National
ന്യൂഡൽഹി: പാർലമെന്റിലെ തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കി മക്കൾ നീതി മയ്യം അധ്യക്ഷനും എംപിയുമായ കമൽഹാസൻ. രാജ്യസഭയിലെ തന്റെ കന്നി പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' എന്ന നടപടി ജനാധിപത്യത്തിന് ഭീഷണിയാണെന്ന് അദ്ദേഹം ആഞ്ഞടിച്ചു.
വോട്ടർ പട്ടിക പുതുക്കൽ നടപടിയെ ഒരു മാരക രോഗത്തോടാണ് കമൽഹാസൻ ഉപമിച്ചത്. തീവ്രവോട്ടർ പട്ടിക പരിഷ്കരണം എന്നത് ജീവിക്കുന്ന മൃതദേഹങ്ങളെ സൃഷ്ടിക്കുന്ന ഒരു രോഗമാണ്. ബീഹാറിൽ നാം അത് കണ്ടു. വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേരെ വെട്ടിമാറ്റുന്നതിലൂടെ രേഖകളിൽ അവരെ മരിച്ചവരായി പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഈ രോഗം രാജ്യം മുഴുവൻ പടരാൻ അനുവദിക്കരുത്," കമൽഹാസൻ പറഞ്ഞു.
തമിഴ്നാട്ടിൽ മാത്രം ഏകദേശം ഒരു കോടിയോളം വോട്ടർമാരുടെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കാം എന്ന ഗൗരവകരമായ ആശങ്ക അദ്ദേഹം സഭയിൽ ഉന്നയിച്ചു. വോട്ടവകാശം എന്നത് പൗരന്റെ മൗലികാവകാശമാണെന്നും അത് കവർന്നെടുക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഈ വിഷയത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നടത്തുന്ന പോരാട്ടങ്ങൾക്ക് അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
National
ന്യൂഡൽഹി: നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (ടിവികെ) തെരഞ്ഞെടുപ്പ് ചിഹ്നമായി. വിസിൽ ആണ് ടിവികെയ്ക്ക് ചിഹ്നമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത്.
വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിസിൽ ചിഹ്നത്തിലാകും ടിവികെ സ്ഥാനാർഥികൾ മത്സരിക്കുക. ചിഹ്നം ആവശ്യപ്പെട്ട് കഴിഞ്ഞവർഷം നവംബർ 11-നാണ് ടിവികെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
ലഭ്യമായ ചിഹ്നങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത ഏഴ് ചിഹ്നങ്ങളുടെ പട്ടികയാണ് അന്ന് പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചത്. കൂടാതെ സ്വന്തമായി ഉണ്ടാക്കിയ മൂന്ന് ചിഹ്നങ്ങളും പരിഗണനയ്ക്കായി പാർട്ടി സമർപ്പിച്ചിരുന്നു.
കമൽഹാസന്റെ മക്കൾ നീതി മയ്യത്തിനും (എംഎൻഎം) തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചു. ബാറ്ററി ടോർച്ചാണ് എംഎൻഎമ്മിന്റെ ചിഹ്നം.
Movies
ഏറെ ഇഷ്ടപ്പെടുന്ന കമൽഹാസനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ഉര്‍വശിയുടെ മകളും നടിയുമായ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി. കുഞ്ഞായിരിക്കുമ്പോൾ താൻ വാശിപ്പിടിച്ച് കരഞ്ഞിരുന്ന സമയത്ത് തന്നെ എടുത്തുകൊണ്ട് നടന്നയാളാണ് കമൽഹാസനെന്നും അദ്ദേഹത്തിനൊപ്പം ചിലവഴിക്കാൻ ലഭിച്ച സമയത്തിന് എന്നും നന്ദിയുള്ളവളായിരിക്കുമെന്നും തേജാലക്ഷ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഉർവശിക്കൊപ്പം ചെന്നൈയിലെ കമൽഹാസന്റെ ഓഫീസിലായിരുന്നു ഇവർ തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.
വൈകാരിക കുറിപ്പോടെയാണ് തേജലക്ഷ്മി ഉർവശിക്കും കമൽഹാസനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്.
വർഷം 2001. ഞാനൊരു കൈക്കുഞ്ഞാണ്, എന്റെ അമ്മയോടൊപ്പം 'പഞ്ചതന്ത്രം' സിനിമയുടെ സെറ്റിൽ ഞാനും ഉണ്ടായിരുന്നുവത്രേ. ഞാൻ മിക്കപ്പോഴും വാശികാണിക്കുന്ന ഒരു കുട്ടിയായിരുന്നില്ലെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ വാശി പിടിക്കുന്ന ദിവസങ്ങളിൽ, ഞാൻ കരയാതിരിക്കാനായി കമൽ സാർ എന്നെയുമെടുത്ത് സെറ്റിലൂടെ നടക്കുകയും എനിക്കിഷ്ടപ്പെട്ട പലഹാരം വാങ്ങിത്തരികയും ചെയ്യുമായിരുന്നു. ചെറുപ്പം മുതലേ കേട്ടുവളർന്ന കഥയാണ്. അന്ന് ഞാനൊരു കൈക്കുഞ്ഞായിരുന്നത് കൊണ്ട് എനിക്കിതൊന്നും ഓർമ്മയില്ലെങ്കിലും.
വർഷം 2025, സൈമ അവാർഡ്സ് (SIIMA Awards). ഞാൻ എന്റെ അമ്മയുടെ അടുത്താണ് ഇരിക്കുന്നത്, അമ്മയുടെ തൊട്ടരികിലായി കമൽ സാറും. അമ്മയ്ക്കും സ്റ്റേജിൽ കയറേണ്ട തിരക്കുകൾ ഉണ്ടായിരുന്നതുകൊണ്ട്, എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്താൻ മറന്നുപോയി.
ഓരോ നിമിഷവും ഞാൻ അദ്ദേഹത്തെ ഒളിഞ്ഞുനോക്കുകയും, എങ്ങനെ അടുത്തുചെന്ന് ഒരു ഹായ് പറയുമെന്ന് മനസിൽ കണക്കുകൂട്ടുകയുമായിരുന്നു.
സത്യം പറഞ്ഞാൽ, എന്തുകൊണ്ടോ എനിക്ക് വല്ലാത്ത പേടിയായിരുന്നു. അദ്ദേഹത്തിന് തിരക്കുകൾ കാരണം പരിപാടിയിൽ നിന്ന് നേരത്തെ പോകേണ്ടിയും വന്നു. അന്ന് ഞാൻ ശരിക്കും കരഞ്ഞുപോയി.
അമ്മയോട് പറഞ്ഞു, ‘എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ലമ്മേ, ഒരു ഹായ് പോലും പറയാൻ പറ്റിയില്ല. അദ്ദേഹം തൊട്ടടുത്ത് ഉണ്ടായിരുന്നിട്ടും ഞാൻ വെറുതെ നോക്കിയിരുന്നു. എനിക്കിപ്പോൾ വല്ലാത്ത കുറ്റബോധം തോന്നുന്നു. എനിക്ക് പേടിയായിരുന്നു’.
അമ്മ പറഞ്ഞു, ‘സാരമില്ല മോളേ, വിഷമിക്കേണ്ട. അദ്ദേഹത്തിന് നിന്നെ ഓർമ്മയുണ്ടാകും, നമുക്ക് എന്തായാലും ഒരു ദിവസം അദ്ദേഹത്തിന്റെ ഓഫീസിൽ പോയി കാണാം’. ആ നിമിഷം മുതൽ, അദ്ദേഹത്തെ ഉടൻ കാണാൻ കഴിയണേ എന്നും, അമ്മ പറഞ്ഞ‘ ആ ഒരു ദിവസം’വേഗം വരണേ എന്നും ഞാൻ എല്ലാ ദിവസവും പ്രാർഥിക്കാൻ തുടങ്ങി.
ഒടുവിൽ ആ ദിവസം വന്നെത്തി!! എന്റെ സന്തോഷത്തിനും നന്ദിക്കും അതിരുകളില്ലായിരുന്നു. പത്ത് മിനിറ്റിൽ താഴെ മാത്രമേ ഞാൻ അദ്ദേഹത്തെ കണ്ടുള്ളൂ. പക്ഷേ ആ പത്ത് മിനിറ്റുകൾ പത്ത് വർഷം പോലെയാണ് എനിക്ക് തോന്നിയത്. അതെനിക്ക് എല്ലാമെല്ലാമായിരുന്നു. എല്ലാത്തിനുമുപരി, ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളായി മാറി.
ശരിയായ സമയമാകുമ്പോൾ ജീവിതം എത്ര മനോഹരമായാണ് ഓരോ വൃത്തങ്ങളും പൂർത്തിയാക്കുന്നത്. ഈ ജീവിതത്തോട് ഞാനെന്തിന് എപ്പോഴും നന്ദിയുള്ളവളായിരിക്കണം എന്ന് ഓർമ്മിപ്പിക്കുന്ന നിമിഷങ്ങളാണിത്. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പൊങ്കൽ ആശംസകൾ’. തേജാലക്ഷ്മി കുറിച്ചു.
Movies
നടൻ കമൽഹാസന്റെ പേരും ചിത്രവും വാണിജ്യാവശ്യങ്ങൾക്കായി അനധികൃതമായി ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി.
ചെന്നൈയിലെ സ്വകാര്യ സ്ഥാപനം തന്റെ പേര്, ചിത്രം, ഉലകനായകൻ എന്ന വിശേഷണം തുടങ്ങിയവ ഉൾപ്പെടുത്തി ടി-ഷർട്ടുകളും ഷർട്ടുകളും അനുമതിയില്ലാതെ വിൽക്കുന്നതായി കമൽഹാസൻ ഹർജി നൽകിയിരുന്നു. ഈ ഹർജിയിലാണ് കോടതി വിധി വന്നിരിക്കുന്നത്.
തിങ്കളാഴ്ച വാദം കേട്ട ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയുടെ ബെഞ്ചാണ് വാണിജ്യാവശ്യങ്ങൾക്കായി പേര് ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. ഹർജിയിൽ മറുപടി നൽകാൻ ആരോപണ വിധേയമായ കമ്പനിയോട് കോടതി ആവശ്യപ്പെട്ടു.
എന്നാൽ കാർട്ടൂണുകളിൽ കമൽഹാസന്റെ ചിത്രം ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും കോടതി വ്യക്തമാക്കി. അനുവാദമില്ലാതെ മറ്റാരും തന്റെ ഫോട്ടോയും പേരും ഉപയോഗിക്കരുതെന്നുള്ള വിവരം തമിഴ്, ഇംഗ്ലീഷ് പത്രങ്ങളിൽ പരസ്യങ്ങളായി പ്രസിദ്ധീകരിക്കാനും കമൽഹാസനോട് നിർദേശിച്ചു. തുടർവാദം ഫെബ്രുവരിയിലേക്ക് മാറ്റി.
Movies
ദളപതി വിജയ്യുടെ അവസാന ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ജനനായകന്റെ സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട തര്‍ക്കം പുതിയ തലത്തിലേക്ക്. ഉലകനായകന് കമല്ഹാസന് ചിത്രത്തിനു പിന്തുണയുമായി രംഗത്തെത്തിയതോടെ വലിയ ചര്‍ച്ചകളിലേക്കാണ് കോളിവുഡ് നീങ്ങുന്നത്.
സിനിമയില്‍ വരുത്തുന്ന ഓരോ കട്ടിനും വ്യക്തമായ കാരണങ്ങള്‍ ബോധിപ്പിക്കണമെന്നാണ് ഉലകനായകന് കമല്‍ ഹാസന്റെ ആവശ്യം. സെന്‍സര്‍ ബോര്‍ഡിന്റെ സുതാര്യമല്ലാത്ത നടപടികള്‍ സര്‍ഗാത്മകതയെ തടയുന്നതാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
സിനിമയുടെ റിലീസ് നീണ്ടുപോകുന്ന പശ്ചാത്തലത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയ കമല്‍ ഹാസന്, ഇത് ഒരു സിനിമയുടെ മാത്രം പ്രശ്നമല്ലെന്ന് പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യം സുതാര്യമായിരിക്കണം.
അത് അവ്യക്തതകളാല്‍ തളയ്ക്കപ്പെടരുത്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ക്ക് കൃത്യമായ നീതീകരണം നല്‍കണം. വ്യക്തതയില്ലാത്ത നടപടികള്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും പൊതുജനങ്ങള്‍ക്ക് കലയിലുള്ള വിശ്വാസം തകര്‍ക്കുകയും ചെയ്യുമെന്നും കമല്ഹാസന് പറഞ്ഞു.
ചലച്ചിത്ര മേഖലയിലെ എല്ലാവരും ഈ വിഷയത്തില്‍ ഒന്നിക്കണമെന്നും ഗൗരവകരമായ ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്കാന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരേ സെന്‍സര്‍ ബോര്‍ഡ് ഡിവിഷന് ബെഞ്ചിനെ സമീപിച്ചു. വെള്ളിയാഴ്ച നടന്ന വാദത്തില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് കോടതി സ്റ്റേ ചെയ്യുകയും റിലീസ് ജനുവരി 21-ലേക്ക് നീട്ടുകയും ചെയ്തു.
വിജയ് തന്റെ രാഷ്ട്രീയ ജീവിതത്തിലേക്ക് പൂര്‍ണമായി പ്രവേശിക്കുന്നതിനു മുമ്പുള്ള അവസാന ചിത്രമായതിനാല്‍ ആരാധകര്‍ക്കിടയില്‍ ജനനായകന് വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. പൊങ്കല്‍ റിലീസ് ലക്ഷ്യമിട്ടിരുന്ന ചിത്രം തടസപ്പെട്ടത് തമിഴ് ചലച്ചിത്രമേഖലയിലും വലിയ ചര്‍ച്ചയാണ്.
Movies
രജനികാന്ത്-കമൽഹാസൻ ചിത്രം തലൈവർ 173- സിബി ചക്രവർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങും. നിരവധി അഭ്യൂഹങ്ങൾക്കുശേഷം കമൽഹാസന്റെ ഉടമസ്ഥതയിലുള്ള രാജ്കമൽ ഫിലിംസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
46 വർഷത്തിനുശേഷം രജനികാന്തും കമൽഹാസനും ഒന്നിക്കുന്ന ചിത്രമാണിത്. ഇന്ത്യൻ ചലച്ചിത്രലോകവും ആരാധകരും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തലൈവർ 173. ദുബായിൽ ചിത്രം പ്രഖ്യാപിച്ച ദിവസം മുതൽ ആരായിരിക്കും ചിത്രത്തിന്റെ സംവിധായകനെന്ന് ആരാധകർ ഉറ്റുനോക്കിയിരുന്നു.
സുന്ദർ സി ആയിരിക്കും സംവിധായകനെന്നാണ് ആദ്യം പുറത്തുവന്ന വാർത്ത. സുന്ദർ സി പ്രോജക്ടിന്റെ ഭാഗമായി വന്നെങ്കിലും പ്രരാംഘട്ടത്തിൽത്തന്നെ പിന്മാറുകയായിരുന്നു. തന്റെ പിന്മാറ്റത്തെക്കുറിച്ച് വികാരനിർഭരമായ കുറിപ്പും സുന്ദർ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചിരുന്നു.
സുന്ദറിന്റെ പിന്മാറ്റത്തെത്തുടർന്ന് നിരവധിപ്പേരുകൾ ഉയർന്നുവന്നെങ്കിലും ആരെയും തീരുമാനിച്ചിരുന്നില്ല. ഒരുഘട്ടത്തിൽ ധനുഷ് ആയിരിക്കും സംവിധായകൻ എന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമുണ്ടായില്ല.
യുവനിരയിലെ ശ്രദ്ധേയരായ രാംകുമാർ ബാലകൃഷ്ണൻ, നിതിലൻ സ്വാമിനാഥൻ, പ്രദീപ് രംഗനാഥൻ എന്നിവരുടെ പേരുകളും ഉയർന്നുവന്നിരുന്നു. ഇതിനിടെയിലാണ് കമൽഹാസന്റെ നിർമാണക്കമ്പനി രാജ്കമൽ ഫിലിംസ് തലൈവർ 173-ന്റെ സംവിധായകനെ പ്രഖ്യാപിക്കുന്നത്.
2022ൽ പുറത്തറിങ്ങിയ ഡോൺ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിബി ചക്രവർത്തിയാണ് ഇനി തലൈവരുടെ തേരിന്റെ സാരഥി. സിബിയുടെ ഇതിനു മുമ്പുള്ള ചിത്രം ഡോൺ വമ്പൻ ഹിറ്റ് ആയിരുന്നു.
ഓരോ കുടുംബത്തിനും ഒരു നായകനുണ്ട്... എന്ന കുറിപ്പോടെയാണ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ സംവിധായകനെ പ്രഖ്യാപിച്ചുള്ള പോസ്റ്റർ രാജ്കമൽ ഫിലിംസ് പങ്കുവച്ചത്. പ്രഖ്യാപനം ആഘോഷത്തോടെയാണ് ആരാധകർ ഏറ്റെടുതതത്.
തലൈവർ 173-ന്റെ സംഗീതം അനിരുദ്ധ് രവിചന്ദർ നിർവഹിക്കും. റെഡ് ജയന്റ് മൂവീസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. കമൽ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ 44 വർഷം പിന്നിടുകയാണ്. ആർ മഹേന്ദ്രനൊപ്പം ചേർന്നാണ് കമൽ ഹാസൻ ചിത്രത്തിന്റെ നിർമാണം പൂർത്തിയാക്കുന്നത്. ആദ്യമായാണ് കമൽ ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ രജനികാന്ത് നായകനാകുന്നത്.
National
പനാജി: സ്വതന്ത്ര സിനിമകൾക്ക് തിയറ്ററുകളിൽ ഇടംലഭിക്കുന്നില്ലെന്ന് നടൻ കമൽഹാസൻ.
ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ തന്റെ സിനിമ ‘അമര’ന്റെ പ്രദർശനവുമായി ബന്ധപ്പെട്ട് എത്തിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
സ്വതന്ത്ര സിനിമ സ്വതന്ത്രമാണ്, വാണിജ്യസിനിമയുടെ ഇടത്തിലേക്ക് അതിനെ കൊണ്ടുവരരുത്- അദ്ദേഹം പറഞ്ഞു.
കമൽഹാസനോടൊപ്പം ചിത്രത്തിലെ പ്രധാന താരങ്ങളായ ശിവകാർത്തികേയനും സായ് പല്ലവിയുമുണ്ടായിരുന്നു.
Movies
ലോകസിനിമയിലെ ഇതിഹാസതാരങ്ങളായ രജനികാന്തും കമല്‍ഹാസനും വീണ്ടും ഒന്നിക്കുന്നു! ലോകമെമ്പാടുമുള്ള ആരാധകരും ചലച്ചിത്രലോകവും ആകാംഷയോടെയാണ് ആ പ്രഖ്യാപനം ഏറ്റെടുത്തത്. ചിത്രത്തിന്റെ സംവിധായകന് ആരാകുമെന്നായിരുന്നു ഏവരും ഉറ്റുനോക്കിയത്.
രജനികാന്തിന്റെ അവസാനം പുറത്തിറങ്ങിയ കൂലി എന്ന ചിത്രത്തിന്റെ സംവിധായകന് ലോകേഷ് കനകരാജിന്റെ പേരാണ് ആദ്യം ഉയര്‍ന്നുകേട്ടത്. പിന്നീട്, പലരുടെയും പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും ഹിറ്റ് സംവിധായകന് സുന്ദര്‍ സി-യിലേക്കു പ്രോജക്ട് എത്തുകയായിരുന്നു. വാര്‍ത്ത പ്രചരിച്ചതോടെ, ആരാധകരും ആഘോഷത്തിലായി.
എന്നാല്‍, പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതിനിടെ ചിത്രത്തെക്കുറിച്ചുള്ള പുതിയ വാര്‍ത്ത ആരാധകരെ ഞെട്ടിക്കുന്നതായി. സുന്ദര്‍ പ്രോജക്ടില്‍നിന്നു പിന്മാറി! സംവിധായകന്റെ ഭാര്യയും സൂപ്പര്‍താരവുമായ ഖുഷ്ബു ആണ് ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഔദ്യോഗികമായി പങ്കുവച്ചത്. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ ഖുഷ്ബു പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. പിന്നീട്, സുന്ദര്‍ സി തന്നെ നേരിട്ട് എത്തുകയും പിന്മാറുന്ന തീരുമാനം തന്നെ നേരിട്ട് അറിയിക്കുകയുമായിരുന്നു.
ഹൃദയവേദനയോടെ
'ഹൃദയവേദനയോടെയാണ് ഞാന്‍ ചില പ്രധാന കാര്യങ്ങള്‍ നിങ്ങളുമായി പങ്കിടുന്നത്. അപ്രതീക്ഷിതവും ഒഴിവാക്കാനാവാത്തതുമായ സാഹചര്യങ്ങള്‍ കാരണം, അഭിമാനകരമായ പ്രോജക്റ്റ് തലൈവര്‍ 173ല്‍നിന്ന് പിന്മാറാന് ഞാന്‍ തീരുമാനിച്ചു. അത് എന്ന സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു' സുന്ദര്‍ സി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'ജീവിതത്തില്‍, സ്വപ്നങ്ങളില്‍നിന്നു വ്യതിചലിച്ചാലും, നമുക്കു വേണ്ടി ഒരുക്കിയ പാത പിന്തുടരേണ്ടതുണ്ട്. ഈ രണ്ട് ഐക്കണുകളുമായുള്ള എന്റെ ബന്ധം വളരെ പഴക്കമുള്ളതാണ്. അവര്‍ എക്കാലവും എന്റെ പ്രിയപ്പെട്ട താരങ്ങളാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങള്‍ പങ്കിട്ട നിമിഷങ്ങള്‍ ഞാന്‍ എന്നെന്നേക്കുമായി വിലമതിക്കും. അവര്‍ എന്നെ വിലമതിക്കാനാവാത്ത പാഠങ്ങള്‍ പഠിപ്പിച്ചു. ഞാന്‍ മുന്നോട്ട് പോകുമ്പോള്‍ അവരുടെ പ്രചോദനവും അറിവും തേടുന്നത് തുടരും... എന്റെ ആത്മാര്‍ഥമായ ക്ഷമാപണം സ്വീകരിക്കുക...' സുന്ദര്‍ സി കൂട്ടിച്ചേര്‍ത്തു.
'നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്കും മനസിലാക്കലിനും നന്ദി. അത് എനിക്ക് ഒരു ലോകം പോലെയാണ്. നിങ്ങളോടൊപ്പമുള്ള കൂടുതല്‍ ഓര്‍മകള്‍ സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...' എന്നു പറഞ്ഞാണ് സുന്ദര്‍ സി കുറിപ്പ് അവസാനിപ്പിക്കുന്നത്. അതേസമയം, പ്രോജക്ടിനെക്കുറിച്ചു സൂപ്പർ താരങ്ങളുമായുള്ള ചില അഭിപ്രായ വ്യത്യാസങ്ങളാണ് പിൻമാറ്റത്തിനു കാരണമെന്നാണ് അഭ്യൂഹം പരക്കുന്നത്.
കൂലി എന്ന ചിത്രത്തിന്റെ റിലീസിന് മുമ്പു തന്നെ രജനികാന്തും കമലും തങ്ങള്‍ ഒന്നിച്ചുള്ള പ്രോജക്ടിനെക്കുറിച്ചു തുറന്നുപറഞ്ഞിരുന്നു. മണിരത്നത്തിന്റെ തഗ് ലൈഫിലാണ് കമല്‍ അവസാനമായി അഭിനയിച്ചത്. ഇപ്പോള്‍ പുതിയ സിനിമയുടെ തിരക്കുകളിലുമാണ്.
ചിത്രം ആരു സംവിധാനം ചെയ്യുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
Movies
രജനികാന്തും കമൽഹാസനും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നതിൽ നിന്നും പിൻമാറി നടി ഖുശ്ബുവിന്റെ ഭർത്താവ് സുന്ദർ സി. ഖുശ്ബുവിന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ച പ്രസ്താവനയിലാണ് ഇത് വ്യക്തമാക്കിയതെങ്കിലും പിന്നാലെ ഈ കുറിപ്പ് നീക്കം ചെയ്തു.
അതേസമയം, സമൂഹമാധ്യമങ്ങളിൽ പ്രസ്താവന വ്യാപകമായി പ്രചരിക്കുന്നുണ്ട്. കമൽഹാസനും രജനികാന്തും ഒന്നിക്കുന്ന സിനിമ സുന്ദർ സിയാണ് സംവിധാനം ചെയ്യുന്നതെന്ന് അടുത്തിടെയാണ് കമൽഹാസൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം രാജ്കമൽ ഓഫീസിൽവച്ച് നടന്നിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
‘എന്റെ പ്രിയപ്പെട്ട ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും ഒരു ഹൃദയംഗമമായ കുറിപ്പ്. ഹൃദയ വേദനോടെയാണ് ചില പ്രധാനപ്പെട്ട വാർത്തകൾ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
അപ്രതീക്ഷിതവും ഒഴിവാക്കാനാവാത്തതുമായ സാഹചര്യങ്ങൾ കാരണം ഇതിഹാസ താരങ്ങളായ രജനികാന്തും കമൽഹാസനും ഒന്നിക്കുന്ന തലൈവർ173 എന്ന പ്രൊജക്റ്റിൽ നിന്ന് പിന്മാറാൻ ഞാൻ തീരുമാനിച്ചു.
ജീവിതത്തിൽ, നമ്മുടെ സ്വപ്നങ്ങളിൽ നിന്ന് വ്യതിചലിച്ചാലും, നമുക്ക് വേണ്ടി നിശ്ചയിച്ച പാത പിന്തുടരേണ്ടിവരുന്ന നിമിഷങ്ങളുണ്ട്. ഈ രണ്ട് താരങ്ങളുമായുള്ള എന്റെ ബന്ധം വളരെ പഴക്കമുള്ളതാണ്. ആ ബന്ധം എപ്പോഴും ഞാൻ നിലനിർത്തും.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഞങ്ങൾ പങ്കിട്ട നിമിഷങ്ങൾ ഞാൻ എന്നെന്നേക്കുമായി വിലമതിക്കും. അവർ എന്നെ വിലമതിക്കാനാവാത്ത പാഠങ്ങൾ പഠിപ്പിച്ചു, ഞാൻ മുന്നോട്ട് പോകുമ്പോൾ അവരുടെ പ്രചോദനവും അറിവും തേടുന്നത് തുടരും.
ഈ സിനിമയിൽ നിന്ന് ഞാൻ മാറിനിൽക്കുകയാണെങ്കിലും അവരുടെ മാർഗനിർദേശം ഞാൻ തുടർന്നും തേടും. ഈ മഹത്തായ പ്രോജക്ടിന് എന്നെ പരിഗണിച്ചതിന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ ഇരുവർക്കും നന്ദി പറയുന്നു.
ഈ സിനിമയെ ആകാംക്ഷയോടെ പ്രതീക്ഷിച്ചിരുന്നവരെ ഈ വാർത്ത നിരാശരാക്കിയിട്ടുണ്ടെങ്കിൽ ദയവായി എന്റെ ആത്മാർത്ഥമായ ക്ഷമാപണം സ്വീകരിക്കുക. നിങ്ങളുടെ ആവേശം നിലനിർത്തുന്ന വിനോദം തുടർന്നും നിങ്ങൾക്ക് നൽകുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്കും മനസിലാക്കലിനും നന്ദി.’
‘തലൈവർ 173’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം 2027 പൊങ്കലിനായിരിക്കും തിയറ്ററുകളിലെത്തുക എന്ന് കമൽഹാസൻ പറഞ്ഞിരുന്നു. കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Kerala
തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ രാജ്യസഭാംഗവും നടനുമായ കമല്‍ഹാസനും നടന് മോഹന്‍ലാലും പങ്കെടുക്കില്ല. വ്യക്തിപരമായ അസൗകര്യങ്ങളെത്തുടര്‍ന്ന് പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഇരുവരും സര്‍ക്കാരിനെ അറിയിച്ചു.
അതേസമയം ചടങ്ങില്‍ പങ്കെടുക്കാനായി നടന് മമ്മൂട്ടി തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രഖ്യാപനത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, കമല്ഹാസന് തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
മൂന്നു പേരുടെയും പേരുകൾ ഉള്‍പ്പെടുത്തി ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പരസ്യവും സര്‍ക്കാര്‍ നല്‍കിയിരുന്നു. പരിപാടിക്ക് തൊട്ടുമുമ്പാണ് ഇരുവരും പങ്കെടുക്കില്ലെന്ന വിവരം പുറത്തുവന്നത്
പരിപാടിയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയ മമ്മൂട്ടിയെ മന്ത്രി വി. ശിവന്‍കുട്ടി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മമ്മൂട്ടി തയാറായിരുന്നില്ല.
National
ചെന്നൈ: കരൂർ ദുരന്തമേഖല സന്ദർശിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളെയും അദ്ദേഹം സന്ദർശിച്ചു.
"കരൂർ ദുരന്തത്തിലെ ഇരകൾക്ക് അനുശോചനം അറിയിക്കാനാണ് ഞാൻ വന്നത്. ഈ ദുരന്തത്തെ സംഖ്യകളായി കാണരുത്. അവരെ അമ്മമാരായും സഹോദരിമാരായും പ്രായമായവരായും കാണുക. അന്വേഷണം പുരോഗമിക്കുകയാണ്. വിഷയം കോടതിയുടെ പരിഗണനയിലാണ്, ഇപ്പോൾ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ല," രാജ്യസഭാ എംപി കൂടിയായ കമൽ ഹാസൻ പറഞ്ഞു.
"ഈ വിഷയത്തിൽ പക്ഷം പിടിക്കരുത്. പക്ഷം പിടിക്കണമെങ്കിൽ, നമുക്ക് ജനങ്ങളുടെ പക്ഷം പിടിക്കാം. സംഭവത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മാതൃകാപരമായ നേതൃത്വ ഗുണങ്ങൾ പ്രകടിപ്പിച്ചു.അതിന് നമ്മൾ അദ്ദേഹത്തോട് നന്ദി പറയണം'-കമൽഹാസൻ പറഞ്ഞു.
Movies
ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ അഭിനന്ദിച്ച് ഉലകനായകൻ കമൽഹാസൻ. മോഹൻലാലിനെ ലാലേട്ടൻ എന്ന് അഭിസംബോധന ചെയ്ത കമൽഹാസൻ അദ്ദേഹം തലമുറകളെ പ്രചോദിപ്പിക്കുന്ന യഥാർത്ഥ കലാകാരനാണെന്നും കുറിച്ചു.
‘എന്റെ പ്രിയ സുഹൃത്ത് ലാലേട്ടനെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നൽകി ആദരിച്ചത് കാണുന്നതിൽ സന്തോഷമുണ്ട്. ദശലക്ഷക്കണക്കിന് ആളുകളെ സ്പർശിച്ച തലമുറകളെ പ്രചോദിപ്പിക്കുന്ന ഒരു യഥാർഥ കലാകാരനാണ് അദ്ദേഹം. തികച്ചും അർഹമായ അംഗീകാരമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.’ കമൽഹാസന്റെ വാക്കുകൾ.
ചൊവ്വാഴ്ച ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിലാണ് മോഹൻലാൽ രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്.
മികച്ച സഹനടിക്കുള്ള പുരസ്കാരം നടി ഉർവശിയും മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും രാഷ്ട്രപതിയിൽ നിന്ന് സ്വീകരിച്ചു.
National
ചെന്നൈ: ഒരു നേതാവിന് ആൾക്കൂട്ടത്തെ ആകർഷിക്കാൻ കഴിഞ്ഞാലും ആ പിന്തുണ വോട്ടായി മാറണമെന്ന് നിർബന്ധമില്ലെന്ന് മക്കൾ നീതി മയ്യം സ്ഥാപകനും നടനുമായ കമൽഹാസൻ. ഇത് താൻ ഉൾപ്പെടെ എല്ലാവർക്കുമെന്നതു പോലെ തന്നെ നടൻ വിജയ്ക്കും ബാധകമാണെന്ന് കമൽ പറഞ്ഞു.
തമിഴക വെട്രി കഴകം പാർട്ടിയുടെ റാലികളിൽ ദൃശ്യമാകുന്ന ആൾക്കൂട്ടത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.""ശരിയായ പാതയിലൂടെ നീങ്ങുക, ധൈര്യത്തോടെ മുന്നേറുക, ജനങ്ങൾക്ക് നന്മ ചെയ്യുക ഇതാണ് എല്ലാ നേതാക്കളോടും എനിക്ക് പറയാനുള്ളത്’’, വിജയ്ക്ക് നൽകാൻ എന്തെങ്കിലും ഉപദേശം കൈവശമുണ്ടോയെന്ന ചോദ്യത്തിന് ഉത്തരമായി കമൽ പറഞ്ഞു.
സെപ്റ്റംബർ 20ന് തിരുവാരൂരിൽ നടന്ന റാലിയിൽ വിജയ് ഇതേ ചോദ്യം ജനക്കൂട്ടത്തോടു ചോദിച്ചത് വാർത്തയായിരുന്നു. വിമർശകർ ആരോപിക്കുന്നത് പോലെ ഇതൊരു അർഥശൂന്യമായ റാലിയാണോയെന്നും നിങ്ങളാരും നമ്മുടെ പാർട്ടിക്ക് വോട്ട് ചെയ്യില്ലേയെന്നും വിജയ് ആരാഞ്ഞപ്പോൾ, വിജയ് വിജയ് എന്ന ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങളായിരുന്നു ജനക്കൂട്ടത്തിന്റെ പ്രതികരണം.
Movies
സിനിമയിൽ മാര്‍ക്കറ്റ് പോയപ്പോൾ രാഷ്ട്രീയത്തില്‍ ഇറങ്ങിയതല്ല താനെന്ന വിജയ്യുടെ വാക്കുകളോട് പ്രതികരിച്ച് ഉലകനായകൻ കമൽഹാസൻ. തന്റെ പേരുപറഞ്ഞാണോ വിജയ്യുടെ വിമര്‍ശനമെന്ന് കമല്ഹാസന് മാധ്യമങ്ങളോട് ചോദിച്ചു. വിലാസം ഇല്ലാത്ത കത്തിന് താൻ മറുപടി പറയണോയെന്നും അദ്ദേഹം ചോദിച്ചു.
‘‘ആരുടേയെങ്കിലും പേര് പറഞ്ഞിട്ടുണ്ടോ? വിലാസം ഇല്ലാത്ത കത്തിന് ഞാന്‍ മറുപടി പറയണോ? അവന് എനിക്ക് സഹോദരനാണ്’’എന്നും കമല്ഹാസന് കൂട്ടിച്ചേര്‍ത്തു.
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരമായ കമൽ ഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിലായിരുന്നു സത്യപ്രതിജ്ഞ. മക്കൾ നീതി മയ്യം പാർട്ടിയുടെ അധ്യക്ഷനായ കമൽ ഹാസൻ ഡിഎംകെ പിന്തുണയോടെയാണ് ആദ്യമായി പാർലമെന്റിലെത്തുന്നത്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം മത്സരിക്കാതിരുന്നതിനു പ്രത്യുപകാരമായാണ് ഡിഎംകെ തങ്ങളുടെ ഒരു രാജ്യസഭാ സീറ്റ് കമൽ ഹാസന് വിട്ടുനൽകിയത്. കമൽ ഹാസന് തങ്ങളുടെ രാജ്യസഭാസീറ്റ് വിട്ടുനൽകുന്നതിലൂടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്നാട്ടിലെ സഖ്യം വികസിപ്പിക്കാനാണ് ഡിഎംകെ ലക്ഷ്യമിടുന്നത്.
പി. വിൽസൻ, രാജാത്തി, എസ്.ആർ. ശിവലിംഗം എന്നിവരും ഇന്നലെ ഡിഎംകെയുടെ രാജ്യസഭാ എംപിമാരായി സത്യപ്രതിജ്ഞ ചെയ്തു.
National
ന്യൂഡൽഹി: കമൽഹാസൻ നായകനായ തമിഴ് സിനിമ "തഗ് ലൈഫ്’ സംസ്ഥാനത്തു റിലീസ് ചെയ്യാൻ സംരക്ഷണം ഒരുക്കാമെന്ന് കർണാടക സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. ഇതോടെ ബംഗളൂരു സ്വദേശി സമർപ്പിച്ച പൊതുതാത്പര്യ ഹർജി ജസ്റ്റീസുമാരായ ഉജ്ജൽ ഭൂയാൻ, മൻമോഹൻ എന്നിവരുടെ ബെഞ്ച് തീർപ്പാക്കി.
നിർമാതാക്കൾക്കു സിനിമ റിലീസ് ചെയ്യുന്നതിനുള്ള തടസം ഇതോടെ നീങ്ങി. കമൽഹാസന്റെ കന്നഡ വിരുദ്ധ പരാമർശത്തിന്റെ പേരിൽ സിനിമ റിലീസ് ചെയ്യുന്നത് ചില സംഘടനകൾ തടഞ്ഞിരുന്നു. തുടർന്നാണു വിഷയം സുപ്രീംകോടതിയിൽ എത്തിയത്. ഒരു പരാമർശത്തിന്റെ പേരിൽ സർഗാത്മക സൃഷ്ടികൾ നിർത്താൻ പറയുന്ന പ്രവണതകൾ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സമാനമായ നിലപാടായിരുന്നു കേസ് ആദ്യം പരിഗണിച്ചപ്പോഴും കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. നിഷ്ക്രിയത്വം കാണിച്ച സംസ്ഥാന സർക്കാരിനെയും കോടതി വിമർശിച്ചിരുന്നു.
എന്നാൽ സംരക്ഷണം ഏർപ്പെടുത്തുമെന്ന സംസ്ഥാനത്തിന്റെ നിലപാടിനെ കോടതി ഇന്നലെ അഭിനന്ദിച്ചു. അതേസമയം കോടതി ഉത്തരവ് ലഭിച്ചിട്ടും സിനിമ കർണാടകയിൽ റിലീസ് ചെയ്യാനാകില്ലെന്നാണു വിതരണക്കാർ വ്യക്തമാക്കുന്നത്. മറ്റു സിനിമകൾ എത്തിയതിനാൽ തിയേറ്ററുകളിലൊന്നിലും ഒഴിവില്ലാത്തതാണു കാരണം.