Kerala
തിരുവനന്തപുരം: കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹത്തിന് പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹർജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം പോക്സോ കോടതിയാണ് സ്റ്റേ ചെയ്തത്.
വിവാഹത്തിൽ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എ.എ. റഹീം എംപി, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടയുള്ള സിപിഎം നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായിട്ടാണ് തിരുവനന്തപുരം പോക്സോ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തത്. ഇതിന്റെ തുടർനടപടികളാണ് ഇപ്പോൾ കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലെന്ന കേസിൽ മധ്യപ്രദേശ് പോലിസിനോടു വിശദീകരണവും കോടതി തേടി.
അതേസമയം, വിവാഹം കഴിയുമ്പോൾ പെൺകുട്ടിക്ക് 18 വയസ് കഴിഞ്ഞിരുന്നുവെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പെൺകുട്ടിയുടെ സഹോദരന്റെ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വീട്ടുകാർ വ്യാജരേഖയുണ്ടാക്കിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
Kerala
കോഴിക്കോട്: തൊട്ടിൽപ്പാലത്തിനടുത്ത് കരിങ്ങാട് കൊരണപ്പാറ മലയിൽ യുവാക്കൾ കുടുങ്ങി. ശനിയാഴ്ച്ച വൈകിട്ടോടെയാണ് സംഭവം.
വളയം കുയ്തേരി സ്വദേശികളായ അബിദേവ്, അമൽ എന്നിവരാണ് മലയിൽ കുടുങ്ങിയത്. വൈകീട്ട് മലകയറിയ യുവാക്കൾ തിരിച്ചിറങ്ങാനാവുമ്പോഴേക്ക് ഇരുട്ടായി. ഇതോടെ വഴിതെറ്റുകയായിരുന്നു.
കായക്കൊടി കാവിലുംപാറ പഞ്ചായത്തുകളിൽ സ്ഥിതിചെയ്യുന്ന ഏറെ ഉയരം കൂടിയ മലയാണ് കൊരണപ്പാറ. മൊബൈലിന്റെ ചാർജ് തീർന്നതും കൊരണപ്പാറയിൽ മൊബൈൽ റെയിഞ്ച് ഇല്ലാത്തതും യുവാക്കളെ വിഷമത്തിലാക്കുകയായിരുന്നു. ഇടയ്ക്ക് റെയ്ഞ്ച് കിട്ടിയപ്പോൾ 101-ൽ വിളിച്ചാണ് കുടുങ്ങിയ കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചത്.
തുടർന്ന് നാദാപുരം ഫയർഫോഴ്സും, തൊട്ടിൽപ്പാലം പോലീസും സ്ഥലത്തെത്തുകയും നാട്ടുകാരുടെ സഹായത്തോടെ ഇവരെ രക്ഷിച്ച് താഴെയിറക്കുകയുമായിരുന്നു. കുന്നും കാടും നിറഞ്ഞ പ്രദേശമായതിനാൽ തിരച്ചിൽ പ്രതിസന്ധി സൃഷ്ടിച്ചു. തുടർന്ന് നാട്ടുകാരും, ഫയർഫോഴ്സും, പോലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രി പത്തരയോടെ യുവാക്കളെ കണ്ടെത്തുകയായിരുന്നു.
മനോഹരമായ കാഴ്ചകൾ നിറഞ്ഞതാണ് കൊരണപ്പാറയെങ്കിലും ഇവിടങ്ങളിലേക്ക് എത്തുന്നത് അപകടം നിറഞ്ഞതാണ്. വൈകുന്നേരങ്ങളിൽ ആരും കയറാൻ ശ്രമിക്കരുതെന്ന് തൊട്ടിൽപ്പാലം പോലീസും നാട്ടുകാരും അറിയിച്ചു.