ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മക്കൾ നീതി മയ്യം (എംഎൻഎം) മത്സരിക്കില്ലെന്ന് നടനും മക്കൾ നീതി മയ്യം പാർട്ടി നേതാവുമായ കമൽഹാസൻ. ഡിഎംകെയുടെ രണ്ട് സീറ്റ് ഓഫർ അംഗീകരിക്കാവുന്നതല്ലെന്നും ഡിഎംകെ ചിഹ്നത്തിൽ മത്സരിക്കണം എന്ന ആവശ്യവും വേദനാജനകമാണെന്നും കമൽഹാസൻ പറഞ്ഞു.
സീറ്റ് വിഭജന ചർച്ചയ്ക്ക് വിളിച്ച എല്ലാ ഘടകകക്ഷികൾക്കുമായി 66 സീറ്റുകളാണ് ഡിഎംകെ നൽകിയത്. ആകെ 234 മണ്ഡലങ്ങളാണ് തമിഴ്നാട്ടിലുള്ളത്. രണ്ട് സീറ്റാണ് മക്കൾ നീതി മയ്യം പാർട്ടിക്ക് ഡിഎംകെ വാഗ്ദാനം ചെയ്തിരുന്നത്. രണ്ട് സീറ്റിലും ഉദയസൂര്യൻ ചിഹ്നത്തിൽ മത്സരിക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ ടോർച്ച് ചിഹ്നത്തോട് പ്രവർത്തകർക്ക് വൈകാരിക അടുപ്പമാണ് ഉള്ളതെന്ന് കമൽഹാസൻ അഭിപ്രായപ്പെട്ടു.
ഡിഎംകെയുടെ നിലപാട് ന്യായീകരിക്കാവുന്നതാണ്. തമിഴ്നാടിന്റെ അവകാശങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നവർക്കെതിരായ പോരാട്ടത്തിനിടെ സ്വന്തം വിഹിതം ചോദിക്കുന്നത് ശരിയല്ല. ഡിഎംകെ സഖ്യത്തെ പൂര്‍ണമായി പിന്തുണയ്ക്കുമെന്നും കമൽഹാസൻ വ്യക്തമാക്കി.
മക്കൾ നീതി മയ്യം പാർട്ടി ഡിഎംകെ സഖ്യത്തിൽ എത്തിയ ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽനിന്നു എംഎൻഎം വിട്ടുനിൽക്കാൻ തീരുമാനിച്ചെങ്കിലും, ഭരണകക്ഷിയായ ഡിഎംകെയ്ക്ക് പിന്തുണ നൽകിയിരുന്നു. ഇതേതുടർന്നാണ് കമലഹാസന് ഡിഎംകെ രാജ്യസഭാ സീറ്റ് നൽകിയത്.
അതേസമയം കമൽഹാസന്റേത് ത്യാഗം തന്നെയെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിൻ പ്രതികരിച്ചു. നന്ദി പറയാൻ വാക്കുകൾ ഇല്ലെന്ന് പറഞ്ഞ സ്റ്റാലിൻ, സംസ്ഥാനം മുഴുവൻ പ്രചാരണം നടത്തണമെന്ന് കമലിനോട് അഭ്യർഥിച്ചു.
Tags : Makkal Neeti Mayyam Tamil Nadu Assembly elections Kamal Haasan