Kerala
കണ്ണൂർ: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ ഇഡി നിലപാട് കടുപ്പിച്ചതോടെ പ്രതിരോധവുമായി സിപിഎം. പാർട്ടി മുഖപത്രത്തിൽ ഇന്നലെ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ഇത്തരം ഏത് നീക്കത്തെയും ജനാധിപത്യപരമായും നിയമപരമായും രാഷ്ട്രീയമായും നേരിടാനുള്ള കരുത്തും ആർജവവും സിപിഎമ്മിനുണ്ടെന്നും വ്യക്തമാക്കുന്നത്. ഇഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ലെന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ മാസപ്പടി കേസിൽ പത്രക്കുറിപ്പ് ഇറക്കിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും അതു പ്രസിദ്ധീകരിച്ച മാധ്യമങ്ങളെയും രൂക്ഷമായി വിമർശിക്കുന്നുണ്ട്.
ഒരു സ്ഥാപനത്തിനോ വ്യക്തികൾക്കോ എതിരേ ഉയർന്ന ആരോപണങ്ങളെപ്പറ്റി അന്വേഷിക്കുന്നതിന്റെ പരിധികടന്ന് ഒരു രാഷ്ട്രീയ പാർട്ടിയെയും അതിന്റെ നേതാക്കളെയും അവരുമായി ബന്ധമുള്ളവരെയും ലക്ഷ്യമിട്ട് പരിശോധനകൾ നടക്കുന്നത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നു മുഖപ്രസംഗത്തിൽ പറയുന്നു. പാർട്ടി നേതാക്കളുടെ സുഹൃത്തുക്കളിലേക്കും കടന്നുചെന്ന് അന്വേഷണത്തിന്റെ പേരിൽ ഭീകരത സൃഷ്ടിക്കുകയാണ്.
അപസർപ്പക കഥകൾ മെനയുന്നതും കേസ് വലിച്ചുനീട്ടുന്നതും ദുരൂഹമാണ്. അന്വേഷണത്തിന്റെ പേരിൽ മാധ്യമങ്ങളിൽ ആരോപണങ്ങളുടെ പെരുമഴ സൃഷ്ടിക്കുന്നത് രാഷ്ട്രീയ പ്രചാരണത്തിന് ഉപകരണമാക്കുന്നതിന്റെ ഭാഗമാണ്. ഇഡി കണ്ടെത്തൽ, അന്വേഷണത്തിൽ തെളിഞ്ഞു തുടങ്ങിയ തലക്കെട്ടുകൾ പലപ്പോഴും കോടതികൾ കണ്ടെത്തിയ വസ്തുതകളെന്ന മട്ടിലാണ് മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്. ചില സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സിപിഎം നേതാക്കളെ മാത്രമല്ല പാർട്ടിയെത്തന്നെ പ്രതിചേർത്ത വിചിത്രസംഭവമുണ്ടായെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.
ഇപ്പോൾ കോലാഹലം സൃഷ്ടിക്കുന്ന കേസിൽ 182 കോടിയുടെ ക്രമക്കേടാണ് കേന്ദ്ര ഏജൻസികൾ നേരത്തേ ആരോപിച്ചത്. നിലവിൽ ഒരാൾക്കെതിരേ പറയുന്ന രണ്ടു കോടി കഴിച്ച് ബാക്കി 180 കോടി രൂപയുടെ ഇടപാടിനെക്കുറിച്ച് ഇഡി അന്വേഷിച്ചോ? ബാങ്ക് വഴി വാങ്ങുകയും ആദായനികുതി അടയ്ക്കുകയും ചെയ്തത് സാന്പത്തിക തട്ടിപ്പാണെന്ന് ആരോപിക്കുന്നു.
സിപിഎമ്മിനെ രാഷ്ട്രീയമായി ദുർബലപ്പെടുത്താൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കാമെന്ന് ലക്ഷ്യമിടുന്നുണ്ടെങ്കിൽ അത് ചരിത്രത്തെ അറിയാത്തവരുടെ കണക്കുകൂട്ടലാണ്... അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തി സിപിഎമ്മിനെ ദുർബലപ്പെടുത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
International
ടെഹ്റാൻ: യുദ്ധവും ഉപരോധവും മൂലം കടുത്ത സാന്പത്തിക പ്രതിസന്ധിയിലായ ഇറാൻ കൂടുതൽ കുഴപ്പത്തിലേക്ക്. സമവായത്തിന് ഇനിയും സന്നദ്ധമാകാത്ത ഇറാനെതിരേ അതികഠിനമായ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇറാനെതിരേ നേരിട്ടു മാത്രമല്ല ഏതെങ്കിലും രീതിയിൽ ഇറാനെ സഹായിക്കാനോ ഇടപാടുകൾ നടത്താനോ ഏതെങ്കിലും രാജ്യം മുതിർന്നാൽ അവർക്കെതിരേ കടുത്ത ഉപരോധം ഉണ്ടാകുമെന്നാണ് യുഎസിന്റെ മുന്നറിയിപ്പ്. ഇറാനുമായുള്ള എല്ലാ വ്യാപാരങ്ങളും നിർത്തിവച്ചതായി യുഎഇ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്കൂടി വന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ മുഴുവൻ വലിയ അക്ഷരങ്ങളിലാണ് ട്രംപ് ഇറാനുള്ള മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചത്. ഏതൊരു രാജ്യത്തിനെതിരെയും ഇതുവരെ സ്വീകരിച്ചിട്ടുള്ളതിൽ ഏറ്റവും കടുത്ത സാമ്പത്തിക നടപടി തുടങ്ങുകയാണെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കൂടുതൽ വിവരങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല. ഏതൊക്കെ രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും സൂചിപ്പിച്ചിട്ടില്ല.
അവസാനമില്ലാതെ സംഘർഷം
ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിനു പിന്നാലെ നിലവിൽ വന്ന 60 ദിവസത്തെ വെടിനിർത്തൽ തിങ്കളാഴ്ച അവസാനിച്ചതിനു പിന്നാലെയാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാനുമായുള്ള സംഘർഷം ഏതെങ്കിലും രീതിയിൽ പരിഹരിക്കപ്പെടുന്നതിന്റെ യാതൊരു നീക്കങ്ങളും ഇപ്പോൾ നടക്കുന്നില്ല. ഏപ്രിലിൽ തുടങ്ങിയ ഓപ്പറേഷൻ ഇക്കണോമിക് ഫ്യൂറി എന്ന ഉപരോധ നീക്കത്തിന്റെ തുടർച്ചയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഇറാനുമായി വ്യാപാരം നടത്തുന്ന വിദേശ ബാങ്കുകൾക്കും കമ്പനികൾക്കും ഉപരോധം ഏർപ്പെടുത്തുന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.
ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസുകൾ, വിമാനത്താവളങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയിലൂടെ ഇറാന് ഏതെങ്കിലും തരത്തിലുള്ള പിന്തുണയോ സഹായമോ നൽകുന്ന രാജ്യങ്ങളെയാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഈ രാജ്യങ്ങൾക്കെതിരേ എന്തു നടപടിയാണ് വരികയെന്നതും അമേരിക്കൻ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല.
എണ്ണക്കടത്ത്, സ്വാപ് ലൈൻ, പണ കൈമാറ്റം, എക്സ്ചേഞ്ച് ഹൗസുകൾ, കപ്പൽ രജിസ്ട്രികൾ, മുൻനിര കമ്പനികൾ... ഇത്തരം ബന്ധങ്ങളെല്ലാം ഇപ്പോൾത്തന്നെ അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
അമേരിക്കയുടെ സഖ്യരാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഇറാനുമായുള്ള എല്ലാ സാമ്പത്തിക, വ്യാപാര ബന്ധങ്ങളും നിർത്തുകയാണെന്നു പ്രഖ്യാപിച്ചതിനു തൊട്ടടുത്ത ദിവസമാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഇറാനിൽ നിന്നുണ്ടായ പുതിയ മിസൈൽ ഭീഷണിയെ തുടർന്നായിരുന്നു യുഎഇയുടെ കടുത്ത തീരുമാനം. ഇറാനിൽനിന്നു കടൽഗതാഗതത്തെ ലക്ഷ്യമിട്ട് രണ്ടു ബാലിസ്റ്റിക് മിസൈലുകൾ അയച്ചതായും അവ കടലിൽ പതിച്ചതായും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.
ഉപരോധം ശക്തമാകുന്നു
ഇറേനിയൻ സ്ഥാപനങ്ങൾ ദുബായിലെ ധനകാര്യ സംവിധാനത്തെ ദീർഘകാലമായി ഉപയോഗിച്ചു വന്നിരുന്നതായി പറയുന്നു. എക്സ്ചേഞ്ച് ഹൗസുകളും കടലാസ് കമ്പനികളും വഴി പണം കൈമാറാനാണ് പ്രധാനമായും ഈ സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നത്. അതേസമയം, യുഎഇയുടെ പ്രഖ്യാപനത്തിനെതിരേ കടുത്ത ഭാഷയിലാണ് ഇറാനും പ്രതികരിച്ചത്. അമേരിക്കൻ സേനയ്ക്ക് ഏതെങ്കിലും രീതിയിൽ സഹായം നൽകുന്നവരെ യുദ്ധപങ്കാളികളായി കരുതുമെന്നായിരുന്നു ഇറാന്റെ പ്രതികരണം.
യുദ്ധം ആരംഭിച്ചതിനു ശേഷം, ടീപോട്ട് റിഫൈനറികൾ എന്നു വിളിക്കപ്പെടുന്ന നിരവധി എണ്ണ ശുദ്ധീകരണശാലകൾക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ചെറുകിട എണ്ണ ശുദ്ധീകരണശാലകളെയാണ് ടീപോട്ട് റിഫൈനറികൾ എന്നു വിളിക്കുന്നത്.
ഇറാനിൽനിന്നുള്ള എണ്ണയുടെ ഏറ്റവും വലിയ വാങ്ങലുകാരാണ് ചൈനീസ് കമ്പനികൾ. ചൈനയുടെ ഈ ഇടപാടുകളെ ട്രംപ് ലക്ഷ്യമിടുന്നതായി സൂചനയുണ്ട്. കാരണം ഇറാന്റെ സാമ്പത്തിക വരുമാനത്തിന്റെ പ്രധാന ഉറവിടങ്ങളിലൊന്നാണ് ഈ എണ്ണ കയറ്റുമതി. എന്നാൽ, അമേരിക്കൻ ഉപരോധ നടപടികളെ വകവയ്ക്കേണ്ടതില്ലെന്ന ഉപദേശമാണ് ചൈന കമ്പനികൾക്കു നൽകിയിരിക്കുന്നത്. അമേരിക്കൻ ഉപരോധത്തെ എത്ര കണ്ടു പ്രതിരോധിക്കാനാകുമെന്നതു വ്യക്തമല്ല. അതേസമയം, പുതിയ പ്രഖ്യാപനങ്ങൾ ഇറാനെ കൂടുതൽ സാന്പത്തിക ഞെരുക്കത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
International
ടെഹ്റാൻ: അമേരിക്കയ്ക്ക് പിന്തുണ നൽകുന്ന ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ. അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ യുദ്ധത്തിലെ പങ്കാളികളായി കണക്കാക്കുമെന്ന് ഇറാൻ കരസേന മേധാവി വ്യക്തമാക്കി.
മേഖലയിലെ രാജ്യങ്ങളുടെ അറിവില്ലാതെ ഇത്രയധികം അമേരിക്കൻ ടാങ്കർ വിമാനങ്ങൾ എങ്ങനെ തമ്പടിക്കുന്നുവെന്നും ഇറാൻ കരസേന മേധാവി ആരാഞ്ഞു. മേഖലയിൽ വർധിച്ചുവരുന്ന സൈനിക സാന്നിധ്യത്തിലും അമേരിക്കയുമായുള്ള സഹകരണത്തിലും ഇറാൻ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നുണ്ട്.
അമേരിക്കയുമായുള്ള സംഘർഷം കനക്കുന്നതോടെ ഗൾഫ് മേഖലയിലേക്ക് ആക്രമണം ശക്തമാക്കുമെന്നതാണ് ഇറാന്റെ മുന്നറിയിപ്പ്. അതേസമയം കഴിഞ്ഞ രാത്രിയിലെ ആക്രമണത്തിൽ യുഎ ഇനിലപാട് കടുപ്പിച്ചതോടെ യുഎഇയെ ആക്രമിച്ചത് തങ്ങളല്ലെന്ന വിശദീകരണവും ഇറാൻ നേരത്തെ നൽകിയിരുന്നു.
മിസൈൽ ആക്രമണ ശ്രമമുണ്ടായതിന് പിന്നാലെ ഇറാനുമായുള്ള വ്യാപാര - വാണിജ്യ - സാമ്പത്തിക ഇടപാടുകളെല്ലാം യുഎഇ നിർത്തിവച്ചു.
International
വാഷിംഗ്ടൺ ഡിസി: സൗദി അറേബ്യ, തുർക്കി, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിൽ ഒപ്പുവച്ച സംയുക്ത പ്രതിരോധകരാറിനെ സ്വാഗതം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ധീരമായ, സുപ്രധാനമായ ആദ്യ ചുവടുവയ്പാണെന്നാണു കരാറിനെ ട്രംപ് വിശേഷിപ്പിച്ചത്.
‘സൗദി, തുർക്കി, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ അടുത്തിടെ ഒപ്പുവച്ച സംയുക്ത പ്രതിരോധകരാറിൽ വലിയ സന്തോഷമുണ്ട്.
പശ്ചിമേഷ്യൻ രാജ്യങ്ങൾ ഒന്നിച്ചുനിൽക്കുന്നതിന്റെയും തങ്ങളുടെ സുരക്ഷ കൂടുതൽ ഫലപ്രദമായി ഉറപ്പാക്കാൻ രാജ്യങ്ങൾക്കു സാധിക്കുമെന്നതിന്റെയും തെളിവാണിത്.’-സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതം സംബന്ധിച്ച് ഒമാനുമായി നടത്തുന്ന ചർച്ചകൾ പുരോഗമിക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഹോർമുസ് തുറക്കുന്നത് ജൂണിൽ ഒപ്പുവെച്ച ധാരണാപത്രത്തിൽ അമേരിക്കയുടെ നിലപാടിനെ ആശ്രയിച്ചാകുമെന്നും ഇറാൻ വ്യക്തമാക്കി.
ഖത്തർ സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള ഇറേനിയൻ പൈലറ്റുമാരുടെ വിഷയത്തിൽ അന്വേഷണം നടത്താൻ അനുമതി നൽകണമെന്ന് ഇറാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇറാനെ സാമ്പത്തികമായി കൂടുതൽ പ്രതിരോധത്തിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
ആക്രമണം അവസാനിപ്പിച്ച് ഇറാനെ സാമ്പത്തികമായി കൂടുതൽ പ്രതിരോധത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഉയർന്ന ഇന്ധനവില കുറച്ചുകാലം കൂടി ജനങ്ങൾ സഹിക്കേണ്ടി വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് തങ്ങളുടെ അധീനതയിലാണെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം യുഎസ് നാവികസേനയുടെ കീഴിലാണെന്നും തങ്ങൾ അത് കൈവശം സൂക്ഷിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഡോണൾഡ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഹോർമുസ് വിഷയത്തിൽ ഇറാന് ഇനി ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ ഇറാന് സ്വന്തമായി ഒരു നാവികസേനയോ വ്യോമസേനയോ ഇല്ലെന്നും ട്രംപ് ആരോപിച്ചു.
ഇറാനിലെ സൈനികർക്ക് ശമ്പളം ലഭിക്കുന്നില്ലെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. തങ്ങളുടെ നാവിക ഉപരോധത്തെ എല്ലാവരും ഉരുക്ക് മതിൽ എന്നാണ് വിശേഷിപ്പിക്കുന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കുന്നു.
ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർ തകർച്ചയിലാണെന്നും അവർ പ്രാണൻ രക്ഷാർഥം ഓടുകയാണെന്നും ട്രംപ് പരിഹസിച്ചു. ഇറാൻ ഇനി പശ്ചിമേഷ്യയിലെ ഗുണ്ടയല്ലെന്ന് പറയുന്ന പോസ്റ്റ് അല്ലാഹുവിനെ സ്തുതിച്ചാണ് ട്രംപ് അവസാനിപ്പിക്കുന്നത്.
National
ന്യൂഡല്ഹി: എഫ്സിആര്എ ഭേദഗതിയുടെ മറവില് ന്യൂനപക്ഷ സ്ഥാപനങ്ങളും സ്വത്തുക്കളും പിടിച്ചെടുക്കാനുള്ളതടക്കമുള്ള വ്യവസ്ഥകള് ആശങ്കാജനകമാണെന്ന് പ്രതിപക്ഷ നേതാക്കളും ന്യൂനപക്ഷ മതമേധാവികളും ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനും സ്വത്തുക്കള് പിടിച്ചെടുക്കാനും ലക്ഷ്യമിട്ടാണു ഭേദഗതിയെന്നു ന്യൂനപക്ഷ സംഘടനകള് പറയുന്നു.
സാങ്കേതികത്വം പറഞ്ഞോ പറയാതെയോ എഫ്സിആര്എ ലൈസന്സ് പുതുക്കി നല്കാതെ ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും എന്ജിഒകളുടെയും ആസ്തികളും സ്വത്തും പിടിച്ചെടുക്കാനുള്ള വ്യവസ്ഥ അംഗീകരിക്കാനാകില്ലെന്നാണ് പ്രതിപക്ഷവും ന്യൂനപക്ഷ സംഘടനകളും വ്യക്തമാക്കിയത്.
അഥോറിറ്റി രൂപീകരിച്ച് ന്യൂനപക്ഷ സ്ഥാപനങ്ങളുടെ സ്വത്തും നടത്തിപ്പും വരെ കൈകാര്യം ചെയ്യാനുള്ള വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
എന്നാല്, രാജ്യത്തെ സര്ക്കാരിതര സന്നദ്ധ സംഘടനകളുടെ വിദേശ സംഭാവനകളുടെ മേലുള്ള നിയന്ത്രണം കര്ശനമാക്കാനാണു നിയമഭേദഗതിയെന്നാണു സര്ക്കാരിന്റെ വാദം.
ന്യൂനപക്ഷങ്ങള്ക്കെതിരല്ല ഭേദഗതിയെന്നും വിദേശ സംഭാവനകള് നിയന്ത്രിക്കുക മാത്രമാണു ലക്ഷ്യമെന്നും കേന്ദ്രം അവകാശപ്പെട്ടു.
International
വാഷിംഗ്ടൺ: ഇറാനിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാൻ അമേരിക്ക. സമാധാനചർച്ചകളുടെ ഭാഗമായി നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. അഞ്ച് പതിറ്റാണ്ടായി ഇറാന്റെ പിന്തുണയോടെ നടക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ആക്രമണങ്ങളും അതിക്രമങ്ങളും ചൂണ്ടിക്കാട്ടിയാണ് ആവശ്യം.
ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനചർച്ചകളിൽ വിഷയം ഉൾപ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്ക-ഇസ്രയേൽ സൈനിക നടപടികളെ തുടർന്ന് ഇറാനിലുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഇസ്ലാമിക് റിപബ്ലിക് പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു.
ഇതിന് മറുപടിയായാണ് സമാനമായി താനും നഷ്ടപരിഹാരം ആവശ്യപ്പെടുകയാണെന്ന് ട്രംപ് അറിയിച്ചത്. ഇറാൻ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതും പരിക്കേറ്റവരുമായ എല്ലാമനുഷ്യർക്കുമായി ഇറാൻ നഷ്ടപരിഹാരം നൽകണമെന്ന് അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
NRI
അരിസോണ (യുഎസ്): സൺ ഷൈൻ റെസിഡൻഷ്യൽ ഹോംസ് സിഇഒയും മലയാളിയുമായ കോട്ടയം സ്വദേശി സൈമൺ എം. കൊട്ടൂരിന് ജോലിസ്ഥലത്തെ ജീവനക്കാരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതു വഴി ദേശീയസുരക്ഷയിൽ മികവ് പുലർത്തിയതിന് അമേരിക്കൻ ഗവൺമെന്റിന്റെ ആദരവ് നേടി. ‘PATRIOTIC EMPLOYER’ എന്ന അപൂർവ ബഹുമതിയാണ് അമേരിക്കൻ ഡിഫെൻസ് സെക്രട്ടറി ഇദ്ദേഹത്തിന് സമ്മാനിച്ചത്.
രാജ്യത്തിന്റെ ദേശീയ സുരക്ഷിതത്വത്തിനും സ്വാതന്ത്ര്യ സംരക്ഷണത്തിനും സൺ ഷൈൻ ഹോംസ് നൽകുന്ന മികച്ച സേവനത്തെ ഈ ബഹുമതിയിലൂടെ അമേരിക്കൻ ഗാർഡ് ആൻഡ് റിസേർവ് ഉയർത്തി കാട്ടി. ഈ ബഹുമതി അമേരിക്കൻ മലയാളി സമൂഹത്തിന് സമർപ്പിക്കുന്നതായി സൈമൺ കോട്ടൂർ അറിയിച്ചു.
സൈമൺ കൊട്ടൂരും ഭാര്യ എലിസബേത്ത് കൊട്ടൂരും ചേർന്ന് മൂന്നു പതിറ്റാണ്ടായി നടത്തുന്ന സൺ ഷൈൻ റെസിഡൻഷ്യൽ ഹോംസ് കുട്ടികളുടെ പുനരധിവാസത്തിനും തിരുത്തലിനുമായി അരിസോണ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ്.
കേരളത്തിൽ ഭവനരഹിതർക്ക് ഭവനങ്ങൾ പണിതു കൊടുക്കുന്നതിനും ഉന്നത വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം ചെയ്യുന്നതിനുമുള്ള പദ്ധതികൾ ഇവർ നടപ്പിലിലാക്കുന്നുണ്ട്. ഇതനുസരിച്ച് 50 വീടുകൾ ഇതിനോടകം പണിതു നൽകി. ഇത്തരം സേവന പ്രവർത്തനങ്ങൾക്ക് ഈ ബഹുമതി കരുത്താകുമെന്ന് സൈമൺ കോട്ടൂർ പ്രതികരിച്ചു.
International
ടെഹ്റാൻ: കണ്ണിനു കണ്ണെന്ന തരത്തിൽ തിരിച്ചടിക്കുമെന്ന് അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്. ഇറാനിൽ കാലുകുത്താൻ ശ്രമിച്ചാൽ സർവ ശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും എണ്ണ വ്യാപാരം സ്തംഭിപ്പിക്കുമെന്നും ഇറാൻ ഭീഷണി ഉയർത്തി.
അതിർത്തിയിൽ യാത്രാ ടെർമിനലിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ രണ്ട്
സാധാരണക്കാർ കൊല്ലപ്പെട്ടതായും 11 പേർക്ക് പരിക്കേറ്റതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ ബാബ് അൽ മന്ദബിൽ രണ്ട് സൗദി കപ്പലുകൾ ഹൂതികൾ ആക്രമിച്ചിരുന്നു.
അമേരിക്ക ഇനിയും ആക്രമിക്കാൻ ശ്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ എം.ബി. ഗാലിബാഫ് അറിയിച്ചു. ഇനിയും ഇറാനെ ആക്രമിച്ചാൽ മേഖലയിൽ ആരും തന്നെ എണ്ണ വിൽക്കില്ല, ഹോർമൂസ് കടക്കില്ല, മേഖലയിലെ പാലങ്ങളും കുടിവെള്ള വിതരണവും ഉൾപ്പടെ എല്ലാം തകർക്കുമെന്നും എം.ബി. ഗാലിബാഫ് കൂട്ടിച്ചേർത്തു.
International
റിയാദ്: ചെങ്കടലിൽ സൗദി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിന് ഹൂതി വിമതരുടെ ആക്രമണം. എൻസെലിയ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് കപ്പലിന് തീപിടിച്ചെങ്കിലും ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ഹൂതി വിമതർ ആക്രമണം നടത്തിയതായി അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് സൗദി അറേബ്യ സംഭവം സ്ഥിരീകരിച്ചത്. കപ്പലിന്റെ സുരക്ഷ ഉറപ്പാക്കാനും സമുദ്ര പരിസ്ഥിതിക്ക് നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാനും ആവശ്യമായ അടിയന്തര മുൻകരുതലുകൾ സ്വീകരിച്ചതായി സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
അതേസമയം ഇറാനിൽ അമേരിക്ക ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ബുഷെഹർ ആണവനിലയത്തിന് സമീപമുള്ള പവർ സബ്സ്റ്റേഷന് നേരെയും ആക്രമണം ഉണ്ടായി. ഹോർമുസ് കടലിടുക്കിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇറാന്റെ പാലങ്ങളോ വൈദ്യുതി നിലയങ്ങളോ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
International
ദുബായ്: ഇറാനിൽ ആക്രമണം കടുപ്പിച്ച് യുഎസ് സേന. ഞായറാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി ഇറാനിൽ കനത്ത ബോംബാക്രമണമാണ് യുഎസ് സേന നടത്തിയത്. തങ്ങളുടെ ഒരു സൈനികൻകൂടി കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു.
ബഹ്റിൽ കനത്ത ആക്രമണം നടത്തിയാണ് ഇറാൻ തിരിച്ചടിച്ചത്. തുടർച്ചയായ ഒന്പതാം രാത്രിയാണ് ഇറാനിൽ യുഎസ് സേന ബോംബ് വർഷം നടത്തിയത്. “ഇന്നലെ രാത്രിയും ഇറാനിൽ കനത്ത ആക്രമണം നടത്തി. ഞങ്ങളുടെ കൊല്ലപ്പെട്ട സൈനികർക്കുവേണ്ടിയായിരുന്നു അത് ’’- യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇന്നലെ ആഗോള വിപണിയിൽ എണ്ണവില 90 ഡോളറിനു മുകളിലായി.
വടക്കൻ ഇറാക്കിൽ പതിച്ച ഇറേനിയൻ ഡ്രോണിലെ സ്ഫോടകവസ്തുക്കൾ നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിലാണ് യുഎസ് സൈനികൻ കൊല്ലപ്പെട്ടത്. ഒരാൾക്കു പരിക്കേറ്റു. ഇതോടെ പശ്ചിമേഷ്യൻ യുദ്ധത്തിനിടെ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം 17 ആയി.
ഇറാനിലെ മിസൈൽ-ഡ്രോൺ താവളങ്ങൾ, സൈനിക കമാൻഡ് കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ-തീരനിരീക്ഷണ കേന്ദ്രങ്ങൾ, കമ്യൂണിക്കേഷൻ ശൃംഖല എന്നിവിടങ്ങളിലായിരുന്നു യുഎസ് ആക്രമണം. തബ്രിസിൽ ഒരാൾ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. റവലൂഷണറി ഗാർജിന്റെ അണ്ടർഗ്രൗണ്ട് മിസൈൽ താവളം സ്ഥിതി ചെയ്യുന്നത് തബ്രിസിലാണ്.
ഇന്നലെ രാവിലെ ആക്രമണത്തെത്തുടർന്ന് ഹോർമുസിൽ കപ്പലിനു തീപിടിച്ചു. ഒമാൻ തീരത്തിനു സമീപമായിരുന്നു സംഭവമെന്ന് ബ്രിട്ടീഷ് സൈന്യം അറിയിച്ചു. ഹോർമുസിൽ യുഎസ് നിർദേശിച്ച പാതയിലാണ് കപ്പലിനു നേർക്ക് ആക്രമണമുണ്ടായത്. ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. കപ്പൽ ആക്രമിച്ചതു തങ്ങളാണെന്ന് ഇറാനിലെ റവലൂഷണറി ഗാർഡ് അറിയിച്ചു.
ബഹ്റിൻ, കുവൈറ്റ് രാജ്യങ്ങളിലേക്ക് ഇന്നലെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി.
സിറിയയിലേക്കും ജോർദാനിലെ അഖാബ വിമാനത്താവളത്തിലേക്കും ആക്രമണം നടത്തിയെന്ന് ഇറാൻ സ്ഥിരീകരിച്ചു.
National
ന്യൂഡൽഹി: യുക്രെയ്നിൽ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. കാസർഗോഡ് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ (26) ആണ് മരിച്ചത്.
10 നാവികർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഗോൾഡൻ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യൻ, സിറിയൻ നാവികരാണ് കപ്പലിൽ ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഞായറാഴ്ചയാണ് റഷ്യൻ ക്രൂയിസ് മിസൈലുകൾ പതിച്ച് കപ്പലിന് തീപിടിച്ചത്. തുടർന്ന് രാത്രി മുഴുവൻ നീണ്ട രക്ഷപ്രവർത്തനത്തിനൊടുവിലാണ് എട്ടുപേരെ രക്ഷപ്പെടുത്തിയത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്ത്യൻ, യുക്രെയ്നിയൻ പൗരന്മാരാണ് കപ്പലിലുണ്ടായിരുന്ന നാവികരിൽ ഭൂരിഭാഗവും.
International
കുവൈറ്റ് സിറ്റി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കുവൈറ്റിൽ രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും ഇറാന്റെ ആക്രമണം. കുവൈറ്റിലെ പ്രധാന വൈദ്യുതി-കുടിവെള്ള ഉത്പാദന പ്ലാന്റിന് നേരെയാണ് ആക്രമണം.
ആക്രമണത്തെ തുടർന്ന് പ്ലാന്റിൽ വീണ്ടും വൻ തീപിടിത്തമുണ്ടായതായി കുവൈറ്റ് അധികൃതർ അറിയിച്ചു. ഇറാന്റെ തുടർച്ചയായ ആക്രമണം രാജ്യത്തെ നിരവധി വൈദ്യുതി ഉത്പാദന യൂണിറ്റുകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ എമർജൻസി ടീമുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനും നിയന്ത്രണവിധേയമാക്കാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാജ്യത്തെ വൈദ്യുതി വിതരണ സംവിധാനത്തിന്റെ സ്ഥിരത ഉറപ്പാക്കാനും തടസമില്ലാതെ സേവനം നൽകാനും സാങ്കേതിക വിദഗ്ധർ 24 മണിക്കൂറും സജീവമായി രംഗത്തുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തകരാറിലായ യൂണിറ്റുകൾ എത്രയും വേഗം പ്രവർത്തനസജ്ജമാക്കാനുമുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്.
International
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കടുത്ത നീക്കവുമായി ഇറാൻ. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിന് നിരോധനമേർപ്പെടുത്തിയതിന് പിന്നാലെ ചെങ്കടലിലേക്കുള്ള കവാടം അടയ്ക്കാനുള്ള നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ.
യെമനിലെ ഹൂതികളെ ഉപയോഗിച്ചാണ് ഇറാൻ പുതിയ നീക്കത്തിനൊരുങ്ങുന്നത്. ചെങ്കടലിലെ എണ്ണക്കടത്തിന്റെ പ്രധാന പാതയായ ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതം തടയാനാണ് ഹൂതികൾക്ക് നൽകിയിരിക്കുന്ന നിർദേശം.
ഇറാനിൽ അമേരിക്ക ആക്രമണം കടുപ്പിച്ചതോടെയാണ് പുതിയ തീരുമാനം. പെട്രോളിയം വിതരണത്തിൽ ഈ ജലപാതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ചെങ്കടലിനെയും ഏഥൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലപാതയാണ് ബാബ് അൽ-മന്ദബ്.
ഇറാൻ നൽകിയ നിർദേശത്തെ തുടർന്ന് ഹൂതികൾ ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപം ആയുധങ്ങൾ വിന്യസിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇതോടെ ഹൂതികളുടെ നീക്കം ആഗോള എണ്ണ വിതരണത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തലുകൾ.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ ഇറാനെതിരായ സൈനിക നടപടികൾ വിപുലീകരിക്കുന്ന കാര്യത്തിൽ വൻ നീക്കങ്ങളുമായി അമേരിക്ക. ഇറാന്റെ തന്ത്രപ്രധാനമായ മേഖലകൾ ലക്ഷ്യമിട്ടുള്ള കരയുദ്ധം ഉൾപ്പെടെയുള്ള വിവിധ സൈനിക നീക്കങ്ങളാണ് അമേരിക്കയുടെ പരിഗണനയിൽ.
സംഘർഷം കൂടുതൽ സങ്കീർണമാകുന്ന സാഹചര്യത്തിൽ സൈനിക നടപടികൾ സംബന്ധിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചർച്ച നടത്തി. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതും ആലോചനയിലുണ്ട്.
ഇതുകൂടാതെ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന 'പിക്കാക്സ് മൗണ്ടൻ' തുരങ്കത്തിന് നേരെ ആക്രമണം നടത്തുന്നതും ചർച്ചയായതായാണ് റിപ്പോർട്ടുകൾ. ഖാർഗ് ദ്വീപ് പിടിച്ചെടുത്താൽ ഇറാന്റെ എണ്ണ കയറ്റുമതിയുടെ നിയന്ത്രണം അമേരിക്കയുടെ കൈയിലെത്തും.
ഇതോടെ ഇറാനുമേൽ വലിയ സാമ്പത്തിക സമ്മർദം ചെലുത്താൻ അമേരിക്കയ്ക്ക് കഴിയും. അതേസമയം യുഎസ് സൈനികരുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയും അമേരിക്കയ്ക്കുണ്ട്.
International
ദുബായ്: ഇറാനിലേക്ക് രൂക്ഷ ആക്രമണം തുടർന്ന് അമേരിക്ക. ഇറേനിയൻ ആർമി ബാരക്കിനു നേർക്കുണ്ടായ യുഎസ് ആക്രമണത്തിൽ ഏഴു സൈനികർ കൊല്ലപ്പെട്ടു. ഈയിടെ നടന്ന ആക്രമണങ്ങളിൽ മാത്രം ഇറാനിൽ മരണം 35 ആയി. ചൊവ്വാഴ്ച രാത്രി മാത്രം മുന്നൂറിലേറെ പേർക്ക് പരിക്കേറ്റതായി ഇറേനിയൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ചൊവ്വാഴ്ച രാത്രി ഏഴു മണിക്കൂറാണ് ഇറാനിൽ യുഎസ് സേന ബോംബുവർഷം നടത്തിയത്. ഇന്നലെ പകലും ആക്രമണം തുടർന്നു. ഇറാന്റെ തീര പ്രതിരോധ സംവിധാനങ്ങൾ, ക്രൂസ് മിസൈൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരുന്നു ആക്രമണം. കുവൈറ്റിലും ബഹ്റിനിലും ജോർദാനിലും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി ഇറാൻ തിരിച്ചടിച്ചു.
മൂന്ന് ഇറേനിയൻ മിസൈലുകൾ വെടിവച്ചിട്ടെന്ന് ജോർദാൻ അറിയിച്ചു. ഇറാനുമേലുള്ള നാവിക ഉപരോധം ഇന്നലെ യുഎസ് പുനഃസ്ഥാപിച്ചു. ഇടക്കാല വെടിനിർത്തൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഏപ്രിലിലായിരുന്നു നാവിക ഉപരോധം പിൻവലിച്ചത്.
അടുത്തയാഴ്ച സമാധാനചർച്ച പുനരാരംഭിച്ചില്ലെങ്കിൽ രണ്ടു ദിവസത്തിനകം ഇറാനിലെ പാലങ്ങളും ഊർജകേന്ദ്രങ്ങളും ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി. ഫോക്സ് ന്യൂസ് ചാനലിനോടാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ഹോർമുസ് കടലിടുക്കിനു പുറമേ പശ്ചിമേഷ്യയിലെ മറ്റ് പ്രധാന എണ്ണക്കടത്തു പാതകളും പൂട്ടുമെന്ന് ഇറാന്റെ റവലൂഷണറി ഗാർഡ് ഭീഷണി മുഴക്കി. സംഘർഷം കനക്കുന്നതിനിടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 85 ഡോളറായി ഉയർന്നു.
ഇറാന്റെ 388-ാം മെക്കനൈസ്ഡ് ഇൻഫന്ററി ബ്രിഗേഡിനു നേർക്കാണ് ഇന്നലെ യുഎസ് ആക്രമണമുണ്ടായത്. 13 മിസൈലുകളാണ് യുഎസ് സേന തൊടുത്തത്. ഏഴു സൈനികർ കൊല്ലപ്പെട്ടു. ഒട്ടേറെ സൈനികർക്കു പരിക്കേറ്റു.
ഹോർമുസ് കടലിടുക്കിലെ ഗ്രേറ്റർ ടുൻബ് ദ്വീപിലേക്കും യുഎസ് സേന വ്യോമാക്രമണം നടത്തി. ദ്വീപിലെ ഇറേനിയൻ പ്രതിരോധ, മിസൈൽ കേന്ദ്രങ്ങളിലെയാണ് ലക്ഷ്യമിട്ടത്.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിനു പുറമേ പശ്ചിമേഷ്യയിലെ മറ്റ് പ്രധാന എണ്ണക്കടത്തു പാതകൾ പൂട്ടുമെന്ന് ഇറാനിലെ വിപ്ലവഗാർഡ്. ചെങ്കടലിലേക്കുള്ള പ്രവേശന കവാടമായ ബാബ് അൽ മണ്ഡെപ് കടലിടുക്ക് പൂട്ടുന്നതിനെക്കുറിച്ചാണ് വിപ്ലവഗാർഡിന്റെ ഭീഷണിയെന്നു സൂചനയുണ്ട്.
ബാബ് അൽ മണ്ഡെപിന്റെ ഒരുവശത്ത് യെമൻ ആണ്. ഇറാന്റെ പിന്തുണയുള്ള ഹൂതികളാണ് യെമനിലെ ഈ പ്രദേശം നിയന്ത്രിക്കുന്നത്. ഹൂതികളെ ഉൾപ്പെടുത്തി പുതിയ പോർമുഖം തുറക്കാനായിരിക്കാം വിപ്ലവഗാർഡിന്റെ പദ്ധതി.
ഇന്ത്യൻ മഹാസുദ്രത്തിൽനിന്ന് ഏദൻ ഉൾക്കടൽ വഴി ചെങ്കടലിലേക്കു പ്രവേശിക്കുന്നത് ബാബ് അൽ മണ്ഡെപ് വഴിയാണ്. സൂയസ് കനാലിലേക്കു പോകുന്നതും ഇതുവഴി തന്നെ. ഇറാനു മേൽക്കയുള്ള ഹോർമുസ് കടലിടുക്ക് പൂട്ടിയാലും സൗദി അറേബ്യക്ക് ചെങ്കടൽ വഴി എണ്ണക്കയറ്റുമതി സാധ്യമായിരുന്നു.
അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ഉപയോഗപ്രദമായ എല്ലാ കയറ്റുമതി പാതകളും പൂട്ടുമെന്നാണ് വിപ്ലവഗാർഡ് ഇന്നലെ പറഞ്ഞത്. അമേരിക്ക ആക്രമണം നിർത്തുന്നതുവരെ ഹോർമുസ് തുറക്കില്ലെന്നും പറഞ്ഞു.
ബഹ്റിൻ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ സൈനികതാവളങ്ങൾ ആക്രമിച്ചതായും വിപ്ലവഗാർഡ് കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയും ഇറാനിൽ ആക്രമണം നടത്തിയതായി അമേരിക്കൻ സേന അറിയിച്ചു. ഹോർമുസിൽ ചരക്കുകപ്പലുകൾ ആക്രമിക്കാൻ ഇറാനുള്ള ശേഷി ഇല്ലാതാക്കാൻ വേണ്ടിയായിരുന്നു ആക്രമണമെന്ന് യുഎസ് സേന കൂട്ടിച്ചേർത്തു.
Leader Page
നാലര മാസത്തെ പശ്ചിമേഷ്യൻ യുദ്ധം പുതിയ ഘട്ടത്തിലേക്കു കടന്നു. ഇറാനെതിരായ അമേരിക്കൻ യുദ്ധത്തിൽ ഒത്തുതീർപ്പിന്റെ വഴികളടയുന്നു. അണിയറ നീക്കങ്ങൾ ദിവസങ്ങൾക്കകം ഫലവത്തായില്ലെങ്കിൽ നീണ്ട യുദ്ധത്തിലേക്കു പശ്ചിമേഷ്യ എത്തും. ഹോർമുസിലെ യുഎസ് ഉപരോധം ഇന്നു പ്രാബല്യത്തിൽ വന്നതോടെ സംഘർഷം മൂർച്ഛിക്കും എന്നുറപ്പാണ്.
അതു വ്യാപകയുദ്ധമായി മാറിയെന്നുവരും. എങ്കിലും നയതന്ത്ര നീക്കങ്ങൾ അവസാനിച്ചിട്ടില്ല. ഇറാൻ പാർലമെന്റ് ഇന്നലെ തീവ്രവാദികളായ രണ്ടു പേരെ പദവികളിൽനിന്നു നീക്കിയതിൽ ശുഭസൂചന കാണുന്നവരുണ്ട്. ചർച്ചയ്ക്കുള്ള വാതിൽ അടച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞതും ഇതുമായി ചേർത്തു വായിക്കാവുന്നതാണ്.
യെമനിൽ നടക്കുന്നത്
യുദ്ധവ്യാപനത്തിന്റെ തുടക്കത്തിനുള്ള വഴി യെമനിൽ കാണാം. ഇറാൻ വളർത്തിയ ഹൂതി സേന തലസ്ഥാനവും പടിഞ്ഞാറൻ ചെങ്കടൽ തീരവും വരുതിയിലാക്കി. ഔദ്യോഗിക ഭരണകൂടം തെക്ക് ഏദനിൽനിന്ന് രാജ്യത്തിന്റെ മൂന്നിൽ രണ്ടു ഭാഗം ഭരിക്കുന്നു. സൗദി അറേബ്യ ഹൂതി വിമതസേനയെ ഒതുക്കാൻ ശ്രമിക്കുന്നു.
ഇറാനിൽ അലി ഖമനയ്യുടെ സംസ്കാരചടങ്ങിലേക്ക് ഇറാൻ വിമാനമയച്ചു കൊണ്ടുപോയ ഹൂതി നേതാക്കളെ തിരിച്ചു കൊണ്ടുവന്ന ഇറാന്റെ വിമാനത്തിന് തിങ്കളാഴ്ച സനായിൽ ഇറങ്ങാൻ പറ്റിയില്ല. സനാ വിമാനത്താവളത്തിൽ സൗദി വ്യോമസേന ബോംബിട്ട് നാശം വരുത്തി. കുറേ ദിവസങ്ങളായി തുടർന്നുപോന്ന സൗദി-ഹൂതി പോരാട്ടം ഇതോടെ പുതിയ തലത്തിലായി.
ഹൂതികളെ ഉപയോഗിച്ച് ചെങ്കടൽ-സൂയസ് വഴിയുള്ള കപ്പൽ ഗതാഗതം മുടക്കും എന്ന ഭീഷണി ഇറാൻ ആവർത്തിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒരു ചരക്കുകപ്പലിനെ ഹൂതികളുടെ കുറേ സ്പീഡ് ബോട്ടുകൾ വളയാൻ ശ്രമിച്ചു. കപ്പലിൽനിന്നു വെടിവച്ചതോടെ അവ മടങ്ങി.
ലബനനിൽ
ലബനനിൽ ഏതവസരത്തിലും യുദ്ധം പൊട്ടിപ്പുറപ്പെടാം. ഇസ്രയേൽ-ലബനൻ വെടിനിർത്തൽ ഇറാനോ, ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള സേനയോ അംഗീകരിച്ചിട്ടില്ല. അവരെ പങ്കെടുപ്പിക്കാതെയാണ് ഇസ്രയേലിനെയും ലബനനെയും അമേരിക്ക സന്ധിയിലാക്കിയത്. ഹിസ്ബുള്ള സേനയുടെ ഒളിത്താവളങ്ങളും തുരങ്കങ്ങളും തകർക്കാൻ ഇസ്രയേൽ നിരന്തരം ആക്രമണം നടത്തുന്നു. ഹിസ്ബുള്ള ഇടയ്ക്കിടെ ഇസ്രയേലിലേക്കു മിസൈലുകളും ഡ്രോണുകളും അയയ്ക്കുന്നു.
ഹോർമുസ് പിടിക്കാൻ അമേരിക്കയും ഹോർമുസിലെ പിടിവിടാതിരിക്കാൻ ഇറാനും ഇന്നു തുടങ്ങുന്ന പോരിന്റെ ഫലം എന്തായാലും യെമനിലും ലബനനിലും പോരു കടുക്കും. ഇറാനു ക്ഷീണം നേരിട്ടാൽ ചെങ്കടലിലെ ഗതാഗതം തടയാൻ ഹൂതികളെ നിയോഗിക്കും. ഇറാൻ നേടിയാൽ ഹൂതികൾ സൗദിയിലേക്ക് ആക്രമണം രൂക്ഷമാക്കും. ലബനനിലെ ഹിസ്ബുള്ളയും ഇതേപോലെ നീങ്ങും. ചിലപ്പോൾ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഹമാസും വീണ്ടും യുദ്ധത്തിനിറങ്ങാം.
തീവ്രവാദികളെ ഒതുക്കി
ഇതിനിടെ ഇറാനിൽ മറ്റു ചില കാര്യങ്ങൾ നടക്കുന്നുണ്ട്. നാലു മാസത്തിനു ശേഷം പാർലമെന്റ് സമ്മേളനം തുടങ്ങി. അമേരിക്കയുമായുള്ള ചർച്ചകളെ ആദ്യം മുതലേ വിമർശിച്ചുപോന്ന തീവ്രവാദികളായ രണ്ടു പേരെ ആദ്യദിനംതന്നെ നിർണായക ചുമതലകളിൽനിന്നു മാറ്റി. ദേശീയ സുരക്ഷ-വിദേശനയ കമ്മിറ്റിയുടെ ഉപാധ്യക്ഷൻ മഹമൂദ് നബാവിയെയും വക്താവ് ഇബ്രാഹിം റെസായിയെയും ആണു മാറ്റിയത്. പകരം ചർച്ചയെ അനുകൂലിക്കുന്നവർക്കു പദവി കിട്ടി. 290 അംഗ പാർലമെന്റിൽ തീവ്രവാദികൾ പത്തു ശതമാനമേ വരൂ. നബാവിയും റെസായിയും ഒഴിവാക്കപ്പെട്ടത് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫിന്റെയും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുടെയും നിലപാടുകൾക്കുള്ള അംഗീകാരമായി കണക്കാക്കപ്പെടുന്നു.
ഐആർജിസി
അലി ഖമനയ്യുടെ മൃതസംസ്കാര ചടങ്ങുകളെ അമേരിക്കാ വിരുദ്ധതയ്ക്കും പ്രതികാര മുറവിളിക്കും അവസരമാക്കി രാജ്യത്തെ ജനവികാരം അതാണെന്നു വരുത്താൻ തീവ്രവാദികളും മതനേതാക്കളും ശ്രമിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് തീവ്രവാദികളായ ഇസ്ലാമിക് റവലൂഷണറി ഗാർഡ് സേന (ഐആർജിസി) ഹോർമുസിൽ കപ്പലുകളെ ആക്രമിച്ചതും തുടർചർച്ചകൾ അട്ടിമറിച്ചതും. ഇപ്പോൾ പ്രസിഡന്റ് പെസെഷ്കിയാൻ നയിക്കുന്ന മിതവാദികൾക്ക് പാർലമെന്റിൽ ലഭിച്ച മേൽക്കൈ ചർച്ചയിലേക്കു കാര്യങ്ങൾ എത്തിക്കുമോ എന്നാണു നയതന്ത്രജ്ഞർ ഉറ്റുനോക്കുന്നത്.
ഐആർജിസിയുടെ തലവൻ ബ്രിഗേഡിയർ ജനറൽ അഹമ്മദ് വഹീദിയാണു പരമോന്നത നേതാവ് മുജ്താബ ഖമനയ്യും ഭരണകൂടവുമായുള്ള ആശയവിനിമയം നിയന്ത്രിക്കുന്നത്. ഖമനയ്യുടെ യഥാർഥ ആരോഗ്യനില പുറത്താർക്കും അറിയില്ല. അദ്ദേഹം എന്തു ചിന്തിക്കുന്നു എന്ന് വഹീദ് പറയുന്നതു മാത്രമേ അറിയാവൂ. ഖമനയ് മൃതസമാന അവസ്ഥയിലാണെന്ന് ട്രംപ് പറയുന്നുണ്ട്. വരും ദിവസങ്ങളിൽ ഐആർജിസിയിൽ നേതൃതല ചലനങ്ങൾ പ്രതീക്ഷിക്കുന്നവരുണ്ട്.
ഭയപ്പാട് കുറഞ്ഞു
എന്തായാലും ഹോർമുസിലെ പുതിയ സംഘർഷാന്തരീക്ഷം ലോകത്തെ മുന്പത്തേതുപോലെ ഭയപ്പെടുത്തുന്നില്ല. ക്രൂഡ് ഓയിൽ വിലയുടെ കയറ്റവും ഓഹരിവിപണികളുടെ ഇടിവും ഞെട്ടിക്കുന്ന തരത്തിലല്ല. ഇതിനു പല കാരണങ്ങളുണ്ട്.
ഒന്ന്: ഉപയോഗം കൂടുതലുള്ള രാജ്യങ്ങൾ വലിയ അളവിൽ ഇന്ധനം റിസർവ് ആയി സൂക്ഷിക്കുന്നു.
രണ്ട്: വ്യാവസായിക ഉത്പാദന പ്രക്രിയകളും വാഹനങ്ങളും കൂടുതൽ ഇന്ധനക്ഷമമായി. കുറച്ച് ഇന്ധനംകൊണ്ടു കൂടുതൽ ഉത്പാദനം നടക്കുന്നു. ഒരു ഡോളർ ഉത്പാദനത്തിന് 2000ൽ വേണ്ടതിന്റെ മൂന്നിലൊന്ന് ഇന്ധനം മതി ഇന്ന്.
മൂന്ന്: നിർമിതബുദ്ധി ഉപയോഗിച്ചുതുടങ്ങിയതോടെ ജോലിക്കാരുടെ കാര്യക്ഷമത കൂടി. കുറച്ചു ജോലിക്കാർ, കൂടുതൽ റിസൽട്ട്. വിഭവങ്ങളെപ്പറ്റി പണ്ടുണ്ടായിരുന്ന വേവലാതി വേണ്ടെന്നായി.
International
ദുബായ്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ രണ്ട് യുഎഇ ടാങ്കറുകളിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ.
യുഎഇയുടെ ടാങ്കറിന് നേരെയാണ് മിസൈലാക്രമണമുണ്ടായത്. ആറ് ഇന്ത്യക്കാരും രണ്ട് യുക്രെയ്ൻ സ്വദേശികളുമുൾപ്പെടെ എട്ടുപേർക്കാണ് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്.
ഇറാനിൽ യുഎസ് നടത്തിയ ആക്രമണങ്ങളെ തുടർന്ന് നടത്തിയ പ്രത്യാക്രമണമാണ് യുഎഇയുടെ ടാങ്കറിന് നേരെയുണ്ടായത്. അതേസമയം ഹോർമുസിൽ അമേരിക്ക വീണ്ടും നാവിക ഉപരോധം തുടങ്ങി. ഹോർമുസ് ഇനി അമേരിക്ക കൈകാര്യം ചെയ്യുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
ഇതിനുപിന്നാലെ മറുപടിയുമായി ഇറാനും രംഗത്തെത്തി. ഹോർമുസ്കൈകാര്യം ചെയ്യാൻ അമേരിക്കയെ അനുവദിക്കില്ലെന്നും ചെങ്കടലിൽ ബാബ് അൽ മന്ദബ് അടയ്ക്കുമെന്നും ഇറാൻ തിരിച്ചടിച്ചു. ഇന്ധന വിപണി തകരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
International
റിയാദ്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ മിസൈൽ ആക്രമണങ്ങളെ സൗദി വ്യോമപ്രതിരോധ സേന തടഞ്ഞു. സൗദിയുടെ തെക്കൻ അതിർത്തി മേഖലകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ദക്ഷിണ മേഖലയിലെ ജനങ്ങളുടെ സുരക്ഷ പൂർണമായും ഉറപ്പാക്കിക്കൊണ്ട് മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ വ്യോമപ്രതിരോധ സംവിധാനം ഇവയെ ആകാശത്തുവെച്ച് തകർത്തതായി സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
രാജ്യത്തിന്റെ അതിർത്തി സുരക്ഷയും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കാൻ സൗദി അറേബ്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സദാ സജ്ജമാണെന്നും മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം ഹൂതികളുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി അബഹ, നജ്റാൻ, ജീസാൻ എന്നീ വിമാനത്താവളങ്ങളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
International
ദുബായ്: പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി. ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിനു നേർക്കുണ്ടായ ആക്രമണത്തെത്തുടർന്ന് അമേരിക്ക ഇറാനിൽ ഉടനീളം ബോംബാക്രണം നടത്തി.
ബഹറിൽ, യുഎഇ, കുവൈറ്റ്, ഖത്തർ, ഒമാൻ, ജോർദാൻ എന്നീ രാജ്യങ്ങളിലേക്ക് ആക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് യുഎസ്-ഇറാൻ സംഘർഷമുണ്ടാകുന്നത്. ഇന്നലെ രാവിലെയായിരുന്നു യുഎസ് ആക്രമണം. ഇറാനിൽ 140 കേന്ദ്രങ്ങളിലായിരുന്നു ബോംബാക്രമണം.
കഴിഞ്ഞ രണ്ടു തവണത്തെ അപേക്ഷിച്ച് ഇത്തവണ യുഎസ് ആക്രമണം രൂക്ഷമായിരുന്നു. മിസൈൽ, ഡ്രോൺ ലോഞ്ച് കേന്ദ്രങ്ങൾ, ആയുധ ഡിപ്പോകൾ, കമ്യൂണിക്കേഷൻ ശൃംഖല തുടങ്ങിയ കേന്ദ്രങ്ങളായിരുന്നു പ്രധാനമായും യുഎസ് ലക്ഷ്യമിട്ടത്. ഇറാന്റെ ഒരു നാവിക ഓഫീസർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇന്നലെ വൈകുന്നേരം ഇറാനിലെ ഖെഷം ദ്വീപിലെ സൈനികകേന്ദ്രങ്ങളും അമേരിക്ക ആക്രമിച്ചു.
ഹോർമുസ് അടച്ചെന്ന് ഇറാൻ ഇന്നലെ രാവിലെ പ്രഖ്യാപിച്ചു. ഹോർമുസിന്റെ നിയന്ത്രണം തങ്ങൾക്കായിരിക്കുമെന്നും ഇതിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ചാർജ് ഈടാക്കുമെന്നും ഇറാൻ അറിയിച്ചു. ഏകപക്ഷീയ കരാറുകളുടെ യുഗം അവസാനിച്ചെന്ന് ഇറേനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് അറിയിച്ചു. അതേസമയം, ഹോർമുസ് തുറന്നുതന്നെ കിടക്കുകയാണെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഹോർമുസ് നിയന്ത്രിക്കുന്നത് ഇറാനല്ലെന്നും ഗതാഗതം സുഗമമാണെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ-ഒമാൻ വിദേശകാര്യ മന്ത്രിമാർ ഹോർമുസ് സംബന്ധിച്ച് ശനിയാഴ്ച ചർച്ച നടത്തിയിരുന്നു.
സൈപ്രസ് പതാകയേന്തിയ ജിഎഫ്എക്സ് ഗാലക്സി എന്ന കപ്പലിനു നേർക്കായിരുന്നു ഇന്നലെ ഇറാൻ ആക്രമണം നടത്തിയത്. കപ്പലിലെ ഇന്ത്യക്കാരനായ ജീവനക്കാരനെ കാണാതായി. 10 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. കപ്പലിലെ മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരായിരുന്നു.
തീപിടിച്ച കപ്പലിന്റെ എൻജിൻ റൂമിനു കാര്യമായ കേടുപാടുണ്ടായി. ഒമാൻ തീരത്തിനു സമീപത്തുകൂടിയായിരുന്നു കപ്പൽ സഞ്ചരിച്ചിരുന്നത്. അംഗീകാരമില്ലാത്തെ പാതയിലൂടെ സഞ്ചരിച്ച കപ്പലിനു മുന്നറിയിപ്പ് നല്കിയിട്ടും അവഗണിച്ചുവെന്നും തുടർന്നാണ് ആക്രമണം നടത്തിയതെന്നും ഇറാന്റെ റവലൂഷണറി ഗാർഡ് വ്യക്തമാക്കി.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചെന്ന ഇറാൻ പ്രഖ്യാപനത്തെ തള്ളി അമേരിക്ക രംഗത്ത്. ഹോർമുസ് തുറന്നു തന്നെ കിടക്കുമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു.
അന്താരാഷ്ട്ര ജലപാതയിൽ തടസങ്ങൾ ഇല്ലെന്നും സുരക്ഷ ഉറപ്പാക്കാൻ എല്ലായിപ്പോഴും തയാറാണെന്നും അമേരിക്കൻ നാവികസേന വ്യക്തമാക്കി. എന്നാൽ ഹോർമുസ് വഴി ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ഇറാനിൽ 140 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ അമേരിക്കയ്ക്കെതിരെ ഗൾഫ് മേഖല ലക്ഷ്യമിട്ടാണ് ഇറാൻ പ്രത്യാക്രമണം നടത്തുന്നത്. സൗദിയൊഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും ജോർദാനിലേക്കും ഇറാൻ ആക്രമണം നടത്തി.
International
മസ്കറ്റ്: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിനു തടസം നിൽക്കില്ലെന്ന് പരസ്യമായി സമ്മതിക്കണമെന്ന് അമേരിക്ക ഇറാനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്.
അടുത്തിടെ ഹോർമുസിൽ കപ്പൽ ആക്രമിച്ചത് അബദ്ധത്തിലായിരുന്നുവെന്നും തീവ്ര നിലപാടുകൾ പുലർത്തുന്ന വിമത വിഭാഗമാണ് ആക്രമണത്തിനു പിന്നിലെന്നും അമേരിക്കൻ പ്രസിഡന്റ് ട്രംപിനോട് ഇറാൻ സമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഒമാനിൽ നടക്കുന്ന ചർച്ചയിൽ ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ എന്നിവരാണ് അമേരിക്കയെ പ്രതിനിധീകരിക്കുന്നത്.
ഇറാനിൽനിന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ചർച്ചയിൽ സജീവമായി ഇടപെടുന്നുണ്ട്.
“ഞങ്ങൾക്കു തെറ്റു പറ്റി, നമുക്ക് ചർച്ച തുടരാം” എന്നാവശ്യപ്പെട്ട് ഇറേനിയൻ സംഘം സമീപിച്ചുവെന്നാണ് അമേരിക്കൻ വൃത്തങ്ങൾ വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടലിനു വഴിതെളിച്ച ഹോർമുസിലെ കപ്പൽ ആക്രമണത്തിനു പിന്നിൽ തീവ്രനിലപാടുകൾ പുലർത്തുന്ന വിമതരാണെന്നും അമേരിക്കയുമായുള്ള ചർച്ചകൾ അട്ടിമറിക്കാൻവേണ്ടിയായിരുന്നു കപ്പലാക്രമണമെന്നും ഇറേനിയൻ സംഘം പറഞ്ഞതായി റിപ്പോർട്ടുണ്ട്.
ഹോർമുസിൽ ഇനി കപ്പലുകൾ ആക്രമിക്കില്ലെന്ന പരസ്യ ഉറപ്പ് നല്കണമെന്നും നേരത്തേയുണ്ടായ ആക്രമണം തെറ്റായിപ്പോയെന്നു സമ്മതിക്കണമെന്നും അമേരിക്ക ഇറാനോട് മധ്യസ്ഥർ വഴി ആവശ്യപ്പെട്ടു.
International
ടെഹ്റാൻ: യുഎസ്-ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിലെ മുൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ രക്തത്തിനു പകരം ചോദിക്കുമെന്ന് മകനും ഇപ്പോഴത്തെ പരമോന്നത നേതാവുമായ മുജ്തബ ഖമനയ്.
അലി ഖമനയ്യുടെ സംസ്കാരത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് മുജ്തബ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികാരം അനിവാര്യമാണ്. തങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും നടന്നിരിക്കും. ഖമനയ്യുടെ സംസ്കാരത്തിന് ലക്ഷങ്ങൾ സംബന്ധിച്ചത് ശത്രുവിനെ തകർക്കുന്നതിനു തുല്യമാണെന്നും അതിനു നന്ദി പറയുന്നുവെന്നും മുജ്തബ കൂട്ടിച്ചേർത്തു.
International
ദുബായ്: അമേരിക്ക തങ്ങളുടെ ആക്രമണങ്ങൾ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഇറാനിലെ വിവിധകേന്ദ്രങ്ങളിൽ വീണ്ടും അജ്ഞാത വ്യോമാക്രമണം.
തെക്കൻ ഇറാനിലെ വിവിധ മേഖലകളിലാണ് ആക്രമണമുണ്ടായത്. ആക്രമണങ്ങൾക്കു പിന്നിൽ ആരാണെന്നതിനെക്കുറിച്ച് ഇറാൻ ഭരണകൂടം ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
എന്നാൽ, അമേരിക്കൻ സൈനികനീക്കങ്ങൾക്കു സഹായം നൽകുന്നുവെന്നാരോപിച്ച് ഒരു ഇറാനിയേൻ പാർലമെന്റ് അംഗം യുഎഇയ്ക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് വ്യോമാതിർത്തിയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും 10 ഡ്രോണുകളും പ്രവേശിച്ചതായും കുവൈറ്റ് സായുധസേന അവയെ വിജയകരമായി നിർവീര്യമാക്കിയതായും പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ-ഒതൈബി അറിയിച്ചു.
പ്രതിരോധത്തിൽ തകർന്ന മിസൈൽ അവശിഷ്ടങ്ങൾ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വസ്തുനാശങ്ങൾക്ക് കാരണമായതായും ഒരാൾക്ക് പരിക്കേറ്റതായും മന്ത്രാലയം വക്താവ് പറഞ്ഞു. പരിക്കേറ്റയാൾ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം അറിയിച്ചു.
വ്യോമപ്രതിരോധ നടപടികൾക്കുശേഷം വിവിധ സ്ഥലങ്ങളിൽ വീണ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും സുരക്ഷിതമാക്കുന്നതിനുമായി ലാൻഡ് ഫോഴ്സ് എൻജിനീയറിംഗ് വിഭാഗത്തിലെ ഇൻസ്പെക്ഷൻ ആൻഡ് ഡിസ്പോസൽ സംഘം നിരവധി സ്ഥലങ്ങളിൽ ഇടപെട്ടതായും മന്ത്രാലയം അറിയിച്ചു.
സായുധസേന ഉയർന്ന ജാഗ്രതയോടെ ചുമതലകൾ നിർവഹിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു.
International
ദുബായ്: തുടർച്ചയായ രണ്ടാം ദിവസവും പരസ്പരം ആക്രമണം തുടർന്ന് അമേരിക്കയും ഇറാനും. ഇറാനിലെ 90 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അമേരിക്ക അറിയിച്ചു. തങ്ങളുടെ ഏക ആണവോർജ പ്ലാന്റ് ആക്രമിക്കപ്പെട്ടതായി ഇറാൻ അറിയിച്ചു. ബഹ്റിൻ, കുവൈറ്റ്, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സേനാ താവളങ്ങളിലേക്ക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി ഇറാൻ തിരിച്ചടിച്ചു. കുവൈറ്റിൽ ഒരാൾക്കു പരിക്കേറ്റു.
ജോർദാനിലേക്കു തൊടുത്തത് 10 മിസൈലുകൾ
ജോർദാനിലെ യുഎസ് സേനാ താവളത്തിലേക്ക് ഇന്നലെ ഉച്ചകഴിഞ്ഞ് ഇറാന്റെ ആക്രമണമുണ്ടായി. പത്തു മിസൈലുകളാണു ജോർദാൻ ലക്ഷ്യമാക്കി തൊടുത്തത്. രണ്ടു ദിവസത്തെ യുഎസ് ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടെന്നും 78 പേർക്കു പരിക്കേറ്റെന്നും ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിലേറെയും സൈനികരാണ്.
ചൊവ്വാഴ്ച ഹോർമുസിൽ മൂന്നു കപ്പലുകൾക്കു നേർക്ക് ഇറാൻ ആക്രമണം നടത്തിയതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. തുടർന്ന് വെടിനിർത്തൽ അവസാനിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. കപ്പലുകൾക്ക് നേർക്ക് ആക്രമണം തുടർന്നാൽ ഇറാന് വൻ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ട്രംപ് ഇന്നലെ മുന്നറിയിപ്പു നൽകി. ഇറാനിലെ വൈദ്യുതി, ജലശുദ്ധീകരണ പ്ലാന്റുകൾ എന്നിവ തകർക്കുമെന്നും ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇതിനിടെ, സമവായത്തിനായി ഖത്തർ ശ്രമമാരംഭിച്ചു. സമാധാനശ്രമങ്ങൾ തുടരുമെന്ന് ഖത്തർ അധികൃതർ അറിയിച്ചു.
വിമർശനവുമായി ഖത്തർ
അതേസമയം, ഹോർമുസിൽ കപ്പലുകൾ ആക്രമിച്ച ഇറാനെതിരേ ഖത്തർ വിമർശനമുയർത്തി. ഖത്തർ പ്രധാനമന്ത്രി, ഒമാൻ, തുർക്കി വിദേശകാര്യ മന്ത്രിമാർ, പാക് സേനാ മേധാവി എന്നിവരുമായി ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സംസാരിച്ചു.
80 കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം
ബുധനാഴ്ച ഇറാനിലെ 80 കേന്ദ്രങ്ങളിലാണ് യുഎസ് സേന ആക്രമണം നടത്തിയത്. ഇന്നലെ ബുഷേറിലെ ഇറാന്റെ ആണവോർജ പ്ലാന്റിനു നേർക്കും തെക്കൻ തുറമുഖ നഗരങ്ങളിലും ആക്രമണമുണ്ടായി. വ്യോമപ്രതിരോധ സംവിധാനങ്ങൾ, തീരനിരീക്ഷണ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണകേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയായിരുന്നു ഇന്നലെ പുലർച്ചെ യുഎസ് സേന ലക്ഷ്യമിട്ടത്. അതേസമയം, ഇറാനിലെ ആക്രമണം അവസാനിപ്പിച്ചെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഏപ്രിൽ എട്ടിലെ വെടിനിർത്തലിനു ശേഷം ആദ്യമായി ഇറാനിലെ പാലങ്ങൾ യുഎസ് ആക്രമിച്ചു. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ സംസ്കാരം നടന്ന മഷാദിലേക്കുള്ള രണ്ടു പാലങ്ങൾ ആക്രമിക്കപ്പെട്ടതായി ഇറാനിലെ റവലൂഷണറി ഗാർഡ് അറിയിച്ചു.
ആണവായുധമുണ്ടാക്കില്ലെന്ന നിലപാടിൽ ആവശ്യമെങ്കിൽ മാറ്റങ്ങൾ ആലോചിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ബുധനാഴ്ച ഹോർമുസിലൂടെ വെറു എട്ടു കപ്പലുകൾ മാത്രമാണ് കടന്നുപോയത്. ചൊവ്വാഴ്ച 36 കപ്പലുകൾ സഞ്ചരിച്ചിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാലു ദിവസത്തെ യുദ്ധത്തിൽ 11 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-പാക് സംഘർഷമുൾപ്പെടെ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് നൊബേൽ പുരസ്കാരം ലഭിക്കേണ്ടതായിരുന്നു. മറ്റാരേക്കാളും നൊബേൽ തനിക്ക് അവകാശപ്പെട്ടതായിരുന്നെന്നും ട്രംപ് പറഞ്ഞു. എയർഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപിന്റെ പരാമർശം.
ഇന്ത്യ-പാക് സംഘർഷം ആണവ യുദ്ധമാകാൻ പോകുകയായിരുന്നു. യുദ്ധത്തിൽ 11 വിമാനങ്ങൾ വെടിവച്ചിട്ടതായും ട്രംപ് പറഞ്ഞു. എന്നാൽ ഇരുരാജ്യങ്ങൾക്കും എത്ര വീതം വിമാനങ്ങൾ നഷ്ടമായെന്നോ, ആകെ തകർന്ന വിമാനങ്ങളുടെ എണ്ണമാണോ ഇതെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല.
സംഘർഷം അവസാനിപ്പിച്ചതിലൂടെ 30 മുതൽ 50 ദശലക്ഷം വരെ ജീവൻ രക്ഷിച്ചതിനു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് തനിക്ക് നന്ദി പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു.
യുദ്ധം തുടർന്നിരുന്നെങ്കിൽ മരണം അതിലും വളരെ കൂടുതലാകുമായിരുന്നു ട്രംപ് പറഞ്ഞു.
International
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെ ഇന്ന് രാത്രി കനത്ത ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
നാറ്റോ ഉച്ചകോടിക്കായി തുർക്കിയിലെ അങ്കാറയിൽ എത്തിയപ്പോഴായിരുന്നു വീണ്ടും ആക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത്. കഴിഞ്ഞദിവസം രാത്രി തങ്ങൾ അവരെ ആക്രമിച്ചു. വളരെ ശക്തമായ ആക്രമണമായിരുന്നു അതെന്നും ട്രംപ് വ്യക്തമാക്കി.
ഇന്ന് രാത്രി വീണ്ടും അവരെ അതിശക്തമായി ആക്രമിക്കും. അവർക്ക് താൻ ചെറിയ മുന്നറിയിപ്പ് നൽകുകയാണ്. തങ്ങൾ അവരെ അതിശക്തമായി ആക്രമിക്കും. അവർ വളരെ മോശമായാണ് പെരുമാറുന്നതെന്നും ട്രംപ് ആരോപിച്ചു.
ഇറാനെ അണുവായുധമുക്തമാക്കാനാണ് യുദ്ധമുണ്ടായത്. ഇതിനിടെ പലവട്ടം ചർച്ചകൾ നടത്തിയിരുന്നു. അതിൽ പുരോഗതിയുണ്ടെന്ന് താൻ കരുതി. എന്നാൽ ചർച്ച കഴിഞ്ഞ് ഒന്നും സംസാരിച്ചിട്ടില്ലെന്ന് അവർ വാർത്താസമ്മേളനത്തിൽ പറയുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
ജക്കാർത്ത: ബ്രഹ്മോസ്, അസ്ത്ര മിസൈലുകൾ ഉൾപ്പെടെ കൈമാറി പ്രതിരോധമേഖലയിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ ധാരണ.
ഇന്ത്യയുടെ ഐഐഎം, ഐഐടി കാന്പസുകള് ഇന്തോനേഷ്യയില് തുറക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്തോനേഷ്യന് പ്രസിഡന്റ് പ്രബോവോ സുബിയാന്തോയും തമ്മിൽ നടന്ന ഉഭയകക്ഷിചർച്ചയിൽ ധാരണയായി.
ഇന്തോ-പസഫിക് മേഖലയുടെ സമാധാനത്തിന് സഹകരണം ശക്തമാക്കുന്നുതൾപ്പെടെ 14 ധാരണകളിലാണ് ഇരുരാജ്യങ്ങളും എത്തിയത്.
അപൂർവധാതുക്കൾ, സമുദ്രസുരക്ഷ, മരുന്നുകൾ, വിദ്യാഭ്യാസം, ഗവേഷണം, വാർത്താവിനിമയം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിലാണ് ഇതോടെ ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കുക.
Business
ന്യുഡൽഹി: രാജ്യം പ്രതിരോധ ഉത്പാദനരംഗത്തു ചരിത്രപരമായ നേട്ടം കൈവരിച്ചതായി പ്രതിരോധ മന്ത്രാലയം. 2025-26 സാന്പത്തിക വർഷത്തിൽ ഇന്ത്യയുടെ വാർഷിക പ്രതിരോധ ഉത്പാദനം സർവകാല റിക്കാർഡായ 1.78 ലക്ഷം കോടി രൂപയിൽ എത്തിനിൽക്കുകയാണ്. മുൻ സാന്പത്തിക വർഷത്തെ 1.54 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുന്പോൾ 15.6 ശതമാനത്തിന്റെ മികച്ച വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്.
കഴിഞ്ഞ കുറച്ചു കാലങ്ങളായി രാജ്യം ഈ രംഗത്ത് കൈവരിച്ച അതിവേഗ മുന്നേറ്റത്തിന്റെ തെളിവാണ് ഈ നേട്ടമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രസ്താവിച്ചു. പ്രതിരോധ ഉത്പാദന വകുപ്പിന്റെയും മറ്റ് അനുബന്ധ പങ്കാളികളുടെയും കൂട്ടായ ശ്രമത്തിന്റെ ഫലമാണിതെന്നും രാജ്യത്തിന്റെ പ്രതിരോധ വ്യവസായ അടിത്തറ ശക്തമാകുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നയപരമായ പിന്തുണ, പുതിയ സംരംഭങ്ങൾ, സ്വകാര്യമേഖലയുടെ വർധിച്ച പങ്കാളിത്തം, വളർന്നുവരുന്ന കയറ്റുമതിശേഷി എന്നിവയുടെ ഫലമായി പ്രതിരോധ ഉത്പാദന മേഖല വരുംവർഷങ്ങളിൽ കൂടുതൽ വേഗം കൈവരിക്കുമെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
2020-21 സാന്പത്തിക വർഷത്തിൽ 84,643 കോടി രൂപയായിരുന്ന പ്രതിരോധ ഉത്പാദനം ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ 110 ശതമാനത്തിന്റെ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2013-14 കാലഘട്ടത്തിലെ 43,746 കോടി രൂപയുമായി താരതമ്യം ചെയ്യുന്പോൾ ആഭ്യന്തര പ്രതിരോധ ഉത്പാദനം ഏകദേശം നാലിരട്ടിയോളം വർധിച്ചതായും മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ആകെ ഉത്പാദനത്തിന്റെ 76 ശതമാനവും പൊതുമേഖലാ സ്ഥാപനങ്ങളുടെ സംഭാവനയാണ്. അതേസമയം, സ്വകാര്യ മേഖലയുടെ പങ്കാളിത്തം മുൻവർഷത്തെ 22 ശതമാനത്തിൽനിന്നു 24 ശതമാനമായി ഉയർന്നു. സ്വകാര്യ മേഖലയിൽനിന്നുള്ള ഉത്പാദനം ചരിത്രത്തിലാദ്യമായി 42,000 കോടി രൂപ പിന്നിട്ടത് ഈ രംഗത്തെ സ്വകാര്യ പങ്കാളിത്തത്തിന്റെ വളർച്ച അടിവരയിടുന്നു.
പ്രതിരോധ ഉത്പാദനരംഗത്തുണ്ടായ ഈ വൻ മുന്നേറ്റം രാജ്യത്തിന്റെ കയറ്റുമതി മേഖലയ്ക്കു വൻ ഉത്തേജനമാണ് നൽകിയത്. 2025-26 സാന്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 38,424 കോടി രൂപ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ്.
National
ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക ബാലിസ്റ്റിക് മിസൈൽ പ്രതിരോധ കവചത്തിന്റെ രണ്ടാം ഘട്ട പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി ഇന്ത്യ. ഇതോടെ ഇത്തരം അത്യാധുനിക പ്രതിരോധ സംവിധാനമുള്ള ലോകത്തെ ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിച്ചു.
ജൂൺ 10, 11 തീയതികളിൽ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ അവസാനഘട്ട പരീക്ഷണങ്ങൾ നടത്തിയത്. അന്തരീക്ഷത്തിന് ഉള്ളിലും പുറത്തും വച്ച് ശത്രു മിസൈലുകളെ തടയാൻ ശേഷിയുള്ള ഇന്റർസെപ്റ്റർ മിസൈലുകളാണ് ഈ പരീക്ഷണത്തിൽ പ്രയോഗിച്ചത്.
പരീക്ഷണത്തിൽ ഇന്റർസെപ്റ്റർ മിസൈലുകൾ അവയുടെ ലക്ഷ്യങ്ങൾ വിജയകരമായി തകർത്തു.
മിസൈൽ പ്രതിരോധ പദ്ധതി പ്രധാനമായും രണ്ട് ഘട്ടങ്ങളിലായാണ് വികസിപ്പിച്ചിരിക്കുന്നത്. ഒന്നാം ഘട്ടം: അന്തരീക്ഷത്തിനുള്ളിൽ വച്ച് മിസൈലുകളെ തകർക്കുന്ന പൃഥ്വി ഡിഫൻസ് വെഹിക്കിൾ, അഡ്വാൻസ്ഡ് എയർ ഡിഫൻസ് എന്നിവ ഉൾപ്പെടുന്ന ഈ ഘട്ടം മുമ്പ് പൂർത്തിയായിരുന്നു.
രണ്ടാം ഘട്ടം: എഡി-1, എഡി-2 എന്നീ ഇന്റർസെപ്റ്റർ മിസൈലുകൾ ഉപയോഗിച്ച് അന്തരീക്ഷത്തിന് പുറത്തുവച്ച് മിസൈലുകളെ തകർക്കുന്നതാണ് ഈ ഘട്ടം. പരീക്ഷണ വിജയത്തോടെ ഈ സാങ്കേതികവിദ്യ സ്വന്തമായുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും എത്തി.
International
സിയൂൾ: ദക്ഷിണ കൊറിയയിലെ പ്രമുഖ പ്രതിരോധ-വ്യോമയാന കമ്പനിയായ ഹൻവ എയറോസ്പേസിന്റെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ അഞ്ചു പേർക്ക് ദാരുണാന്ത്യം.
അപകടത്തിൽ രണ്ടു പേർക്കു പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 10.59ഓടെ തലസ്ഥാനമായ സോളിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള ഡേജിയോൺ നഗരത്തിലെ പ്ലാന്റിലാണ് അപകടം.
ഫാക്ടറിയിലെ റോക്കറ്റ് ഇന്ധനം ഉത്പാദിപ്പിക്കുന്ന വിഭാഗത്തിലാണു പൊട്ടിത്തെറിയുണ്ടായത്. റോക്കറ്റ് ഇന്ധനം നിർമിക്കാനുപയോഗിക്കുന്ന ഉപകരണങ്ങൾ വെള്ളമുപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ, അതിൽ അവശേഷിക്കുന്ന സ്ഫോടകവസ്തുക്കൾക്കു തീപിടിച്ചതാകാം അപകടകാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ.
International
അമ്മാന്: പശ്ചിമേഷ്യയിലെ മിസൈല് പ്രതിരോധ സംവിധാനങ്ങളെയാകെ ഏകോപിപ്പിക്കുന്ന അമേരിക്കയുടെ നിര്ണായകമായ താഡ് റഡാര് സംവിധാനം ഇറാന്റെ മിസൈല് ആക്രമണത്തില് തകര്ന്നതായി റിപ്പോർട്ട്.
ജോര്ദാനിലെ മുവാഫാഖ് സാള്ട്ടി വ്യോമതാവളത്തിൽ ഏകദേശം 30 കോടി ഡോളര് ചെലവിട്ടു സ്ഥാപിച്ച റഡാര് സംവിധാനമാണു തകര്ത്തത്. റഡാര് സംവിധാനത്തിന്റെ തകര്ച്ച ഗള്ഫ് മേഖലയെ ലക്ഷ്യമിട്ടുള്ള ഇറാന്റെ മിസൈലുകളെ നേരിടുന്നതില് വെല്ലുവിളി സൃഷ്ടിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥര് പറയുന്നു.
ഫെബ്രുവരി 28നും മാര്ച്ച് മൂന്നിനും ജോര്ദാനിലെ യുഎസ് സൈനിക താവളത്തിനു നേരേ ഇറാന്റെ ആക്രമണമുണ്ടായതായാണ് പറയപ്പെടുന്നത്.
ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള യുഎസിന്റെ പ്രധാന ആയുധങ്ങളിലൊന്നാണ് താഡ് മിസൈല് സംവിധാനം. അമേരിക്കയ്ക്ക് ലോകത്താകെ എട്ട് താഡ് മിസൈല് പ്രതിരോധ സംവിധാനമാണുള്ളത്.
International
ടിബിലിസി: തുർക്കിയുടെ സൈനിക വിമാനം തകർന്ന് 20 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. അസര്ബൈജാനിൽനിന്ന് തുർക്കിയിലേയ്ക്ക് തിരിച്ചുവരുന്നതിനിടെയാണ് വിമാനം തകർന്നുവീണത്.
ജോര്ജിയ-അസര്ബൈജാന് അതിര്ത്തിയിലാണ് തുര്ക്കി സൈനിക വിമാനം തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന 20 പേരും സൈനികരായിരുന്നു.
സി 130 ഹെര്കുലിസ് വിഭാഗത്തില്പെട്ട വിമാനമാണ് തകര്ന്നുവീണത്. വിമാനം പല കഷ്ണങ്ങളായി താഴേക്ക് പതിക്കുകയായിരുന്നു. വിമാനത്തിനകത്തുണ്ടായ സ്ഫോടനമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
National
ന്യൂഡൽഹി: ആയുധങ്ങളും സൈനിക ഉപകരണങ്ങളും വാങ്ങി രാജ്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. ടാങ്ക് വേധ നാഗ് മിസൈലുകൾ ഉൾപ്പെടെ 79,000 കോടി രൂപയുടെ ആയുധങ്ങളും മറ്റു സംവിധാനങ്ങളും വാങ്ങുന്നതിനാണ് പ്രതിരോധ മന്ത്രാലയയത്തിന്റെ അനുമതി.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് (ഡിഎസി) വിവിധ ശിപാർശകൾക്ക് അനുമതി നൽകിയത്.
നാഗ് മിസൈൽ സംവിധാനം, ഗ്രൗണ്ട് - ബേസ്ഡ് മൊബൈൽ ഇലിന്റ് സിസ്റ്റങ്ങള്, ഹൈ മൊബിലിറ്റി വാഹനങ്ങൾ എന്നിവ വാങ്ങുന്നതിനുള്ള ഡിഎസി അംഗീകാരം നൽകി. യുദ്ധക്കപ്പലുകൾ, ഇലക്ട്രോണിക് ഇന്റലിജൻസ്, നിരീക്ഷണ സംവിധാനങ്ങൾ തുടങ്ങിയവ പ്രതിരോധ സംവിധാന പട്ടികയിൽ ഉൾപ്പെടുന്നു.
ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഡിഎസി അനുമതി നൽകുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. ഓഗസ്റ്റ് അഞ്ചിനു 67,000 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയിരുന്നു.
NRI
മനില: ആഗോള സുരക്ഷാ ആശങ്കകൾക്കിടയിൽ ലിത്വാനിയയും ഫിലിപ്പീൻസും പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ പങ്കാളിത്തം വർധിപ്പിക്കുക എന്നതാണ് കരാറിന്റെ പ്രധാന ലക്ഷ്യം.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശവും ചൈനയുടെ ദക്ഷിണ ചൈനാ കടലിലെ നിലപാടുകളും പോലുള്ള സംഭവവികാസങ്ങൾ ആഗോള തലത്തിൽ പ്രതിരോധ സഹകരണങ്ങളുടെ ആവശ്യകത വർധിപ്പിച്ചിട്ടുണ്ട്.
കരാർ പ്രകാരം, സൈനിക പരിശീലനം, സാങ്കേതിക വിദ്യ കൈമാറ്റം, പ്രതിരോധ ശേഷി വർധിപ്പിക്കൽ തുടങ്ങിയ മേഖലകളിൽ സഹകരണം ഉണ്ടാകും. ഇത് ഇരു രാജ്യങ്ങൾക്കും അവരുടെ സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിന് സഹായകമാകും.