National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചിക 400 ന് മുകളിലെത്തി. 39 വായു ഗുണനിലവാര പരിശോധനാ കേന്ദ്രങ്ങളിൽ 14 എണ്ണത്തിലും വായു ഗുണനിലവാര സൂചിക 400 ന് മുകളിലാണ്.
വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ മലിനീകരണ നിയന്ത്രണങ്ങൾ പരിഷ്കരിച്ചു. രണ്ടാം ഘട്ടത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ഒന്നാം ഘട്ടത്തിൽ തന്നെ ഏർപ്പെടുത്താനാണ് തീരുമാനം.
ഡീസൽ ജനറേറ്ററുകളുടെ ഉപയോഗം കുറയ്ക്കുന്നതിനായി തടസമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കും. തിരക്കേറിയ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കും. വായു മലിനീകരണം കൂടുതൽ രൂക്ഷമായാൽ വർക്ക് ഫ്രം ഹോമും പരിഗണനയിലാണ്.
National
ന്യൂഡൽഹി: ഡൽഹിയിൽ 2023ലുണ്ടായ ഏഴിലൊരു മരണത്തിനും കാരണം വായുമലിനീകരണമായിരുന്നുവെന്നു പഠനം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ പുറത്തുവിട്ട ഡാറ്റയിലാണ് ഈ വിലയിരുത്തൽ.
ഡാറ്റ പ്രകാരം വായുവിലെ സൂക്ഷ്മകണികകളുടെ (പിഎം) മലിനീകരണം മൂലം ഡൽഹിയിൽ 17,188 മരണങ്ങളാണ് 2023ൽ ഉണ്ടായിരിക്കുന്നത്. ഡൽഹിയിൽ ആ വർഷമുണ്ടായ ആകെ മരണത്തിന്റെ ഏകദേശം 15 ശതമാനമാണിത്. രാജ്യതലസ്ഥാനത്തെ ഏഴിലൊരു മരണവും വിഷമയമായ വായുവുമായി ബന്ധപ്പെട്ടാണെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ സാംക്രമികേതര രോഗങ്ങളേക്കാൾ അപകടകരമാണു ഡൽഹിയിലെ വായുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2023ലെ ആകെ മരണങ്ങളുടെ 12.5 ശതമാനം ഉയർന്ന സിസ്റ്റോളിക് രക്തസമ്മർദം മൂലമായപ്പോൾ (14,874 മരണങ്ങൾ) പ്രമേഹം മൂലമുണ്ടായ മരണങ്ങളുടെ ശതമാനം ഒന്പതാണ് (10,653 മരണങ്ങൾ). ഇതേ വർഷം ഉയർന്ന കൊളസ്ട്രോൾ 7,267 മരണങ്ങൾക്കും അമിത ശരീരഭാരം (ബിഎംഐ) 6,698 മരണങ്ങൾക്കും കാരണമായി.
വായുമലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങൾ 2018ൽ 15,786 ഉണ്ടായിരുന്നിടത്തുനിന്നാണ് 2023ൽ 17,000ത്തിലധികമായി വർധിച്ചതെന്നാണ് ഡാറ്റ ചൂണ്ടിക്കാട്ടുന്നത്. വായുമലിനീകരണം ഹ്രസ്വ കാലയളവിലും ദീർഘകാലയളവിലും ശ്വാസകോശത്തിലും മറ്റു ശരീരവ്യവസ്ഥകളിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഇത് കുട്ടികളിൽ ശ്വാസകോശത്തിന്റെ വളർച്ചയെ തടസപ്പെടുത്തുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.
National
ന്യൂഡൽഹി: ഡൽഹിയിൽ അതിരൂക്ഷമായി തുടരുന്ന വായുമലിനീകരണം മൂലം നാലിൽ മൂന്നു വീടുകളിൽ ഒരാളെങ്കിലും അസുഖബാധിതമായതായി സർവേയിൽ കണ്ടെത്തി. ദേശീയ തലസ്ഥാന പ്രദേശത്ത് 75 ശതമാനം വീടുകളിലും ഒന്നോ അതിലധികമോ അംഗങ്ങൾക്കു രോഗം ബാധിച്ചു.
ശ്വാസകോശങ്ങൾക്കുപുറമെ കാഴ്ചയെയും അന്തരീക്ഷമലിനീകരണം ബാധിച്ചിട്ടുണ്ട്. ഡൽഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) ഇന്നലെ 400നും 500നും ഇടയിൽ അപകടകരമായ നിലയിലേക്ക് ഉയർന്നു. വായുവിലെ സൂക്ഷ്മ കണികകളുടെ (പിഎം 2) അളവ് മീറ്ററിൽ 350 ഗ്രാം വരെയെത്തി. ലോകാരോഗ്യ സംഘടന നിർദേശിച്ച സുരക്ഷിത പരിധിയേക്കാൾ പത്തിരട്ടി കൂടുതലാണിത്.
എല്ലാ വർഷവും ഈ സീസണിൽ ശ്വസനംതന്നെ അപകടകരമാകുന്ന നഗരമായി ദേശീയ തലസ്ഥാനം മാറിയിട്ടും കാര്യമായ പരിഹാരങ്ങളില്ല. ക്ലൗഡ് സീഡിംഗിലൂടെ കൃത്രിമമഴ പെയ്യിക്കാനുള്ള പരീക്ഷണവും പ്രതീക്ഷിച്ചതുപോലെ വിജയിച്ചില്ല.
ഹൃദ്രോഗ ബാധയ്ക്കും വിഷവാതകങ്ങൾ കാരണമാകുന്നതായും പഠനങ്ങളിൽ കണ്ടെത്തി. ആസ്ത്്മ അടക്കമുള്ള ശ്വാസരോഗമുള്ളവർ കഴിയുമെങ്കിൽ ഒരു മാസത്തേക്കെങ്കിലും ഡൽഹി വിട്ടു താരതമ്യേന ശുദ്ധവായു കിട്ടുന്ന സംസ്ഥാനങ്ങളിലേക്കോ മലയോരങ്ങളിലേക്കോ മാറി താമസിക്കണമെന്ന് ശ്വാസരോഗ വിദഗ്ധർ (പൾമണറി, ക്രിട്ടിക്കൽ കെയർ ആൻഡ് സ്ലീപ് മെഡിസിൻ) നിർദേശിച്ചു.
ശ്വാസകോശ രോഗങ്ങൾക്കു പുറമെ ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയവയും പനി അടക്കമുള്ള വൈറൽ രോഗങ്ങളും ഡൽഹിയിൽ വ്യാപിക്കുന്നതും പ്രശ്നമായിട്ടുണ്ട്. കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരെ ശ്വാസം മുട്ടിക്കുന്ന ഡൽഹിയിലെ മലിനവായു ഇന്നലെയും അപകടകരമായ നിലയിലാണ്.
നീണ്ടുനിൽക്കുന്ന ശ്വസനബുദ്ധിമുട്ടുകൾ, പനി, ശരീരവേദന എന്നിവ തലസ്ഥാനത്ത് വളരെ കൂടുതൽ പേരെ ബാധിച്ചിട്ടുണ്ട്. എച്ച്3 എൻ2 ഇൻഫ്ളുവൻസയും മറ്റു വൈറൽ രോഗങ്ങളും അണുബാധകളും വ്യാപകമായുണ്ട്. വിട്ടുമാറാത്ത ചുമയും പനിയും മുതൽ തൊണ്ടവേദന, ക്ഷീണം വരെയുള്ള ലക്ഷണങ്ങളുള്ളവരുടെ എണ്ണം കുത്തനേ ഉയർന്നു.
കുട്ടികളെയും പ്രായമായവരെയും മുൻകാല രോഗാവസ്ഥയുള്ളവരെയും വൈറസ് രോഗങ്ങളും ഏറ്റവും കൂടുതൽ ബാധിക്കുന്നുവെന്നാണ് കമ്യൂണിറ്റി പ്ലാറ്റ്ഫോമായ ലോക്കൽ സർക്കിൾസിന്റെ പുതിയ സർവേയിൽ കണ്ടെത്തിയത്.
ഡൽഹി, ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിലെ 15,000ത്തിലധികം പേരെ നേരിട്ടു കണ്ടാണു സർവേ നടത്തിയത്. സെപ്റ്റംബറിൽ 56 ശതമാനം വീടുകളിൽ രോഗാവസ്ഥ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞയാഴ്ച 75 ശതമാനം വീടുകളായി വർധിച്ചു.
National
ന്യൂഡൽഹി: രാജ്യത്തെ വായു മലിനീകരണം മനുഷ്യശരീരത്തിനും തലച്ചോറിനും നേരേയുള്ള ആക്രമണമാണെന്നു കോണ്ഗ്രസ് ജനറൽ സെക്രട്ടറിയും മുൻ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രിയുമായ ജയ്റാം രമേശ്.
വർധിച്ചുവരുന്ന ഈ പ്രതിസന്ധി രാജ്യത്തിന്റെ ആരോഗ്യസംരക്ഷണ സംവിധാനത്തെയും ഭാവിയിലെ തൊഴിൽശക്തിയെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും സമൂഹമാധ്യമത്തിൽ കുറിച്ച പോസ്റ്റിൽ അദ്ദേഹം പ്രകടിപ്പിച്ചു. ഡൽഹിയടക്കമുള്ള രാജ്യത്തെ പ്രധാന നഗരങ്ങളിലെ വായു ഗുണനിലവാര സൂചിക അപകടകരമായ രീതിയിൽ ഉയരുന്ന പശ്ചാത്തലത്തിലാണു ജയ്റാം രമേശിന്റെ പ്രതികരണം.
വായു മലിനീകരണം ക്രമാതീതമായി വർധിച്ചതുകാരണം 2023ൽ മാത്രം 20 ലക്ഷത്തോളം ആളുകൾ ഇതുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങളാൽ മരിച്ചതായും സ്റ്റേറ്റ് ഓഫ് ഗ്ലോബൽ എയറിന്റെ 2025ലെ റിപ്പോർട്ട് ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. 2000ത്തിൽനിന്ന് 25 വർഷം പിന്നിടുന്പോൾ മരണത്തിൽ 43 ശതമാനം വർധനവ് ഉണ്ടായതായാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവയിൽ 90 ശതമാനം മരണങ്ങളും ഹൃദ്രോഗം, ശ്വാസകോശ അർബുദം, പ്രമേഹം, ഡിമെൻഷ്യ തുടങ്ങിയ രോഗങ്ങൾ മൂലമാണെന്ന് ജയ്റാം രമേശ് ആരോപിച്ചു.
രാജ്യത്ത് ഒരു ലക്ഷം പേരിൽ 186 പേർ വായുമലിനീകരണവുമായി ബന്ധപ്പെട്ട രോഗങ്ങൾമൂലമാണു മരിക്കുന്നത്. ഇതു വികസിതരാജ്യങ്ങളെ അപേക്ഷിച്ച പത്തിരട്ടിയിൽ അധികമാണ്. ശ്വാസകോശ സംബന്ധ രോഗങ്ങളാൽ മരിക്കുന്നവരിൽ 70 ശതമാനവും ഹൃദ്രോഗ മരണങ്ങളിൽ 25 ശതമാനവും പ്രമേഹ മരണങ്ങളിൽ 20 ശതമാനവും ശ്വാസകോശ അർബുദ മരണങ്ങളിൽ 33 ശതമാനവും വായു മലിനീകരണം നിമിത്തമാണ് ഉണ്ടാകുന്നതെന്നും റിപ്പോർട്ടിനെ ഉദ്ധരിച്ച് ജയ്റാം രമേശ് പറഞ്ഞു.
വായുവിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മ കണിക പദാർത്ഥം (പിഎം 2.5) അളവിൽ കൂടുതൽ ശ്വസിക്കുന്നത് മറവി രോഗത്തിനു കാരണമാകുമെന്ന് പഠനങ്ങളുണ്ട്. 2023ൽ ആഗോളതലത്തിലുണ്ടായ 626000 മറവിരോഗ മരണങ്ങൾ വായു മലിനീകരവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാജ്യത്തെ നിലവിലെ പിഎം 2.5ന്റെ സൂചിക ഡബ്ല്യുഎച്ച്ഒ നിർദേശിച്ചിരിക്കുന്നതിലും എട്ടു മടങ്ങ് കൂടുതലാണെന്നും ജയ്റാം രമേശ് സമൂഹമാധ്യമത്തിൽ കുറിച്ചു.
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇന്ത്യയിൽ 13 ശതമാനം ശിശുക്കൾ മാസം തികയാതെയും 17 ശതമാനം ശിശുക്കൾ ഭാരക്കുറവോടെയും ജനിക്കുന്നതായി കേന്ദ്ര ആരോഗ്യ സർവേ റിപ്പോർട്ട്. ഗർഭകാലത്ത് അമ്മ അനുഭവിക്കുന്ന വായുമലിനീകരണമാണ് ഈ അവസ്ഥയ്ക്കു കാരണമെന്നാണ് സർവേ വ്യക്തമാക്കുന്നത്. മഴ, താപനില തുടങ്ങിയ കാലാവസ്ഥാ സാഹചര്യങ്ങൾക്കും ഈ അവസ്ഥയുമായി നേരിട്ട് ബന്ധമുണ്ടെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.
ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മുംബൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ്, യുകെയിലെയും അയർലൻഡിലെയും ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങിയവയിൽനിന്നുള്ള വിദഗ്ധസംഘം ആരോഗ്യ സർവേ വിശകലനം ചെയ്താണ് കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ നാഷണൽ ഫാമിലി ഹെൽത്ത് സർവേ, റിമോട്ട് സെൻസിംഗ് ഡാറ്റ തുടങ്ങിയവയാണ് വിശകലനത്തിനായി ഉപയോഗിച്ചത്.
കാൻസറിനടക്കം കാരണമാകുന്ന പിഎം 2.5 സൂക്ഷ്മ കണികാ പദാർഥം ഉൾപ്പെടുന്ന വായു ശ്വസിക്കുന്നത് മാസം തികയാതെയുള്ള ജനനത്തിനും നവജാതശിശുക്കളിൽ ഭാരക്കുറവിനും കാരണമാകുമെന്ന് പഠനം വ്യക്തമാക്കുന്നു. ഉത്തർപ്രദേശ്, ഡൽഹി, ഉത്തരാഖണ്ഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പിഎം 2.5 സൂക്ഷ്മ കണികാ പദാർഥം ഉൾപ്പെടുന്ന വായു കൂടുതലായും കാണപ്പെടുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ കണിക പൊതുവെ കുറവാണ്. 2019ൽ ആരംഭിച്ച സർവേയുടെ ഫലമാണ് വിശകലനത്തിന് വിധേയമാക്കിയത്.