Kerala
കാസർഗോഡ്: സമസ്തയുടെ ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ച് സംഘടന വിട്ടുപോയവർ തിരികെ വരണമെന്നും ഒരു 'ഘർ വാപ്പസി' (മാതൃസംഘടനയിലേക്കുള്ള മടക്കം) ആണ് താൻ ആഗ്രഹിക്കുന്നതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. കാസർഗോഡ് ചെങ്കളയിൽ നടന്ന സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണ്ഡിതന്മാർക്കിടയിലെ ഭിന്നതകൾ സമുദായത്തിന് ഗുണകരമല്ല. സമസ്തയുടെ തണലിൽ നിന്ന് വിട്ടുപോയവർക്ക് ഇനിയും മടങ്ങിവരാം. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നൂറു വർഷത്തെ പാരമ്പര്യമുള്ള സമസ്തയുടെ അടിത്തറ ആദർശ വിശുദ്ധിയാണെന്നും അതിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈദ് ആഘോഷങ്ങൾക്ക് (ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ) നിലവിലുള്ള പരിമിതമായ അവധി മാറ്റി തുടർച്ചയായ മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി സർക്കാർ അനുവദിക്കണം, പെരുന്നാൾ കാലത്തെ പിറ ദർശനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ജുമുഅ നമസ്കാരത്തിന് തടസമാകാത്ത രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷകളും ക്ലാസുകളും ക്രമീകരിക്കണം, ഭരണപരമായ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം, മദ്രസകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും വഖഫ് സ്വത്തുക്കൾ സംരക്ഷിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പതിനായിരക്കണക്കിന് പ്രവർത്തകർ അണിനിരന്ന സമ്മേളനം സമസ്തയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതന്മാരും സാംസ്കാരിക നായകന്മാരും ചടങ്ങിൽ പങ്കെടുത്തു.
Kerala
കുണിയ (കാസർഗോഡ്): ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ജില്ലകളുടെ പുനർനിർണയം അനിവാര്യമാണെന്നും രാഷ്ട്രീയ താത്പര്യങ്ങൾക്കപ്പുറം ഇത് യാഥാർഥ്യമാക്കാൻ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്നും ചൂണ്ടിക്കാട്ടി കുണിയയിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാസമ്മേളനത്തിൽ പ്രമേയം പാസാക്കി.
ഉമർ ഫൈസി മുക്കം അവതരിപ്പിച്ച പ്രമേയത്തെ ഹൈദർ ഫൈസി പനങ്ങാങ്ങര പിന്താങ്ങി. 45 ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകളിൽ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുന്നതിനും പുതിയ ജില്ലാ രൂപീകരണം അത്യന്താപേക്ഷിതമാണെന്നും പ്രമേയത്തിൽ പറഞ്ഞു.
ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും ഇത്തരം പ്രശ്നങ്ങളുണ്ട്. 39 പാർലമെന്റ് മണ്ഡലങ്ങളുടെ പരിധിയിൽ 38 ജില്ലകൾ നിലനിൽക്കുന്ന തമിഴ്നാടിനെ ഇക്കാര്യത്തിൽ കേരളത്തിനു മാതൃകയാക്കാം.
പുതിയ ജില്ലകൾ വരുന്നതോടെ സിവിൽ സ്റ്റേഷനുകളും ആശുപത്രികളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ അടുക്കുകയും പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് അത് വേഗത കൂട്ടുകയും ചെയ്യുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
Kerala
കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ട് വേണ്ടെന്ന മുന്നറിയിപ്പുമായി സമസ്ത. രാഷ്ട്രീയത്തിന്റെ പേരില്‍ കൂട്ടുകൂടാന്‍ ജമാ അത്തെ ഇസ്ലാമി ശ്രമിക്കുമെന്നു സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം പറഞ്ഞു.
എന്നാല്‍, അവരെ അകറ്റിനിര്‍ത്തണമെന്നും സമസ്ത അകറ്റിനിര്‍ത്തിയെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. മറ്റ് തലത്തില്‍ പ്രവര്‍ത്തിച്ചിട്ടും ജമാ അത്തെ ഇസ്ലാമിക്ക് ആളെ കിട്ടാതെ വന്നപ്പോള്‍ അതിനെ ഭൂമിയില്‍ തൊടാതെ നിര്‍ത്തിയത് സമസ്തയാണ്.
ഇല്ലാത്ത പാര്‍ട്ടിയെ കൂട്ടുപിടിക്കേണ്ട ആവശ്യമില്ല. രാഷ്ട്രീയത്തിന്റെ പേരില്‍ നമ്മുടെ ഉള്ളില്‍ അവര്‍ നുഴഞ്ഞുകയറുമെന്നും ഉമര്‍ ഫൈസി പറഞ്ഞു.
നിലവില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയുമായി ഏറ്റവും കൂടുതല്‍ ധാരണയുണ്ടാക്കിയതു യുഡിഎഫാണ്. ഈ സാഹചര്യത്തില്കൂടിയാണു പ്രതികരണം.