ഇലക്ട്രിക് വിമാനത്തിന്‍റെ പരീക്ഷണം
ബെയ്ജിംഗ്: ചൈനീസ് നിർമിത ഇലക്ട്രിക് വിമാനമായ സിഇ-25എയുടെ മനുഷ്യരെ വാഹിച്ചുകൊണ്ടുള്ള ആദ്യ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി. കിഴക്കൻ ഷാൻഡോങ് പ്രവിശ്യയിലെ ബിൻസോവിലാണ് ചരിത്രപ്രധാനമായ ഈ ഗ്രീൻ ഏവിയേഷൻ പരീക്ഷണം നടന്നത്. രണ്ട് പൈലറ്റുമാരും ഒരു ഫ്ലൈറ്റ് ടെസ്റ്റ് എൻജിനീയറുമാണ് പരീക്ഷണ പറക്കലിൽ പങ്കെടുത്തത്.
ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നഗരങ്ങൾ തമ്മിലുള്ള യാത്രകൾക്കായി വാണിജ്യാടിസ്ഥാനത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ വിമാനത്തിന് 19 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ട്. പരമാവധി ടേക്ക് ഓഫ് ഭാരം 10 ടണ്‍ വരുന്ന വിമാനം 16 മിനിറ്റും 38 സെക്കൻഡും ആകാശത്ത് പറന്ന് 60.4 കിലോമീറ്റർ പിന്നിട്ടാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയും, 2,400 മീറ്റർ ഉയരവും, 400 കിലോമീറ്റർ ദൂരപരിധിയുമാണ് വിമാനത്തിനുള്ളത്.
മാനുഷിക സുരക്ഷ പൂർണ്ണമായും ഉറപ്പുവരുത്തുന്നതിനായി പൈലറ്റുമാരുമായുള്ള പറക്കലിന് മുൻപ് വിമാനം 19 ആളില്ലാ സ്മാർട്ട് പരീക്ഷണ പറക്കലുകൾ പൂർത്തിയാക്കിയിരുന്നു. ഈ വർഷം ഫെബ്രുവരി രണ്ടിനായിരുന്നു ഇതിന്‍റെ ആദ്യ ആളില്ലാ സ്വയംഭരണ പറക്കൽ നടന്നത്.
പ്രമുഖ ബാറ്ററി നിർമ്മാതാക്കളായ സിഎടിഎൽ, ഷാങ്ഹായ് ജിയാവോ ടോങ് സർവകലാശാല എന്നിവരുമായി സഹകരിച്ചാണ് കൊമാക് ഈ വിമാനം വികസിപ്പിച്ചെടുത്തത്.
Tags : Aircraft ElectricAircraft Flight Piloted Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash