യാത്രക്കാരായ സത്രീകളുമായുള്ള തർക്കത്തെ തുടർന്ന് സർവീസ് മുടങ്ങിയ കെഎസ്ആർടിസി പ്രിയദർശിനി ബസ്
കോഴിക്കോട്: ബസ് മാറി കയറിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ജീവനക്കാരുമായി വാക്കേറ്റത്തിലേർപ്പെടുകയും ബസിന്റെ ബെൽ വലിച്ച് പൊട്ടിക്കുകയും ചെയ്ത മൂന്ന് വനിതാ യാത്രക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് - സുൽത്താൻബത്തേരി റൂട്ടിലോടുന്ന 'പ്രിയദർശിനി' ബസിലാണ് നാടകീയ സംഭവങ്ങൾ.
ബസിൽ കയറിയ ശേഷമാണ് തങ്ങൾ മാറി കയറിയതാണെന്ന വിവരം സ്ത്രീകൾ മനസിലാക്കിയത്. തുടർന്ന് ബസ് ഉടൻ തന്നെ നിർത്തണമെന്ന് ഇവർ ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ കൃത്യമായ സ്റ്റോപ്പിലല്ലാതെ വഴിമധ്യേ ബസ് നിർത്താൻ കഴിയില്ലെന്ന് ജീവനക്കാർ നിലപാടെടുത്തതോടെ തർക്കം രൂക്ഷമാകുകയായിരുന്നു.
വാക്കേറ്റം അതിരുകടന്നതോടെ പ്രകോപിതരായ സ്ത്രീകൾ ബസിനുള്ളിലെ ബെൽ വലിച്ച് പൊട്ടിച്ചു. ഇതോടെ സർവീസ് തടസപ്പെടുകയും ബസ് ജീവനക്കാർ വിവരം ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് സംഘം പൊതുമുതൽ നശിപ്പിച്ചതിനും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും മൂന്ന് സ്ത്രീകളെയും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
Tags : Bus Venad Latest News PriyaDarshini