പാസഞ്ചർ വെഹിക്കിൾസ്
മുംബൈ: മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയുടെ വിൽപനയിലുണ്ടായ കരുത്തിൽ രാജ്യത്ത് പാസഞ്ചർ വാഹനങ്ങളുടെ വിൽപനയിൽ കുതിപ്പ്.
ആഭ്യന്തര പാസഞ്ചർ വാഹനങ്ങളുടെ വില്പനയിൽ മുൻ വർഷം സമാനമാസത്തെ അപേക്ഷിച്ച് 35 ശതമാനം വർധനയാണ് ഓഗസ്റ്റിൽ രേഖപ്പെടുത്തിയത്. 4.5 ലക്ഷം യൂണിറ്റുകളുടെ വിൽപനയാണ് നടന്നത്. മുൻവർഷം ഇതേ മാസം 3.30 ലക്ഷം യൂണിറ്റുകളാണ് വിറ്റത്.
ഒന്നാമത് മാരുതി സുസുക്കി
വാഹന വിൽപനയിൽ മാരുതി സുസുക്കി തന്നെയാണ് ഒന്നാമത്. ഓഗസ്റ്റിൽ മുൻ വർഷത്തെ അപേക്ഷിച്ച് വില്പനയിൽ 35 ശതമാനം വർധന രേഖപ്പെടുത്താൻ കന്പനിക്ക് സാധിച്ചു. ആഭ്യന്തര വിപണിയിൽ ഇക്കാലയളവിൽ വിറ്റത് 1,76,971 യൂണിറ്റുകളാണ്. മുൻവർഷം ഓഗസ്റ്റിൽ ഇത് 1,31,278 യൂണിറ്റുകളായിരുന്നു. എന്നാൽ, പ്രതിമാസ കണക്കിൽ ജൂലൈയിലെ 1,96,203നേക്കാൾ കുറവാണ്.
ടാറ്റ മോട്ടോഴ്സിനും മഹീന്ദ്രയ്ക്കും വളർച്ച
ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസിന്റെ ആഭ്യന്തര വില്പന മുൻ വർഷത്തെ 41,001 യൂണിറ്റിൽ നിന്ന് 59 ശതമാനം ഉയർന്ന് 65,253 യൂണിറ്റിലെത്തി.
ടാറ്റയുടെ ഇവി മോഡലുകളുടെ വില്പനയിൽ 94 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 2025 ഓഗസ്റ്റിൽ വില്പന 8,540 യൂണിറ്റുകളായിരുന്നത് 16,549 യൂണിറ്റായി ഉയർന്നു.
മഹീന്ദ്രയ്ക്കും ഓഗസ്റ്റ് നേട്ടങ്ങളുടെ മാസമായിരുന്നു. ആഭ്യന്തര മാർക്കറ്റിൽ 50 ശതമാനം വളർച്ചയോടെ 59,257 യൂണിറ്റുകൾ വിറ്റഴിച്ചു.
വാർഷികകണക്കിൽ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ, കിയ ഇന്ത്യ, എംജി, ഹോണ്ട, നിസാൻ എന്നിവയും വിൽപനയിൽ വളർച്ച രേഖപ്പെടുത്തി. റെനോട്ട്, ടൊയോട്ട എന്നിവയ്ക്ക് ഇടിവ് നേരിട്ടു.
Tags : PassengerVehicle SalesRise Business