നിര്‍മലം ശബരിമല കാന്പയിന് വീഡിയോ സ്വിച്ച് ഓണ്‍ ചെയ്ത് തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: ശബരിമല തീര്‍ഥാടനകാലം ശുചിത്വപൂര്‍ണവും പരിസ്ഥിതി സൗഹൃദവുമാക്കുകയെന്ന ലക്ഷ്യത്തോടെ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ‘നിര്‍മലം ശബരിമല’ കാന്പയിന് ആരംഭിച്ചു.
കേരളത്തില്‍നിന്നും അയല്സംസ്ഥാനങ്ങളില്നിന്നുമെത്തുന്ന തീര്‍ഥാടകരെ ലക്ഷ്യമിട്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. മന്ത്രിയുടെ ചേംബറില്‍ വീഡിയോ സ്വിച്ച് ഓണ്‍ ചെയ്ത് തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു.തീര്‍ഥാടകര്‍ക്കായി തയാറാക്കിയ വിവിധ ഭാഷകളിലുള്ള പ്രചാരണ പോസ്റ്ററുകളും മന്ത്രി പ്രകാശനം ചെയ്തു.
അയ്യപ്പഭക്തരുടെ തീര്‍ഥാടനത്തെ പരിസ്ഥിതി സംരക്ഷണത്തിന്റെയും ശുചിത്വത്തിന്റെയും മാതൃകയാക്കി മാറ്റുകയാണ് കാന്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിനു തീര്‍ഥാടകരില്‍ ശുചിത്വബോധവും പരിസ്ഥിതി സംരക്ഷണത്തോടുള്ള ഉത്തരവാദിത്വബോധവും വളര്‍ത്തുകയാണ് പ്രധാന ലക്ഷ്യം. പ്രധാന തീര്‍ഥാടനപാതകളില്‍ ശുചിത്വ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ബഹുഭാഷാ ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
തുണിസഞ്ചികള്‍ വിതരണം ചെയ്യുന്നതിനായി പ്രത്യേക കിയോസ്കുകളും മാലിന്യങ്ങള്‍ കൃത്യമായി ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
Tags : Nirmalam Sabarimala Deepika DeepikaNewspaper BreakingNews NewsUpdate Launch of the Nirmalam Sabarimala campaign