പ്രതീകാത്മക ചിത്രം
മാങ്കാംകുഴി : മദ്യലഹരിയിൽ ഇതരസംസ്ഥാന തൊഴിലാളി പെൺസുഹൃത്തിന്റെ രണ്ടു വയസുകാരിയായ മകളെ നിലത്തടിച്ച് കൊലപ്പെടുത്തി. മാവേലിക്കര മാങ്കാംകുഴിയിൽ നടന്ന സംഭവത്തിൽ ആസാം സ്വദേശി പരിതോഷ് മൊണ്ടലിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. മാങ്കാംകുഴി ജംഗ്ഷന് സമീപം വെട്ടിയാറിലാണ് ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്.
മദ്യപിച്ചെത്തിയ പരിതോഷ് പെൺസുഹൃത്തായ റൊണ്ടോവാലിയുമായി വഴക്കിടുന്നതിനിടെയാണ് സംഭവം. ഇതിനിടെ റൊണ്ടോവാലിയുടെ ഒക്കത്തിരുന്ന കുഞ്ഞിനെ ഇയാൾ ബലമായി നിലത്തടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുഞ്ഞിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടതോടെ സംശയം തോന്നിയ ഡോക്ടർ മാവേലിക്കര പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കുറത്തികാട് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പരിതോഷിനെ പിടികൂടിയത്. കുഞ്ഞിന്റെ മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Tags : arrest alappuzha migrant worker