പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോംഗിംഗ്: എ ജേർണി ഓഫ് ലൗവ്' നവംബർ പത്തിന് ഇന്ത്യയിൽ പ്രസിദ്ധീകരിക്കും. ഹാർപേർകോളിൻസ് ഇന്ത്യയാണ് പുസ്തകത്തിന്റെ പ്രസാധകർ. മുൻപ് പ്രസാധകരുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നുണ്ടായിരുന്ന അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പുസ്തകം വിപണിയിലെത്തുന്നത്.
തന്റെ പുസ്തകത്തിന്റെ പ്രമേയം രാഷ്ട്രീയമല്ലെന്നും മറിച്ച് തികച്ചും വ്യക്തിപരമാണെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. 'ദി ഹിന്ദു' പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ കുടുംബത്തെയും താൻ സ്നേഹിച്ച മനുഷ്യരെയും സത്യസന്ധമായി അടയാളപ്പെടുത്താനാണ് ഈ പുസ്തകത്തിലൂടെ ശ്രമിച്ചിട്ടുള്ളതെന്നും അവർ പറയുന്നു.
"എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഞാൻ എന്റെ സ്വകാര്യ ലോകത്താണ് ജീവിച്ചത്. രാഷ്ട്രീയത്തിലേക്ക് വരാൻ നിർബന്ധിതയായപ്പോഴും, എനിക്ക് സാധ്യമായത്ര സ്വകാര്യത ഞാൻ സൂക്ഷിച്ചു," സോണിയ ഗാന്ധി കുറിച്ചു. ഇറ്റലിയിലെ ചെറിയൊരു ഗ്രാമത്തിൽ നിന്നും ഇന്ത്യയിലേക്ക് എത്തിയതും, ഇന്ദിരാഗാന്ധിയുമായുള്ള ബന്ധവും, ഭർത്താവ് രാജീവ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും വിയോഗവും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.
സഞ്ജയ് ഗാന്ധിയുടെ വിമാനാപകടം, ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങൾ തുടങ്ങിയ കുടുംബത്തെ ദുഃഖത്തിലാഴ്ത്തിയ സംഭവങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, 2004-ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള രാഷ്ട്രീയ സംഭവവികാസങ്ങളും, പ്രധാനമന്ത്രി പദത്തിൽ നിന്നും മാറി നിന്നതും പുസ്തകം ചർച്ച ചെയ്യുന്നു.
Tags : soniagandhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash