പ്രതീകാത്മക ചിത്രം - എഐ
കാഠ്മണ്ഡു: നേപ്പാളിന്റെ പ്രളയദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിന്റെ പുതുചരിത്രമെഴുതി ഡ്രോണുകൾ. രക്ഷാപ്രവർത്തകർക്കു കടന്നുചെല്ലാൻ സാധിക്കാത്ത മേഖലകളിൽ രക്ഷാകരങ്ങളാകുകയാണ് ഡ്രോണുകൾ.
അതിദുർഘട പ്രദേശമായ നുവാക്കോട്ടിലെ ദേവിഘട്ട് മൂന്നിൽനിന്ന് ഏഴു മൃതദേഹങ്ങളാണ് ഡ്രോൺ പുറത്തെത്തിച്ചത്. നേപ്പാൾ പോലീസ്, കരസേന, ഡ്രോൺ നിർമാണ കമ്പനിയായ ഗരുഡ് എക്സിലെയും വിദഗ്ധ സംഘമാണ് ഡ്രോൺ രക്ഷാപ്രവർത്തനത്തിനുപിന്നിൽ പ്രവർത്തിക്കുന്നത്.
പ്രളയത്തെത്തുടർന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കു ഭക്ഷണവും മരുന്നുകളും എത്തിക്കുക, ദുർഘട പ്രദേശങ്ങളിൽ കാണാതായവർക്കായി തെരച്ചിൽ നടത്തുക, മൃതദേഹങ്ങൾ വ്യോമമാർഗം എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഡ്രോൺ നേപ്പാൾ ദുരന്തമുഖത്ത് നിർവഹിച്ചുവരുന്നത്. രക്ഷാപ്രവർത്തനത്തിൽ നേപ്പാളിന്റെ കണ്ണും കൈകളുമായി മാറിയിരിക്കുകയാണ് ആളില്ലാ കുഞ്ഞൻ വിമാനങ്ങൾ.
പ്രളയം ഏറ്റവും പ്രതികൂലമായി ബാധിച്ച ദേവിഘട്ടിലെ ഒറ്റപ്പെട്ടപ്രദേശങ്ങളിൽ ആളുകൾക്ക് അവശ്യസാധനങ്ങളെത്തിക്കാനായത് എഐ സംവിധാനമുള്ള ഡ്രോണുകളുടെ സഹായത്തോടെയായിരുന്നു.
ഒറ്റപ്പെട്ടുപോയ ഗ്രാമങ്ങളുടെ മുകളിലൂടെ പറക്കുന്ന ഡ്രോണുകൾ ഉച്ചഭാഷണി ഉപയോഗിച്ച് ആഹാരം, വെള്ളം, മരുന്നുകൾ എന്നിവ ആവശ്യമുണ്ടോയെന്ന് ചോദിക്കും. ജനങ്ങളുടെ പ്രതികരണങ്ങൾ പകർത്തി കൺട്രോൾ റൂമിൽ ഡ്രോണുകൾ എത്തിക്കുമ്പോൾ അതിനനുസരിച്ച് സാധനങ്ങൾ ഡ്രോണുകൾ ഉപയോഗിച്ചുതന്നെ അയയ്ക്കാനും കഴിയുമെന്ന് എയർലിഫ്റ്റ് ടെക്നോളജി ഡയറക്ടറും ഡ്രോൺ പൈലറ്റുമായ മിലാൻ പാണ്ഡെ പറഞ്ഞു.
ഡ്രോണിൽനിന്നുള്ള നിർദേശമനുസരിച്ച് ആളുകൾ പ്ലക്കാർഡിലോ ചെളിയിലോ ഫോൺ നമ്പറോ വിലാസമോ എഴുതിക്കാണിക്കുമ്പോൾ ഓപ്പറേറ്റർമാർക്ക് അവരുടെ സ്ഥലവും ആവശ്യകതകളും തിരിച്ചറിഞ്ഞ് സഹായം എത്തിക്കാൻ സാധിക്കുന്നു.
മൂന്നു ദിവസത്തിനുള്ളിൽ കുറഞ്ഞത് 1.5 ടൺ ഭക്ഷണം ഉൾപ്പെടെയുള്ള അടിയന്തര സാമഗ്രികൾ ദുരിതബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്തതായി പാണ്ഡെ പറഞ്ഞു. റോഡുകളും പാലങ്ങളും ഒലിച്ചുപോയ ദുരന്തപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന്റെ ജീവനാഡിയായി ഡ്രോണുകൾ മാറിയിരിക്കുകയാണ്.
Tags : Drones Rescue FloodManagement GameChanger Nepal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash