ജീതേന്ദ്ര മിശ്ര
അയോധ്യ: ശ്രീ റാം ജന്മഭൂമി തീർഥ ട്രസ്റ്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസറായി(സിഇഒ) ഓപ്പറേഷൻ സിന്ദൂറിൽ വെസ്റ്റേൺ എയർ കമാൻഡിനെ നയിച്ച ജീതേന്ദ്ര മിശ്രയെ(62) നിയമിച്ചു. മുൻ ട്രഷറർ ഗോവിന്ദ് ദേവ് ഗിരിയാണ് ശ്രീ റാം ജന്മഭൂമി തീർഥ ട്രസ്റ്റിന്റെ പുതിയ ജനറൽ സെക്രട്ടറി. മഹേഷ് ഭാഗ്ചന്ദ്കയാണ് പുതിയ ട്രഷറർ.
അയോധ്യ സംഭാവനക്കൊള്ള വിവാദത്തിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപത് റായ് രാജിവയ്ക്കുകയും മറ്റുള്ളവർ സംശയനിഴലിൽ നിൽക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് നിയമനം. 5585 പേരാണ് സിഇഒ പദവിയിലേക്ക് അപേക്ഷിച്ചിരുന്നത്. റിട്ട. ജസ്റ്റീസ് പ്രമോദ് കോഹ്ലി, റിട്ട. ലഫ്. ജനറൽ വിഷ്ണുകാന്ത് ചതുർവേദി, ശാസ്ത്രജ്ഞൻ സുരേഷ് ഹവാരെ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് നിയമനം നടത്തിയത്.
അഴിമതി പുറത്തുവന്നശേഷം നടന്ന മൂന്നാമത്തെ യോഗത്തിലാണ് കമ്മിറ്റി റിപ്പോർട്ട് പ്രകാരം ട്രസ്റ്റ് ജീതേന്ദ്രയുടെ പേര് അംഗീകരിച്ചത്. അപേക്ഷകരെക്കുറിച്ച് എഐ സഹായത്തോടെയുള്ള പരിശോധനയും വെർചലായുള്ള അഭിമുഖവും നടത്തിയിരുന്നു.
യുപിയിലെ ദേവ്രി ജില്ലയിൽനിന്നുള്ള മിശ്രയ്ക്ക് ഓപ്പറേഷൻ സിന്ദൂറിൽ സർവോത്തം യുദ്ധസേവാ മെഡൽ ലഭിച്ചിരുന്നു. കൂടാതെ അതിവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവയും ലഭിച്ചിട്ടുണ്ട്.
Tags : RetiredAirMarshal JitendraMishra CEO RamTempleTrust Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash