യുഎസ് ആക്രമണത്തിൽ പരിക്കേറ്റ ഇറേനിയൻ ബാലൻ ആശുപത്രിയിൽ ചികിത്സയിൽ.
ടെഹ്റാൻ: പുനരാരംഭിച്ച ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമായി. അമേരിക്കൻ സേന ജൂലൈയ്ക്കു ശേഷമുള്ള ഏറ്റവും വലിയ ആക്രമണം ചൊവ്വാഴ്ച രാത്രി ഇറാനിൽ നടത്തി. പശ്ചിമേഷ്യയിലുടനീളമുള്ള അമേരിക്കൻ സൈനിക താവളങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും അയച്ച് ഇറാനും തിരിച്ചടിച്ചു.
അമേരിക്കൻ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും അനേകർക്കു പരിക്കേൽക്കുകയും ചെയ്തതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീരദേശ പട്ടണമായ സിറിക്കിലെ ഒരു വിട്ടിൽ നടന്ന വിവാഹ ആഘോഷത്തിനു നേർക്കും ആക്രമണമുണ്ടായി. ഇതിൽ മാത്രം നാലു വയസുള്ള കുട്ടി അടക്കം അഞ്ചു പേർ കൊല്ലപ്പെടുകയും 68 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
യുഎസ് ആക്രമണത്തിലെ നാശനഷ്ടത്തിന്‍റെയും ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികളുടെയും ചിത്രങ്ങൾ ഇറാൻ പുറത്തുവിട്ടു.
അതേസമയം, ഇറാനിലെ വിപ്ലവ ഗാർഡിന്‍റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ, റഡാറുകൾ, മൈൻ വിതരണ ഉപകരണങ്ങൾ മുതലായവയാണ് ആക്രമിച്ചതെന്ന് അമേരിക്കൻ സേന അവകാശപ്പെട്ടു.
ബഹ്റിൻ, ജോർദാൻ, കുവൈറ്റ്, ഇറാക്ക് എന്നിവടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളിൽ തിരിച്ചടിച്ചുവെന്നാണ് ഇറാൻ അറിയിച്ചത്.
ജോർദാനിലെ ആക്രമണത്തിൽ ഒട്ടേറെ യുഎസ് സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ ആളപായമില്ലെന്നാണ് അമേരിക്കൻ വൃത്തങ്ങൾ അറിയിച്ചത്. ഇറാൻ തൊടുത്ത 13 മിസൈലുകളിൽ പത്തെണ്ണം വെടിവച്ചിട്ടെന്നും ശേഷിക്കുന്നവ അപകടമില്ലാതെ വിദൂരപ്രദേശങ്ങളിൽ പതിച്ചെന്നും ജോർദാൻ അറിയിച്ചു.
വടക്കൻ ഇറാക്കിലെ എർബിലിലുള്ള അമേരിക്കൻ താവളത്തിൽ നടത്തിയ ആക്രമണത്തിലും ഒട്ടേറെ സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ അമേരിക്കയോ ഇറാക്കോ തയാറായില്ല.
അലി അൽ സലേം യുഎസ് വ്യോമാതാളവത്തിനു നേർക്ക് മിസൈൽ, ഡ്രോൺ ആക്രമണം ഉണ്ടായെന്ന് കുവൈത്ത് സ്ഥിരീകരിച്ചു. ഇറാൻ തൊടുത്ത ഡ്രോണുകൾ നിർവീര്യമാക്കിയെന്ന ബഹ്റിനും അറിയിച്ചു.
പശ്ചിമേഷ്യാ സംഘർഷം വർധിച്ചത് ആഗോളതലത്തിൽ ഓഹരിവിപണി ഇടിയാനും എണ്ണവില ഉയരാനും കാരണമായി.
Tags :