത്താംഫെറ്റമിനും 45 ഗ്രാം കഞ്ചാവും ആയാണ് പ്രതികൾ പിടിയിലായത്.
പ്രിവന്റീവ് ഓഫീസർമാരായ ടി.എസ്. അനീഷ്, സന്തോഷ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) വിജു, സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത് കുമാർ, നിഷാദ്, വിഷ്ണു, അതുൽ, ജിയോ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷിബി എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
Kerala
കൊച്ചി: എറണാകുളം പള്ളിക്കരയിൽ എംഡിഎംയുമായി യുവാവ് പിടിയിൽ. പള്ളിക്കര പറക്കോട് എംബ്ലാശേരി വീട്ടിൽ ജെക്സൻ(29) ആണ് പിടിയിലായത്.
16 ഗ്രാം എംഡിഎംഎയുമായാണ് ജെക്സൺ പിടിയിലായത്. കുന്നത്തുനാട് പോലീസാണ് ജെക്സണെ പിടികൂടിയത്. വൈകുന്നേരം പോലീസ് വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ ജെക്സൻ എംഡിഎംഎ പായ്ക്കറ്റ് പോക്കറ്റിലിട്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന പോലീസ് ഇയാളെ സാഹസികമായി പറക്കോട് പാടത്തിന് സമീപം വച്ച് പിടികൂടുകയായിരുന്നു.
മോഷണം ഉൾപ്പടെ കേസുകളിൽ പ്രതിയാണ് ജെക്സനെന്ന് പോലീസ് പറഞ്ഞു. ജയിൽ വാസം കഴിഞ്ഞ് ഒന്നര മാസം മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്. ഇൻസ്പെക്ടർ എ.എൽ. അഭിലാഷ്, എസ്.ഐമാരായ എം. അഭിജിത്ത്, കെ.വി. നിസാർ, എഎസ്ഐമാരായ എ.ഐ. നാദിർഷ, ജി. സൂര്യൻ, സിപിഒമാരായ ബിബിൻ രാജ് ഒ.എസ്, ഷഹാന സലിം, ടി.എം. സിറാജ്, സായോ ആന്റണി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Kerala
കൊച്ചി: മൂവാറ്റുപുഴ പായിപ്രയിൽ പുസ്തകങ്ങളിൽ ലഹരിമരുന്ന് ഒളിപ്പിച്ച് വിൽപ്പന നടത്തുന്ന യുവാവ് പിടിയിൽ. കോതമംഗലം സ്വദേശിയായ സാജിദ് അസീസ് (31) ആണ് എക്സൈസിന്റെ പിടിയിലായത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ലഹരി വിൽപനയ്ക്കായി എത്തിയ സാജിദിനെ എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചത്.
ഇയാളിൽ നിന്ന് 30.7 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രണ്ടര മാസമായി സാജിദ് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഖത്തറിൽ ജോലി ചെയ്തിരുന്ന സാജിദ് നാല് മാസം മുമ്പാണ് കേരളത്തിൽ എത്തിയത്. ഖത്തറിൽ നിന്നും പരിചയപ്പെട്ട ചിക്കമംഗ്ലൂർ സ്വദേശിയാണ് സാജിദിന് എംഡിഎംഎ എത്തിച്ചു നൽകുന്നതെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു.
വിദ്യാർഥികൾക്കും യുവാക്കൾക്കും ഉൾപ്പെടെ ഇയാൾ ലഹരി എത്തിക്കുന്നുണ്ട്. പുസ്തകങ്ങളിൽ രഹസ്യ അറകളുണ്ടാക്കിയാണ് വില്പന. ഒറ്റനോട്ടത്തിൽ രഹസ്യ അറകൾ തിരിച്ചറിയാൻ കഴിയാത്തതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല.
Kerala
കൊച്ചി: കോതമംഗലത്ത് ബ്രൗണ്‍ ഷുഗറും കഞ്ചാവുമായി അന്യസംസ്ഥാന സ്വദേശി പിടിയില്‍. പശ്ചിമ ബെംഗാള്‍ സ്വദേശി മോണ്ടല്‍ മജ്ബൂര് (50) ആണ് കോതമംഗലം എക്സൈസ് റേഞ്ച് ടീമിന്റെ പിടിയിലായത്. 0.691 ഗാം ബ്രൗണ്‍ ഷുഗറും 30 ഗ്രാം കഞ്ചാവുമാണ് ഇയാളില്‍നിന്നു പിടികൂടിയത്.
എറണാകുളത്തു രാത്രികാല സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി കോതമംഗലം എക്സൈസ് റേഞ്ച് ടീം, എക്സൈസ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ പട്രോളിംഗിനിടെയാണ് നെല്ലിക്കുഴി ഭാഗത്തു വില്‍പ്പനയ്ക്കായി കൈവശം വച്ച ലഹരിയുമായി മജ്ബൂര് പിടിയിലായത്.
Kerala
കൊച്ചി: എറണാകുളത്ത് 21 ഗ്രാം ഹെറോയിനുമായി ഒരാൾ പിടിയിൽ. കഴിഞ്ഞ ദിവസം എക്സൈസിന്റെ പിടിയിലായ ലഹരി ശൃംഖലയിലെ പ്രധാന കണ്ണി കബൂത്തർ ഭായിയുടെ സഹായിയാണ് പിടിയിലായ മസൂദ് ആലം.
കബൂത്തർ ഭായി എന്ന ജുഹിദുൽ ഇസ്ലാമിന് അസമിൽ നിന്നും ഹെറോയിൻ എത്തിച്ചുകൊടുത്തിരുന്നത് മസൂദ് ആലം ആണെന്ന് എക്സൈസ് വ്യക്തമാക്കി. ആസാമിൽ നിന്നാണ് മസൂദ് ആലം ഹെറോയിൻ എത്തിച്ചുനൽകിയിരുന്നത്.
എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് നിന്നാണ് മസൂദ് ആലം പിടിയിലായത്. ചൈന വൈറ്റ് ഹെറോയിനുമായി കബൂത്തർ ഭായിയെ കൊച്ചിയിൽ നിന്നാണ് എക്സൈസ് പിടികൂടിയത്. കാക്കനാട് ഭാരത് മാത കോളജിന് സമീപമുള്ള വാടക കെട്ടിടത്തിലായിരുന്നു പ്രതിയുടെ താമസം.
16 ഗ്രാം ചൈന വൈറ്റ് ഹെറോയിൻ, ഒരു ഗ്രാം എംഡിഎംഎ, 30 ഗ്രാം കഞ്ചാവ് എന്നിവയാണ് എക്സൈസ് ഇയാളിൽ നിന്ന് പിടികൂടിയത്.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് എയർ ഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവിന് പരിക്ക്. നെടുമങ്ങാട്, ആനാട് സ്വദേശി സഞ്ജയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.
അൻസർ എന്നയാളാണ് സഞ്ജയ്ക്ക് നേരെ വെടിയുതിർത്തത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൻസറിനെതിരെ എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയതിന്റെ പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം സഞ്ജയുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അൻസറിനായി അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വ്യക്തമാക്കുന്നു.
Kerala
പാലക്കാട്: വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം നെടിയിരുപ്പ് സ്വദേശി ലിജേഷ് (32) ആണ് അറസ്റ്റിലായത്. 1.4 കിലോഗ്രാം കഞ്ചാവുമായാണ് ലിജേഷിന് അറസ്റ്റ് ചെയ്തത്.
പിടിക്കപ്പെടാതിരിക്കാൻ ബസിൽ കേരളത്തിലേയ്ക്ക് വരവെയാണ് ലിജേഷ് എക്സൈസിന്റെ വാഹന പരിശോധനയിൽ കുടുങ്ങിയത്. വാഹനങ്ങൾ പരിശോധിക്കവെ ബസിലുണ്ടായിരുന്ന യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
എക്സൈസ് ഇൻസ്പെക്ടർ എൻ.പ്രേമാനന്ദകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ദേവകുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) കെ.എം. സജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, അശ്വന്ത്, സുബിൻ രാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Kerala
പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയിൽ ലഹരി പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് പ്രതികൾ കടന്നുകളഞ്ഞു. സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ ശ്രീ ആനന്ദിന് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.
എക്സൈസ് സ്ക്വാഡ് വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. ശ്രീ ആനന്ദ് ഉൾപ്പെടെ മൂന്ന് പേരാണ് പരിശോധനയ്ക്കുണ്ടായിരുന്നത്. പത്തനംതിട്ട കണ്ണങ്കര സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം.
എക്സൈസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുമ്പോൾ കാറിൽ വച്ച് ലഹരി കൈമാറ്റം നടക്കുകയായിരുന്നു. പിടിയിലാകുമെന്ന് മനസിലായതോടെ പ്രതികൾ ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് വാഹനവുമായി കടന്നുകളയുകയായിരുന്നു.
ശ്രീ ആനന്ദിന്റെ കാലിലൂടെ വാഹനം കയറ്റിയിറക്കിയാണ് സംഘം രക്ഷപ്പെട്ടത്. പരിക്കേറ്റ ഉദ്യോഗസ്ഥൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
തൃത്താല: കേരളത്തെ മയക്കുമരുന്നുമുക്തമാക്കുന്നതിനായി എക്സൈസ് വകുപ്പിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നു മന്ത്രി എം.ബി. രാജേഷ്. ഇതിന്റെ ഭാഗമായി വകുപ്പിൽ പുതുതായി 134 തസ്തികകൾ സർക്കാർ സൃഷ്ടിച്ചതായും മന്ത്രി അറിയിച്ചു.
വിമുക്തി മിഷന്റെ നോ ടു ഡ്രഗ്സ് കാമ്പയിൻ അഞ്ചാംഘട്ടത്തിന്റെ ഭാഗമായി തൃത്താല മണ്ഡലത്തിൽ സംഘടിപ്പിച്ച കമ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ്. സജീവ് വിഷയാവതരണം നടത്തി. രക്തദാനം, വ്യായാമം എന്നീ വിഷയത്തിൽ നാഗലശ്ശേരി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം. മഹേഷ് ക്ലാസെടുത്തു. നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. നിഷ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ. സതീഷ്, വിമുക്തി ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്. ദൃശ്യ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
മാനന്തവാടി: കാറില്‍ കറങ്ങി നടന്ന് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന യുവാവ് പിടിയിൽ. മാനന്തവാടി കാഞ്ഞിരങ്ങാട് പുതുശ്ശേരി തെക്കേതില്‍ വീട്ടില്‍ ടി.എസ്. വിശാഖ് (26) ആണ് എക്സൈസിന്റെ പിടിയിലായത്.
മാനന്തവാടി മേഖലയിലെ എള്ളുമന്ദം കൊണിയന്‍ മുക്ക് ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്ആണ് വിശാഖ് പിടിയിലായത്. 856 ഗ്രാം കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 10 എഎഫ് 1849 മാരുതി എ-സ്റ്റാര്‍ കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
വലിയ അളവില്‍ കഞ്ചാവ് കാറില്‍ സൂക്ഷിക്കുകയും ചില്ലറ വില്പനക്കുള്ള പൊതികളാക്കി വിവിധയിടങ്ങളില്‍ സഞ്ചരിച്ച് വില്പന നടത്തുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ഇപ്പോള്‍ പിടിയിലായ വിശാഖിന്റെ പേരിലുള്ളതല്ല വാഹനമെന്നും മറ്റൊരാളുടെ പേരിലുള്ള വാഹനം ഇയാള്‍ ഉപയോഗിക്കുകയായിരുന്നുവെന്നും കണ്ടെത്തിയ എക്സൈസ് സംഘം വാഹനത്തിന്റെ ഉടമസ്ഥനായി അന്വേഷണം നടത്തിവരികയാണ്.
Kerala
കൊല്ലം: അനധികൃത മദ്യവിൽപ്പന കേസിലെ പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച പ്രതിയടക്കം മൂന്ന് പേർ പിടിയിൽ. ഏറം സ്വദേശികളായ ബിജു, നവാസ് നാസർ, ഷൈജു എന്നിവരാണ് പിടിയിലായത്.
റിപ്പബ്ലിക് ദിനത്തിൽ ഏറം ജംഗ്ഷനു സമീപം അനധികൃത മദ്യ വിൽപന നടത്തിയതിന് ബിജുവിന് എതിരെ എക്സൈസ് കേസ് എടുത്തിരുന്നു. ബിജുവിനെ പിടികൂടാൻ എക്സൈസ് സംഘം വ്യാഴാഴ്ച എത്തിയെങ്കിലും ഒരു കൂട്ടം ആളുകൾ സംഘം ചേർന്ന് തടഞ്ഞു. ഇതോടെ പ്രദേശത്ത് സംഘർഷം ഉടലെടുത്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ബലപ്രയോഗത്തിലൂടെ ബിജുവിനെയും സഹായികളെയും പിടികൂടി. കണ്ടാൽ അറിയാവുന്ന മറ്റ് ചിലരുടെ പേരിലും കേസെടുത്തിട്ടുണ്ട്. ഇവർക്കായും അന്വേഷണം ഊർജിതമാക്കി.
Kerala
കൊച്ചി: പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളികളെ ലഹരി കേസുകളില്‍ സഹായിക്കാനെത്തുന്നത് മലയാളികളാണെന്ന് ആന്റി നര്‍കോട്ടിക്സ് ക്ലബ്ബ് പ്രസിഡന്റ് ഇന്ദ്രജിത്ത്. ഭായ് കോളനി എന്ന സ്ഥലത്ത് എല്ലാ ലഹരി വസ്തുക്കളും ലഭിക്കും. എക്സൈസോ പോലീസോ പിടിച്ചാലും ജാമ്യത്തില്‍ ഇറങ്ങാനായി ഒരു നിശ്ചിത അളവില്‍ മാത്രമേ ഇവര്‍ ലഹരി വസ്തുക്കള്‍ കൈവശം വയ്ക്കാറുള്ളു. ജാമ്യം ലഭിക്കാനായി കൂട്ടുനില്‍ക്കുന്നത് മലയാളികള്‍ തന്നെയാണ്. പൊറുതിമുട്ടിയ നാട്ടുകാര്‍ തന്നെ ഇപ്പോള്‍ പലരെയും പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയാണെന്ന് ഇന്ദ്രജിത്ത് ദീപിക ഓണ്‍ലൈനോട് പ്രതികരിച്ചു.
ആസാം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളില്‍ താമസിക്കുന്ന ആള്‍ക്കാരാണ് പ്രധാനമായിട്ടും ഭായ് കോളനിയില്‍ ഉള്ളത്. അവിടെ പോയി കഴിഞ്ഞാല്‍ കോല്‍ക്കത്തയിലോ ഗുവാഹട്ടിയിലോ പോയതു പോലെയാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ ഹബ്ബ് ആണത്. അങ്ങോട്ട് കയറിക്കഴിഞ്ഞാല്‍ ഏത് ലഹരിയാ, കഞ്ചാവാണോ, ഇന്ജെക്ഷന് ആണോ, പെണ്ണ് ആണോ എന്താ വേണ്ടതെന്ന് ചോദിച്ച് ആളുകള്‍ ഇങ്ങോട്ട് വരും. പ്രധാനമായും ഹെറോയിന്‍ ആണ് അവിടെയുള്ളത്. ഒരുപാട് ആളുകള്‍ ഇപ്പോള്‍ ലഹരിക്ക് അടിമകളാണെന്ന് ഇന്ദ്രജിത്ത് പറഞ്ഞു.
ലഹരിയുമായി പോലീസ് പിടികൂടുമെങ്കിലും ഒരു നിശ്ചിത അളവില്‍ കൈവശം വച്ചാല്‍ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യാനാവുകയുള്ളു. അതുകൊണ്ട് അധികം അളവില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ ഇവര്‍ കൈവശം വയ്ക്കില്ല. അതിനാല്‍ തന്നെ പോലീസ് പിടികൂടിയാലും പെട്ടെന്ന് കേസില്‍ നിന്നും ഊരി പോകാനാവും. അന്യസംസ്ഥാന തൊഴിലാളികള്‍ പൊട്ടന്മാരാണെന്ന് മലയാളികള്‍ പറയും. എന്നാല്‍ അവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ബുദ്ധിയുള്ളത്. എത്ര അളവ് സൂക്ഷിച്ചാലാണ് സ്റ്റേഷന് ജാമ്യത്തില്‍ വിടുന്നതെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. അതിന് അനുസരിച്ചാണ് ഇവര്‍ ലഹരി വസ്തുക്കള്‍ കൈയില്‍ വയ്ക്കുന്നത്. അതുകൊണ്ട് തന്നെ പിടിച്ചു കഴിഞ്ഞാലും അവരെ ജയിലിലാക്കാന്‍ കഴിയില്ല.
മാത്രമല്ല, ഇവരെ മലയാളികള്‍ തന്നെ സപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. ജാമ്യം നില്ക്കാന് ആളുകളെ വാടകയ്ക്ക് എടുത്ത് അറസ്റ്റിലാകുന്ന ഇവരെ പുറത്തിറക്കി കൊടുക്കുന്ന മലയാളികളുണ്ട്. മീഡിയേറ്റര്‍ ആയി നില്ക്കുന്ന മലയാളി ഇവരുടെ പക്കല്‍ നിന്നും നല്ലൊരു തുകയും വാങ്ങുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ വച്ച് ജീവിക്കുന്ന ഒരുപാട് മലയാളികളും പെരുമ്പാവൂരിലുണ്ട്. കഞ്ചാവ് ആണെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് റിമാന്‍ഡ് ചെയയണമെങ്കില്‍ 900 ഗ്രാം വേണം. എംഡിഎംഎ ആണെങ്കില്‍ 0.5 ഗ്രാം വേണം. ഹെറോയിന്‍ 0.8 ഗ്രാം വേണം. എന്നാല്‍ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആവുകയുള്ളു. എന്നാല്‍ ഒന്നോ രണ്ടോ ഇന്ജെക്ഷന് ഉപയോഗിക്കാനായി 0.2 ഗ്രാം അല്ലെങ്കില്‍ 0.4 ഗ്രാം വരെ മാത്രമേ ഇവര്‍ കൈവശം വയ്ക്കുകയുള്ളു. പോലീസ് പിടിച്ചാലും ആളുകള്‍ ഇറക്കി കൊണ്ടു പോകാന്‍ വരുമെന്ന് അവര്‍ക്കറിയാം.
പെരുമ്പാവൂരില്‍ ഇപ്പോള്‍ ഭായ് കോളനി നാട്ടുകാര്‍ ചേര്‍ന്ന് അടപ്പിച്ചു. മലയാളികളുടെ സ്ഥലമാണ് ഇവര്‍ വാടകയ്ക്ക് എടുത്തിട്ട് നില്‍ക്കുന്നത്. നാട്ടുകാരും ക്ലബ്ബുകളും എല്ലാവരും കൂടി അവിടെ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ട് അവര്‍ക്ക് നോട്ടീസ് കൊടുത്തു. അവിടെയുള്ള ബംഗാളികളും ആസാംകാരും അവിടെ നിന്നും മാറി. എന്നാല്‍ പെരുമ്പാവൂരില്‍ നിന്നും ഭായിമാരെ ഒഴിവാക്കുക എന്നത് ഇനി നടക്കില്ല.
അവിടെ നല്ല ഭായിമാരും ഉണ്ട്. കുറച്ചു പേര് മാത്രമാണ് അവിടെ നിന്നും പുറത്തേക്ക് പണിക്ക് പോകുന്നുള്ളു. ബാക്കിയുള്ളവര്‍ അവിടെ തന്നെ ലഹരി വില്‍പ്പനയുമായി കഴിയുകയാണ്. പല ജില്ലകളില്‍ നിന്നും ഇവിടെ ലഹരി വാങ്ങാനായി എത്താനുണ്ട്. പാലക്കാട്ടുതാഴം എന്നാണ് ഭായ് കോളനി ഉണ്ടായിരുന്ന സ്ഥലത്തിന്റെ പര്. ഒരു വയലിന്റെ നടുക്കാണിത്. രണ്ടു സൈഡിലും റോഡുകളുണ്ട്. ഒരു സൈഡില്‍ പോലീസോ എക്സൈസോ വന്നാല്‍ അവര്‍ക്ക് മറ്റൊരു സൈഡിലൂടെ രക്ഷപ്പെടാം. പലയിടങ്ങളില്‍ നിന്നും ആളുകള്‍ ലഹരി വാങ്ങാന്‍ എത്തുന്നുണ്ട്. ലഹരി ഉപയോഗിച്ചു കൊണ്ടാണ് ഭായിമാര്‍ ഇതിലെ നടക്കുന്നത്. അങ്ങോട്ടേക്ക് കയറുമ്പോള്‍ വേണോ വേണോ എന്ന് ഇങ്ങോട്ട് ചോദിക്കും. എന്താണ് എന്ന് ചോദിക്കുമ്പോള്‍, എന്താണ് വേണ്ടത്, ഇവിടെ എല്ലാമുണ്ടെന്നാണ് അവര്‍ പറയുന്നത്.
വലിയ അളവില്‍ ഒഡീഷയില്‍ നിന്നുമൊക്കെ എത്തിച്ച് ഓര്‍ഡറുകള്‍ക്ക് അനുസരിച്ചാണ് ഇവര്‍ വില്‍ക്കുന്നത്. ശരിക്കുമുള്ള ഹെറോയിന്‍ അല്ല, അതിന്റെ വേസ്റ്റ് ആണ് ഭായിമാര്‍ ഇവിടെയുള്ള ആളുകള്‍ക്ക് നല്‍കുന്നത്. അത് കുത്തിവച്ച് പലരും സുഖം തേടുന്നു. ഒരു തവണ ഇത് ഉപയോഗിച്ച് കഴിഞ്ഞാല്‍ പിന്നെയും ലഭിച്ചില്ലെങ്കില്‍ ഒരുപാട് ശാരീരിക, മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകും. അതുകൊണ്ട് പെരുമ്പാവൂര്‍ സ്വദേശികളും ഇതിന് അടിമകളായി. പിള്ളേരുകള്‍ അടക്കം അടിമകളായി. സോഷ്യല്‍ മീഡിയയില്‍ മാസ് ബിജിഎം ഇട്ട് റീല്‍സ് ചെയ്യാന്‍ ആളുകളായി. അങ്ങനെയുള്ള തരംതാണ കാര്യങ്ങളും ഇവര്‍ ചെയ്യുന്നുണ്ട്. പൊറുതിമുട്ടിയ നാട്ടുകാര്‍ തന്നെ ഇപ്പോള്‍ പലരെയും പിടച്ച് പോലീസില്‍ ഏല്‍പ്പിക്കുന്നുണ്ടെന്നും ഇന്ദ്രജിത്ത് വ്യക്തമാക്കി.
Kerala
കൊല്ലം: കരുനാഗപ്പള്ളി തഴവ മെഴുവേലിയിൽ വാടക വീട്ടിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി. 15 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും ആണ് പിടികൂടിയത്.
കുലശേഖരപുരം സ്വദേശി അനസിന്റെ വാടക വീട്ടിൽ എക്സൈസ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തത്. വീട്ടിൽ നിന്ന് പിസ്റ്റൾ, വടിവാളുകൾ, മഴു എന്നിവയും കണ്ടെടുത്തു.
വീടിന് സുരക്ഷ ഒരുക്കാൻ ജർമൻ ഷെപ്പേർഡ്, ലാബ്, റോട്വീലർ ഇനത്തിൽപ്പെട്ട നായകളെ ചുറ്റും കെട്ടിയിരുന്നു. നായയെ കെട്ടിയിരുന്ന ഷീറ്റിന്റെ അടിയിൽ നിന്നാണ് ചാക്കിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. കേസിലെ പ്രതി അനസിനായി അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: കൊച്ചിയിൽ രണ്ടിടങ്ങളിലായി എക്സൈസ് നടത്തിയ പരിശോധനയിൽ വൻ രാസലഹരി വേട്ട. എറണാകുളം എക്സൈസ് റേഞ്ച് ടീം നടത്തിയ പരിശോധനയിലാണ് രണ്ട് കേസുകളിലായി വ്യാവസായിക അളവിൽ രാസലഹരിമരുന്ന് പിടികൂടിയത്.
കാൽ കിലോ ഗ്രാമിലേറെ എംഡിഎംഎ ആണ് എക്സൈസ് സംഘം പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. ആദർശ്.എസ് (28), മുഹമ്മദ് യാസീൻ (25) എന്നിവരാണ് രണ്ട് കേസുകളിലായി പിടിയിലായത്.
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ നിന്നും 252.48 ഗ്രാം എംഡിഎംഎയുമായാണ് ആദർശ് പിടിയിലായത്. ജവാഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിന് സമീപത്ത് നിന്നും 5.32 ഗ്രാം എംഡിഎംഎ, 0.008 ഗ്രാം എൽഎസ്ഡി സ്റ്റാമ്പ് എന്നിവയുമായാണ് മുഹമ്മദ് യാസീനെ പിടികൂടിയത്.
Kerala
തിരുവനന്തപുരം: എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്ന നിർദേശവുമായി എക്സൈസ് കമ്മീഷണർ എം.ആർ. അജിത്കുമാർ.
മന്ത്രിയുടെ പരിപാടി നടക്കുന്ന ജില്ലകളിലെല്ലാം അതത് ജില്ലകളിലെ ഉദ്യോഗസ്ഥർ മന്ത്രിക്ക് എസ്കോർട്ട് നൽകണം . ബുധനാഴ്ച ചേർന്ന ഡെപ്യൂട്ടി കമ്മീഷണർമാരുടെയും ജോയിന്റ് കമ്മീഷണർമാരുടെയും യോഗത്തിലാണ്
ഹോട്ടലിലോ ഗസ്റ്റ് ഹൗസിലോ മന്ത്രി താമസിച്ചാലും ഉദ്യോഗസ്ഥരും വാഹനവും ഉണ്ടാകണമെന്നും നിർദേശത്തിൽ പറയുന്നു.
അതേസമയം, എക്സൈസ് കമ്മീഷണറുടെ നിർദേശം വകുപ്പു മന്ത്രി അറിയാതെയെന്നാണ് വിവരം. എക്സൈസ് കമ്മീഷണറുടെ നിർദേശത്തെക്കുറിച്ച് അറിയില്ലെന്നും അങ്ങനെയൊരു ഉത്തരവിന് സാധ്യതയുമില്ലെന്നാണ് എക്സൈസ് മന്ത്രിയുടെ ഓഫിസിന്റെ പ്രതികരണം.
Kerala
കൊച്ചി: പ്രതിയിൽ നിന്ന് പണപ്പിരിവ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പെരുമ്പാവൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ കെ. വിനോദ്, പ്രിവന്റീവ് ഓഫീസർ ജസ്റ്റിൻ ചർച്ചിൽ, സിവിൽ എക്സൈസ് ഓഫീസർ പി.വി. ഷിവിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കഞ്ചാവ് കണ്ടെത്തിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് കോടതിയിൽ അടയ്ക്കാൻ എന്ന വ്യാജേന 10,000 രൂപ കൈപ്പറ്റിയെന്നാണ് പരാതി. തൊഴിലുടമ നൽകിയ പരാതിയിന്മേൽ വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Kerala
കൊല്ലം: അഞ്ച് ഗ്രാം എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കിളികൊല്ലൂർ കോയിക്കൽ സ്വദേശി അക്ബർഷാ(40 ) ആണ് അറസ്റ്റിലായത്.
കൊല്ലം എക്സൈസ് സർക്കിൾ സംഘം നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിലായത്. ഇയാളിൽ നിന്ന് എംഡിഎംഎയും ഇത് കടത്താനുപയോഗിച്ച ബുള്ളറ്റും എക്സൈസ് പിടിച്ചെടുത്തു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. രജിത്തിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ഇന്റലിജൻസ് ബ്യൂറോ എക്സൈസ് ഇൻസ്പെക്ടർ ബി. ദിനേശ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ വിനയകുമാർ, ഷഹാലുദ്ദീൻ, പ്രിവന്റീവ് ഓഫീസർ ബി. ഷെഫീഖ്, സിവിൽ എക്സൈസ് ഓഫീസർ ഗോകുൽ ഗോപൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയങ്ക, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.
Kerala
മണിമല: പുറത്തു ബോർഡ് വീട്ടിൽ ഊണ്, അകത്ത് മദ്യക്കച്ചവടം. മദ്യനിരോധന ദിവസമായ മാസത്തിലെ ആദ്യദിനവും പുതുവത്സരവും ഒന്നിച്ചുവന്നതോടെ ഇരട്ടി ലാഭത്തിലായിരുന്നു അനധികൃത വിൽപന. രഹസ്യ വിവരം കിട്ടിയ എക്സൈസ് സംഘം എത്തി വിശദമായി പരിശോധന നടത്തിയതോടെ ഒളിപ്പിച്ചുവച്ചിരുന്ന 76 കുപ്പി മദ്യം കണ്ടെടുത്തു.
മണിമലയ്ക്ക് സമീപം കറിക്കാട്ടൂരിലാണ് വീട്ടിൽ ഊണ് ഹോട്ടലിന്റെ മറവിൽ നടന്ന മദ്യ വിൽപന പിടികൂടിയത്. ഹോട്ടൽ ഉടമ വി.എസ്. ബിജുമോനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കേസെടുത്തു കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വീടിന്റെ മുകളിലത്തെ നിലയിൽ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. സർക്കാർ വക മദ്യവിൽപന ശാലയിൽ നിന്നും പല തവണകളിലായി മദ്യം വാങ്ങിച്ച് വീട്ടിൽ ശേഖരിച്ച് കൂടിയ വിലയ്ക്ക് അന്യസംസ്ഥാന തൊഴിലാളികൾക്കും സെയിൽസ് വാഹനത്തിലെ ഡ്രൈവർമാർക്കും വിൽക്കുകയായിരുന്നു.
എക്സൈസ് എരുമേലി റേഞ്ച് ഇൻസ്പെക്ടർ കെ.എച്ച്. രാജീവ്, അസി. ഇൻസ്പെക്ടർ മുഹമ്മദ് അഷ്റഫ്, പ്രിവന്റീവ് ഓഫീസർമാരായ വി.എസ്. ശ്രീലേഷ്, മാമൻ ശാമുവേൽ, പി.ആർ. രതീഷ്, സിവിൽ എക്സൈസ് ഓഫീസർ കെ.വി. പ്രശോഭ്, വനിത സിവിൽ ഓഫീസർ അഞ്ജലി കൃഷ്ണ, ഡ്രൈവർ ഷാനവാസ് എന്നിവരാണ് റെയ്ഡ് സംഘത്തിലുണ്ടായിരുന്നത്.
Kerala
ആലപ്പുഴ: ചെങ്ങന്നൂരിൽ എട്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. റെയിൽവേ സ്റ്റേഷനു സമീപം വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം ആണ് പിടികൂടിയത്.
ആയിരത്തോളം കിലോ വരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് അന്യസംസ്ഥാന തൊഴിലാളികളെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപം അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്കു താമസിക്കുന്ന വീട്ടിലായിരുന്നു പുകയില ഉത്പന്നങ്ങൾ ശേഖരിച്ചിരുന്നത്.
ചൊവ്വാഴ്ച രാത്രി 8:30 ഓടെ വീട്ടിലെ അസ്വാഭാവികമായ സാഹചര്യങ്ങളിൽ സംശയം തോന്നിയ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വൻ ലഹരിശേഖരം കണ്ടെത്തിയത്. ഉടൻതന്നെ വാർഡ് കൗൺസിലർ സിനി ബിജുവിനെ വിവരമറിയിക്കുകയും അവർ പോലീസിനും എക്സൈസിനും വിവരം കൈമാറുകയുമായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് ചാക്കുകളിലും പെട്ടികളിലുമായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. പിടിച്ചെടുത്ത ഉത്പന്നങ്ങൾക്ക് വിപണിയിൽ എട്ടു ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
കോഡ്പ നിയമപ്രകാരമാണ് ഏഴു പേർക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രിവന്റീവ് ഓഫീസർ ബി. സുനിൽ കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ആർ. പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.കെ. രതീഷ്, വിഷ്ണു വിജയൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളിൽനിന്ന് എക്സൈസ് ഉദ്യോഗസ്ഥർ മാസപ്പടി ഇനത്തിൽ ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് മിന്നൽ പരിശോധനയിൽ കണ്ടെത്തി.
മാസപ്പടി വാങ്ങുന്നതിനെത്തുടർന്ന് മിക്ക ബാറുകളിലും എക്സൈസ് ഉദ്യോഗസ്ഥർ കൃത്യസമയത്ത് പരിശോധന നടത്താറില്ലെന്നും ഭൂരിഭാഗം ബാറുകളിലെയും സ്റ്റോക്കുകളിൽ കൃത്യത ഇല്ലെന്നും സ്റ്റോക്ക് രജിസ്റ്ററുകൾ പരിപാലിക്കുന്നില്ലെന്നും വിജിലൻസ് കണ്ടെത്തി. പലയിടത്തും ബാറുകൾ പ്രവർത്തന സമയം പാലിക്കുന്നില്ല.
ബാറുകളിൽ സ്റ്റോക്ക് ഇറക്കുന്പോൾ എക്സൈസ് ഉദ്യോഗസ്ഥർ വെരിഫിക്കേഷൻ നടത്തി സർട്ടിഫിക്കറ്റ് നൽകണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നില്ലെന്നും ഓപറേഷൻ "ബാർ കോഡ്' എന്ന പേരിൽ ബാർ ഹോട്ടലുകളിലും എക്സൈസ് സർക്കിൾ ഓഫീസുകളിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തി. സംസ്ഥാനത്തെ 66 ബാർ ഹോട്ടലുകളിലും ബന്ധപ്പെട്ട എക്സൈസ് സർക്കിൾ ഓഫീസുകളിലുമായിരുന്നു വിജിലൻസ് റെയ്ഡ്.
ലൈസൻസ് വ്യവസ്ഥകൾക്കു വിരുദ്ധമായി അനുവദിച്ചതിലും കൂടുതൽ കൗണ്ടറുകളിലും ഡെസ്കുകളിലും മദ്യ വിൽപന നടത്തുന്നു. ബാറുകളിൽ സൂക്ഷിക്കേണ്ട ഇൻസ്പെക്ഷൻ രജിസ്റ്റർ ബാറിൽ നിന്ന് എക്സൈസ് ഓഫീസിലെത്തിച്ച് ഇൻസ്പെക്ഷൻ നടത്തിയെന്ന് രേഖപ്പെടുത്തുന്നു. ബാറുകൾക്ക് അവധിയായിരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം പത്തനംതിട്ടയിലെ ബാർ ഹോട്ടലിലെ സ്റ്റോക്ക് ഗോഡൗണിൽനിന്നു നാല് കെയ്സ് മദ്യം എടുത്തതായി കണ്ടെത്തി.
ആലപ്പുഴയിലെ ബാറിൽ നിന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ, റേഞ്ച് ഇൻസ്പെക്ടർമാർ, വിവിധ എക്സൈസ് സ്ക്വാഡുകളിലെ ഉദ്യോഗസ്ഥർ എന്നിവർക്ക് കൈക്കൂലി ഇനത്തിൽ 3,56,000 രൂപ മാസപ്പടിയായി നൽകിയത് ഉദ്യോഗസ്ഥരുടെ പേരും തസ്തികയും സഹിതം രേഖപ്പെടുത്തി രജിസ്റ്ററിൽ എഴുതി സൂക്ഷിച്ചത് പിടിച്ചെടുത്തു. എക്സൈസ് ഉദ്യോഗസ്ഥർക്ക് പണം നൽകിയതിന്റെ വിവരം ബാർ മാനേജർ വാട്സ് ആപ്പ് വഴി എംഡിക്ക് കൈമാറിയതിന്റെ വിവരങ്ങളും കണ്ടെത്തി. ചില ബാറുകളിൽ സ്റ്റോക്ക് ഇറക്കിയ സമയം എക്സൈസുകാർ ഹാജരായിരുന്നില്ലെന്ന് ബാറിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നു കണ്ടെത്തി.
കുന്നംകുളത്ത് ഇൻസ്പെക്ഷൻ രജിസ്റ്ററിൽ പരിശോധന നടത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ, ബാറിലെ സിസിടിവിയിൽ ഉദ്യോഗസ്ഥൻ ആ ദിവസം പരിശോധനയ്ക്ക് എത്തിയിട്ടില്ലെന്നു കണ്ടെത്തി. ഒറ്റപ്പാലത്തെ ബാറിൽ സ്റ്റോക്കിൽ വലിയ അളവിൽ കുറവുണ്ടായി. വെയർ ഹൗസിൽനിന്ന് അനുവദിച്ച മദ്യം സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്താതെ സൂക്ഷിക്കുന്നു. നിലന്പൂർ എക്സൈസ് സർക്കിൾ ഓഫീസിൽനിന്ന് ഉദ്യോഗസ്ഥർ പാരിതോഷികമായി വാങ്ങി സൂക്ഷിച്ച അഞ്ചു കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു. ഈ മദ്യം നിയമ നടപടികൾക്കായി പോലീസിന് കൈമാറി.
വയനാട് ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ സംശയകരമായി കാണപ്പെട്ട ബിയർ പാർലർ സ്റ്റാഫിന്റെ യുപിഐ ട്രാൻസാക്ഷൻ പരിശോധിച്ചതിൽ 2,000 രൂപ കൽപറ്റ ബെവ്കോ വെയർഹൗസ് ജീവനക്കാരന് അയച്ചതായി കണ്ടെത്തി. കൽപറ്റ എക്സൈസ് സർക്കിൾ ഓഫീസ് ഉദ്യോഗസ്ഥന്റെ യുപിഐ അക്കൗണ്ടിലേക്ക് സംശയാസ്പദമായി 3,51,000 രൂപ ലഭിച്ചു. ബാറിൽ ഉപയോഗിക്കുന്ന പെഗ് മെഷറുകളുടെ അളവിൽ കുറവ് കണ്ടത്തിയതിനെ തുടർന്ന് ലീഗൽ മെട്രോളജി വകുപ്പിനെ കൊണ്ട് പരിശോധന നടത്തി 25,000 രൂപ പിഴ ചുമത്തി.
Kerala
അട്ടപ്പാടി: പുതുവത്സര വിപണി ലക്ഷ്യമിട്ട് തയാറാക്കിയ 43 ലിറ്റർ ചാരായവുമായി രണ്ട് പേർ പിടിയിൽ. അഗളി സ്വദേശികളായ അടിമാലി ജോയി, മങ്ങാടൻകണ്ടി ജയൻ എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
അഗളി മൂച്ചിക്കടവിൽ വീടിനോട് ചേർന്നുള്ള ഹോട്ടൽ എന്നെഴുതിയ താത്കാലിക കെട്ടിടത്തിനുള്ളിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. തിങ്കളാഴ്ച വൈകുന്നേരം നടത്തിയ പരിശോധനയിലാണ് ചാരായവുമായി പ്രതികൾ പിടിയിലായത്.
ചാരായ വിൽപന നടത്താൻ ഉപയോഗിച്ച ഗുഡ്സ് ഓട്ടോയും എക്സൈസ് കസ്റ്റഡിയിലെടുത്തു. അടിമാലി ജോയി നിരവധി ചാരായ കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.