കെ. മുരളീധരൻ
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‍സി) ചെയർമാനെതിരെയുള്ള ഗവർണറുടെ നടപടിയിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ രംഗത്ത്. പിഎസ്‍സിയുടെ ഭാഗത്ത് വ്യക്തമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും, അതുകൊണ്ടാണ് സംസ്ഥാന സർക്കാർ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കാത്ത നിലപാടാണ് പിഎസ്‍സിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഈ പശ്ചാത്തലത്തിലായിരിക്കാം ഗവർണർ അത്തരമൊരു കർശന നടപടിയിലേക്ക് കടന്നത്. പിഎസ്‍സി ഒരു സ്വതന്ത്ര സ്ഥാപനമാണെങ്കിലും, അത് പ്രവർത്തിക്കേണ്ട ലക്ഷ്യങ്ങളിൽ നിന്നും പൂർണമായി വ്യതിചലിച്ച സാഹചര്യത്തിലാണ് സർക്കാർ ഇതിൽ ഇടപെടേണ്ടി വന്നതെന്നും മുരളീധരൻ പറഞ്ഞു.
അഴിമതിയുടെ സ്ഥാപനമായി പിഎസ്‍സി മാറി. എൽഡിഎഫ് ഉയർത്തുന്നത് വെറും രാഷ്ട്രീയ ആരോപണങ്ങൾ മാത്രമാണ്. പിഎസ്‍സിയെ ഇത്രയധികം വഷളാക്കിയ മറ്റൊരു കാലഘട്ടം കേരളത്തിന്‍റെ ചരിത്രത്തിൽ വേറെയുണ്ടായിട്ടില്ല.
നിലവിലുള്ള പിഎസ്‍സി ബോർഡ് ഉടൻ തന്നെ മാറണമെന്ന കാര്യത്തിൽ ആർക്കും യാതൊരു സംശയവുമില്ല. പിഎസ്‍സി അംഗങ്ങളുടെ നിയമന രീതികളുൾപ്പെടെയുള്ള കാര്യങ്ങൾ ഇനി ഗൗരവമായി ആലോചിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tags : PSC Government KMuraleedharan Investigation Irregularities Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash