പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വിവിധ സർക്കാർ സ്ഥാപനങ്ങൾക്കെതിരേ കഴിഞ്ഞവർഷം 70,584 അഴിമതി പരാതികൾ ലഭിച്ചതായി കേന്ദ്ര വിജിലൻസ് കമ്മീഷന്റെ (സിവിസി) റിപ്പോർട്ട്. വിവിധ ബാങ്കുകൾക്കും റെയിൽവേയ്ക്കുമെതിരേയാണ് ഏറ്റവുമധികം പരാതികൾ ലഭിച്ചത്.
വിവിധ വകുപ്പുകളിലെ ചീഫ് വിജിലൻസ് ഓഫീസർമാർക്കു ലഭിച്ച ആകെ 70,584 പരാതികളിൽ 64,905 എണ്ണവും 2025 ഡിസംബർ 31ഓടെ അന്വേഷണം പൂർത്തിയാക്കി തീർപ്പാക്കിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.
ബാക്കിയുള്ള 5,679 പരാതികൾ അവസാനവട്ട നടപടിക്രമങ്ങളിലാണ്. എന്നാൽ 2,002 പരാതികൾ മൂന്നു മാസത്തിലേറെയായി കെട്ടിക്കിടക്കുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ബാങ്കുകളിലെ ചീഫ് വിജിലൻസ് ഓഫീസർമാർക്കാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്. ബാങ്കുകൾക്കെതിരേ ലഭിച്ച 9,933 പരാതികളിൽ 9,520 എണ്ണവും തീർപ്പാക്കി. രണ്ടാമതായി ഏറ്റവും കൂടുതൽ പരാതി ലഭിച്ചത് റെയിൽവേയ്ക്കെതിരേയാണ്. 9,381 പരാതികളാണു ലഭിച്ചത്. ഇതിൽ 8,754 എണ്ണവും പരിഹരിച്ചിട്ടുണ്ട്.
ഭവന-നഗരകാര്യ മന്ത്രാലയം (6,531), ഡൽഹി ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (4,834) എന്നിവയാണ് കൂടുതൽ പരാതികൾ ലഭിച്ച മറ്റു പ്രധാന മേഖലകൾ.
ഇതിനുപുറമെ കൽക്കരി മേഖല (4,118), ധനകാര്യം (3,107), ഡൽഹി സർക്കാർ (2,804), പെട്രോളിയം മന്ത്രാലയം (2,722), ഡൽഹി പൊലീസ് (2,633) തുടങ്ങി തൊഴിൽ, പ്രതിരോധം, സ്റ്റീൽ, വകുപ്പുകൾക്കെതിരേയും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ അഴിമതി കേസുകൾ സമയബന്ധിതമായി അന്വേഷിച്ച് നടപടിയെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കമ്മീഷൻ കൃത്യമായ ഇടവേളകളിൽ അവലോകനം നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Tags : Complaints Received Government Institutions Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash