പ്രതീകാത്മക ചിത്രം
അബുദാബി: ഒമാൻ കടലിൽ തീപിടിത്തമുണ്ടായ ചരക്കുകപ്പലിൽ നിന്ന് ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ നാഷണൽ ഗാർഡ്. 22 ജീവനക്കാരെയാണ് രക്ഷപ്പെടുത്തിയത്.
കപ്പലിന് തീപിടിച്ചതായി ജീവനക്കാരിൽ നിന്ന് കോസ്റ്റ് ഗാർഡിന് സന്ദേശം ലഭിച്ചതിനെ തുടർന്ന് പ്രത്യേക രക്ഷാപ്രവർത്തന സംഘം ഉടൻ തന്നെ സ്ഥലത്തെത്തുകയായിരുന്നു. കപ്പൽ സ്ഥിതി ചെയ്യുന്ന സ്ഥലം കണ്ടെത്തി നടത്തിയ ദ്രുതഗതിയിലുള്ള ഓപ്പറേഷനിലൂടെ കപ്പലിലുണ്ടായിരുന്ന 22 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
കപ്പലിലുണ്ടായിരുന്ന ജീവനക്കാർ അറബ് പൗരന്മാരാണെന്ന് നാഷണൽ ഗാർഡ് വ്യക്തമാക്കി. കപ്പലിൽ തീപിടുത്തമുണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല. കഴിഞ്ഞ മാസവും അറേബ്യൻ ഉൾക്കടലിൽ തീപിടിച്ച ഒരു എണ്ണക്കപ്പലിൽ (MT GEM No. 2) നിന്ന് 22 ജീവനക്കാരെ യുഎഇ കോസ്റ്റ് ഗാർഡ് സമാനമായ രീതിയിൽ രക്ഷപ്പെടുത്തിയിരുന്നു. ഈ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
Tags : Ship Cargo ship catches fire oman sea UAE National Guard