അമിത് ഷാ
ന്യൂഡല്‍ഹി: രാജ്യത്ത് സഹകരണ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി സ്ഥാപിക്കുമെന്ന് കേന്ദ്ര സഹകരണ, ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയിലെ ആദ്യത്തെ സഹകരണ അധിഷ്ഠിത ടാക്സി സര്‍വീസായ ഭാരത് ടാക്സിയുടെ മാതൃകയിലാകും ഈ കമ്പനി.
ഇതോടൊപ്പം സഹകരണ മേഖലയില്‍ മൊത്തത്തിലുള്ള പ്രയോജനത്തിനായി യൂട്ടിലിറ്റി അഗ്രഗേറ്ററും തുടങ്ങുമെന്നു ഷാ അറിയിച്ചു. സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്കു മെച്ചപ്പെട്ട നിരക്കും സുരക്ഷിത സേവനങ്ങളും ഉറപ്പാക്കുന്നതിനും വിഭവ ശേഖരത്തിനുമുള്ള സ്ഥാപനമാണ് യൂട്ടിലിറ്റി അഗ്രഗേറ്റര്‍ കോ-ഓപ്പറേറ്റീവ്.
ഗുജറാത്തിലെ ആനന്ദില്‍ "ത്രിഭുവന്‍' സഹകരണ സര്‍വകലാശാല സ്ഥാപിക്കുമെന്നും ഷാ പ്രഖ്യാപിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ചു മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ടാക്സി രണ്ടു വര്‍ഷത്തിനുള്ളില്‍ എല്ലാ സംസ്ഥാനങ്ങളിലേക്കും 500 നഗരങ്ങളിലേക്കും കൂടി വ്യാപിപ്പിക്കും.
സഹകരണ മന്ത്രാലയത്തിന്റെ അഞ്ചാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ ഇന്നലെ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാപ്പനീസ് കമ്പനിയുമായുള്ള സംയുക്ത സംരംഭത്തിലൂടെ വളം ഉത്പാദക സഹകരണ സംഘമായ ഇഫ്കോ ഇഫ്കോ- ടോക്കിയോ എന്ന പേരില്‍ ഇതിനകം ഇന്‍ഷ്വറന്‍സ് രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
ക്ഷീരം, പഞ്ചസാര, വളം തുടങ്ങിയ മേഖലകളില്‍ മാത്രം ഒതുങ്ങിനില്ക്കാതെ സഹകരണ സംഘങ്ങള്‍ മറ്റു മേഖലകളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏകദേശം 8.5 ലക്ഷം സഹകരണ സംഘങ്ങളിലായി 30 കോടിയിലധികം അംഗങ്ങളുണ്ട്. സഹകരണ മേഖലയുടെ വിവരശേഖരം (ഡാറ്റാബേസ്) മന്ത്രാലയം തയാറാക്കിയിട്ടുണ്ട്.
2047ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കുന്നതില്‍ സഹകരണ മേഖല നിര്‍ണായക പങ്കു വഹിക്കുമെന്ന് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Tags : Amit Shah Cooperative Life Insurance Company established