റോമിലെ ചരിത്രപ്രസിദ്ധമായ കൊളോസിയം സ്മാരകത്തിനു മുന്നിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ
റോം: ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ സർക്കാർ നയങ്ങൾക്കെതിരെ ഉയർന്ന വൻ പ്രതിഷേധം കനത്ത സംഘർഷത്തിൽ കലാശിച്ചു. നഗരമധ്യത്തിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലിസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
റോമിലെ ചരിത്രപ്രസിദ്ധമായ കൊളോസിയം സ്മാരകത്തിന്‍റെ സുരക്ഷാ ഗേറ്റുകൾ തകർത്ത് പ്രതിഷേധക്കാർ ഉള്ളിലേക്ക് അതിക്രമിച്ചു കയറി. ഈ സമയം വിനോദസഞ്ചാരികൾ സ്മാരകത്തിനുള്ളിൽ ഉണ്ടായിരുന്നു. ഏതാനും പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, കൊളോസിയത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഇറ്റലി സാംസ്കാരിക മന്ത്രാലയം അറിയിച്ചു.
റോമിലെ പ്രധാന തെരുവുകളിൽ നടന്ന പ്രകടനത്തിനിടെ ഒരു വിഭാഗം ആളുകൾ പൊലിസിന് നേരെ കല്ലുകളും കുപ്പികളും പടക്കങ്ങളും എറിഞ്ഞതാണ് സ്ഥിതിഗതികൾ വഷളാക്കിയത്. പ്രതിഷേധക്കാർ പൊതുമുതലുകൾ നശിപ്പിക്കുകയും റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. തുടർന്നാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയത്.
സംഘർഷത്തിൽ നിരവധി പ്രതിഷേധക്കാർക്കും പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. നഗരത്തിലെ പ്രധാന പാതകളിലെല്ലാം ഗതാഗതം പൂർണമായി തടസപ്പെടുകയും കടകമ്പോളങ്ങൾ അടച്ചിടുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ സുരക്ഷാ സേനയെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്താനുള്ള പ്രതിഷേധക്കാരുടെ നീക്കമാണ് പ്രധാനമായും വലിയ സംഘർഷത്തിലേക്ക് വഴിവെച്ചത്. രാജ്യത്തെ സാമ്പത്തിക നയങ്ങൾ, സൈനിക ചെലവുകൾ വർധിപ്പിക്കൽ, ഇന്ധനവില വർധന, ജീവിതച്ചെലവ് വർധന എന്നിവയ്‌ക്കെതിരെയായിരുന്നു സമരം.
റോമിന് പുറമേ മിലാൻ, ടൂറിൻ, ബൊലോഗ്ന തുടങ്ങിയ ഇറ്റാലിയൻ നഗരങ്ങളിലും വൻ പ്രതിഷേധ പ്രകടനങ്ങളും നേരിയ സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഗരങ്ങളിൽ സുരക്ഷയ്ക്കായി സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.
ക്രമസമാധാനം നിലനിർത്താൻ ശ്രമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി നന്ദി അറിയിക്കുകയും, സമാധാനപരമായ പ്രതിഷേധങ്ങളെ മാനിക്കുന്നുവെന്നും എന്നാൽ അക്രമം അഴിച്ചുവിടുന്ന സംഘങ്ങളെ കർശനമായി നേരിടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്
Tags : EuropeProtest Protest Italy Rome Colosseum