സ്റ്റൈൽ മന്നൻ രജനികാന്തിനെ നായകനാക്കി കമൽഹാസൻ നിർമിക്കുന്ന തലൈവർ 173- എന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. ധർമൻ- എന്നാണ് ചിത്രത്തിന്റെ പേര്! ചെന്നൈ നഗരത്തെ ഇളക്കിമറിച്ച പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ടൈറ്റിൽ പ്രഖ്യാപനം.
സൂപ്പർ സ്റ്റാറിന്റെ ആരാധകരും ചലച്ചിത്രലോകവുമൊന്നാകെ ആവേശത്തോടെയാണ് ടൈറ്റിൽ ഏറ്റെടുത്ത്. ടൈറ്റിൽ പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങൾ ആഘോഷിക്കുകയാണ്.
അനശ്ചിതത്വങ്ങൾക്കൊടുവിൽ, ഓ മൈ കടവുളേ, ഡ്രാഗൺ എന്നീ ചിത്രങ്ങളിലൂടെ തരംഗമായി മാറിയ യുവസംവിധായകൻ അശ്വത് മാരിമുത്തുവാണ് സംവിധായകനായി എത്തുന്നത്. ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത് ഉലകനായകൻ കമൽഹാസന്റെ വിഖ്യാത നിർമാണക്കമ്പനിയായ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ ആണ്. ചുരുക്കത്തിൽ, തമിഴകത്തെ രണ്ട് സിംഹങ്ങൾ വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് തിരുവിഴ ആണ് അരങ്ങേറുന്നത്.
ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വെറുമൊരു മാസ് ലുക്കല്ല ഇത്തവണ രജനികാന്തിനുള്ളത്. കോട്ട് ധരിച്ച് അതീവ സ്റ്റൈലിഷായ ഡോക്ടറുടെ ഗെറ്റപ്പിലാണ് തലൈവർ. പക്ഷേ, കൈയിലിരിക്കുന്നത് സ്റ്റെതസ്കോപ്പല്ല, ചോരയിറ്റുന്ന ഒരു സർജിക്കൽ ബ്ലേഡ്! പോരാത്തതിന് ഒരാളെ കൊലപ്പെടുത്തുന്ന രീതിയിലാണ് ആ നിൽപ്പും! ദി ഡെഡ്ലി ഡോക്ടർ - എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ. വില്ലന്മാർക്ക് ഓപ്പറേഷൻ തിയറ്ററിൽ തന്നെ നല്ല ഒന്നാന്തരം ചികിത്സ- കൊടുക്കുമെന്ന കാര്യത്തിൽ ആരാധകർക്ക് ഇപ്പോൾ തന്നെ ഉറപ്പായിട്ടുണ്ട്.
പേട്ട എന്ന സൂപ്പർഹിറ്റിനു ശേഷം സിമ്രാൻ വീണ്ടും തലൈവരുടെ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിൽ ഗ്ലാമർ താരം രാശി ഖന്നയും എത്തുന്നുണ്ട്. ഗംഭീരമായ ഒരു താരനിര തന്നെയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.
വ്യാഴാഴ്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിൽ ആരംഭിക്കും. ബോക്സ് ഓഫീസ് തൂത്തുവാരാൻ തയാറെടുക്കുന്ന ദി ഡെഡ്ലി ഡോക്ടർ വിശേഷങ്ങൾക്കായി കാത്തിരിക്കാം.
Tags : Rajinikanth Kamal Haasan The Deadly Doctor Dharman