മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നടന്ന തിരുനട തുറക്കല്‍ ചടങ്ങ്
മണര്‍കാട്: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ തിരുനട തുറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു.
വിശ്വാസിസമൂഹം ഭക്തിയോടെ കാത്തിരുന്ന ചടങ്ങാണ് എട്ടുനോമ്പ് പെരുന്നാളിന്‍റെ ഏഴാം ദിനമായ ഇന്ന് ഉച്ച നമസ്‌കാരത്തിനു ശേഷം നടന്നത്. വിശുദ്ധ ദൈവമാതാവിന്‍റെയും ഉണ്ണിയേശുവിന്‍റെയും ഛായാചിത്രം വിശ്വാസികള്‍ക്ക് ദര്‍ശിക്കാം.
വിശുദ്ധ കുര്‍ബാനയ്ക്കും ഉച്ചനമസ്‌കാരത്തിനും ശേഷം നടന്ന നടതുറക്കല്‍ ശുശ്രൂഷകള്‍ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് ജോസഫ് ബാവായുടെ പ്രധാന കാര്‍മികത്വത്തിലും തിരുവനന്തപുരം മേഖലാ മെത്രാപ്പോലീത്തയും യൂറോപ്പ് പാത്രിയര്‍ക്കാല്‍ വികാരിയും എംഎസ്ഒടി സെമിനാരി റസിഡന്‍റ് മെത്രാപ്പോലീത്തയുമായ ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസിന്‍റെ സഹകാര്‍മികത്വത്തിലുമാണ് നടന്നത്.
അനുഗ്രഹം ചൊരിയുന്ന തിരുസ്വരൂപം ഒരുനോക്ക് കണ്ട് പ്രാര്‍ഥിക്കാനും നേര്‍ച്ചകള്‍ അര്‍പ്പിക്കാനുമായി നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിയത്. സെപ്റ്റംബര്‍ 14 വരെ വിശ്വാസികള്‍ക്ക് തിരുനടയില്‍ ദര്‍ശനം നടത്താം.
Tags : Manarkadu Cathedral Religion