മണർകാട്: പൂത്തുലഞ്ഞ കൃഷിയിടം, പൂക്കളുടെ ഭംഗിക്കപ്പുറം കർഷകന്റെ അധ്വാനത്തിന്റെയും വരുമാനപ്രതീക്ഷയുടെയും നിറവും ഇവിടെയുണ്ട്. മണർകാട് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകൻ യു.ആർ. ശശിയുടെ കൃഷിയിടത്തിലാണ് ബന്ദിപ്പൂക്കൾ വിളവെടുപ്പിനു പാകമായി നിൽക്കുന്നത്. 20 സെന്റ് സ്ഥലത്തെ ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പരമ്പരാഗത വിളകൾക്കൊപ്പം വിപണിയിൽ ആവശ്യക്കാരുള്ള പൂക്കൃഷിയിലേക്കും കർഷകരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബന്ദിച്ചെടികൾ കൃഷിചെയ്തത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. തോമസ്, സിഡിഎസ് വൈസ് ചെയർപേഴ്സൺ മിനി രാജേന്ദ്രൻ, കൃഷി ഓഫീസർ അനന്തു തുടങ്ങിയവർ പ്രസംഗിച്ചു.