പ്രതീകാത്മക ചിത്രം
പോളവാരം: ആന്ധ്രപ്രദേശിലെ പോളവാരം ജില്ലയിൽ നടത്തിയ മെഡിക്കൽ ക്യാന്പിൽ മലേറിയ പ്രതിരോധ ഗുളിക കഴിച്ച പെൺകുട്ടി മരിച്ചു. 47 കുട്ടികളടക്കം 52 പേർ ആശുപത്രിയിൽ ചികിത്സയിൽ.
പട്ടികവർഗ വിഭാഗത്തിൽപ്പെട്ട എഴുവയുസുകാരി മാധവി യമുനയാണ് മരണപ്പെട്ടത്. മലേറിയ പ്രതിരോധ ഗുളിക ക്ലോറോക്വിൻ കഴിച്ചതിനെത്തുടർന്ന് അബോധാവസ്ഥയിലായി കുഴഞ്ഞുവീണ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നെന്ന് പോളവാരം ജില്ലാ കളക്ടർ കെ. ദിനേഷ്കുമാർ പറഞ്ഞു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞതിനെത്തുടർന്നാണ് കുട്ടി തളർന്നുവീണത്.
തുടർന്ന് അടുത്തുള്ള പ്രഥാമികാരോഗ്യകേന്ദ്രത്തിലേക്കും ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയിലേക്കും മാറ്റിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിക്ക് കുടുംബപരമായോ ജന്മനാലോ ഹൃദയസംബന്ധമായ രോഗം ഉണ്ടായിരിക്കാമെന്ന നിഗമനത്തിലാണ് ഈ രംഗത്തെ വിദഗ്ധരെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗ്രാമീണമേഖലയായ ഗൊല്ലഗുപ്പയിൽനിന്ന് ആറ് മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് പ്രോട്ടോക്കോളിന്റെ ഭാഗമായി ഗ്രാമവാസികൾക്ക് ക്ലോറോക്വിൻ പ്രതിരോധ ഗുളികകൾ നൽകാൻ തീരുമാനിച്ചത്. ആശുപ്രത്രിയിൽ പ്രവേശിപ്പിച്ച 52 പേർക്കു പുറമെ 17 പേർ ക്യാന്പ് നടത്തിയിടത്ത് പ്രത്യേക നിരീക്ഷണത്തിൽ തുടരുന്നുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.
Tags : Girl Dies AntiMalaria Pills Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash