ന്യൂഡല്‍ഹി: സ്വിസ് ഗ്രൂപ്പായ ഐക്യുഎയറിന്റെ തത്സമയ റാങ്കിംഗ് പ്രകാരം ഇന്നലെ രാവിലെ വായുമലിനീകരണത്തില്‍ ഡൽഹി ലോകത്തിലെ ഒന്നാം സ്ഥാനത്തുള്ള നഗരമായി. യുഎസ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി നിശ്ചയിച്ചിട്ടുള്ള, അന്തരീക്ഷത്തിലെ വായുവിന്റെ മലിനീകരണ നിലവാരം അളക്കാനും പൊതുജനങ്ങളെ അറിയിക്കാനുമുള്ള ഔദ്യോഗിക സൂചികയില്‍ (എക്യൂഐ) 581 എന്നായിരുന്നു ദേശീയതലസ്ഥാനത്തെ വായുമലിനീകരണം രേഖപ്പെടുത്തിയത്.
അതേസമയം, ഇന്ത്യയുടെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഇന്നലെ രാവിലെ 10 മണിയിലെ ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 363 ആയതോടെ വളരെ മോശം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ദീപാവലിക്ക് മുമ്പുള്ള ദിവസങ്ങളില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം വായു നിലവാരമായിരുന്നു വെള്ളിയാഴ്ച ഡല്ഹിയിലെതെന്നായിരുന്നു ഔദ്യോഗിക ഡാറ്റ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
വായുമലിനീകരണം മൂലം ജിഡിപി നഷ്ടം 9.5 ശതമാനം വരെ
വായുമലിനീകരണം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതു പോലെതന്നെ സമ്പദ്വ്യവസ്ഥയെയും മോശമായി ബാധിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ഇന്ത്യയില്‍ വായുമലിനീകരണവുമായി ബന്ധപ്പെട്ട് പ്രതിവര്‍ഷം 20 ലക്ഷത്തിലേറെ അകാലമരണങ്ങളും രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 9.5 ശതമാനം വരെ നഷ്ടവും ഉണ്ടാകുന്നുവെന്നാണ് നവംബര്‍ അഞ്ചിന് പുറത്തിറക്കിയ ഫിക്കി ഇ വൈയുടെ റിപ്പോര്‍ട്ടിലുള്ളത്.
വായുമലിനീകരണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളാല്‍ തൊഴിലാളികളുടെ ഉത്പാദനക്ഷമത കുറയുന്നതും ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്നതും കാരണം പ്രതിവര്‍ഷം 130 കോടി തൊഴില്‍ ദിനങ്ങള്‍ നഷ്ടമാകുന്നുണ്ട്. അത് പ്രതിവര്‍ഷം ഒമ്പത് ലക്ഷം കോടി രൂപയുടെ വ്യാപാര നഷ്ടമുണ്ടാക്കുന്നതായും പഠനത്തില്‍ പറയുന്നു.
വായുമലിനീകരണം കാരണം അന്തരീക്ഷത്തിലെ അതിസൂക്ഷ്മ കണങ്ങള്‍ (പിഎം 2.5) ശ്വാസകോശത്തിലൂടെ രക്തത്തിലേക്ക് എത്തുകയും അത് ഹൃദ്രോഗം, പക്ഷാഘാതം, ശ്വാസകോശരോഗങ്ങള്‍ എന്നിവയുടെ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മലിനീകരണത്തിന്റെ പ്രധാന ഉറവിടങ്ങള്‍ വാഹനപ്പുക, വ്യവസായശാലകളിലെ പുറന്തള്ളല്‍, നിര്മാണപ്പൊടി, വൈക്കോല്‍ കത്തിക്കല്‍, മാലിന്യങ്ങള്‍ കത്തിക്കല്‍ എന്നിവയാണ്.
Tags : air pollution Delhi ranks first annual loss nine lakh crore Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash pollution