International
ന്യൂയോര്ക്ക്: ഹോര്മുസ് കടലിടുക്കില് ഇറാനെതിരേയുള്ള ഉപരോധത്തിനു തടസം നിന്നാല് ഒമാനെ ബോംബിട്ടു തകര്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ ഭീഷണി. ഫോക്സ് ന്യൂസിനു നല്കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ ഭീഷണി.
ഹോര്മുസിലെ കപ്പല് ഗതാഗതം നിയന്ത്രിക്കുന്നതു സംബന്ധിച്ചുള്ള കരാറിന് ഒമാനുമായി ചര്ച്ച നടത്തിവരികയാണെന്ന് ഇറാന് അറിയിച്ചിരുന്നു. ഇറാനും ഒമാനും ഇടയിലാണ് ഹോർമുസ് കടലിടുക്ക്.
International
ദുബായ്: ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് ഇറാനും ഒമാനും തമ്മിൽ നടത്തുന്ന ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തിയതായാണ് വിവരം. ഇറാനും ഒമാനും മാത്രം കൈകാര്യം ചെയ്യുന്ന താത്കാലിക ഗതാഗതപാത സംബന്ധിച്ച് ധാരണയിലെത്തിയെന്നാണ് ഇറാൻ അറിയിക്കുന്നത്.
അതേസമയം ഹോർമുസിൽ ഇറാന് മേൽക്കൈ അനുവദിക്കുന്ന ധാരണ അംഗീകരിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. കരാർ നടപ്പിലായേക്കാമെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ട് ദിവസത്തിനുള്ളിൽ ഒരു ധാരണയുണ്ടായേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹോർമുസിലൂടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനായി 'മിഡിൽ കോറിഡോർ' നടപ്പാക്കുന്നതിനെ കുറിച്ചാണ് ഇറാനും ഒമാനും ചർച്ച ചെയ്യുന്നത്.
എന്നാൽ അമേരിക്കയുടെ ഇടപെടലാണ് കരാർ വൈകുന്നതിന് പ്രധാന കാരണമെന്ന് ഇറാൻ കുറ്റപ്പെടുത്തി. ചർച്ച പുരോഗമിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞു.
International
റിയാദ്: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി ഒമാനും ഇറാനും തമ്മിലുണ്ടാക്കുന്ന കരാറിൽ ഇറാനു മേൽക്കൈ ഉണ്ടാകുമെന്ന് സൂചന. ഹോർമുസ് വഴി ഗൾഫിലേക്കു പ്രവേശിക്കുന്ന ചരക്കുകപ്പലുകളുടെ നിയന്ത്രണം ഇറാനു നല്കുന്ന കരാറാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് ചില ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇതിനു പുറമേ, ഹോർമുസ് തുറക്കാനുള്ള കരാർ ഉടനുണ്ടാകുമെന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം നടക്കാൻ സാധ്യതയില്ലാത്ത കാര്യമാണെന്നും ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചു. കരാറിലെ സുപ്രധാന വ്യവസ്ഥകളിൽ ഇപ്പോഴും ഒത്തുതീർപ്പായിട്ടില്ലത്രേ.
ചരക്കുകപ്പലുകളുടെ നിയന്ത്രണം ഏതു രീതിയിൽ വേണം എന്നതടക്കമുള്ള കാര്യങ്ങളിലാണ് തീരുമാനമാകാനുള്ളത്. പ്രാദേശിക രാജ്യങ്ങളുടെ മേൽനോട്ടം വേണമെന്ന് ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്.
ഹോർമുസ് കടക്കാൻ ഫീസ് ചുമത്തണമോ എന്നുള്ളതാണ് തർക്കത്തിലുള്ള മറ്റൊരു വിഷയം. ഫീസിന് നിർബന്ധിക്കരുതെന്നും സ്വമേധയാ നല്കാൻ കപ്പലുടമകളെ അനുവദിക്കണമെന്നും ഗൾഫ് രാജ്യങ്ങൾ നിർദേശിച്ചിട്ടുണ്ട്.
കപ്പലുകളിലെ ചരക്കു മൂല്യത്തിന്റെ അഞ്ചു മുതൽ ഏഴു വരെ ശതമാനം ഫീസായി ഈടാക്കണമെന്നാണ് ഇറാന്റെ ആവശ്യം. ഹോർമുസിന്റെ മറുകരയിലുള്ള ഒമാൻ മൂന്നു ശതമാനം ഫീസ് മതിയെന്നു പറയുന്നു. അമേരിക്കയാകട്ടെ ഫീസ് പാടില്ലെന്ന വാദത്തിലാണ്.
ഹോർമുസ് കരാറിന്റെ വിശദാംശങ്ങൾ പുറത്തുവന്നതിൽ പ്രതികരിക്കാൻ അമേരിക്ക തയാറായില്ലെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നത്. ഹോർമുസ് വിഷയത്തിൽ ഇറാനും അമേരിക്കയും തമ്മിൽ നേരിട്ടു ചർച്ച നടക്കുന്നില്ലെന്നും പറയുന്നു.
അതേസമയം, ഹോർമുസിൽ ഇറാനു മേൽക്കൈ നല്കുന്ന കരാർ അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ പരാജയമായി വിലയിരുത്തപ്പെടാം. ട്രംപ് ഇറാനെ ആക്രമിക്കുന്നതിന് മുന്പ് ഹോർമുസിൽ കപ്പലുകൾക്ക് നിയന്ത്രണമോ ഫീസോ ഇല്ലായിരുന്നു.
ചെങ്കടലിൽ ആക്രമണം
ഇതിനിടെ ഇന്നലെ ചെങ്കടലിലൂടെ പോയ സൗദി ടാങ്കർ ആക്രമിച്ചതായി യെമനിലെ ഹൂതികൾ അറിയിച്ചു. ഇതേത്തുടർന്ന് അന്താരാഷ്്ട്ര വിപണിയിൽ എണ്ണവില ചെറുതായി ഉയർന്നു.
ചൊവ്വാഴ്ച യെമൻ തീരത്തുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ കപ്പൽ മുങ്ങിയിരുന്നു. കപ്പലിലെ 14 ജീവനക്കാരിൽ 13ഉം ഇന്ത്യക്കാരായിരുന്നു. എല്ലാവരെയും രക്ഷപ്പെടുത്തി.
International
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പലിന് നേർക്ക് അജ്ഞാത വസ്തു പതിച്ചു. ഒമാനിലെ ലിമയ്ക്ക് വടക്കുകിഴക്കായി ഏകദേശം 11 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് സംഭവം നടന്നത്.
ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ റൂമിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും തുടർന്ന് കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പരിസ്ഥിതി മലിനീകരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യുകെഎംടിഒ വ്യക്തമാക്കി.
വിവരമറിയിച്ചതിനെ തുടർന്ന് പ്രാദേശിക കോസ്റ്റ് ഗാർഡ് അധികൃതർ സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ മേഖലയിലൂടെ സഞ്ചരിക്കുന്ന മറ്റ് കപ്പലുകൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്നും അധികൃതർ നിർദേശം നൽകി.
Kerala
ഒമാൻ: സലാലയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കണ്ണുർ താഴെചൊവ്വ ഇളയാവൂർ സീബ് മൻസിലിൽ മുഹമ്മദ് ഷാനിദിന്റെ ഭാര്യ താഴെചൊവ്വ തിലന്നൂർ ബർഷമഹലിൽ ഫാത്തിമത്ത് ഷാനയാണ് (24) മരിച്ചത്.
ഭർത്താവ് മുഹമ്മദ് ഷാനിദിനെയും (31) കൂടെ യാത്ര ചെയ്ത മുഹമ്മദ് അനസ് പൂളക്കലിനെയും (26) പരിക്കുകളോടെ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈമയിൽ സൈൻ ബോർഡ് ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം.
കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നാണ് വിവരം. മസ്കത്തിലെ സീബിൽ ഫാൽക്കൺ ഗ്രാഫിക്സ്’ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് മുഹമ്മദ് ഷാനിദും മുഹമ്മദ് അനസും. അടുത്തിടെയാണ് ഫാത്തിമത്ത് ഷാന വിസിറ്റിംഗ് വിസയിൽ ഒമാനിലെത്തിയത്.
NRI
മസ്കറ്റ്: ഒമാനിൽ ഫ്ലാറ്റിനുമുകളിൽ നിന്നു വീണ് നാലുവയസുകാരി മരിച്ചു. വടക്കാഞ്ചേരി തളിപിലാക്കോട് സ്വദേശി ശങ്കരത്ത് പ്രതീപ് - ദിവ്യ ദമ്പതികളുടെ മകൾ ദക്ഷ ആണ് മരിച്ചത്.
കഴിഞ്ഞദിവസം ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി താഴെ വീഴുകയായിരുന്നു.
പിതാവ് ജോലി ചെയ്യുന്ന ഒമാനിൽ സന്ദർശന വിസയിൽ അമ്മയോടൊപ്പം രണ്ടാഴ്ചമുന്നേയാണ് ഒമാനിലേക്ക് പോയത്. വരവൂർ എൽപി സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്.
Kerala
വടക്കാഞ്ചേരി: ഒമാനിൽ ഫ്ലാറ്റിനുമുകളിൽ നിന്നു വീണ് നാലുവയസുകാരി മരിച്ചു. തളിപിലാക്കോട് സ്വദേശി ശങ്കരത്ത് പ്രതീപ് - ദിവ്യ ദമ്പതികളുടെ മകൾ ദക്ഷ ആണ് മരിച്ചത്.
കഴിഞ്ഞദിവസം ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി താഴെ വീഴുകയായിരുന്നു.
പിതാവ് ജോലി ചെയ്യുന്ന ഒമാനിൽ സന്ദർശന വിസയിൽ അമ്മയോടൊപ്പം രണ്ടാഴ്ചമുന്നേയാണ് ഒമാനിലേക്ക് പോയത്. വരവൂർ എൽപി സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്.
International
ഇസ്താംബുൾ: ഇറാൻ-അമേരിക്ക ധാരണയ്ക്ക് പിന്നാലെ ഒമാൻ തീരത്ത് വീണ്ടും ചരക്ക് കപ്പലിന് നേരെ ആക്രമണം. ഒമാൻ തുറന്ന സുരക്ഷിത നാവിക പാതയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച ഒമാന്റെ തെക്കുകിഴക്കൻ മേഖലയിലാണ് സംഭവം.
ചരക്കുകപ്പലിന് നേരെ അജ്ഞാത വസ്തു ഉപയോഗിച്ച് ആക്രമണം ഉണ്ടായതായി ബ്രിട്ടന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ഓർഗനൈസേഷൻ അറിയിച്ചു. ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ ഭാഗത്ത് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.
ഒമാനിലെ ദാഹിത് തീരത്തുനിന്ന് ഏകദേശം 7.5 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പരിസ്ഥിതിക്ക് ദോഷകരമായ എണ്ണച്ചോർച്ചയോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
Kerala
കൊല്ലം: കൊല്ലം സ്വദേശിയായ പ്രവാസി ഒമാനിൽ മരിച്ച നിലയിൽ. ചാത്തന്നൂർ മീനാട് നെടുങ്ങോലം കുഞ്ഞൻ പിള്ള മന്ദിരത്തിൽ രാമഭദ്രൻ (56) ആണ് മരിച്ചത്. വെള്ളിയാഴ്ച മുതൽ രാമഭദ്രനെ താമസസ്ഥലത്തുനിന്ന് കാണാതായിരുന്നു.
രണ്ടു ദിവസമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഞായറാഴ്ച ആർഒപിയിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമൈലിലെ സെൻട്രൽ ജയിലിലേക്ക് പോകുന്ന വഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. 15 വർഷമായി സമൈലിലെ ലിസൂക്കിൽ ഓട്ടോമൊബൈൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു രാമദദ്രൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.
NRI
സലാല: ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി സലാലയിൽ അന്തരിച്ചു. കൊല്ലം മീനമ്പലം പുത്തൻകുളം സ്വദേശി മാവില വീട്ടിൽ പ്രവീൺ സുഗുണൻ (40) ആണ് മരിച്ചത്.
താമസ സ്ഥലത്ത് ഉച്ചവിശ്രമത്തിന് കിടന്ന ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി സ്വകാര്യ കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
International
മസ്കറ്റ്: ഒമാനിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം. ഷിനാസ് തുറമുഖത്തിന് ഏതാനും നോട്ടിക്കൽ മൈൽ അകലെയാണ കപ്പലിന് നേരെ ആക്രമണമുണ്ടായത്. ഇന്ത്യൻ നാവികർ ഉൾപ്പെട്ട കപ്പലിന് നേരെയാണ് ആക്രമുണ്ടായതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
20 ഇന്ത്യക്കാരെങ്കിലും കപ്പലിൽ ഉണ്ടായിരുന്നെന്നാണ് സൂചന. ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
ഒമാൻ കടലിടുക്കിൽ മൂന്ന് ദിവസത്തിനിടെ രണ്ട് വാണിജ്യ കപ്പലുകൾക്ക് നേരെ യുഎസ് സൈന്യം നടത്തിയ മിസൈൽ ആക്രമണം ആഗോളതലത്തിലും ഇന്ത്യയിലും വലിയ നയതന്ത്ര പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ഈ രണ്ട് കപ്പലുകളിലുമായി 48 ഇന്ത്യൻ ജീവനക്കാരാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ മരിച്ചതായും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.
National
ന്യൂഡൽഹി: ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ അമേരിക്കയോട് ശക്തമായ നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. വാണിജ്യ കപ്പലായ 'സെറ്റബെല്ലോ' ആണ് ആക്രമിക്കപ്പെട്ടത്.
സൊഹാർ തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെ ആയിരുന്നു ആക്രമണം. പലാവു പതാകയുള്ള ഇന്ധനടാങ്കറിൽ ഉണ്ടായിരുന്ന 28 ജീവനക്കാരിൽ 24 പേരും ഇന്ത്യക്കാരായിരുന്നു. ജീവനക്കാരിൽ 21 പേരെ കണ്ടെത്തി രക്ഷപ്പെടുത്തിയിരുന്നു.
എന്നാൽ മൂന്ന് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി നാഗരാജ് നായിഡു അമേരിക്കൻ ചാർജ് ഡി അഫയേഴ്സ് ജേസൺ മീക്സിനെ വിളിച്ചുവരുത്തി നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തിയത്.
കാണാതായ മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. മേഖലയിലെ ചരക്ക് ഗതാഗതത്തിന് നേരെയുള്ള ആക്രമണങ്ങൾ തീർത്തും ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയസ്വാൾ പ്രതികരിച്ചു.
National
ന്യൂഡൽഹി: ഒമാൻ തീരത്ത് 24 ഇന്ത്യക്കാരുമായി പോയ വിദേശ എണ്ണക്കപ്പലിന് തീപിടിച്ചു. മാരിവെക്സ് എന്ന മാഡഗാസ്കർ പതാകയേന്തിയ വിദേശ ഓയിൽ ടാങ്കറിലാണ് സംഭവം.
കപ്പൽ ഇന്ത്യയിലെ കർവാറിൽ നിന്നും ഒമാനിലെ ദുഖ്മിലേക്ക് പോവുകയായിരുന്നു. അപകടസമയത്ത് ചരക്കുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് ഇന്ത്യൻ എംബസി കൃത്യമായ വിവരങ്ങൾ തേടിയിട്ടുണ്ട്.
കപ്പലപകടത്തെക്കുറിച്ച് ഇന്ത്യൻ എംബസിക്ക് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ജീവനക്കാരുടെ രക്ഷാപ്രവർത്തനങ്ങൾക്കും സുരക്ഷയ്ക്കുമായി ഒമാൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഒമാനിലെ ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു.
Kerala
മസ്കറ്റ്: പ്രവാസി മലയാളിയെ ഒമാനിലെ ഇസ്കിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ എടക്കാട് കെഇയുപി സ്കൂളിന് സമീപം പടിക്കൽ വീട്ടിൽ ജനാർദനൻ- നിർമല ദമ്പതികളുടെ മകൻ ജിജേഷ് (49) ആണ് മരിച്ചത്.
താമസസ്ഥലത്തെ കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ:ദിഷിന. മകൾ: തന്മയ. സഹോദരങ്ങൾ: നിജേഷ്, ഷിജേഷ്
National
ന്യൂഡൽഹി: മസ്കറ്റ് വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടതിനെക്കുറിച്ച് ഒമാൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോ (ഒടിഎസ്ബി) അന്വേഷണം തുടങ്ങി. കഴിഞ്ഞ 15 നുണ്ടായ അപകടകത്തിൽ റൺവേയുടെ പുറത്തെ ലൈറ്റുകൾക്ക് കേടുപാട് പറ്റിയിരുന്നു.
കണ്ണൂരിലേക്കുള്ള ബോയിംഗ് 737 800 എൻജി വിമാനം കഴിഞ്ഞ 15നാണ് അപകടത്തിൽപ്പെട്ടത്. പിന്നീട് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ അയക്കുകയായിരുന്നു.
NRI
മസ്കറ്റ്: ഒമാനിൽ കാറിനുള്ളിൽ ബംഗ്ലാദേശ് സ്വദേശികളായ നാല് സഹോദരങ്ങളെ മരിച്ചനിലയില് കണ്ടെത്തി. ബാതിന മേഖലയിലെ മുസന്നയിലെ മുലദ്ദയിൽ സംഭവം.
ബംഗ്ലാദേശിലെ ചട്ടോഗ്രാം ജില്ലയിലുള്ള രംഗുനിയ സ്വദേശികളായ മുഹമ്മദ് റാഷിദ് (35), മുഹമ്മദ് ഷഹദ് (32), മുഹമ്മദ് സിറാജ് (27), മുഹമ്മദ് ഷാഹിദ് (24) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം പുറത്തറിഞ്ഞത്. മരിച്ചവരില് ഒരാള് നിസ്വയിലും ഒരാള് സുവൈഖിലും മറ്റ് രണ്ടുപേര് മുലദ്ദയിലുമാണ് താമസിച്ചിരുന്നത്.
മരിച്ചവരില് രണ്ട് പേർ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. സംഭവദിവസം ഷോപ്പിംഗിനായി കാറില് പുറത്തുപോയതായിരുന്നു നാലുപേരും.
മരണ കാരണം വ്യക്തമല്ല. സംഭവത്തില് അന്വേഷണം ആരംഭിച്ചു.
International
മസ്കറ്റ്: ഒമാൻ തീരത്തോട് ചേർന്ന് ഇന്ത്യൻ ചരക്ക് കപ്പലിന് നേരെ ആക്രമണം. ബുധനാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഒമാൻ തീരത്ത് ചരക്ക് കപ്പൽ മുങ്ങി. ഗുജറാത്തിൽ നിന്നുള്ള 'ഹാജി അലി' എന്ന കപ്പലാണ് ആക്രമണത്തിൽ മുങ്ങിയത്.
പുലർച്ചെ 3:30 ഓടെ ഒമാന്റെ വടക്കൻ തീരത്തുള്ള ലിമയ്ക്ക് സമീപമായിരുന്നു ഇന്ത്യൻ പതാക വഹിച്ച കപ്പലിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തെ തുടർന്ന് കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ നാവികരെയും ഒമാൻ അധികൃതർ രക്ഷപ്പെടുത്തി.
ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ സലായ തുറമുഖത്ത് രജിസ്റ്റർ ചെയ്തതാണ് ആക്രമണത്തിനിരയായ കപ്പൽ. സോമാലിയയിൽ നിന്ന് ഷാർജയിലേക്ക് കന്നുകാലികളുമായി പോവുകയായിരുന്നു ഹാജി അലി.
ഒമാൻ തീരത്തിന് സമീപത്ത് വച്ച് അജ്ഞാത വസ്തു കപ്പലിൽ വന്നിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഡ്രോണോ മിസൈലോ ഉപയോഗിച്ചുള്ള ആക്രമണമാകാം ഇതെന്നാണ് പ്രാഥമിക നിഗമനം. ഒമാൻ കോസ്റ്റ് ഗാർഡ് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തിയത്.
കപ്പൽ ഉടമ സുൽത്താൻ അഹമ്മദ് സംഗർ നാവികർ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന കന്നുകാലികളെല്ലാം ചത്തു. സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
International
മസ്കറ്റ്: ജിസിസി മേഖലയിലെ പ്രധാന ലോജിസ്റ്റിക്സ് ഹബ്ബായി ഒമാന് വേഗത്തില് വളര്ന്നുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യന് ബിസിനസുകള്ക്ക് വന് സാധ്യതകളാണ് തുറന്നുകിടക്കുന്നതെന്നും ഒമാനിലെ ഇന്ത്യൻ അംബാസഡര് ജി.വി. ശ്രീനിവാസ്.
"ജിസിസി രാജ്യങ്ങളിലെ ലോജിസ്റ്റിക്സ് അവസരങ്ങള് ഒമാന് വഴി’എന്ന വിഷയത്തില് ഇന്തോ- ഗള്ഫ് ആൻഡ് മിഡില് ഈസ്റ്റ് ചേംബര് ഓഫ് കൊമേഴ്സ് (ഇന്മെക്), ഒമാന് ചേംബര് ഓഫ് കൊമേഴ്സ് ആൻഡ് ഇന്ഡസ്ട്രിയുമായി ചേര്ന്നു സംഘടിപ്പിച്ച വെബിനാറില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും ഒമാനും തമ്മിലുള്ള ശക്തവും ചരിത്രപരവുമായ ബന്ധം വ്യാപാരം, ലോജിസ്റ്റിക്സ്, അടിസ്ഥാനസൗകര്യ വികസനം, നിര്മാണം, നിക്ഷേപം എന്നീ മേഖലകളില് കൂടുതല് വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്ന് ശ്രീനിവാസ് കൂട്ടിച്ചേര്ത്തു.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തങ്ങൾ ഉപരോധിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ കടുത്ത മറുപടിയുമായി ഇറാൻ രംഗത്ത്. ഇറാന്റെ ഏതെങ്കിലും തുറമുഖങ്ങളുടെ സുരക്ഷ ഭീഷണിയിലായാൽ ഗൾഫിലെ മുഴുവൻ തുറമുഖങ്ങളുടെയും സുരക്ഷ ഭീഷണിയാലായിരിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
ഒന്നുകിൽ എല്ലാവർക്കും,അല്ലെങ്കിൽ ആർക്കും വേണ്ട എന്നതാണ് തങ്ങളുടെ നിലപാടെന്നും ഇറാൻ റവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. മേഖലയിലെ തുറമുഖങ്ങളുടെ സുരക്ഷ ഒരു പൊതുവിഷയമാണ്. ഗൾഫിലെയും ഒമാൻ കടലിലെയും ഒരു തുറമുഖവും സുരക്ഷിതമായിരിക്കുമെന്ന് കരുതേണ്ട.
ഇതിനു പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കാൻ "സ്ഥിരമായ ഒരു സംവിധാനം" ഏർപ്പെടുത്തിയതായും ഐആർജിസി അറിയിച്ചു. ശത്രുരാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകളെ ഈ വഴി കടന്നുപോകാൻ അനുവദിക്കില്ല. അതേസമയം, ഇറേനിയൻ തുറമുഖങ്ങളുമായി വ്യാപാരം നടത്തുന്ന എല്ലാ കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പ്രഖ്യാപിച്ചു. എന്നാൽ, ഇറേനിയൻ ഇതര തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകളെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിൽനിന്നു തടയില്ലെന്നും അവർ വ്യക്തമാക്കി.
മേഖലയിലെ വ്യാപാരത്തെയും സുരക്ഷയെയും ബാധിക്കുന്ന വളരെ നിർണായകമായ സംഭവവികാസങ്ങളാണ് മേഖലയിൽ അരങ്ങേറുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ നീക്കങ്ങൾ ആഗോള എണ്ണ വിപണിയെയും ബാധിക്കാൻ സാധ്യതയുണ്ട്.
ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, അമേരിക്കയിലെ ഇന്ധനവില വർധനയെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫും രംഗത്തുവന്നിരുന്നു.
ഇപ്പോഴത്തെ ഇന്ധനവില ഭാവിയിൽ അമേരിക്കക്കാർക്ക് "മധുരമുള്ള ഓർമ'' മാത്രമായി മാറുമെന്നും ഘാലിബാഫ് പരിഹസിച്ചു. അമേരിക്കയിലെ ഇപ്പോഴത്തെ പെട്രോൾ വിലയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ഘാലിബാഫ് എക്സിലൂടെ പ്രതികരണം നടത്തിയത്.
ഇപ്പോഴത്തെ വിലയിൽ സന്തോഷിച്ചോളു. ഉപരോധം വരുന്നതോടെ 4-5 ഡോളറിന് ഇന്ധനം കിട്ടിയിരുന്ന കാലം ഓർമ മാത്രമാകും- ഇറാൻ സ്പീക്കർ കുറിച്ചു. എണ്ണവിലയിലെ വർധന ലളിതമായ ഒന്നല്ലെന്നും അത് ആവർത്തിച്ചുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സൂചിപ്പിക്കാൻ ഒരു ഗണിതശാസ്ത്ര സമവാക്യവും അദ്ദേഹം പോസ്റ്റിനൊപ്പം ചേർത്തു.
ഉപരോധ പ്രഖ്യാപനത്തിനു പിന്നാലെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് എണ്ണവില എട്ട് ശതമാനം വർധിച്ച് ബാരലിന് 104.50 ഡോളറിലെത്തി. രാജ്യാന്തര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് ഏഴ് ശതമാനം വർധിച്ച് 102 ഡോളറിലെത്തിയിട്ടുണ്ട്. ഈ സാഹചര്യം ഏഷ്യൻ ഓഹരി വിപണികളിലും ഇടിവുണ്ടാക്കാൻ കാരണമായി.
International
മസ്കറ്റ്: ഒമാനിലുണ്ടായ പ്രളയത്തിൽ കാണാതായ പാലക്കാട് സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി. തൃത്താല സ്വദേശി മുഹമ്മദ്കുട്ടിയുടെ ഭാര്യ റംലത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ മകൻ തച്ചറത്തൊടിയിൽ യൂസഫ് (38) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇയാളുടെ മൃതദേഹം ഒമാനിൽ തന്നെ ഖബറടക്കും.
കഴിഞ്ഞ ദിവസം ഒമാനിലെ തെക്കൻ ബാത്തിന ഗവർണേറ്റിൽ ഉണ്ടായ പ്രളയത്തിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽപ്പെട്ടായിരുന്നു അപകടം ഉണ്ടായത്.
ഒമാന്റെ വിവിധ പ്രദേശങ്ങളിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ മുന്നറിയിപ്പുകൾ നൽകി കഴിഞ്ഞു. താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ തന്നെയാണ്.
NRI
ബർക: ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ മിന്നൽപ്രളയത്തെത്തുടർന്നുണ്ടായ കുത്തൊഴുക്കിൽപ്പെട്ട് രണ്ടുപേർ മരിച്ചു. ഒരാളെ കാണാതായി. ശനിയാഴ്ച രാത്രി എട്ടോടെയാണ് അപകടം.
തൃത്താല സ്വദേശികളായ ലുബിഷാദ്, സുഹൃത്ത് യൂസഫ് എന്നിവരുടെ കുടുംബങ്ങൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ലുബിഷാദിന്റെ ഭാര്യ ഷാമില (32), യൂസഫ് (37) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
യൂസഫിന്റെ മാതാവ് റംലത്തിനു വേണ്ടി തെരച്ചിൽ തുടരുകയാണ്. അപകടം നടന്ന സ്ഥലത്തുനിന്ന് രണ്ടു കിലോമീറ്ററോളം അപ്പുറത്തുനിന്നാണ് ഇവർ സഞ്ചരിച്ച വാഹനം കണ്ടെത്തിയത്.
ലുബിഷാദും മക്കളും അടക്കം ആറുപേർ രക്ഷപ്പെട്ടു. ബർകയിലെ സൂകിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി തിരിച്ചുവരുന്ന വഴി സൂക്കിന്റെ ഉൾഭാഗത്തുള്ള കനാലിൽ വാഹനം അകപ്പെടുകയായിരുന്നു.
മസ്കറ്റിലെ സീബിൽ സൈക്കിൾ ഷോപ് നടത്തുകയാണ് ലുബിഷാദ്.മൃതദേഹങ്ങൾ ബർക സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
അതേസമയം, ബര്ക്കയോടു ചേര്ന്നുള്ള മബേല വിലായത്തില് ഒരു വാഹനം വാദിയില് ഒഴുക്കില്പ്പെട്ട് രണ്ടുപേര്കൂടി മരിച്ചു. പ്രളയബാധിതപ്രദേശങ്ങളില് സിവില് ഡിഫന്സ് ആന്ഡ് ആംബുലന്സ് അഥോറിറ്റിയുടെയും റോയല് ഒമാന് പോലീസിന്റെയും നേതൃത്വത്തില് ഞായറാഴ്ച രാവിലെയും രക്ഷാപ്രവര്ത്തനം തുടരുകയാണ്.
കനത്ത മഴയെത്തുടര്ന്ന് മസ്കറ്റിലെ പ്രധാന വാണിജ്യകേന്ദ്രമായ ഖുറം ഉള്പ്പെടെയുള്ള പ്രദേശങ്ങള് പൂര്ണമായും വെള്ളത്തിനടിയിലാണ്. മഴ തുടരുന്ന സാഹചര്യത്തില് മസ്കറ്റിലെ അമറാത്ത്ബൗഷര് മലമ്പാത താത്കാലികമായി അടച്ചു.
ശനിയാഴ്ച രാത്രിയില് ഒമാനിലെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും വ്യാപക നാശമുണ്ടായതായി റിപ്പോര്ട്ടുണ്ട്. വിവിധ സ്ഥലങ്ങളിലായി ഒഴുക്കില്പ്പെട്ട 35 പേരെയും വീടുകള്ക്കുള്ളില് കുടുങ്ങിയ നിരവധി പേരെയും രക്ഷപ്പെടുത്തിയതായി അധികൃതര് അറിയിച്ചു.
ഒമാനില് പ്രളയക്കെടുതിയില് അകപ്പെട്ട മലയാളികളെ സഹായിക്കാനായി കേന്ദ്രസര്ക്കാരിന്റെ അടിയന്തര ഇടപെടല് തേടി പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
Kerala
മസ്കറ്റ്: ഒമാനില് ഉപേക്ഷിക്കപ്പെട്ട മണ്ണ് നിര്മിതമായ കെട്ടിടം തകര്ന്ന് നാലു കുട്ടികള് മരിച്ചു. മൂന്ന് കുട്ടികള്ക്ക് പരിക്കേറ്റു. റുസ്ഖത് വിലായത്തില് ആണ് സംഭവം.
കുട്ടികള് ഇവിടെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് പഴയ കെട്ടിടമായിരുന്നു. അതേസമയം ഒമാനില് മഴക്കെടുതിയില് മരണം ഒന്പത് ആയി.
മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികളും മരിച്ചു. തൃത്താല സ്വദേശികളായ യൂസഫ്, ഷംല എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന റംല എന്ന സ്ത്രീയെ പ്രളയത്തിൽ കാണാതായി. ഒമാനിലെ അൽ ബാത്തിന ഗവർണറേറ്റിൽ ശനിയാഴ്ചയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം പെട്ടെന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.
International
മസ്കറ്റ്: ഒമാനിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു. തൃത്താല സ്വദേശികളായ യൂസഫ്, ഷംല എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന റംല എന്ന സ്ത്രീയെ പ്രളയത്തിൽ കാണാതായി. ഒമാനിലെ അൽ ബാത്തിന ഗവർണറേറ്റിൽ ശനിയാഴ്ചയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം പെട്ടെന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.
ശക്തമായ മഴയെത്തുടർന്ന് വാഹനം ഒഴുക്കിൽപ്പെട്ടാണ് അപകടമുണ്ടായത്. മരിച്ചവർ പാലക്കാട് തൃത്താല സ്വദേശികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായ റംലയ്ക്കായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഒമാൻ അധികൃതരുമായി ഏകോപനം നടത്തി തിരച്ചിൽ ശക്തമാക്കണമെന്നും ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
International
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സ് അക്കൗണ്ടിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്.
മേഖലയിൽ സമാധാനവും സുസ്ഥിരതയും തിരികെ കൊണ്ടുവരുന്നതിന് ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കും മുൻഗണന നൽകണമെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. ഒമാൻ ജനതയ്ക്ക് പ്രധാനമന്ത്രി പെരുന്നാൾ ആശംസകളും നേർന്നു.
ഒമാന്റെ പരമാധികാരത്തിന് മേലുണ്ടായ കടന്നുകയറ്റത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതമായ മടങ്ങിവരവ് ഉറപ്പാക്കാൻ ഒമാൻ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിക്കാനും പ്രധാനമന്ത്രി മറന്നില്ല.
National
ന്യൂഡൽഹി: ഇന്ത്യൻ ചരക്ക് കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ ഇന്ത്യൻ നാവികസേന യുദ്ധക്കപ്പലുകൾ ഒമാൻ ഉൾക്കടലിൽ നിലയുറപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പേർഷ്യൻ ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ ചരക്ക് കപ്പലുകൾക്ക് അകമ്പടി സേവിക്കാനാണ് ഇവയെ വിന്യസിച്ചിരിക്കുന്നത്.
ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള ഇന്ധന വിതരണം തടസപ്പെടാതിരിക്കാനും ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുന്നത് ഒഴിവാക്കാനുമാണ് ഈ അടിയന്തര നടപടി. നിലവിൽ മൂന്ന് യുദ്ധക്കപ്പലുകലാണ് ഒമാൻ ഉൾക്കടലിൽ നിലയുറപ്പിച്ചിട്ടുള്ളത്.
ഇന്ത്യൻ പതാക വഹിച്ചുള്ള ‘ശിവാലിക്', ‘നന്ദാദേവി' എന്നീ എൽപിജി ചരക്ക് കപ്പലുകൾ കഴിഞ്ഞ ദിവസം നാവികസേന യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെ സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് പിന്നിട്ടിരുന്നു. ഈ കപ്പലുകൾ വരും ദിവസങ്ങളിൽ ഗുജറാത്തിലെ മുന്ദ്ര, കണ്ട്ല തുറമുഖങ്ങളിൽ എത്തും.
ഫെബ്രുവരി 28ന് സംഘർഷം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇന്ത്യൻ കപ്പലുകൾ നാവികസേനയുടെ നേരിട്ടുള്ള സുരക്ഷയിൽ ഈ കടൽപ്പാതയിലൂടെ യാത്ര ചെയ്യുന്നത്. നിലവിൽ പേർഷ്യൻ ഗൾഫ് മേഖലയിൽ നിരവധി ഇന്ത്യൻ കപ്പലുകൾ ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഏകദേശം 23,000 ഇന്ത്യൻ നാവികർ വിവിധ കപ്പലുകളിലായി ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇറാനിയൻ അധികൃതരുമായി ചർച്ചകൾ നടത്തിവരികയാണ്. സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ ഇന്ത്യൻ കപ്പലുകൾക്ക് ‘ഓപ്പറേഷൻ സങ്കൽപ്പിന്റെ' ഭാഗമായി തുടർന്നും നാവികസേനയുടെ അകമ്പടി നൽകാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.
International
ദുബായ്: രണ്ടാഴ്ച പിന്നിട്ട പശ്ചിമേഷ്യൻ യുദ്ധത്തിനു യാതൊരു ശമനവുമില്ല. ഇന്നലെ ഒമാനില് ഇറാന്റെ ഡ്രോണ് ആക്രമണത്തില് രണ്ട് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. പത്ത് ഇന്ത്യക്കാരടക്കം 11 പേര്ക്കു പരിക്കേറ്റു.
അല്-അവാഹി വ്യവസായ മേഖലയിലായിരുന്നു ആക്രമണം. മസ്കറ്റിനു സമീപം സോഹര് നഗരത്തിലായിരുന്നു ആക്രമണമെന്ന് വിദേശകാര്യ മന്ത്രാലയം അഡീഷണല് സെക്രട്ടറി (ഗള്ഫ് ഡിവിഷന്) അസീം മഹാജന് അറിയിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല.
ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനനയ്ക്കു ഗുരുതരമായി പരിക്കേറ്റെന്നും വികൃതമാക്കപ്പെട്ടെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. യുദ്ധത്തിന്റെ ആരംഭത്തിൽത്തന്നെ മുജ്തബയ്ക്ക് പരിക്കേറ്റെന്നാണ് ഇസ്രയേൽ സംശയിക്കുന്നത്.
വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യാഴാഴ്ച രാത്രി ഇറേനിയൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരാഗ്ചിയുമായി ടെലിഫോണിൽ ചർച്ച നടത്തി. യുദ്ധം ആരംഭിച്ചശേഷം നാലാം തവണയാണ് ഇരുവരും ചർച്ച നടത്തിയത്.
ഹോർമുസ് കടലിടുക്കിലുള്ള 27 ചരക്കുകപ്പലുകളുടെ സുരക്ഷിതയാത്ര സംബന്ധിച്ച് ചർച്ച നടന്നു. ഹോര്മുസ് കടലിടുക്കിന്റെ പടിഞ്ഞാറ് ഇന്ത്യന് പതാക വഹിക്കുന്ന 24 കപ്പലുകളും കിഴക്കുഭാഗത്ത് മൂന്നു കപ്പലുകളുമുണ്ട്.
വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറേനിയന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ടെലിഫോണില് ചര്ച്ച നടത്തിയിരുന്നു.
ടെഹ്റാനിൽ ഇന്നലെ ഇസ്രയേൽ, അമേരിക്ക വിരുദ്ധ റാലിയുമായി ആയിരക്കണക്കിനു പേർ ഒത്തുചേർന്ന സ്ഥലത്ത് വൻ സ്ഫോടനമുണ്ടായി.
യുദ്ധം ആരംഭിച്ചശേഷം ഇറാനിൽ 15,000 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അമേരിക്ക അറിയിച്ചു. ഇറാനിലേക്കും ലബനനിലേക്കും ഇസ്രയേൽ ആക്രമണം കടുപ്പിച്ചു.
ഗൾഫ് മേഖലയിലെ മറ്റു രാജ്യങ്ങളിലേക്കും ഇറാന്റെ ആക്രമണം തുടരുകയാണ്. ഇറാൻ തൊടുത്ത 50 ഡ്രോണുകൾ തകർത്തെന്ന് സൗദി അറേബ്യ അറിയിച്ചു. യുഎഇയിലേക്ക് ഏഴു മിസൈലുകളും 27 ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം.
തുർക്കിക്കു നേർക്ക് ഇറാൻ തൊടുത്ത ബാലിസ്റ്റിക് മിസൈൽ നാറ്റോ ഡിഫൻസസ് തകർത്തു. യുദ്ധം ആരംഭിച്ച ശേഷം മൂന്നാം തവണയാണ് നാറ്റോ സഖ്യരാജ്യമായ തുർക്കിക്കു നേർക്ക് ഇറാൻ ആക്രമണം നടത്തിയത്.
ലബനനിൽ ഇസ്രേലി ആക്രമണത്തിൽ ഇതുവരെ നൂറിലേറെ കുട്ടികൾ കൊല്ലപ്പെട്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ മരണം 773 ആണ്.
International
ദോഹ: ഹോർമുസ് കടലിടുക്കിൽ ആശങ്ക തുടരുന്നു. ഇന്ന് മാത്രം നാല് ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതായി യുകെ മാരിടടൈം ഏജൻസി അറിയിച്ചു.
വടക്കൻ ഒമാൻ തീരത്തിന് 11 നോട്ടിക്കൽ മൈൽ അകലെ സ്ഫോടനത്തിൽ കാർഗോ കപ്പലിന് തീ പിടിച്ചു. ഇതേ തുടർന്ന് കപ്പലിലെ ജീവനക്കാരെ ഒഴിപ്പിച്ചു. ഒമാൻ തീരത്ത് മറ്റൊരു കാർഗോ കപ്പലിന് നേരെയും ആക്രമണം ഉണ്ടായി.
ദുബായി തീരത്തിന് 50 നോട്ടിക്കൽ മൈൽ അകലെയും കപ്പൽ അപകടത്തിൽ പെട്ടെന്ന് ഏജൻസി അറിയിച്ചു. കാര്യമായ നാശനഷ്ടമില്ലെന്നാണ് റിപ്പോർട്ട്. റാസ് അൽ ഖൈമ തീരത്തിന് 25 നോട്ടിക്കൽ മൈൽ അകലെ മറ്റൊരു കപ്പലും അപകടത്തിൽ പെട്ടിട്ടുണ്ട്.
National
ന്യൂഡല്ഹി: സൗദി, ഒമാന് വ്യോമമേഖല തുറന്നിരിക്കുന്ന പശ്ചാത്തലത്തില് ജിദ്ദ, മസ്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്വീസ് എയര് ഇന്ത്യയും എയര് ഇന്ത്യ എക്സ്പ്രസും പുനരാരംഭിച്ചു.
എയര് ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില് നിന്ന് ദുബായിലേക്കും തിരിച്ചും ഇന്ന് സര്വീസ് നടത്തും. കൊച്ചിയില് നിന്ന് റാസല്ഖൈമയിലേക്ക് എയര് ഇന്ത്യ എക്സ്പ്രസ് സര്വീസ് നടത്തും.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില് നിന്ന് മസ്കറ്റിലേക്ക് സര്വീസുണ്ടാകും. ദുബായില്നിന്ന് ഡല്ഹിയിലേക്കും മുംബൈയിലേക്കും എയര് ഇന്ത്യ സര്വീസ് നടത്തും.
International
മസ്കറ്റ്: ഇന്ത്യൻ എംബസിയുടെ പേരിൽ പ്രചരിക്കുന്ന വ്യാജ വാട്സ്ആപ്പ് സന്ദേശത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി അധികൃതർ. ഒമാനിലാണ് എംബസിയുടെ പേരും ഔദ്യോഗിക ചിഹ്നങ്ങളും ദുരുപയോഗം ചെയ്തുകൊണ്ടാണ് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്.
സുരക്ഷാ കാരണങ്ങളാൽ മസ്കറ്റിലും സീബിലും പ്രത്യേക ക്യാമ്പുകൾ (Muster Points) സജ്ജീകരിച്ചിട്ടുണ്ടെന്നും യാത്രയ്ക്കായി പാസ്പോർട്ട് വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണമെന്നുമുള്ള തെറ്റായ വിവരങ്ങളാണ് ഈ സന്ദേശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇത്തരം വ്യാജ സന്ദേശങ്ങൾക്കെതിരെ പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. എംബസിയുടെ സന്ദേശങ്ങൾക്കായി ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മാത്രമേ ആശ്രയിക്കാവൂ എന്നും ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Business
കൊച്ചി: ഇന്ത്യ-ഒമാന് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുമായി ബന്ധപ്പെട്ട് കൊച്ചി താജ് വിവാന്തയില് സെമിനാര് സംഘടിപ്പിച്ചു. വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന ബിസിനസ് പ്രമുഖരും നിക്ഷേപകരും വ്യാപാര രംഗത്തെ പ്രതിനിധികളും ചടങ്ങില് പങ്കെടുത്തു.
ഇന്ഡോ ഗള്ഫ് ആന്ഡ് മിഡില് ഈസ്റ്റ് ചേംബര് ഓഫ് കൊമേഴ്സ് (ഇന്മെക്), ഫെഡറേഷന് ഓഫ് ഇന്ത്യന് ചേംബര് ഓഫ് കൊമേഴ്സ് ആന്ഡ് ഇന്ഡസ്ട്രി (ഫിക്കി) എന്നിവ ഒമാന് ചേംബര് ഓഫ് കൊമേഴ്സ് ആന്ഡ് ഇന്ഡസ്ട്രി (ഒസിസിഐ)യുമായി സഹകരിച്ച് നടത്തിയ സെമിനാറില് ഇന്ത്യ-ഒമാന് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഭാഗമായി ഉയര്ന്നുവരുന്ന വ്യാപാര, നിക്ഷേപ സാധ്യതകള് പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു പ്രധാനമായും ചർച്ച.
ഇന്മെക് ചെയര്മാന് ഡോ. എന്.എം. ഷറഫുദ്ദീന് ആമുഖ പ്രഭാഷണം നടത്തി. ഗള്ഫാര് ഗ്രൂപ്പ് സ്ഥാപകന് പി. മുഹമ്മദാലി ഒമാനി പ്രതിനിധികളെ ആദരിച്ചു.
International
മസ്കറ്റ്: ഹോർമുസ് കടലിടുക്കിന് സമീപത്തായി ചരക്ക് കപ്പലിന് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ. ഒമാൻ റോയൽ നേവി ആണ് ചരക്ക് കപ്പലിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മാൾട്ടയുടെ പതാക വഹിക്കുന്ന ചരക്ക് കപ്പലിൽ രണ്ട് മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്. ആക്രമിക്കപ്പെട്ട കപ്പലിൽ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയെന്നും പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം നൽകിയതായും ഒമാൻ വാർത്താ ഏജൻസി വ്യക്തമാക്കി.
International
ന്യൂഡൽഹി: പശ്ചിമേഷ്യൻ മേഖലയിൽ തുടരുന്ന സംഘർഷത്തിൽ ഇറാന്റെ ആക്രമണത്തെത്തുടർന്ന് വിദേശകപ്പലിൽ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (ഡിജിഎസ്) സ്ഥിരീകരിച്ചു.
ഒമാനിൽ നടന്ന ആക്രമണത്തിലാണ് അപകടമെന്നും ഇന്ത്യൻ കപ്പലുകൾക്കു നേരേ ഇതുവരെ ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. നിലവിൽ ഇന്ത്യൻ നാവികർ ഉൾപ്പെട്ട നാല് ആക്രമണസംഭവങ്ങളാണ് പശ്ചിമേഷ്യയിൽ റിപ്പോർട്ട് ചെയ്തത്. മൂന്ന് പേരുടെ മരണം ഒഴിച്ചാൽ ബാക്കിയുള്ളവർ സുരക്ഷിതരാണ്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ മേഖലയിലെ ഇന്ത്യൻ നാവികർക്കും അവരുടെ കുടുംബത്തിനും അടിയന്തര സഹായം ലഭ്യമാക്കാൻ സമയബന്ധിത ഏകോപനം ഉറപ്പിക്കുന്നതിന് പ്രത്യേക ടീം രൂപീകരിച്ചതായി ഡിജിഎസ് അറിയിച്ചു. തുടർച്ചയായ ആശയവിനിമയം നിലനിർത്താനും ഡിജിഎസ് നിർദേശിച്ചിട്ടുണ്ട്.
International
മസ്കറ്റ്: ഇറാൻ- ഇസ്രായേൽ സംഘർഷങ്ങൾക്കിടെ സമാധാനത്തിനായി ആഹ്വാനം ചെയ്ത് വീണ്ടും ഒമാൻ. ഇറാനും ഇസ്രയേലും അമേരിക്കയും ആക്രമണങ്ങൾ അവസാനിക്കണമെന്ന് ഒമാൻ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. ചർച്ചകളിലേക്ക് മടങ്ങണം എന്നും മേഖലയിൽ സംഘർഷം വ്യാപിക്കുന്നത് തടയണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൾഫ് മേഖലയിലാകെ യുദ്ധഭീതി തുടരുന്നതിനിടെയാണ് സമാധാനത്തിനായി വീണ്ടും ഒമാൻ വിദേശകാര്യമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. ഇറാന് മേലുള്ള ആക്രമണം അമേരിക്കയും ഇസ്രയേലും അവസാനിപ്പിക്കണമെന്ന് ഒമാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സമാധാന ചർച്ചകളിലേയ്ക്ക് മടങ്ങണമെന്നും മേഖലയിൽ സംഘർഷം വ്യാപിക്കുന്നത് തടയണമെന്നും വിദേശകാര്യമന്ത്രി ബദർ അൽ ബുസൈദി വ്യക്തമാക്കി.
ഇതിനിടെ നിലവിലെ സംഘർഷങ്ങൾക്കിടെ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ആശ്വാസമായി യുഎഇ പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. എമിറേറ്റ്സ് എയർലൈൻസ് ഭാഗികമായി സർവീസുകൾ ആരംഭിക്കും. ദുബായ് വിമാനത്താവളവും അൽ മക്തും വിമാനത്താവളവും തുറന്നിട്ടുണ്ട്. നിലവിൽ നിർദേശം കിട്ടിയവർക്ക് മാത്രമായിരിക്കും യാത്ര ചെയ്യാൻ കഴിയുക.
International
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘര്ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങള്ക്ക് ഇറാന് തയാറാണെന്ന് ഒമാന്. ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയും ഒമാന് വിദേശകാര്യമന്ത്രി ബദര് അല്ബുസൈദിയുമായി ഫോണില് നടത്തിയ ചര്ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചര്ച്ചകളില് ഒമാന് മധ്യസ്ഥതരായിരുന്നു. ഇറാന്റെ പുതിയ നേതൃത്വം തന്നോട് സംസാരിക്കാന് ആഗ്രഹിക്കുന്നുവെന്നും കൂടിക്കാഴ്ചയ്ക്ക് താന് സമ്മതിച്ചിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് അവകാശപ്പെട്ടു.
തുര്ക്കിഷ് മാധ്യമമായ ടുഡേ തുര്ക്കിയാണ് ഇതുമായി ബന്ധപ്പെട്ട വാര്ത്ത പുറത്തുവിട്ടത്.
NRI
മസ്കറ്റ്: ഒമാനിലെ അല് വുസ്ത ഗവര്ണറേറ്റില് മഹൂത്തിന് സമീപം വാഹനമിടിച്ച് രണ്ട് മലയാളികള് മരിച്ചു. കോഴിക്കോട് ഒളവണ്ണ സ്വദേശികളായ ഷജിത് കുമാര് (55), സഹോദരപുത്രന് ആകാശ് ജിത്തു (25) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച പുലര്ച്ചെയായിരുന്നു അപകടം. വാഹനങ്ങള് തമ്മില് കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്ന്ന് പിക്കപ്പ് വാനിന് നിയന്ത്രണം നഷ്ടമാവുകയും കാല്നട യാത്രക്കാരായിരുന്ന ഷജിത്തിനെയും ആകാശിനെയും ഇടിക്കുകയുമായിരുന്നു.
മൃതദേഹം ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്. തുടര്നടപടികള് പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു.
International
മസ്കറ്റ്: ഒമാനിൽ വാഹനമിടിച്ച് മലയാളികളായ രണ്ടുപേർ മരിച്ചു. അൽ വുസ്ത മഹൂത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് ബേപ്പൂർ സ്വദേശികളായ ഷജിത് കുമാർ(55), ആകാശ് ജിത്തു (25) എന്നിവരാണ് മരിച്ചത്. ഷജിത്തിന്റെ സഹോദരന്റെ പുത്രനാണ് ആകാശ്.
ചൊവ്വാഴ്ച പുലർച്ചെ നടക്കാനിറങ്ങിയ ഇവരെ നിയന്ത്രണം വിട്ട വാൻ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് പിക്കപ്പ് വാനിന് നിയന്ത്രണം വിട്ട് ഷജിത്തിനെയും ആകാശിനെയും ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ തുടർനടപടിക്കായി ആശുപത്രിയിലേക്ക് മാറ്റി.
District News
കയ്പമംഗലം: മതിലകം നെടുംപറമ്പ് സ്വദേശി വത്യേടത്ത് മുഹമ്മദ് മാസ്റ്റർ(90) ഒമാനിലെ അസൈബയില് അന്തരിച്ചു.
ഒമാനിൽ മകനുമൊത്ത് വിശ്രമജീവിതത്തിലായിരുന്നു. പെരിഞ്ഞനം ഗവ. യുപി സ്കൂളിൽ അറബിക്ക് അധ്യാപകനായിരുന്നു. ഭാര്യ: പരേതയായ ബീവി. മക്കൾ: അബ്ദുൾ റഷീദ്, ജമീല നൗഷാദ്, സഈദ ഇബ്രാഹിംകുട്ടി, സല്മ നൗഷാദ്, ഖമറുന്നീസ നവാസ്. മൃതദേഹം ഒമാനിൽ കബറടക്കി.
Sports
പല്ലേക്കലെ: ട്വന്റി-20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഒമാനെതിരെ ആധികാരിക ജയം സ്വന്തമാക്കി ഓസ്ട്രേലിയ. ഒൻപത് വിക്കറ്റിനായിരുന്നു ഒസീസിന്റെ ജയം. ഒമാനെ തോൽപ്പിച്ചെങ്കിലും ഓസ്ട്രേലിയ സൂപ്പർ എട്ട് കാണാതെ നേരത്തെ പുറത്തായിരുന്നു.
ഒമാൻ ഉയർത്തിയ 105 റണ്സ് വിജയലക്ഷ്യം ഓസീസ് 9.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഓപ്പണറുമാരായ മിച്ചൽ മാർഷും ട്രാവിസ് ഹെഡും ചേർന്നാണ് ഒമാനെ തകർത്തത്. മാർഷ് 33 പന്തിൽ പുറത്താകാതെ 64 റണ്സെടുത്തു.
ഹെഡ് 19 പന്തിൽ 32 റണ്സും നേടി. ട്രാവിസ് ഹെഡിന്റെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ജോഷ് ഇൻഗ്ലിസ് പുറത്താകാതെ 12 റണ്സും നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഒമാൻ 16.2 ഓവറിൽ 104 റണ്സിന് ഓൾഔട്ടാകുകയായിരുന്നു. ഒമാൻ നിരയിൽ നാല് പേർക്ക് മാത്രമാണ് രണ്ടക്കം കാണാൻ കഴിഞ്ഞത്. ജതീന്ദർ സിംഗ്-17, കരണ് സോമാവലെ-12, ഹമദ് മിർസ-16, വസീം അലി-32 എന്നിവരാണ് രണ്ടക്കം കടന്നത്.
ഓസീസിനായി ആദം സാംപ നാല് വിക്കറ്റ് വീഴ്ത്തി. മാക്സ്വെല്ലും സേവ്യർ ബാർട്ട്ലെറ്റും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
Sports
പല്ലേക്കലെ: ട്വന്റി 20 ലോകകപ്പിൽ ഒമാനെതിരായ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. പല്ലേക്കലെയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.
ലോകകപ്പിൽ നിന്ന് പുറത്തായ ഇരു ടീമുകളും ആശ്വായ ജയം തേടിയാണ് കളിത്തിലിറങ്ങുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റാണ് ഓസീസിനുള്ളത്. മൂന്ന് മത്സരങ്ങൾ കളിച്ച ഒമാന് പോയിന്റൊനും നേടാൻ സാധിച്ചിട്ടില്ല.
ടീം ഓസ്ട്രേലിയ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ് , കാമറൂൺ ഗ്രീൻ, ടിം ഡേവിഡ്, ജോഷ് ഇൻഗ്ലിസ് (വിക്കറ്റ് കീപ്പർ), മാറ്റ് റെൻഷോ, മാർകസ് സ്റ്റോയിനിസ്, സേവിയർ ബാർട്ട്ലറ്റ്, നഥാൻ എല്ലിസ്, ആദം സാംപ.
ടീം ഒമാൻ: ആമിർ കലീം, ജതീന്ദർ സിംഗ് (ക്യാപ്റ്റൻ), കരൺ സോമാവലെ, ഹമദ് മിർസ, വസീം അലി, മുഹമ്മദ് നദീം, വിനായക് ശുക്ല (വിക്കറ്റ് കീപ്പർ), ജിതൻ രാമാനന്ദി, ജയ് ഒഡേഡ്ര, ഷക്കീൽ അഹ്മദ്, ഷഫീക്ക് ജൻ.
International
ജനീവ: ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ ചർച്ചകളുടെ രണ്ടാം ഘട്ടം ഈ ആഴ്ച ജനീവയിൽ നടക്കുമെന്ന് സ്വിസ് വിദേശകാര്യ മന്ത്രാലയം. ഒമാന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ ചർച്ചകൾ മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
ഫെബ്രുവരി ആറിന് നടന്ന ഒന്നാം ഘട്ട പരോക്ഷ ചർച്ചകൾക്ക് ശേഷമാണ് ഈ നീക്കം. ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും തമ്മിലായിരുന്നു ആദ്യ ചർച്ചകൾ. ഈ മാസം 16 മുതൽ 20 വരെയാണ് ചർച്ചകൾ നടക്കാൻ സാധ്യതയുള്ളത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസ് ഭരണകൂടവുമായി കരാറിലെത്തിയില്ലെങ്കിൽ അതിദാരുണമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ട്രംപിന്റെ നിലപാട്. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നതിനെതിരെയും യുഎസ് പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
ചർച്ചകൾക്കിടയിലും യുഎസ് സൈനിക ശക്തി വർധിപ്പിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിനെ മിഡിൽ ഈസ്റ്റിലേക്ക് അയച്ചത് വലിയ വാർത്തയായിരുന്നു.
ഇറാൻ യുറേനിയം സമ്പുഷ്ടീകരണം പൂർണമായും നിർത്തണമെന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രധാന ആവശ്യം. എന്നാൽ തങ്ങളുടെ ആണവ പരിപാടി സമാധാനപരമായ ആവശ്യങ്ങൾക്കാണെന്നും ഇത്തരമൊരു ഉപാധി അംഗീകരിക്കില്ലെന്നുമാണ് ഇറാന്റെ നിലപാട്. കൂടാതെ ഇസ്രേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയും നിർത്തലാക്കണമെന്ന് ആവശ്യപ്പെടുന്നു.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിൽ ഒമാനെതിരായ മത്സരത്തിൽ അയർലൻഡിന് ഗംഭീര ജയം. കൊളംബോയിൽ നടന്ന മത്സരത്തിൽ 96 റൺസിനാണ് അയർലൻഡ് വിജയിച്ചത്.
അയർലൻഡ് ഉയർത്തിയ 236 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒമാൻ 18 ഓവറിൽ 139 റൺസിൽ ഓൾഔട്ടായി. ആമിർ കലീം 50 റൺസും ഹമ്മദ് മിർസ 46 റൺസുമെടുത്ത് പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
അയർലൻഡിന് വേണ്ടി ജോഷ്വ ലിറ്റിൽ മൂന്ന് വിക്കറ്റും മൂന്ന് വിക്കറ്റെടുത്തു. മാത്യു ഹംപ്രെയ്സും ബാരി മക്കാർത്തിയും രണ്ട് വിക്കറ്റ് വീതവും ജോർജ് ഡോക്ക്റൽ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് എടുത്തത്. ലോർകൻ ടക്കറിന്റെയും ഗരെത് ഡെലാനിയുടെയും അർധ സെഞ്ചുറിയുടെയും ജോർജ് ഡോക്ക്റലിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് അയർലൻഡ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ടക്കർ 94 റൺസാണ് എടുത്തത്. 51 പന്തിൽ 10 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ടക്കറിന്റെ ഇന്നിംഗ്സ്. ഡെലാനി 56 റൺസാണ് സ്കോർ ചെയ്തത്. മൂന്ന് ബൗണ്ടറിയും നാല് സിക്സും ഡെലാനി അടിച്ചെടുത്തിരുന്നു. ഡോക്ക്റൽ 35 റൺസാണ് എടുത്തത്.
ഒമാന് വേണ്ടി ഷക്കീൽ അഹ്മദ് മൂന്ന് വിക്കറ്റെടുത്തു. ഷാ ഫൈസലും ആമിർ കലീം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിൽ ഒമാനെതിരായ മത്സരത്തിൽ അയർലൻഡിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് എടുത്തത്.
ലോർകൻ ടക്കറിന്റെയും ഗരെത് ഡെലാനിയുടെയും അർധ സെഞ്ചുറിയുടെയും ജോർജ് ഡോക്ക്റലിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് അയർലൻഡ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ടക്കർ 94 റൺസാണ് എടുത്തത്. 51 പന്തിൽ 10 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ടക്കറിന്റെ ഇന്നിംഗ്സ്.
ഡെലാനി 56 റൺസാണ് സ്കോർ ചെയ്തത്. മൂന്ന് ബൗണ്ടറിയും നാല് സിക്സും ഡെലാനി അടിച്ചെടുത്തിരുന്നു. ഡോക്ക്റൽ 35 റൺസാണ് എടുത്തത്.
ഒമാന് വേണ്ടി ഷക്കീൽ അഹ്മദ് മൂന്ന് വിക്കറ്റെടുത്തു. ഷാ ഫൈസലും ആമിർ കലീം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
പല്ലേക്കലെ: ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഒമാനെ 105 റൺസിനു തകർത്ത് ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയർത്തിയ 226 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒമാന് നിശ്ചിത 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
അർധസെഞ്ചുറി നേടിയ മുഹമ്മദ് നദീമിന്റെ പോരാട്ടമാണ് ഒമാനെ നൂറുകടക്കാൻ സഹായിച്ചത്. 56 പന്തിൽ മൂന്നു ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ 53 റൺസെടുത്ത നദീം പുറത്താകാതെ നിന്നു. അതേസമയം, താരത്തെ കൂടാതെ 27 റൺസെടുത്ത വസീം അലിക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
ശ്രീലങ്കയ്ക്കു വേണ്ടി ദുശ്മന്ദ ചമീര, മഹീഷ് തീക്ഷണ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ദുനിത് വെല്ലാലഗെ, ദുഷാൻ ഹേമന്ത, കമിന്ദു മെൻഡിസ് എന്നിവർ ഓരോ വീക്കറ്റ് വീതമെടുത്തു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക കുശാൽ മെൻഡിസ് (45 പന്തിൽ 64), പവൻ രത്നായകെ (28 പന്തിൽ 60), നായകൻ ദാസുൻ ശനക (20 പന്തിൽ 50) എന്നിവരുടെ വെടിക്കെട്ട് അർധസെഞ്ചുറി കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്.
ഒമാനു വേണ്ടി ജിതൻ രാമനന്ദി രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ ജെയ് ഒഡെഡ്ര, സുഫ്യാൻ മെഹ്മൂദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
International
മസ്കറ്റ്: യുദ്ധാശങ്കകൾക്കിടെ ഇറാൻ-അമേരിക്ക ചർച്ച ഒമാനിൽ പുനരാരംഭിച്ചു. ഇറേനിൽനിന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും അമേരിക്കയിൽനിന്ന് പ്രസിഡന്റ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ എന്നിവരുമാണ് പങ്കെടുത്തത്. പരോക്ഷ ചർച്ചയിൽ ഒമാനി അധികൃതർ ഇരുവിഭാഗത്തിനും സന്ദേശങ്ങൾ കൈമാറുകയായിരുന്നു.
നയതന്ത്രത്തിനു സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും ഇരുവർക്കുമിടയിൽ പല കാര്യങ്ങളിലും തർക്കം തുടരുന്നതായാണു റിപ്പോർട്ട്. ചർച്ചയുടെ അജൻഡ വികസിപ്പിക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇറാൻ അംഗീകരിക്കാത്തത് ഇതിലൊന്നാണ്.
ആണവപദ്ധതികൾ സംബന്ധിച്ച ചർച്ച മാത്രം മതിയെന്നാണ് ഇറാൻ പറയുന്നത്. എന്നാൽ, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ, പശ്ചിമേഷ്യയിൽ വിവിധ സായുധ ഗ്രൂപ്പുകളെ തീറ്റിപ്പോറ്റൽ, സ്വന്തം ജനതയോടുള്ള സമീപനം എന്നീ കാര്യങ്ങളിലും ചർച്ച വേണമെന്നാണു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ബുധനാഴ്ച പറഞ്ഞത്.
യുഎസ് സൈനിക പ്രതിനിധികൾ പങ്കെടുത്താൽ ചർച്ച അവതാളത്തിലാകുമെന്നും ഇറാൻ മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
പശ്ചിമേഷ്യയിൽ യുദ്ധസജ്ജരായി നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കൻ സേന ആക്രമണത്തിനു മുതിർന്നേക്കുമെന്ന ആശങ്കയിലാണ് ഇറേനിയൻ നേതൃത്വം ചർച്ചയ്ക്കു വഴങ്ങിയതെന്നു സൂചനയുണ്ട്. കഴിഞ്ഞ വർഷം ജൂണിലെ 12 ദിന യുദ്ധത്തിന്റെ അവസാന ദിവസം ഇസ്രയേലിനൊപ്പം ചേർന്ന് അമേരിക്ക ഇറാനിൽ ബോംബിട്ടിരുന്നു. ഇതുപോലൊരാക്രമണത്തിന് അമേരിക്ക വീണ്ടും മുതിരുന്നത് പശ്ചിമേഷ്യയെ മുഴുവൻ ഗ്രസിക്കുന്ന യുദ്ധമായി മാറുമെന്ന ആശങ്കയും ശക്തമാണ്.
നയതന്ത്രത്തിനു പുറമേ മറ്റു പല മാർഗങ്ങളും പ്രസിഡന്റ് ട്രംപിനു മുന്നിലുണ്ടെന്നാണ് വൈറ്റ്ഹൗസ് പ്രസ്് സെക്രട്ടറി കരോളിൻ ലെവിറ്റ് വ്യാഴാഴ്ച അറിയിച്ചത്.
International
ഇസ്ലാമാബാദ്: ഇറാൻ-യുഎസ് ചർച്ചയിൽ പങ്കെടുക്കാൻ പാക്കിസ്ഥാനും ക്ഷണം ലഭിച്ചതായി റിപ്പോർട്ടുകൾ. ഫെബ്രുവരി ആറിന് തുർക്കിയിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാനാണ് ക്ഷണം. പാക്കിസ്ഥാനെ കൂടാതെ ഒമാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളും ചർച്ചയിൽ പങ്കെടുക്കും.
പാക്കിസ്ഥാന് ക്ഷണം ലഭിച്ചതായി പാക് വിദേശകാര്യ മന്ത്രാലയ വക്താവ് താഹിർ അന്ദ്രാബി ഇതോടകം അറിയിച്ചിട്ടുണ്ട്. പാക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദർ ചർച്ചയിൽ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ആണവ നിരായുധീകരണത്തിൽ തങ്ങൾ പൂർണമായി യോജിക്കുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി അറിയിച്ചു. എന്നാൽ പകരമായി ഇറാനെതിരെ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ യുഎസ് നീക്കണമെന്നാണ് ആവശ്യം.
അതേസമയം സമ്പുഷ്ടീകരിച്ച യുറേനിയം മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റേണ്ട ആവശ്യമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇറാനിലെ 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച 400 കിലോ യുറേനിയം മാറ്റണമെന്നാണ് അമേരിക്കയുടെ ആവശ്യം.
International
മസ്കറ്റ്: ഒമാനിലെ മത്ര പ്രവിശ്യയിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് വിദേശികൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. മരിച്ചവർ ഫ്രാൻസിൽ നിന്നുള്ള വിനോദസഞ്ചാരികളാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ 9.15ഓടെയാണ് അപകടം ഉണ്ടായത്. 23 ഫ്രഞ്ച് വിനോദസഞ്ചാരികളും, കപ്പൽ ക്യാപ്റ്റനും, ഒരു ടൂർ ഗൈഡും ഉൾപ്പെടെ 25 പേരാണ് ബോട്ടിലുണ്ടായിരുന്നത്. മത്ര സുല്ത്താന് ഖാബൂസ് തുറമുഖത്ത് നിന്ന് 2.5 നോട്ടിക്കല് മൈല് അകലെയാണ് ബോട്ട് മറിഞ്ഞത്.
അപകടം സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
NRI
മസ്കറ്റ്: ഒമാനിൽ ബോട്ട് മറിഞ്ഞ് മൂന്നു ഫ്രഞ്ച് വിനോദസഞ്ചാരികൾ മരിച്ചു. സുൽത്താൻ ഖാബൂസ് തുറമുഖത്തിനു സമീപമായിരുന്നു അപകടം.
ഫ്രഞ്ച് ടൂറിസ്റ്റ് സംഘമടക്കം 25 പേരാണു ബോട്ടിലുണ്ടായിരുന്നത്. ബോട്ടിൽ വെള്ളം കയറി മുങ്ങിയെന്നാണു പ്രാഥമിക റിപ്പോർട്ട്.
അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
NRI
ഫുജൈറ: മലയാളി യുവാവിന് ഒമാനിലെ ഫുജൈറയില് ദാരുണാന്ത്യം. വടകര വള്ളിക്കാട്ട് സ്വദേശി അന്സാര്(28) ആണ് ഫുജൈറയില് ട്രക്കിനകത്ത് ശ്വാസംമുട്ടി മരിച്ചത്. ഹെവി ട്രക്കിനകത്ത് തണുപ്പകറ്റാന് ഹീറ്ററിട്ട് കിടന്നുറങ്ങിയതാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് അൻസാറിന്റെ മൃതദേഹം ട്രെക്കിനകത്ത് കണ്ടെത്തിയത്. ഫുജൈറയിലെ മസാഫിയിലാണ് സംഭവം. ട്രക്കിനുള്ളിൽ കിടന്നുറങ്ങിയ അൻസാർ തണുപ്പകറ്റാന് പ്രവര്ത്തിപ്പിച്ച ഹീറ്ററിന്റെ പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ ഫുജൈറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്സാറിന്റെ മൃതദേഹം മസാഫി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികള് പൂര്ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
Kerala
കോഴിക്കോട്: വടകര സ്വദേശിക്ക് ഒമാനിലെ ഫുജൈറയില് ദാരുണാന്ത്യം. വടകര വള്ളിക്കാട്ട് സ്വദേശി അന്സാര്(28) ആണ് ഫുജൈറയില് ശ്വാസംമുട്ടി മരിച്ചത്. ഹെവി ട്രക്കിനകത്ത് തണുപ്പകറ്റാന് ഹീറ്ററിട്ട് കിടന്നുറങ്ങിയതാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് അൻസാറിന്റെ മൃതദേഹം ജോലി ചെയ്യുന്ന ട്രെക്കിനകത്ത് കണ്ടെത്തിയത്. ഫുജൈറയിലെ മസാഫിയിലാണ് സംഭവം. ട്രക്കിനുള്ളിൽ കിടന്നുറങ്ങിയ അൻസാർ തണുപ്പകറ്റാന് പ്രവര്ത്തിപ്പിച്ച ഹീറ്ററിന്റെ പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ ഫുജൈറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്സാറിന്റെ മൃതദേഹം മസാഫി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രങ്ങള് പൂര്ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കും.
International
മസ്കറ്റ്: ഒമാനിൽ ബോട്ട് മുങ്ങി മൂന്നു ഫ്രഞ്ച് ടൂറിസ്റ്റുകൾ മരിച്ചു. സുൽത്താൻ ഖാബൂസ് തുറമുഖത്തിനു സമീപമായിരുന്നു അപകടം.
ഫ്രഞ്ച് ടൂറിസ്റ്റ് സംഘമടക്കം 25 പേരാണു ബോട്ടിലുണ്ടായിരുന്നത്. ബോട്ടിൽ വെള്ളം കയറി മുങ്ങിയെന്നാണു പ്രാഥമിക റിപ്പോർട്ട്.
NRI
സലാല: മകളെ സന്ദര്ശിക്കാന് ഒമാനിലെ സലാലയിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ തകഴി സ്വദേശി മങ്ങാട്ടുവീട്ടില് രമേശനാണ് (64) മരിച്ചത്.
സലാലയിലുള്ള മകൾ നീതുവിനെ കാണാൻ എത്തിയതായിരുന്നു രമേശൻ. അവിടെ വച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ജയലക്ഷമി. മക്കള്: നീതു, ഗീതു. മരുമക്കള്: ദത്തന്, അജയ്. സലാല സുല്ത്താന് ഖാബൂസ് ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികള് പൂര്ത്തിയാക്കി നാട്ടിലെത്തിക്കും.
NRI
മസ്കറ്റ്: തൊഴിൽ തട്ടിപ്പിലകപ്പെട്ട ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ. തൊഴിൽ വിസ നൽകാമെന്ന ഉറപ്പിൽ ഏജൻസിക്കു പണം നൽകി ഓമനിലെത്തിയ തിരുവനന്തപുരം സ്വദേശി ഹേമന്ദ്, കന്യാകുമാരി സ്വദേശി ജൈഫർ എന്നിവർക്കാണ് നാട്ടിൽ തിരിച്ചെത്തുവാനുള്ള സഹായം ഉറപ്പുവരുത്തിയത്.
വിസിറ്റ് വിസയിൽ ഓമനിലെത്തിയ ഹേമന്ദിനും ജൈഫറിനും ജോലിചെയ്യാനുള്ള വിസയോ മറ്റും നൽകാതെ പാസ്പോർട്ട് കൈവശപ്പെടുത്തി ചൂഷണം ചെയ്തുവരുന്ന സാഹചര്യത്തിലാണ് സഹായമഭ്യർഥിച്ചുകൊണ്ട് ഒമാനിലെ പ്രവാസി ലീഗൽ സെൽ പ്രതിനിധിയായ ബാലകൃഷ്ണൻ വലിയാട്ടിനെ ഇവർ സമീപിച്ചത്.
പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ അധ്യക്ഷയായ അഡ്വ. ജെസി ജോസ്, ജാസിം, സജീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉടൻ തന്നെ ഈ വിഷയത്തിൽ ഇടപെടുകയും പാസ്പോർട്ട് തിരികെ മേടിച്ചുകൊണ്ട് സുരക്ഷിതമായി നാട്ടിലെത്താനായുള്ള സഹായസഹകരണങ്ങൾ ഉറപ്പുവരുത്തുകയുമായിരുന്നു.
നിരവധി ചെറുപ്പക്കാരാണ് ഇത്തരത്തിൽ അനധികൃതമായ തൊഴിൽ തട്ടിപ്പിന് ഒമാനിൽ വിധേയരാവുന്നത് എന്നും വേണ്ടത്ര ശ്രദ്ധ സുരക്ഷിത കുടിയേറ്റവുമായി ബന്ധപെട്ടു ഉദ്യോഗാർഥികൾ കാണിക്കുന്നില്ല എന്നും പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ കോഓർഡിനേറ്റർ രാജേഷ് കുമാർ പറഞ്ഞു.
കേരളത്തിൽ വർധിച്ചു വരുന്ന വ്യാജ റിക്രൂട്മെന്റ് ഏജൻസികളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ മുൻപ് കേരള ഹൈക്കോടതിയെ സമീപിക്കുകയും ഈ വിഷയത്തിൽ വേണ്ട നടപടി സ്വീകരിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നല്കിയതുമാണ്.
തുടർന്ന്, നോർക്കയുടെ നേതൃത്വത്തിൽ പ്രത്യേക ടാസ്ക്ഫോഴ്സും ഉണ്ടാക്കിയിരുന്നു. വർധിച്ചു വരുന്ന വിദേശ തൊഴിൽ തട്ടിപ്പിന് തടയിടാനായി കൂടുതലായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് എന്നിവർ അറിയിച്ചു.
NRI
മസ്കറ്റ്: ഒമാനിലെ തെക്കന് ബാത്തിന ഗവര്ണറേറ്റിലെ റുസ്താഖിലുണ്ടായ വാഹനാപകടത്തില് മലയാളി അടക്കം നാല് പേര് മരിച്ചു. മൂന്ന് പേര്ക്ക് ഗുരുതരമായി പരിക്കേറ്റു.
മലപ്പുറം ചേളാരി സ്വദേശി അഫ്സല് (40) ആണ് മരിച്ചത്. മരിച്ച മറ്റ് മൂന്ന് പേര് ഒമാന് സ്വദേശികളാണ്. ഞായറാഴ്ച രാത്രി ഒമ്പതിനായിരുന്നു അപകടം.
റുസ്താഖില് നിന്ന് ഇബ്രിയിലേക്ക് പോകുന്ന വഴിയില് വച്ച് ഒമാനി കുടുംബം സഞ്ചരിച്ച വാഹനവും അഫ്സല് സഞ്ചരിച്ച കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
International
മസ്കറ്റ്: ഇന്ത്യയും ഒമാനും സ്വതന്ത്രവ്യാപാരക്കരാറിൽ ഒപ്പുവച്ചു. വസ്ത്രം, കാർഷികം, തുകൽ തുടങ്ങിയ ഇന്ത്യൻ ഉത്പനങ്ങൾക്ക് ഇതോടെ നികുതിരഹിതമായി ഒമാനിലെ വിപണി തുറന്നുകിട്ടും.
ഈത്തപ്പഴം, മാർബിൾ, പെട്രോകെമിക്കൽ വസ്തുക്കൾ തുടങ്ങിയ ഒമാൻ ഉത്പന്നങ്ങളുടെ തീരുവ ഇന്ത്യ കുറയ്ക്കും. അടുത്ത കലണ്ടർ വർഷം ആദ്യപാദത്തിൽ കരാർ പ്രാബല്യത്തിൽ വരും.
യുഎസ് ഇന്ത്യക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയ ഘട്ടത്തിലാണ് ഒമാനുമായുള്ള സഹകരണമെന്നതു ശ്രദ്ധേയമാണ്. മസ്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഒമാൻ വാണിജ്യ വ്യവസായ നിക്ഷേപ മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫും കരാറിൽ ഒപ്പുവച്ചു.
ഇന്ത്യയുടെ ഒമാനിലേക്കുള്ള കയറ്റുമതിയുടെ 99 ശതമാനവും തീരുവരഹിതമാകുമെന്നതാണ് കരാറിന്റെ പ്രത്യേകത. രത്നങ്ങളും ആഭരണങ്ങളും, തുണിത്തരങ്ങൾ, തുകൽ, പാദരക്ഷകൾ, സ്പോർട്സ് ഉത്പന്നങ്ങൾ, പ്ലാസ്റ്റിക്കുകൾ, ഫർണിച്ചറുകൾ, കാർഷികോത്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, ഓട്ടോമൊബൈലുകൾ എന്നിവയുടെ കയറ്റുമതി പൂർണമായും തീരുവരഹിതമാകും.
ഒമാനിൽനിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയുടെ 94.81 ശതമാനത്തിനും കരാറിന്റെ ഭാഗമായി തീരുവ കുറയും.പാൽ, ചായ, കാപ്പി, റബർ, പുകയില ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ള കാർഷികോത്പന്നങ്ങൾ സംരക്ഷിത പട്ടികയിൽപ്പെടുത്തി തീരുവ ഇളവ് നൽകാതെ നിലനിർത്തിയിട്ടുണ്ട്. അക്കൗണ്ടിംഗ്, വാസ്തുവിദ്യ, മെഡിക്കൽ, അനുബന്ധ സേവനങ്ങൾ തുടങ്ങിയ മേഖലകളിലെ വൈദഗ്ധ്യമുള്ള പ്രഫഷണലുകൾക്ക് ഒമാനിൽ കൂടുതൽ അവസരങ്ങൾക്ക് കരാർ വ്യവസ്ഥ ചെയ്യുന്നു.
ഒമാനിലെ പ്രധാന സേവന മേഖലകളിൽ ഇന്ത്യൻ കമ്പനികൾക്ക് 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപത്തിനും കരാറിലൂടെ അവസരമൊരുങ്ങും.
International
മസ്കറ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ ഏറ്റവും ഉന്നതമായ സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഒമാൻ സമ്മാനിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ്.
എലിസബത്ത് രാജ്ഞി, നെതർലാൻഡ്സിലെ മാക്സിമ രാജ്ഞി, ജപ്പാൻ ചക്രവർത്തി അക്കിഹിതോ, നെൽസൺ മണ്ടേല, ജോർദാൻ രാജാവ് അബ്ദുള്ള എന്നിവരാണ് നേരത്തേ ഈ ബഹുമതി ലഭിച്ചിട്ടുള്ള പ്രമുഖർ.
ഇന്ത്യ-ഒമാൻ ബന്ധം ശക്തിപ്പെടുത്തിയതിന്റെ സന്തോഷസൂചകമായാണ് ബഹുമതി സമ്മാനിച്ചത്. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികത്തോട് അനുബന്ധിച്ചാണ് മോദി ഒമാൻ സന്ദർശിച്ചത്.
ബുധനാഴ്ച മസ്കറ്റിൽ എത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം ലഭിച്ചു. ജോർദാനിലെയും എത്യോപ്യയിലെയും സന്ദർശനം കഴിഞ്ഞാണ് പ്രധാനമന്ത്രി ഒമാനിലെത്തിയത്.
"നമ്മുടെ പൂർവികർ മികച്ച വ്യാപാരബന്ധം വച്ചുപുലർത്തിയിരുന്നു. കടലിലൂടെയുള്ള കച്ചവടത്തിലൂന്നിയുള്ള ആ ബന്ധത്തിന് അറബിക്കടലായിരുന്നു നമ്മുടെ രാജ്യങ്ങൾക്കിടയിലുള്ള പാലം. ഈ പുരസ്കാരം ഞാൻ ഇന്ത്യയിലെ ജനങ്ങൾക്കു സമർപ്പിക്കുന്നു. മാണ്ഡവി മുതൽ മസ്കറ്റുവരെ നീണ്ട വ്യാപാരബന്ധം വികസിപ്പിച്ച നമ്മുടെ പൂർവികർക്കും ഞാനീ സമ്മാനം സമർപ്പിക്കുന്നു.'-എക്സിൽ പങ്കുവച്ച പോസ്റ്റിൽ മോദി കുറിച്ചു.
International
മസ്കറ്റ്: വസ്ത്രനിർമാണ, ഭക്ഷ്യസംസ്കരണ, വാഹന, ആഭരണ വ്യവസായ മേഖലകളിൽ വൻ വളർച്ചയ്ക്ക് ഊർജമാകുന്ന സ്വതന്ത്ര വ്യാപാര കരാറിൽ ഇന്ത്യയും ഒമാനും ഒപ്പുവയ്ക്കും.
ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാകും കരാർ. പ്രധാനമന്ത്രിയുടെ ചതുർരാഷ്ട്ര പര്യടനത്തിലെ അവസാനം കുറിച്ചാണ് ഒമാൻ സന്ദർശനം.
ജോർദാനിൽനിന്ന് ചൊവ്വാഴ്ച എത്യോപ്യയിലെത്തിയ പ്രധാനമന്ത്രി അവിടെനിന്നാണ് ഒമാനിലേക്ക് എത്തിയത്.
സ്വതന്ത്ര വ്യാപാര കരാറിന് അന്തിമരൂപം നൽകുന്നതിനായി വാണിജ്യ, വ്യവസായ മന്ത്രി പിയുഷ് ഗോയൽ മസ്കറ്റിലെത്തിയിട്ടുണ്ട്. 2023ലാണ് ഇരുരാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾക്കു തുടക്കമിട്ടത്. ഏതാനുംമാസം മുന്പാണ് അന്തിമധാരണയായത്.
ഇരു രാജ്യങ്ങളും തമ്മിൽ കച്ചവടം ചെയ്യുന്ന പരമാവധി ഉത്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി സാധ്യമാകുംവിധം കുറയ്ക്കുന്നതാണ് കരാർ.
ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽനിന്ന് ഇന്നലെയാണു പ്രധാനമന്ത്രി ഒമാനിലെത്തിയത്. വളർച്ചയും ജനകീയക്ഷേമവും ലക്ഷ്യമിട്ട് എത്യോപ്യയുമായി ഒപ്പുവച്ച മൂന്നു കരാറുകളിലൂടെ ഉഭയകക്ഷിബന്ധം ശക്തിപ്പെടുമെന്നു സന്ദർശനത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചു.
ചൊവ്വാഴ്ച തലസ്ഥാനമായ ആഡിസ് അബാബയിലെത്തിയ പ്രധാനമന്ത്രി മോദി, എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായി കൂടിക്കാഴ്ച നടത്തി. യുഎൻ സമാധാനസേനയുടെ പരിശീലനം, കസ്റ്റംസ് ഇടപാടിലെ സഹകരണം എത്യോപ്യൻ വിദേശകാര്യമന്ത്രാലയത്തിൽ ഡാറ്റാ സെന്റർ എന്നിവയിലാണു കരാറുകൾ.
ജോർദാൻ സന്ദർശനത്തിനുശേഷം എത്തിയ മോദിയെ രാജ്യത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ചാണ് എത്യോപ്യ സ്വീകരിച്ചത്.
NRI
റിയാദ്: വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം ദമാമില് മലയാളി മരിച്ചു. കോട്ടയം മണര്കാട് ഐരാറ്റുനട ആലുമ്മൂട്ടില് പി.സി. തോമസിന്റെ (ബേബിച്ചന്, ദീപിക മുന് ഉദ്യോഗസ്ഥന്) മകന് ലിബു തോമസ്(45) ആണ് മരിച്ചത്.
വാഹനമോടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്ന്ന് നിയന്ത്രണം നഷ്ടമായി റോഡരികിലെ മാലിന്യശേഖരണ പെട്ടിയില് ഇടിച്ചുനിന്ന വാഹനത്തിൽനിന്നുപുറത്തിറങ്ങിയ ലിബു കുഴഞ്ഞുവീഴുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്നവര് പോലീസിനെ വിവരം അറിയിക്കുകയും ഉടന് ആംബുലന്സില് അടുത്തുള്ള ആശുപത്രിയില് എത്തിക്കുകയും ചെയ്തു. ഇതിനിടയില് നില വഷളായി ഹൃദയാഘാതം മൂലം മരണം സംഭവിച്ചുവെന്ന് ഡോക്ടര്മാര് സ്ഥിരീകരിച്ചു. ട്യൂഷനു പോയിരുന്ന മക്കളെ തിരികെ എത്തിക്കാനായി പോകുന്ന വഴിയിലാണ് ഹൃദയാഘാതം ഉണ്ടായത്.
അമ്മ: അന്നമ്മ തോമസ്. ഭാര്യ: മഞ്ജുഷ (ദമാം കിംഗ് ഫഹദ് ആശുപത്രി സ്റ്റാഫ് നഴ്സ്), മക്കള്: ഏബല്, ഡാന് (ദമാം ഇന്ത്യന് സ്കൂള് വിദ്യാര്ഥികള്). 12 വര്ഷത്തിലേറെയായി സൗദിയില് പ്രവാസിയായ ലിബു നിലവില് ദമാമില് ഹമദ് എസ്. ഹാസ് വാസ് കമ്പനിയിലെ ജീവനക്കാരനാണ്.
മൃതദേഹം ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികള് പൂര്ത്തീകരിച്ചു മൃതദേഹം നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട് മണര്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്.
NRI
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറുപേരെ മരിച്ചനിലയിൽ കണ്ടെത്തി. ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന കുടുംബമാണ് മരിച്ചത്.
മസ്കറ്റ് ഗവര്ണറേറ്റിലെ ആമിറാത്ത് വിലായത്തിലെ അൽ അത്കിയ പ്രദേശത്തുള്ള വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഉറങ്ങിക്കിടക്കുമ്പോള് കാര്ബണ് മോണോക്സൈഡ് വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്.
സംഭവത്തെക്കുറിച്ച് ഓപ്പറേഷന്സ് സെന്ററിന് വിവരം ലഭിക്കുകയും പോലീസ് ഉടന് ഇടപെടല് നടത്തുകയുമായിരുന്നു.
മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന് അധികൃതര് അന്വേഷണം തുടരുകയാണ്.
International
ദുബായ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന കുടുംബമാണ് മരിച്ചത്.
മസ്കറ്റ് ഗവര്ണറേറ്റിലെ ആമിറാത്ത് വിലായത്തിലെ അൽ അത്കിയ പ്രദേശത്തുള്ള വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഉറങ്ങിക്കിടക്കുമ്പോള് കാര്ബണ് മോണോക്സൈഡ് വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്. സംഭവത്തെക്കുറിച്ച് ഓപ്പറേഷന്സ് സെന്ററിന് വിവരം ലഭിക്കുകയും പോലീസ് ഉടന് ഇടപെടല് നടത്തുകയുമായിരുന്നു. മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന് അധികൃതര് അന്വേഷണം തുടരുകയാണ്.