മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തുന്ന സമസ്ത കേരള ജംഇയത്തുൽ ഉലമ (എപി വിഭാഗം) നേതാക്കൾ
തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പ്രസ്താവനയെ മുഖ്യമന്ത്രി വി. ഡി. സതീശൻ തള്ളിയതിന് പിന്നാലെ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തി എ.പി. വിഭാഗം നേതാക്കൾ കൂടിക്കാഴ്ച നടത്തി. കെ.പി. നൗഷാദ് അലി എംഎൽഎയുടെ സാന്നിധ്യത്തിലായിരുന്നു ഭാരവാഹികളുടെ കൂടിക്കാഴ്ച. വിഷയത്തിൽ വിരുദ്ധ നിലപാടുകളുമായാണ് മുസ്ലിം ലീഗും സിപിഎമ്മും മുന്നോട്ട് വന്നിട്ടുള്ളത്.
സ്ത്രീകൾ വീടുകളിൽ അടങ്ങിയൊതുങ്ങി കഴിയണമെന്ന പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി, ഇത് 19-ാം നൂറ്റാണ്ടിലെ ചിന്താഗതിയാണെന്നും പുരോഗമന കേരളത്തിന് നിരക്കാത്തതാണെന്നും വ്യക്തമാക്കി. ഇസ്ലാമിക ചരിത്രത്തെ പോലും കാന്തപുരം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. പ്രവാചകന്റെ ഭാര്യമാർ ബിസിനസ് നടത്തുകയും യുദ്ധരംഗത്ത് സജീവമായി പങ്കെടുക്കുകയും ചെയ്ത ചരിത്രം ഓർമിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുഖ്യമന്ത്രിയുടെ നിലപാടിൽ അതൃപ്തിയുണ്ടായ പശ്ചാത്തലത്തിലാണ് എ.പി. വിഭാഗം നേതാക്കൾ വിഷയത്തിൽ വിശദീകരണം നൽകാൻ തിരുവനന്തപുരത്തെത്തിയത്. കെ.പി. നൗഷാദ് അലി എംഎൽഎ, ഖലീൽ ബുഖാരി തങ്ങൾ, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, പേരോട് അബ്ദുറഹ്മാൻ സഖാഫി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച. അതേസമയം, പ്രസ്താവനയുടെ പേരിൽ കാന്തപുരത്തെ തള്ളിപ്പറയാൻ മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ തയ്യാറായില്ല. സി.പി.എം നേതാക്കളായ പി.കെ. ശ്രീമതിയും പി. ജയരാജനും പ്രസ്താവനയെ തള്ളിയെങ്കിലും, ടി.കെ. ഹംസയും കെ.ടി. ജലീലും കാന്തപുരത്തിന് പിന്തുണയുമായി രംഗത്തെത്തി.
Tags : ChiefMinister VDSatheean Samastha LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash