പ്രതീകാത്മക ചിത്രം
അതെ, കടമ്പകൾ പലതുണ്ട്. അവ മറികടക്കാനാകുമോയെന്ന സംശയം മുൻവാരം ഉയർത്തിയതിനെ ശരിവച്ച് ഇന്ത്യൻ ഓഹരി സൂചികകൾ തളർന്നു. ആഗോള ക്രൂഡ് ഓയിൽ വിലക്കയറ്റവും കോർപറേറ്റ് മേഖലയിൽനിന്നുള്ള രണ്ടാംപാദ പ്രവർത്തനഫലങ്ങൾക്ക് പ്രതീക്ഷിച്ച തിളക്കം ലഭിക്കാത്തതും സൂചികകളുടെ പ്രകടനത്തിന് മങ്ങലേൽപ്പിച്ചു. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി വ്യാപാരം നാല് ദിവസങ്ങളിലായി ചുരുങ്ങിയിട്ടും രണ്ട് ശതമാനത്തോളം ഇടിവ് നേരിട്ടു. സെൻസെക്സ് 1605 പോയിന്റും നിഫ്റ്റി 546 പോയിന്റും ഇടിഞ്ഞു.
ഫോറെക്സ് വിപണിയിൽ രൂപയ്ക്ക് കരുത്തുപകരാൻ റിസർവ് ബാങ്ക് നടത്തിയ നീക്കങ്ങൾ അനുകൂല ഫലം നൽകിയെങ്കിലും ബാങ്കിംഗ് മേഖല കടുത്ത സമ്മർദത്തിലാണ്. ബാങ്കിംഗ്, ധനകാര്യ മേഖലകളിലെ ഓഹരികൾ വിൽപന സമ്മർദത്തിലായി. ത്രൈമാസ പ്രവർത്തനഫലങ്ങളെക്കുറിച്ചുള്ള ആശങ്കകളും വായ്പാ മാർജിനുകളിലെ സമ്മർദവും നിക്ഷേപകരെ അലട്ടി.
ക്രൂഡ് ഓയിൽ
പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വിതരണത്തെക്കുറിച്ചുള്ള ആശങ്കകളും ശക്തമായി. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 116 ഡോളറിലേക്ക് ഉയർന്നു. എണ്ണവിലക്കയറ്റം ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്കും ഓഹരി വിപണിക്കും വെല്ലുവിളി ഉയർത്തും.
ക്രൂഡ് ഓയിൽ വില 117 ഡോളറിലെ ട്രെൻഡ്ലൈൻ പ്രതിരോധ മേഖലയ്ക്ക് സമീപമാണ്. ഈ പ്രതിരോധം തകർക്കാനായില്ലെങ്കിൽ സാങ്കേതിക തിരുത്തലിന്റെ ഭാഗമായി വില 112 ഡോളറിലേക്ക് താഴാം. എന്നാൽ താഴ്ന്ന നിലവാരത്തിൽ ഫണ്ട് വാങ്ങൽ ഉയരാനുള്ള സാധ്യതയുണ്ട്.
സൗദി അറേബ്യക്ക് നേരേയുള്ള ആക്രമണങ്ങൾ വിലക്കയറ്റം ശക്തമാക്കാം. നവംബറിൽ 120-130 ഡോളറിലേക്ക് കുതിച്ചുയരാൻ സാധ്യത. മാസാരംഭത്തിൽ ബാരലിന് 102 ഡോളറിൽ വ്യാപാരം നടന്ന ഘട്ടത്തിൽത്തന്നെ ക്രൂഡ് ഓയിൽ 110-115 ഡോളറിലേക്ക് ഉറ്റുനോക്കുന്ന വിവരം ചൂണ്ടിക്കാട്ടിയിരുന്നു.
ഡോളറിനെതിരേ രൂപ 94.95ൽനിന്ന് 94.32 വരെ മെച്ചപ്പെട്ടശേഷം 94.97ലേക്ക് ദുർബലമായി. എന്നാൽ വ്യാപാരാന്ത്യം 94.94 നിലവാരത്തിലാണ്. ആഗോള അനിശ്ചിതത്വങ്ങൾ വിദേശ ഫണ്ടുകളുടെ പിന്മാറ്റത്തെ സ്വാധീനിക്കുന്നത് രൂപയെയും ബാധിക്കാം.
വിദേശ ഫണ്ടുകൾ തുടർച്ചയായ പത്താംവാരവും വിൽപനയ്ക്ക് തിടുക്കം കാട്ടി. പോയവാരം അവർ 4,607.34 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ഇതിനിടെ 1909.97 കോടി രൂപയുടെ ഓഹരികൾ വാങ്ങി. തൊട്ടുമുൻ ആഴ്ചയിലെ 8940 കോടി രൂപയുടെ അറ്റവിൽപനയുമായി താരതമ്യം ചെയ്യുമ്പോൾ സമ്മർദം കുറഞ്ഞത് ആശ്വാസമായി.
ആഭ്യന്തര ഫണ്ടുകൾ 10,942.19 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെങ്കിലും സൂചികയിലെ ഇടിവ് തടയാനായില്ല. ഒക്ടോബറിൽ ഇതിനകം 59,110 കോടി രൂപയുടെ നിക്ഷേപം നടത്തി.
നിഫ്റ്റി
നിഫ്റ്റി സൂചിക 23,146 പോയിന്റിൽനിന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. വാരത്തിന്റെ രണ്ടാം പകുതിയിൽ സൂചികയ്ക്ക് കാലിടറിയതോടെ 22,573ലെ പിന്തുണ തകർത്ത് 22,372ലേക്ക് ഇടിഞ്ഞു. വാരാന്ത്യം 22,600 പോയിന്റിലാണ്. ഈ വാരം 22,256 പോയിന്റിലെ ആദ്യ പിന്തുണ നിലനിർത്താനായാൽ പ്രതിരോധ മേഖലയായ 23,059ലേക്ക് മുന്നേറാം. അതേസമയം, ആദ്യ പിന്തുണ നഷ്ടമായാൽ നിഫ്റ്റി 21,912ലേക്ക് തളരും.
ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് കണക്കുകൾ വിപണി ദുർബലമാകുമെന്ന ഓപ്പറേറ്റർമാരുടെ മനോഭാവത്തിലേക്കാണ് വിരൽചൂണ്ടുന്നത്. വിപണിയിലെ ഇടിവിനിടെ ഓപ്പൺ ഇന്ററസ്റ്റ് വർധിച്ചു. വ്യാപാരികൾ പുതിയ ഷോർട്ട് പൊസിഷനുകൾ രൂപപ്പെടുത്തിയതിന്റെ സൂചനയായി ഇതിനെ വിലയിരുത്താം. നിഫ്റ്റി നവംബർ 23,119ൽനിന്ന് 2.4 ശതമാനം ഇടിഞ്ഞ് 22,661ലെത്തി. ഓപ്പൺ ഇന്ററസ്റ്റ് 28.4 ലക്ഷത്തിൽനിന്ന് മൂന്നിരട്ടിയോളം വർധിച്ച് 85.5 ലക്ഷമായി.
സെൻസെക്സ്
സെൻസെക്സ് 74,729 പോയിന്റിൽനിന്ന് 72,677ലെ ആദ്യ പിന്തുണ തകർത്ത് 72,452 വരെ ഇടിഞ്ഞു. വാരാന്ത്യത്തിൽ 73,123 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ഈ വാരം 72,101-70,799 താങ്ങുണ്ട്. തിരിച്ചുവരവ് നടത്തിയാൽ 74,497-75,871 പോയിന്റിൽ പ്രതിരോധം നേരിടാം.
സ്വർണത്തിൽ ഫണ്ടുകൾ ഷോർട്ട് പൊസിഷനുകൾ വർധിപ്പിച്ചതോടെ മഞ്ഞലോഹത്തിന് നിർണായക പിന്തുണ നഷ്ടമായി. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 4165 ഡോളറിൽനിന്ന് 4000 ഡോളറിലെ പിന്തുണ തകർത്ത് 3977 ഡോളറിലേക്ക് ഇടിഞ്ഞശേഷം 3995 ഡോളറിലാണ്.
അന്താരാഷ്ട്ര വിപണി തിരുത്തൽ പാതയിലായതിനാൽ ഔൺസിന് 3770 ഡോളറിലും 3685 ഡോളറിലും സാങ്കേതിക പിന്തുണ പ്രതീക്ഷിക്കാം. കരുത്ത് തിരിച്ചുപിടിക്കാൻ ശ്രമിച്ചാൽ 4075 - 4150 ഡോളറിലേക്ക് സഞ്ചരിക്കാം.
Tags : Stock indices Business Entrepreneur Startup Market Money weaken