പ്രതീകാത്മക ചിത്രം
കൊച്ചി: ശതകോടികളുടെ ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്യും. പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. അടുത്ത ആഴ്ചയോടെ നോട്ടീസ് നൽകും.
നിലവിൽ വിദേശത്താണെന്ന് കരുതപ്പെടുന്ന പ്രേംകുമാർ നോട്ടീസ് കൈപ്പടിക്കാൻ തയാറായില്ലെങ്കിൽ ലുക്ക്ഔട്ട് നോട്ടീസ് അടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കാനാണ് ഇഡിയുടെ തീരുമാനം. കേസിൽ ഇതുവരെ ബിഎൽഎമ്മിന്‍റെ 103 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചിട്ടുണ്ട്. വൻതോതിലുള്ള തട്ടിപ്പാണ് പ്രേംകുമാർ നടത്തിയിട്ടുള്ളതെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം തുടരുമെന്നും അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പ്രേംകുമാറുമായി ബന്ധപ്പെട്ട് ചെന്നൈ, എറണാകുളം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മൂന്നാർ തുടങ്ങിയ വിവിധങ്ങളായ 12 കേന്ദ്രങ്ങളിൽ അടുത്തിടെ നടത്തിയ റെയ്ഡിലാണ് ഗുരുതരമായ സാമ്പത്തിക തിരിമറികൾ കണ്ടെത്തിയത്.
ഹൗസിംഗ് സൊസൈറ്റി വഴി സാധാരണക്കാരായ ജനങ്ങളിൽ നിന്നും സമാഹരിച്ച നിക്ഷേപത്തുക യാതൊരു ചട്ടങ്ങളും പാലിക്കാതെ പ്രേംകുമാറും കുടുംബാംഗങ്ങളും സ്വന്തം പേരിലേക്ക് വകമാറ്റി ഉപയോഗിച്ചതായി ഇഡി കണ്ടെത്തിയിട്ടുണ്ട്.
Tags : BLM FinancialFraud ED RPremkumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash