ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം.
കെയ്റോ: ഈജിപ്തിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. തെക്കൻ കെയ്റോയ്ക്ക് സമീപം ഗിസ പ്രവിശ്യയിലെ അൽ അയാത്ത് ജില്ലയിലുണ്ടായ അപകടത്തിൽ 88 പേർക്ക് പരിക്കേറ്റു. ഗിസയിൽ നിന്ന് ഫായോമിലേക്ക് പോവുകയായിരുന്ന തഹ്യ മിർ ട്രെയിനും കെയ്റോയിൽ നിന്ന് അസ്വാനിലേക്ക് പോവുകയായിരുന്ന ട്രെയിനുമാണ് കൂട്ടിയിടിച്ചത്.
കഫിർ അമർ, അൽ റാഖാ സ്റ്റേഷനുകൾക്കിടയിലായിരുന്നു അപകടം. കൂട്ടിയിടിയുടെ ആഘാതത്തിൽ നാല് ബോഗികൾ പാളം തെറ്റി. ഇവ തലകീഴായി മറിഞ്ഞതോടെ അപകടത്തിന്റെ ആഘാതം വർധിച്ചു. മരിച്ചവരിൽ ലോക്കോ പൈലറ്റും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
രക്ഷാപ്രവർത്തനത്തിനും പാളത്തിൽ നിന്ന് ബോഗികളുടെ അവശിഷ്ടങ്ങൾ നീക്കുന്നതിനുമായി സൈനികരും ക്രെയിനുകളും സ്ഥലത്തെത്തി. അതേസമയം അപകടത്തിൽ 150 ലേറെ പേർക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Tags : Railway Accident Egypt Train Accident Train Collision Giza Cairo Passenger Trains Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash