ഡോണൾഡ് ട്രംപ്
ടെഹ്റാൻ: ഇറാനെതിരെ നിർണായക നീക്കവുമായി അമേരിക്ക. ഇറാന്റെ ആയുധ നീക്കം തടയാനെന്ന പേരിൽ അമേരിക്ക ദൗത്യ സംഘത്തെ നിയോഗിച്ചു. കര വഴിയും കടൽ വഴിയും ഇറാനിലേക്ക് ആയുധ സാമഗ്രികളും ഉത്പന്നങ്ങളും എത്തുന്നത് തടയുകയാണ് ലക്ഷ്യം.
അയേണ്‍ ഗേറ്റ് എന്ന പേരിലാണ് അമേരിക്ക ഇറാനെതിരെ ടാസ്ക് ഫോഴ്സിനെ പ്രഖ്യാപിച്ചിരിക്കുന്നത്. കാസ്പിയൻ കടൽ വഴിയും മറ്റും ഇറാനിലെത്തുന്ന സാമഗ്രികൾ ആയുധ നിർമാണത്തിന് ഉപയോഗിക്കുന്നു എന്നാണ് അമേരിക്കയുടെ ആരോപണം.
ഇതുകൂടാതെ ഇറാന്റെ ആണവ പദ്ധതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് കോടി ഡോളർ വരെ പാരിതോഷികവും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ് സെൻട്രൽ കമാൻഡ് ആണ് ആണവ പദ്ധതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.
ആണവ പദ്ധതികൾ, സ്ഥലം, പിന്നിലുള്ള വ്യക്തികൾ തുടങ്ങിയ വിവരം നൽകുന്നവർക്കാണ് വൻ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇറാൻ ഇതുവരെ അമേരിക്കയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചിട്ടില്ല.
Tags : America Iran IronGate War US conflict Attack AirStrike Defense