പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിനെപ്പോലും വകവയ്ക്കാത്ത സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ പ്രത്യക്ഷമായി തള്ളി പാർട്ടിയിലെ മുതിർന്ന നേതാക്കൾ.
നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാവും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ കണ്ണൂരിൽ നടത്തിയ പരാമർശങ്ങളെ അപ്പാടെ തള്ളിക്കൊണ്ടാണ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് കഴിഞ്ഞ ദിവസം ആലപ്പുഴയിൽ പ്രസംഗിച്ചത്. ഇതു പിണറായി വിജയനുള്ള ഐസക്കിന്റെ മറുപടിയായാണു വ്യാഖ്യാനിക്കപ്പെടുന്നത്.
പാർട്ടി കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിനെ പൂർണമായും അംഗീകരിച്ചുകൊണ്ടുള്ള തോമസ് ഐസക്കിന്റെ പ്രസംഗം നിലവിലെ പാർട്ടി നേതൃത്വത്തിനെതിരേയുള്ള പ്രതിഷേധംകൂടിയായി വേണം കണക്കാക്കാൻ.
പാർട്ടിപ്രവർത്തകരും ജനങ്ങളും തെറ്റുതിരുത്തി മുന്നോട്ടു വരുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന പിണറായി വിജയന്റെ പരാമർശത്തിനെതിരേ ഇതാദ്യമായാണ് ഒരു മുതിർന്ന നേതാവ് പരസ്യമായി പ്രതികരിക്കുന്നത്. അതും, കഴിഞ്ഞ കാലങ്ങളിൽ പിണറായിയുടെ വിശ്വസ്തനായിരുന്ന ഡോ. ടി.എം.തോമസ് ഐസക്ക്.
പിണറായിയും എം.വി. ഗോവിന്ദനും തോമസ് ഐസക്കും പങ്കെടുത്ത രണ്ടു ദിവസം ചർച്ച ചെയ്ത് അംഗീകരിച്ച കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പു റിപ്പോർട്ടിനെയാണു പിബി അംഗംകൂടിയായ പിണറായി തള്ളിക്കളഞ്ഞത്. ഇതിൽ സംസ്ഥാനത്തെ നേതൃനിരയിലുള്ള ഭൂരിഭക്ഷം നേതാക്കളും കടുത്ത അതൃപ്തിയിലാണെങ്കിലും പിണറായിയെ പരസ്യമായി തള്ളിപ്പറഞ്ഞത് ഐസക് മാത്രമാണ്.
13 മുതൽ 15 വരെ കോഴിക്കോട് ചേരുന്ന പ്രത്യേക സംസ്ഥാന കമ്മിറ്റിയിൽ കൂടുതൽ നേതാക്കൾ പിണറായിക്കെതിരേ വിമർശനവുമായി രംഗത്തെത്താൻ സാധ്യതയുണ്ട്. ഇതുകൂടി മുന്നിൽ കണ്ടാണു തോമസ് ഐസക് പാർട്ടി പ്രവർത്തകർ മാത്രമുള്ള വേദിയിൽ പിണറായിയെ പരോക്ഷമായി വിമർശിച്ചത്.
ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെന്റാണ് തെരഞ്ഞെടുപ്പു തോൽവിയെന്നും സഹകരണ സംഘങ്ങളിലെ അഴിമതിയും കഴിഞ്ഞ പത്തുവർഷക്കാലത്തെ സ്വജനപക്ഷപാതപരമായ നടപടികളും താൻപോരിമയുമൊക്കെ തോൽവിക്കു കാരണങ്ങളായി എന്നൊക്കെയായിരുന്നു ഐസക്കിന്റെ വിമർശനം. ഇതൊക്കെ മാറ്റി ജനങ്ങൾക്കൊപ്പം നിന്നാൽ തിരിച്ചുവരുവു സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്വാഭാവികമായും ഐസക്കിന്റെ വാക്കുകൾ പിണറായി വിജയന്റെ നിലപാടിനെതിരേയുള്ള ശക്തമായ മറുപടികൂടിയാണ്.
തോമസ് ഐസക്കും കേരളത്തിൽ നിന്നുള്ള മറ്റു പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളും പ്രത്യേക സംസ്ഥാന കമ്മിറ്റിയിൽ കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ടിനൊപ്പം അടിയുറച്ചു നിന്നാൽ പിണറായി വിജയനും എം.വി. ഗോവിന്ദനും അതു കടുത്ത വെല്ലുവിളിയാകും.
തെറ്റുതിരുത്തൽ ഈ പ്രത്യേക കമ്മിറ്റിയിൽ നിന്നുതന്നെ തുടങ്ങണമെന്നു സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബികൂടി കടുത്ത നിലപാടു സ്വീകരിച്ചാൽ ഒരു പക്ഷേ ആദ്യത്തെ ഇരയാകാൻ പോകുന്നതു പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെയാകും. അതിനനുസരിച്ചുള്ള നീക്കങ്ങളാണു ഇപ്പോൾ സിപിഎമ്മിൽ നടക്കുന്നതെന്നാണ് അറിയാൻ കഴിയുന്നത്.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ.ശൈലജയും പി.കെ. ശ്രീമതിയും ഇ.പി. ജയരാജനും എം.വി. ഗോവിന്ദനെതിരാണ്. ഇങ്ങനെയൊരു സാഹചര്യം ഉരുത്തിരിഞ്ഞു വന്നാൽ മുതിർന്ന പിബി അംഗം കൂടിയായ പിണറായി വിജയൻ എന്തു നിലപാടു സ്വീകരിക്കുമെന്നതും കണ്ടറിയേണ്ടതാണ്.
Tags : ThomasIsaac Reply CPMLeadership Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Weapon