കമൽഹാസൻ
ചെന്നൈ: തെന്നിന്ത്യയിലെ സൂപ്പർതാരവും മക്കൾ നീതി മയ്യം സ്ഥാപകനുമായ കമൽഹാസന് 72-ാം പിറന്നാൾ ആശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, ലോക്സഭാ സ്പീക്കർ ഓം ബിർള തുടങ്ങിയ പ്രമുഖർ.
ആരോഗ്യവും സന്തോഷവും നിറഞ്ഞ ദീർഘായുസ് ആശംസിച്ച മുഖ്യമന്ത്രി വിജയ് പൊതുപ്രവർത്തനത്തിലും കലയിലും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ അദ്ദേഹത്തിന് കഴിയട്ടേയെന്നും പറഞ്ഞു.
സിനിമയെ സമ്പന്നമാക്കുന്നതിനൊപ്പം സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കും തമിഴ് ഭാഷയുടെ അന്തസിനും വേണ്ടി കമൽഹാസൻ നടത്തുന്ന പ്രവർത്തനങ്ങളെ സഹോദരൻ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് സ്റ്റാലിൻ പ്രശംസിച്ചു.
രാജ്യസഭാംഗം കൂടിയായ കമൽഹാസന് ഓം ബിർളയും വിസികെ അധ്യക്ഷൻ തൊൽ തിരുമാവളവനും ആശംസകൾ നേർന്നു. മക്കളായ ശ്രുതിഹാസനും അക്ഷര ഹാസനും സമൂഹമാധ്യമങ്ങളിലൂടെ പിറന്നാൾ ആശംസകൾ പങ്കുവച്ചു.
കമൽഹാസനെ അപൂർവങ്ങളിൽ അപൂർവനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച ശ്രുതി, സിനിമയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തെയും ജീവിതത്തോടുള്ള ആവേശത്തെയും പ്രശംസിച്ചു.
ഇതിനിടെ, പിറന്നാൾ സമ്മാനമായി പുതിയ സിനിമ പ്രഖ്യാപിച്ച് കമൽഹാസന്റെ നിർമാണക്കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ. എസ്.യു. അരുണ്‍കുമാർ സംവിധാനം ചെയ്യുന്ന ‘സണ്ടിയാർ’ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് ഇന്നലെ പുറത്തിറക്കിയത്.
Tags : Social Media Fans Kamal Haasan Joseph Vijay MK Staline Om Birla Rajya Sabha member Shruti Haasan Akshara Haasan