ന്യൂഡൽഹി: രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിന്റെ 50-ാം വാർഷികം പൂർത്തിയാകുന്ന വേളയിൽ ചരിത്രപരമായ മാറ്റവുമായി എൻസിഇആർടി. ചരിത്രത്തിലാദ്യമായി ഒമ്പതാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള പ്രത്യേക ഭാഗം ഉൾപ്പെടുത്തി. 'അണ്ടർസ്റ്റാൻഡിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്'എന്ന പുതിയ പുസ്തകത്തിലാണ് ഇന്ത്യൻ ജനാധിപത്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി അടിയന്തരാവസ്ഥയെ വിവരിക്കുന്നത്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തും വെല്ലുവിളികളും ചർച്ച ചെയ്യുന്ന അധ്യായത്തിലാണ് പുതിയ ഭാഗം കൂട്ടിച്ചേർത്തിരിക്കുന്നത്. ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിൽ ഈ വിഷയം ഉൾപ്പെടുത്തുന്നത് ഇതാദ്യമാണെന്ന് എൻസിഇആർടി അധികൃതർ സ്ഥിരീകരിച്ചു. 1970-കളുടെ തുടക്കത്തിൽ ഇന്ദിരാഗാന്ധി സർക്കാരിനെതിരെ ഉയർന്ന ജനരോഷം, തൊഴിലില്ലായ്മ, വിലക്കയറ്റം, ഭരണപരാജയം എന്നിവയാണ് വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായതെന്ന് പുസ്തകം വ്യക്തമാക്കുന്നു. 1975 ജൂണിൽ 'ആഭ്യന്തര അസ്വസ്ഥതകൾ' ചൂണ്ടിക്കാട്ടിയാണ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അടിയന്തരാവസ്ഥാ കാലത്ത് പൗരന്മാരുടെ ഭൂരിഭാഗം മൗലികാവകാശങ്ങളും റദ്ദാക്കപ്പെട്ടതായും മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയതായും രാഷ്ട്രീയ നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തതായും പുസ്തകം വിവരിക്കുന്നു. ജനാധിപത്യ സ്ഥാപനങ്ങൾ കടുത്ത സമ്മർദത്തിലായ കാലഘട്ടമായിരുന്നു അത്.'ലോക് നായക്' എന്നറിയപ്പെടുന്ന സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ബീഹാറിലും ഗുജറാത്തിലും വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും അണിനിരത്തി നടന്ന വൻ ജനകീയ പ്രക്ഷോഭങ്ങളെക്കുറിച്ച് പുസ്തകത്തിൽ പ്രത്യേകം പ്രതിപാദിക്കുന്നുണ്ട്.
1977-ൽ അടിയന്തരാവസ്ഥ പിൻവലിച്ച ശേഷമുള്ള പൊതുതെരഞ്ഞെടുപ്പിൽ ഭരണകക്ഷി പരാജയപ്പെട്ടത് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്താണ് കാണിക്കുന്നതെന്നും പുസ്തകം ഓർമിപ്പിക്കുന്നു. അതേസമയം അടിയന്തരാവസ്ഥയുടെ 50 വർഷങ്ങൾ സ്മരിച്ചുകൊണ്ട്, ആ കാലഘട്ടത്തിൽ ജനാധിപത്യ മൂല്യങ്ങൾക്കായി പോരാടിയവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമർപ്പിച്ചു. ഭരണഘടനയ്ക്ക് നേരെ നടന്ന നേരിട്ടുള്ള ആക്രമണമായിരുന്നു അടിയന്തരാവസ്ഥയെന്നും ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
Tags : NCERT Text Book Latest News Social Science textbook Nineth Stadard