കാലിക്കട്ടിന്റെ മാക്സിമിലിയാനോ ഗോൾ നേടുന്നു.
കോഴിക്കോട്: വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരള ഫുട്ബോൾ 2026 സീസൺ ഷീൽഡ് കാലിക്കട്ട് എഫ്സിക്ക്. രണ്ട് റൗണ്ട് മത്സരങ്ങൾ ശേഷിക്കേ, ഇന്നലെ കണ്ണൂർ വാരിയേഴ്സ് എഫ്സിയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കു തകർത്താണ് കാലിക്കട്ട് പ്രഥമ ലീഗ് ഷീൽഡ് ഉറപ്പിച്ചത്. എട്ട് റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ കാലിക്കട്ട് എഫ്സിയും മലപ്പുറം എഫ്സിയും സെമിയിൽ ഇടമുറപ്പിച്ചു.
കാലിക്കട്ടിനായി മാക്സിമിലിയാനോ (14, 45+2, 67 മിനിറ്റുകൾ) ഹാട്രിക്ക് നേടി. പ്രശാന്തും ലിയോ ഡേവിഡും ഓരോ തവണയും ലക്ഷ്യം കണ്ടു. എട്ട് കളികളിൽ കാലിക്കട്ട് 20 പോയന്റുമായി ടേബിളിൽ ഒന്നാമത് തുടരുന്നു. ഇത്രയും കളികളിൽ ഏഴ് പോയന്റുമായി കണ്ണൂർ അവസാന സ്ഥാനത്താണ്.
14-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ കാലിക്കട്ട് ലീഡെടുത്തു. ലിയനാർഡോയെ ഗോൾകീപ്പർ ഹജ്മൽ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മാക്സിമിലിയാനോ അനായാസം വലയിലാക്കി. നാലു മിനിറ്റിനകം കണ്ണൂർ പത്ത് പേരായി ചുരുങ്ങി. കാൽവിൻ തോമസിനെ ഇടിച്ച എസ്. മനോജിന് ചുവപ്പ് കാർഡ്. 40-ാം മിനിറ്റിൽ നായകൻ പ്രശാന്തിന്റെ ക്ലിനിക്കൽ ഫിനിഷിൽ കാലിക്കട്ട് ലീഡ് ഉയർത്തി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ബോക്സിന് പുറത്തുനിന്നുള്ള ഷോട്ടിലൂടെ മാക്സിമിലിയാനോ സ്കോർ 3-0 ആക്കി.
51-ാം മിനിറ്റിൽ ഇടതു വിംഗിലൂടെ മുന്നേറി മുഹമ്മദ് ആഷിഖ് നൽകിയ പാസ് ലിയോ ഡേവിഡ് ഗോളാക്കി. 67-ാം മിനിറ്റിൽ മാക്സിമിലിയാനോ ഒറ്റയ്ക്ക് മുന്നേറി സ്കോർ ചെയ്തു.
Tags : Calicut Shines Sports SportsNews Highlights Tennis Cricket Badminton Calicut FC Wins Inaugural Super League Kerala Shield