സോണിയ ഗാന്ധി.
ന്യൂഡൽഹി: ഓർമക്കുറിപ്പ് പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർഎസ്എസിനുമെതിരായ വിമർശനങ്ങൾ പുസ്തകത്തിൽ നിന്ന് ഒഴിവാക്കാനോ തിരുത്താനോ പ്രസാധകർ നിരന്തരം സമ്മർദം ചെലുത്തിയെന്നാണ് സോണിയ ഗാന്ധി വെളിപ്പെടുത്തിയത്.
എന്നാൽ പ്രസാധകരുടെ ആവശ്യങ്ങൾക്ക് വഴങ്ങാൻ തയാറായില്ലെന്നും സോണിയ ഗാന്ധി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ബിലോങ്ങിംഗ് എ ജേണി ഓഫ് ലവ് ചൊവ്വാഴ്ച പുറത്തിറങ്ങാനിരിക്കെയാണ് പ്രസാധകരുടെ പിന്മാറ്റവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവരുന്നത്. പെൻഗ്വിന്റെ നിലപാട് തന്നെ അത്ഭുതപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്തുവെന്ന് സോണിയ പറഞ്ഞു.
തിരുത്തലുകൾക്ക് തയാറാകാത്തതിനെത്തുടർന്നാണ് പ്രസാധകർ പിന്മാറിയതെന്നും അവർ വ്യക്തമാക്കി. പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ കഴിഞ്ഞ ഓഗസ്റ്റിലാണ് പിന്മാറിയത്. പിന്നാലെ ഹാർപ്പർ കോളിൻസ് പ്രസാധകരായി എത്തുകയായിരുന്നു. അഭിമുഖത്തിനിടെ കോൺഗ്രസിലെ കുടുംബാധിപത്യത്തെക്കുറിച്ചുള്ള ചോദ്യത്തിനും സോണിയ മറുപടി നൽകി.
1992ൽ ബാബറി മസ്ജിദ് തകർക്കപ്പെടുന്ന ദൃശ്യങ്ങൾ ടെലിവിഷനിൽ കണ്ട് താൻ കരഞ്ഞുവെന്ന സോണിയയുടെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തി. സോണിയയുടേത് ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടുള്ള മുതലക്കണ്ണീരാണെന്ന് ഡൽഹി മന്ത്രി പർവേഷ് വർമ്മ ആരോപിച്ചു.
Tags : Sonia Gandhi SoniaGandhi PenguinRandomHouse Memoir IndianPolitics Congress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash