പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ചാല സ്വർണക്കവർച്ചക്കേസിൽ നിർണായക അറസ്റ്റ്. കവർച്ചയ്ക്ക് പിന്നിൽ ബിസിനസ് വൈരാഗ്യമാണെന്ന പൊലിസിന്റെ കണ്ടെത്തലിന് പിന്നാലെ ചാല മാളവിക ജ്വല്ലറി ഉടമ ജയറാമിനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരേ നേരത്തെ സ്വർണം നഷ്ടമായ വൈഷ്ണവി ഗോൾഡ് ഉടമ നന്ദകുമാർ മൊഴി നൽകിയിരുന്നു.
തുടർന്ന് ജയറാമിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. വൈഷ്ണവി ജ്വല്ലറിക്ക് സമീപമാണ് മാളവിക ജ്വല്ലറി പ്രവർത്തിക്കുന്നത്. സ്വർണ ഏജന്റുമാർ തമ്മിലുള്ള തർക്കമാണ് കവർച്ചയ്ക്ക് പിന്നിലെന്ന വിവരം നേരത്തെ പൊലിസിന് ലഭിച്ചിരുന്നു. നന്ദകുമാറിന്റെ ബിസിനസ് തകർക്കുകയായിരുന്നു കവർച്ചയുടെ ലക്ഷ്യമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കേസിൽ നേരത്തെ ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ മഹാരാഷ്ട്ര സ്വദേശി അമോളുമായി ജയറാമിന് ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളും പൊലിസിന് ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് നന്ദകുമാർ കവർച്ചയ്ക്കിരയായത്. വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം അദ്ദേഹത്തെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
ശരീരത്തിന് കുറുകെ ധരിച്ചിരുന്ന ക്രോസ് ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് സംഘം കവർന്നത്. 2.6 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് നഷ്ടമായത്. മാസങ്ങൾ നീണ്ട ആസൂത്രണമാണ് പ്രതികൾ കവർച്ചയ്ക്കായി നടത്തിയതെന്ന് പൊലിസ് പറഞ്ഞു.
Tags : Arrest ChalaGoldRobbery KeralaPolice GoldRobbery MajorArrest JewelleryRobbery Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash