x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജ്യം നക്സൽ മുക്തമായി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വെബ് ഡെസ്ക്
Published: November 8, 2026 01:44 PM IST | Updated: November 8, 2026 01:44 PM IST

നരേന്ദ്ര മോദി

ന്യൂഡൽഹി: രാജ്യം നക്സൽ ബാധയിൽ നിന്നും പൂർണമായും മോചിതമായി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നക്സൽ ഭീതി ഒഴിഞ്ഞതിനുശേഷമുള്ള ആദ്യ ദീപാവലിയാണിതെന്നും ചരിത്രപ്രധാനമായ ഈ നേട്ടം രാജ്യത്തിന് സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബസ്തർ മേഖലയിലെ മുഴുവൻ ജില്ലകളും ഇന്ന് നക്സൽ വിമുക്തമാണ്. ഇതിന്‍റെ മുഴുവൻ ക്രെഡിറ്റും നമ്മുടെ ധീരരായ സുരക്ഷാ ഉദ്യോഗസ്ഥർക്കാണെന്നും 140 കോടി ജനങ്ങളുടെ പേരിൽ അവരുടെ സമർപ്പണത്തെ വണങ്ങുന്നതായും മോദി വ്യക്തമാക്കി.

രാജ്യത്തിന്‍റെ ആഭ്യന്തര സുരക്ഷ ശക്തമാണെങ്കിൽ പുറത്തുള്ള ശത്രുക്കൾക്ക് ഒന്നും ചെയ്യാനാകില്ലെന്നും മറിച്ചാണെങ്കിൽ അത് അവർക്ക് അവസരമായി മാറുമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. രാജ്യത്തിന്‍റെ ഐക്യവും സുരക്ഷയും ഉറപ്പാക്കുന്നതിൽ സിആർപിഎഫ്, കോബ്ര, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, ഐആർബി തുടങ്ങിയ സുരക്ഷാ സേനകൾക്കൊപ്പം ബസ്തർ ഫൈറ്റേഴ്സും സ്പെഷൽ ഫോഴ്സ് കമാൻഡോകളും വനിതാ സുരക്ഷാ ഉദ്യോഗസ്ഥരും നിർണായക പങ്കുവഹിച്ചു.

ഒരു കാലത്ത് 20 സംസ്ഥാനങ്ങളിലായി 230 ജില്ലകൾ നക്സൽ ബാധിതമായിരുന്നുവെന്നും ബിഹാർ, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ജനങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അവകാശം പോലും നഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു വർഷം രണ്ടായിരത്തോളം അക്രമങ്ങൾ വരെ അരങ്ങേറിയിരുന്ന ആ കാലത്ത്, 2010-ൽ ദന്തേവാഡയിൽ നക്സലുകൾ സിആർപിഎഫ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ വധിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. 2013 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ, നക്സലുകൾ കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിട്ടുണ്ടെന്നത് രാജ്യത്തിന്‍റെ സുരക്ഷാ ദൗർബല്യമായിരുന്നു.

ഈ സ്ഥിതി ഒരിക്കലും മാറില്ലെന്നായിരുന്നു അന്നത്തെ ചിന്താഗതിയെങ്കിലും കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഡ്യൂട്ടിയിലുള്ള ഒരു സിആർപിഎഫ് ഉദ്യോഗസ്ഥന്‍റെ പോലും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

മുൻകാല സർക്കാരുകൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈകൾ കെട്ടിയിടുകയാണ് ചെയ്തത്. എന്നാൽ നിലവിലെ സർക്കാർ സേനയ്ക്ക് എല്ലാ പ്രവർത്തന സ്വാതന്ത്ര്യവും നൽകി. നക്സലുകൾക്ക് മുൻകാലങ്ങളിൽ ലഭിച്ചിരുന്ന സഹായങ്ങൾ പൂർണമായി അവസാനിപ്പിച്ചു.

അതേസമയം, സായുധ നക്സലിസം ഇല്ലാതായെങ്കിലും ഭീഷണി പൂർണമായും തീർന്നിട്ടില്ലെന്ന് പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് മോദി മുന്നറിയിപ്പ് നൽകി. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെ പ്രവർത്തിക്കുന്ന ബുദ്ധിജീവി നക്സലുകൾ വിവിധ ഇടങ്ങളിൽ ഇപ്പോഴുമുണ്ട്. ഇവർ സമൂഹത്തിലെ വിവിധ സംഘടനകളിൽ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Tags : Naxal NarendraModi Country Defense Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up