പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിന്റെ ഡിജിറ്റൽ ഭാവിയും പുതിയ നിക്ഷേപ സാധ്യതകളും ആഗോള സാങ്കേതിക പങ്കാളിത്തവും ചർച്ച ചെയ്യുന്നതിനായി കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റ് 24, 25 തീയതികളിൽ നടക്കും. അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കണ്വൻഷൻ സെന്ററാണ് ഉച്ചകോടിക്ക് വേദിയാകുക. മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യാതിഥിയാകും.
മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോണ്, റോജി എം. ജോണ്, ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, ഒ.ജെ. ജെനീഷ് തുടങ്ങിയവർ പങ്കെടുക്കും. അർജന്റീന, ക്യൂബ, ഇക്വഡോർ, ലെസോത്തോ, മ്യാൻമർ, പരാഗ്വെ, തിമൂർ-ലെസ്റ്റെ, ഉഗാണ്ട, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും നയതന്ത്ര പ്രതിനിധികളും ഉച്ചകോടിക്കെത്തും.
യൂറോപ്യൻ യൂണിയൻ മുൻ പാർലമെന്റ് അംഗവും മുൻ വൈസ് പ്രസിഡന്റുമായ റിസാർഡ് സാർനെക്കി, ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ പ്രസിഡന്റ് ഡോ. ആസിഫ് ഇക്ബാൽ എന്നിവരും വിശിഷ്ടാതിഥികളാകും.ആഗോള ടെക്നോളജി പ്രമുഖർ, നിക്ഷേപകർ, വ്യവസായ പ്രതിനിധികൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങി 1500-ഓളം പ്രതിനിധികൾ സമ്മിറ്റിന്റെ ഭാഗമാകും.
Tags : Global iDgital Transformation Deepika DeepikaNewspaper BreakingNews Global Digital Transformation Summit