പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ അധ്യാപക നിയമനത്തിനു തയാറാക്കിയ 18 റാങ്ക് പട്ടികകളുടെ കാലാവധി ആറു മാസത്തേക്കു കൂടി ദീർഘിപ്പിക്കാൻ പിഎസ്സിയോടു ശിപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
2026 സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന പ്രീ പ്രൈമറി, പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി അധ്യാപക റാങ്ക് പട്ടികകളുടെ കാലാവധിയാണ് ദീർഘിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ഇതുസംബന്ധിച്ച പൊതുവിദ്യാഭ്യാസ വകുപ്പു ശിപാർശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്.
സെൻസസ് ഡ്യൂട്ടി, ബിഎൽഒ ചുമതലകൾ, അന്തർജില്ലാ സ്ഥലംമാറ്റത്തിലുണ്ടായ കാലതാമസം, തസ്തിക നിർണയം വൈകൽ, ഒഴിവുകൾ യഥാസമയം പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യുന്നതിലുള്ള കാലതാമസം തുടങ്ങിയ കാരണങ്ങളാൽ മതിയായ നിയമനങ്ങൾ നടത്തുന്നതിന് തടസം നേരിട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതു നിയമനങ്ങളിൽ ഗണ്യമായ കുറവിനു കാരണമായെന്നും ഇതെല്ലാം പരിഗണിച്ചാണ് റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാനുള്ള തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാലാവധി നീട്ടാൻ ശിപാർശ ചെയ്യുന്ന റാങ്ക് പട്ടികകളും ബ്രാക്കറ്റിൽ കാറ്റഗറി നന്പറും
പ്രീപ്രൈമറി ടീച്ചർ (519/2019), എച്ച്എസ്ടി-സോഷ്യൽ സയൻസ് (203/2021), എച്ച്എസ്ടി -മലയാളം (255/ 2021), എച്ച്എസ്ടി-ഹിന്ദി (562/2021), എച്ച്എസ്ടി-ഇംഗ്ലീഷ് (254/2021), എച്ച്എസ്ടി -മാത്തമാറ്റിക്സ് (383/2020), എച്ച്എസ്ടി -നാച്ച്വറൽ സയൻസ് (384/2020), ഫുൾടൈം ജൂണിയർ ലാംഗ്വജ് ടീച്ചർ- അറബിക് (520/2019), പാർട് ടൈം എച്ച്എസ്ടി-ഹിന്ദി (422/2019), എച്ച്എസ്ടി -ഡ്രോയിംഗ് ടീച്ചേഴ്സ് (524/2019), പാർട് ടൈം ജൂണിയർ ലാംഗ്വജ് ടീച്ചർ- അറബിക് യുപിഎസ് (402/2020), ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ-യുപിഎസ് (525/2019), എച്ച്എസ്എസ്ടി- ഇംഗ്ലീഷ് (728/2021), എച്ച്എസ്എസ്ടി- ഇംഗ്ലീഷ് ജൂണിയർ (730/2021), എച്ച്എസ്എസ്ടി -ഹിസ്റ്ററി (486/2019), എച്ച്എസ്എസ്ടി -ജൂണിയർ സുവോളജി (738/2021), എച്ച്എസ്എസ്ടി -ജൂണിയർ ജ്യോഗ്രഫി (736/2021), എച്ച്എസ്എസ്ടി -ബോട്ടണി ജൂണിയർ (737/2021).
Tags : TeacherRecruitment RankLists Extended Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash