ത്രിശൂലി നദീതീരത്ത് നുവാകോട്ട് ഡുങ്കെ ബസാറിലെ പ്രകാശിന്റെ വീട് പ്രളയത്തിനുശേഷം.
കാഠ്മണ്ഡു: പ്രകൃതിയുടെ സർവസംഹാര താണ്ഡവത്തിൽ നാടുമുഴുവൻ ഒലിച്ചുപോയപ്പോഴും പ്രളയജലത്തെ വെല്ലുവിളിച്ച് ഒരു നാലുനില വീട് മാത്രം തലയുയർത്തി നിന്നു! നേപ്പാളിലെ ത്രിശൂലി നദീതീരത്ത് നുവാകോട്ട് ഡുങ്കെ ബസാറിലെ പ്രകാശ് എന്നയാളുടെ 40 വർഷം പഴക്കമുള്ള പച്ചച്ചായമടിച്ച വീടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും നാട്ടുകാരിലും ചർച്ചാവിഷയം.
ചുറ്റുമുള്ള വീടുകളും വാഹനങ്ങളും പാലങ്ങളും വൻ പ്രളയത്തിൽ തകർന്നു തരിപ്പണമായപ്പോഴും ആറു പേരുടെ ജീവനാണ് ഈ ‘അത്ഭുത വീട്’കാത്തുസൂക്ഷിച്ചത്.കഴിഞ്ഞ 26നുണ്ടായ മിന്നൽപ്രളയത്തിൽ നദി കരകവിഞ്ഞൊഴുകിയപ്പോൾ പ്രകാശും കുടുംബവും വീടിന്റെ ടെറസിലേക്കു മാറിയാണ് രക്ഷപ്പെട്ടത്. താഴത്തെ നിലയിലെ കടയും ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളും കാറുകളും ബൈക്കുകളും ഒലിച്ചുപോയെങ്കിലും കെട്ടിടത്തിന്റെ പ്രധാന ഘടനയ്ക്ക് ഒരു പോറൽ പോലുമേറ്റില്ല.
പാറപോലെ ഉറച്ച ആ ‘രഹസ്യം’
ഈ രക്ഷപ്പെടൽ കേവലം ഭാഗ്യം മാത്രമായിരുന്നില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ ‘പച്ചവീടി'നെ പ്രളയത്തിൽനിന്നു രക്ഷിച്ച പ്രധാന കാരണങ്ങൾ ഇവയാണ്:
ശക്തമായ അടിത്തറ: 40 വർഷം മുമ്പ് നദിക്കരയിൽ വീടുവയ്ക്കുമ്പോൾ, റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന കൂറ്റൻ കല്ലുകളും മണ്ണും പ്രത്യേക രീതിയിൽ നിരത്തിയാണ് അടിത്തറ ഉറപ്പിച്ചത്.
കോൺക്രീറ്റ് കരുത്ത്: ചുറ്റുമുള്ള ഭൂരിഭാഗം വീടുകളും സാധാരണ കല്ലുകൾ അടുക്കിവച്ച് ഉണ്ടാക്കിയപ്പോൾ, പ്രകാശ് കമ്പിയും കോൺക്രീറ്റും ഉപയോഗിച്ച് തൂണുകളും ബീമുകളും ബലമായി ബന്ധിപ്പിച്ച് ‘സ്ട്രക്ചറൽ സ്ട്രെംഗ്ത് ’നൽകി.
കൃത്യമായ സ്ഥാനം: ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ ഭീമൻ പാറകളും മരങ്ങളും നദിയുടെ നടുവിലൂടെ ഒഴുകിപ്പോയപ്പോൾ, വീട് സ്ഥിതിചെയ്തിരുന്ന ഉയർന്ന പ്രദേശം വലിയ ആഘാതങ്ങളിൽനിന്ന് രക്ഷപ്പെട്ടു.
ആകൃതി നൽകിയ ആനുകൂല്യം: ചതുരാകൃതിയിലുള്ള ചെറിയ കെട്ടിടമായതിനാൽ, വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്കിനെ രണ്ടായി വിഭജിച്ച് ഇരുവശങ്ങളിലേക്കും തിരിച്ചുവിടാൻ ഈ വീടിനു സാധിച്ചു.
ശരിയായ ആസൂത്രണവും ഗുണനിലവാരമുള്ള നിർമാണവും ഉണ്ടെങ്കിൽ പ്രകൃതിദുരന്തങ്ങളുടെ ആഘാതത്തെ മറികടക്കാമെന്നതിന്റെ ജീവിക്കുന്ന തെളിവായി മാറി സമുദ്രം പോലെ ഒഴുകിയ പ്രളയജലത്തിന് നടുവിൽ തനിച്ചുനിന്ന ഈ പച്ചവീട്.
Tags : Prakash AmazingHouse Nepal FlashFlood Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash