റിട്ട. ജില്ലാ ജഡ്ജി എൻ. ശേഷാദ്രിനാഥൻ
തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി റിട്ട. ജില്ലാ ജഡ്ജി എൻ. ശേഷാദ്രിനാഥൻ ഇന്നു ചുമതലയേൽക്കും. ഇന്നു രാവിലെ 11ന് പിഎംജിയിലെ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേൽക്കുന്നത്.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പുകളുടെ ചുമതലയാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനുള്ളത്. ജില്ലാ ജഡ്ജിയായി വിരമിച്ച ശേഷം ശേഷാദ്രിനാഥൻ ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്ജിയായി സേവനം അനുഷ്ഠിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച അദ്ദേഹത്തെ തെരഞ്ഞെടുപ്പു കമ്മീഷണറായി നിയമിച്ച് സർക്കാർ വിജ്ഞാപനമിറക്കി. പിന്നാലെ കുടുംബ കോടതി ജഡ്ജി സ്ഥാനം രാജിവച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എ. ഷാജഹാന്റെ കാലാവധി കഴിഞ്ഞ മാർച്ചിൽ അവസാനിച്ചിരുന്നു. തുടർന്നു കഴിഞ്ഞ മൂന്നു മാസത്തിലേറെയായി തെരഞ്ഞെടുപ്പ് കമ്മീഷണറില്ലാത്ത സാഹചര്യമാണ് നിലനിന്നിരുന്നത്.
എൽഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് നിയമ സെക്രട്ടറിയായ കെ.ജി. സനൽകുമാറിനെ നിയമിച്ചെങ്കിലും ഗവർണർ അംഗീകരിച്ചില്ല. തുടർന്നു നിയമസഭാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം വൈകിയത്.